കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആറ്റുകാൽ ക്ഷേത്രത്തിലെ കുത്തിയോട്ടം, അഥവാ ബാലാവകാശങ്ങളില്‍ ചോര വീഴിക്കുന്ന അനാചാരം

  • By Desk
Google Oneindia Malayalam News

ടിസി രാജേഷ്

സ്വതന്ത്ര മാധ്യമ പ്രവർത്തകനാണ് ടിസി രാജേഷ്. സാമൂഹ്യ മാധ്യമങ്ങളിൽ നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്ന വ്യക്തിയാണ്. പല വാർത്തകളും ടിസി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റുകളിൽ നിന്ന് മാത്രം ഉടലെടുത്തിട്ടുണ്ട്.

നിങ്ങള്‍ ഇസ്ലാം മതത്തിലെ സുന്നത്തിനെതിരെ സംസാരിക്കാത്തത് എന്തെന്ന ചോദ്യമാണ് കഴിഞ്ഞ ദിവസം ഞാനിട്ട ഫെയ്സ് ബുക്ക് പോസ്റ്റിനു താഴെ നിറഞ്ഞിരിക്കുന്നത്. ചിലത് അല്‍പംകൂടി കടന്ന് സുന്നത്തിനെതിരെ സംസാരിച്ചാല്‍ ചിലപ്പോള്‍ നിങ്ങളുടെ സുന്നത്ത് നടന്നെന്നിരിക്കും എന്നു വരെയായി. പോസ്റ്റിന്റെ വിഷയം ആറ്റുകാല്‍ ക്ഷേത്രത്തിലെ കുത്തിയോട്ടം എന്ന ദുരാചാരമായിരുന്നു.

എഡിജിപി ആര്‍ ശ്രീലേഖ കഴിഞ്ഞദിവസം ഇതു സംബന്ധിച്ച് തന്റെ ബ്ലോഗില്‍ ഒരു പോസ്റ്റിട്ടിരുന്നു. ഏഴുദിവസം ക്ഷേത്രത്തിനുള്ളില്‍ കുട്ടികളെ വ്രതമെടുപ്പിച്ച് താമസിപ്പിക്കുന്നത് ജയിലിലടയ്ക്കുന്നതിനു തുല്യമാണെന്നും കുട്ടികളെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്ന ഈ ആചാരത്തോടുള്ള വിയോജിപ്പു പ്രകടിപ്പിക്കാന്‍ താന്‍ ഇത്തവണ ആറ്റുകാല്‍ പൊങ്കാല ഇടുന്നില്ലെന്നുമായിരുന്നു ബ്ലോഗിലെ ഉള്ളടക്കം. ആ ബ്ലോഗ് പോസ്റ്റിന്റെ ചുവട് പിടിച്ചായിരുന്നു കുത്തിയോട്ടത്തെപ്പറ്റി ഞാന്‍ പോസ്റ്റിട്ടത്.

കോട്ടയത്തെ സംഭവം

കോട്ടയത്തെ സംഭവം

ഒന്നോ രണ്ടോ വര്‍ഷം മുന്‍പാണ്. കോട്ടയത്ത് ഒരു ക്ഷേത്രത്തിലെ ഉല്‍സവത്തോടനുബന്ധിച്ച് ഒരു കുട്ടിയുടെ നാവില്‍ ശൂലം കുത്തിയിറക്കിയ ദാരുണ ദൃശ്യത്തിന്റെ ചിത്രം ‘കേരള കൗമുദി' പത്രത്തില്‍ അച്ചടിച്ചു വന്നത്. ആ കുട്ടിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത് ചിത്രത്തില്‍ വ്യക്തമായിരുന്നു. അന്നും ഞാന്‍ ഇതേപ്പറ്റി ഫെയ്സ് ബുക്കില്‍ തന്നെ കുറിക്കുകയും തുടര്‍ന്ന് ബാലാവകാശ കമ്മീഷന്‍ ഉള്‍പ്പെടെ പ്രശ്നത്തില്‍ ഇടപെടുകയും ചെയ്തിരുന്നു.

