• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ശൗച്യാലയത്തെ ശോചനാലയമാക്കി... അക്ഷരത്തെറ്റ് വെറുമൊരു തെറ്റല്ല- ചുള്ളിക്കാട് വിവാദത്തിൽ ടിസി രാജേഷ്

  