കുട്ടികള്‍ വെറും നേര്‍ച്ചക്കോഴികള്‍

കുട്ടികള്‍ വെറും നേര്‍ച്ചക്കോഴികള്‍

പക്ഷേ, അതുകൊണ്ടൊന്നും യാതൊരു ഫലവുമുണ്ടായില്ലെന്നത് സത്യം. കുട്ടികളുടെ നാവിലും കവിളിലും ശൂലം കുത്തുന്നതും കുത്തിയോട്ടമെന്ന പേരില്‍ പള്ളയില്‍ സ്വര്‍ണത്തിലോ വെള്ളിയിലോ തീര്‍ത്ത നേര്‍ത്ത സൂചി കയറ്റിയിറക്കുന്നതുമൊന്നും നാം അവസാനിപ്പിച്ചിട്ടില്ല. കുട്ടികളുടെ വേദനയിലല്ല, മറിച്ച് എപ്പോഴോ നേര്‍ന്നുപോയ നേര്‍ച്ചയിലാണ് നമുക്ക് വിശ്വാസം. അതെ, കുട്ടികള്‍ ഇവിടെ വെറും നേര്‍ച്ചക്കോഴികള്‍ മാത്രമാണ്.

എതിര്‍ക്കപ്പെടേണ്ട ക്രൂരതകള്‍

എതിര്‍ക്കപ്പെടേണ്ട ക്രൂരതകള്‍

കുട്ടികളോടെന്നല്ല, ഏതൊരു മനുഷ്യനോടും രാഷ്ട്രീയത്തിന്റെ പേരിലായാലും വിശ്വാസത്തിന്റെ പേരിലായാലും കാട്ടിക്കൂട്ടുന്ന ക്രൂരതകള്‍ എതിര്‍ക്കപ്പെടേണ്ടതു തന്നെയാണ്. അനുവാദത്തോടെയല്ലാതെ ഒരു സ്ത്രീയുടെ ശരീരത്തില്‍ തൊടാന്‍ പാടില്ലെന്നതുപോലെ തന്നെയാണിതും. കുട്ടികളെ ഇത്തരത്തില്‍ പീഡിപ്പിക്കുന്നതൊന്നും അവരുടെ അനുവാദം ചോദിച്ചിട്ടല്ല, ഒരു മതത്തിലും. വേദനകൊണ്ടു കരയുന്ന കുട്ടികളെ പലയിടത്തും നമുക്ക് കാണേണ്ടി വരുന്നത് അതിനാലാണ്. അതിനൊക്കെ വിശ്വാസത്തിന്റെ പിന്‍ബലം ചാര്‍ത്തിക്കൊടുക്കുന്നുവെന്നു മാത്രമല്ല, ആ കുട്ടികളുടെ കാര്യം അവരുടെ മാതാപിതാക്കള്‍ നോക്കിക്കോളും, നിങ്ങളെന്തിന് ഇടപെടുന്നുവെന്ന ധാര്‍ഷ്ട്യം നിറഞ്ഞ ചോദ്യം ഉയര്‍ത്തുകകൂടി ചെയ്യും.

അനുസരണക്കേടു കാട്ടിയെന്ന പേരില്‍ ഒരു കുട്ടിയെ പിതാവ് ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചപ്പോള്‍ ആ പിതാവ് എന്തൊരു ക്രൂരനാണെന്നു പരിതപിച്ചവരൊന്നും, അതയാളുടെ കുട്ടിയല്ലേ, അയാള്‍ എന്തെങ്കിലുമൊക്കെ ചെയ്യട്ടെയെന്ന് പറഞ്ഞൊഴിഞ്ഞില്ല. നിയമം അയാള്‍ക്കെതിരാണ്. സ്വന്തം കുട്ടിയെ വേദനിപ്പിക്കാന്‍ ഒരു മാതാപിതാക്കള്‍ക്കും നിയമം അനുമതി നല്‍കുന്നില്ല. ഏതെങ്കിലും മത വിശ്വാസവും അത്തരത്തില്‍ അനുവദിക്കുന്നുണ്ടെന്ന് തോന്നുന്നില്ല.

മനുഷ്യര്‍ സൃഷ്ടിച്ച ആചാരങ്ങള്‍

മനുഷ്യര്‍ സൃഷ്ടിച്ച ആചാരങ്ങള്‍

ഇതൊക്കെ മനുഷ്യര്‍ ദൈവങ്ങള്‍ക്കു പിന്നാലെ സൃഷ്ടിച്ചെടുത്ത ആചാരങ്ങള്‍ മാത്രമാണ്. കാലം പുരോഗമിക്കുമ്പോള്‍ അത്തരം അനാചാരങ്ങളിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്നവരുടെ എണ്ണം കൂടുകയാണെന്നതാണ് വസ്തുത. സതി പണ്ടേ നിരോധിക്കപ്പെട്ടിരുന്നില്ലെങ്കില്‍ ഒരുപക്ഷേ, നിര്‍ബന്ധിച്ച് ചിതയില്‍ തള്ളിയിടപ്പെടുന്ന സ്ത്രീകളുടെ എണ്ണം​ ഇന്നു വര്‍ധിക്കുമായിരുന്നു. അതിനെതിരെ ആര്‍ക്കും സംസാരിക്കാന്‍ പോലും അവസരം ലഭിക്കാത്ത വിധം കാര്യങ്ങള്‍ വഷളാകുകയും ചെയ്യുമായിരുന്നു. വിശ്വാസത്തെ തൊട്ടുകളിക്കാന്‍ എല്ലാവര്‍ക്കും പേടിയാണ്. എന്തെങ്കിലും പറഞ്ഞുപോയാല്‍ വിശ്വാസികള്‍ ഉറഞ്ഞുതുള്ളാന്‍ തുടങ്ങും. പിന്നെ പറയുന്നതെന്തെന്ന് അവര്‍ക്കുപോലും അറിയില്ല. വീട്ടിലിരിക്കുന്നവരെ വരെ ചീത്തവിളിക്കും. ദേവസന്നിധിയില്‍ പോയി ഇതുതന്നെയാണോ അവര്‍ പറഞ്ഞു പ്രാര്‍ഥിക്കുന്നതെന്നു പോലും സംശയം തോന്നിപ്പോകും.

ചൂരല്‍ കുത്ത്

ചൂരല്‍ കുത്ത്

ആറ്റുകാല്‍ ക്ഷേത്രത്തിലെ കുത്തിയോട്ടത്തിന് നിര്‍ബന്ധിതരാക്കപ്പെടുന്ന കുട്ടികള്‍ ഏഴു ദിവസമോ മറ്റോ ക്ഷേത്രത്തില്‍ താമസിച്ച് വ്രതമെടുക്കണം. എല്ലാവര്‍ക്കും ഉടുക്കാന്‍ കച്ചത്തോര്‍ത്ത് മാത്രം. കിടന്നുറങ്ങാന്‍ വെറും നിലത്തുവിരിച്ച പുല്‍പ്പായ. എല്ലാവര്‍ക്കും ഒരേ ഭക്ഷണം. 1008 ആവര്‍ത്തി ദേവിയെ സാഷ്ടാംഗം നമസ്ക്കരിക്കണം. ഉല്‍സവത്തിന്റെ അവസാനദിവസമാണ് ചൂരല്‍ കുത്ത്. ഇടുപ്പിലെ പുറംതൊലിയില്‍ സ്വര്‍ണത്തിലോ വെള്ളിയിലോ തീര്‍ത്ത നൂല്‍ കോര്‍ത്തെടുക്കും. ഇതുമായി രാത്രി മുഴുവന്‍ നീളുന്ന ഘോഷയാത്രയില്‍ അകമ്പടി സേവിക്കണം. ആറ്റുകാലില്‍ മാത്രമല്ല, മറ്റുപല ദേവീക്ഷേത്രങ്ങളിലും ചെറിയ ഭേദഗതികളോടെ ഈ ആചാരം തുടരുന്നുണ്ട്. ഇത്തവണ ആയിരത്തിനടുത്ത് കുട്ടികളുണ്ട് ആറ്റുകാലിലെ കുത്തിയോട്ടത്തിനായി. എട്ടിനും 13നും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികളാണിവര്‍. ഈ കുട്ടികളൊന്നും സ്വമേധയാ നേര്‍ച്ചയ്ക്ക് ഇറങ്ങിത്തിരിച്ചവരാണെന്നു തോന്നുന്നില്ല. പലരും വീട്ടുകാരെ കാണാനാകാതെ വാവിട്ടു കരയുന്നതുകാണാം, ക്ഷേത്രസന്നിധിയില്‍ ഈ ദിവസങ്ങളില്‍ പോയി നോക്കിയാല്‍.

കുത്തിയോട്ടം കുട്ടികളെ സമത്വവും സാഹോദര്യവും ദാരിദ്ര്യവും വിശപ്പുമൊക്കെ പഠിപ്പിക്കാനുള്ള ഉപാധിയാണെന്ന ‘ശാസ്ത്രീയ' വീക്ഷണം ചിലര്‍ ഉയര്‍ത്തുന്നുണ്ട്. പണ്ടുകാലത്ത് നേര്‍ത്ത ചൂരല്‍ ഉപയോഗിച്ചിരുന്ന സ്ഥാനത്താണ് ഇപ്പോള്‍ സ്വര്‍ണത്തിലും വെള്ളിയിലുമുള്ള നൂലുകള്‍ ചൂരല്‍ കുത്താനായി ഉപയോഗിക്കുന്നത്. സമത്വമൊക്കെ അവിടെ തീരുന്നു. കാശുള്ള വീട്ടിലെ കുട്ടികള്‍ക്ക് സ്വര്‍ണ നൂലും അല്ലാത്തവര്‍ക്ക് വെള്ളിനൂലുമെന്നതാണ് രീതി. സമത്വമൊന്നും അവിടെ നമുക്ക് കാണാനാകില്ല.

കുട്ടികള്‍ക്കും ഉണ്ട് അവകാശങ്ങള്‍

കുട്ടികള്‍ക്കും ഉണ്ട് അവകാശങ്ങള്‍

കുട്ടികള്‍ക്ക് അവരവരുടേതായ അവകാശങ്ങളുണ്ട്. എല്ലാ മതങ്ങളും കുട്ടികള്‍ ജനിക്കുമ്പോള്‍തന്നെ ഈ അവകാശങ്ങള്‍ ഹനിക്കുകയാണെന്നതാണ് വസ്തുത. സ്വമതത്തിലേക്ക് സ്വീകരിക്കാനായി മാമ്മോദീസ മുക്കുന്നതിലും സുന്നത്ത് കല്യാണം നടത്തുന്നതിലുമെല്ലാം അത് തുടങ്ങുന്നു. അനുവാദമില്ലാതെ മാതാപിതാക്കളിടുന്ന പേര് ഭാവിയില്‍ ഗസറ്റില്‍ പരസ്യം ചെയ്തു വേണമെങ്കില്‍ മാറ്റാം. പക്ഷേ, മതവും ജാതിയും പോലുള്ള സങ്കല്‍പങ്ങള്‍ മാറ്റിയാല്‍ പ്രശ്നങ്ങള്‍ പലതാണ്. അത് മാറ്റാതിരിക്കാനുള്ള പരിശീലനമാണ് പലപ്പോഴും മതങ്ങള്‍ കുട്ടികളില്‍ തിരിച്ചറിവാകും മുന്‍പു മുതലേ അടിച്ചേല്‍പിക്കുന്നത്.

നിര്‍ബന്ധമായ സുന്നത്ത്

നിര്‍ബന്ധമായ സുന്നത്ത്

ഹിന്ദു മതത്തിലെ പല ആചാരങ്ങളും അത്തരത്തില്‍ എല്ലാവരും ചെയ്തേ പറ്റൂ എന്ന് നിര്‍ബന്ധിക്കപ്പെടുന്ന ഒന്നല്ല. എന്നാല്‍ ഇസ്ലാം മതത്തിലെ സുന്നത്ത് നിര്‍ബന്ധമുള്ള ഒന്നാണ്. ആഗോള തലത്തില്‍തന്നെ ഇസ്ലാം സമുദായം അത് നിഷ്കര്‍ഷിക്കുന്നുണ്ട്. ഇസ്ലാമാകണമെങ്കില്‍ സുന്നത്തു ചെയ്തിരിക്കണം. ഒരുകാലത്ത് ഒസ്സാന്‍ ​എന്നു വിളിക്കപ്പെട്ടിരുന്ന, ക്ഷൗരകര്‍മം ചെയ്തിരുന്നവരാണ് അത് ചെയ്തുപോന്നത്. കുട്ടികളെ വേദനിപ്പിക്കുന്ന നിഷ്ഠൂരവും തികച്ചും അശാസ്ത്രീയവുമായ ഒന്നായിരുന്നു അത്. പലപ്പോഴും ലിംഗാഗ്രത്തില്‍ അണുബാധയുണ്ടായി ദിവസങ്ങളോളം വേദന തിന്നാനായിരുന്നു അവരുടെ വിധി. ചിലപ്പോഴെങ്കിലും കുട്ടികള്‍ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യും.

ആവശ്യമില്ലാത്ത ഒരു കര്‍മം

ആവശ്യമില്ലാത്ത ഒരു കര്‍മം

ലിംഗാഗ്ര ചര്‍മം നീക്കം ചെയ്യുന്നത് വൈദ്യശാസ്ത്രത്തില്‍തന്നെ നിര്‍ദ്ദേശിച്ചിട്ടുള്ള ഒരു സംഗതിയാണ്. Circumcision എന്നാണ് അതിന്റെ പേര്. പക്ഷേ, അത് ​എല്ലാവര്‍ക്കും ചെയ്യേണ്ടതില്ല. ലിംഗാഗ്രം ചുരുങ്ങുക, മൂത്രതടസ്സം ഉണ്ടാകുക തുടങ്ങിയ രോഗങ്ങള്‍ക്കുള്ള പ്രതിവിധിയാണ് അത്. ഇസ്ലാം മതത്തില്‍പെട്ടവരല്ലാത്തവരിലും ഇത്തരം സാഹചര്യങ്ങളില്‍ സുന്നത്ത് ചെയ്തിട്ടുണ്ടാകാമെന്നു ചുരുക്കം. ഇന്ന് ഇസ്ലാം മതത്തില്‍ മിക്കവാറും കുട്ടികളുടെ സുന്നത്ത് കര്‍മം പഴയതുപോലെ അശാസ്ത്രീയമായിട്ടല്ല ചെയ്യുന്നത്. അവര്‍ അതിനെ ആശുപത്രികളെയും ഡോക്ടര്‍മാരേയും ആശ്രയിക്കുന്നുണ്ട്. പക്ഷേ, ആവശ്യമില്ലാതെ അത്തരമൊരു കര്‍മം വൈദ്യശാസ്ത്രവിധിപ്രകാരം ചെയ്യേണ്ടതുണ്ടോ എന്നതാണ് ചോദ്യം. അവിടെയാണ് മതവിശ്വാസം പിടിമുറുക്കുന്നതിനെപ്പറ്റി നമുക്ക് പറയേണ്ടിവരുന്നത്.

കുരിശ് ചുമക്കേണ്ടിവരുന്ന ബാല്യങ്ങള്‍

കുരിശ് ചുമക്കേണ്ടിവരുന്ന ബാല്യങ്ങള്‍

ക്രിസ്തുമതവും ഇതില്‍നിന്ന് ഒട്ടും വ്യത്യസ്തമല്ല. പൊരിവെയിലില്‍ ചൊരിമണലിലൂടെ കുട്ടികളെ മുട്ടിലിഴയിപ്പിക്കുന്നതും എടുത്താല്‍ പൊങ്ങാത്ത കുരിശുമായി മല ചവിട്ടിക്കുന്നതുമൊക്കെ ഉദാഹരണങ്ങള്‍. പ്രായപൂര്‍ത്തിയാകുമ്പോള്‍ കുട്ടികളെ സന്യാസജീവിതത്തിനു വിട്ടുകൊള്ളാമെന്നു നേര്‍ന്നിട്ട് അതിന്റെ പേരില്‍ പിന്നീടുണ്ടാക്കുന്ന പുകിലുകളും വേറെ. ഇവിടെയൊക്കെ പലപ്പോഴും മാതാപിതാക്കളുടെ ഇമോഷണല്‍ ബ്ലാക്ക് മെയിലിംഗാണ് വിശ്വാസത്തിന്റെ പേരില്‍ നടക്കുന്നത്.
മുതിര്‍ന്നവരുടെ വിശ്വാസങ്ങള്‍ ഏതുതരത്തിലുള്ളതായാലും അത് അടിച്ചേല്‍പിക്കാനുള്ളരല്ല കുട്ടികള്‍ എന്നത് നാം വിസ്മരിക്കുന്നു.

ബാലാവകാശങ്ങളില്‍ ചോര വീഴ്ത്തരുതേ...

ബാലാവകാശങ്ങളില്‍ ചോര വീഴ്ത്തരുതേ...

മതംപോലെതന്നെ മാതാപിതാക്കളും അവര്‍ക്കുമേല്‍ പിടിമുറുക്കുകയാണ്. കുട്ടിയെ ജനിപ്പിച്ചവര്‍ക്ക് അവരെ എന്തും ചെയ്യാം, എങ്ങിനെയും വളര്‍ത്താമെന്ന ധാരണ നമുക്കിടയില്‍ മാത്രമാണുള്ളത്. പല വികസിത രാജ്യങ്ങളിലും അങ്ങിനെ ചെയ്യുന്നത് ക്രിമിനല്‍ കുറ്റമാണ്. ഇവിടെ മതവും വിശ്വാസവും പശ്ചാത്തലത്തിലുണ്ടെങ്കില്‍ എന്തുമാകാമെന്നതാണ് സ്ഥിതി. അത് മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അനാചാരങ്ങള്‍ എല്ലാക്കാലത്തും അനാചാരങ്ങള്‍ തന്നെയാണ്. തിരിച്ചറിവില്ലാത്ത കുട്ടികളെ നിര്‍ബന്ധിച്ച് അതിനു വിധേയമാക്കുന്നത് കുറ്റകരവും ശിക്ഷാര്‍ഹവുമാക്കണം, ഏതു മതത്തിലാണെങ്കിലും. ഓര്‍ക്കുക, സിറിയയിലായാലും ശ്രീലങ്കയിലായാലും ബ്രിട്ടനിലായാലും ഇന്ത്യയിലായാലും കുട്ടികള്‍ കുട്ടികള്‍ തന്നെയാണ്. ഒരേ വികാരങ്ങളും വേദനകളുമുള്ള കുട്ടികള്‍. അവരുടെ ബാലാവകാശങ്ങളില്‍ ദയവായി ചോര വീഴ്ത്തരുതെന്നേ പറയാനുള്ളു.

കുട്ടികളുടെ ദേഹത്ത് ഇരുമ്പ് കമ്പി കുത്തിയിറക്കുന്ന ക്രൂരത... കുത്തിയോട്ടത്തിനെതിരെ ഡിജിപി ശ്രീലേഖകുട്ടികളുടെ ദേഹത്ത് ഇരുമ്പ് കമ്പി കുത്തിയിറക്കുന്ന ക്രൂരത... കുത്തിയോട്ടത്തിനെതിരെ ഡിജിപി ശ്രീലേഖ

English summary
TC Rajesh writes about Child Rights, as Attukal Kuthiyottam became a big controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X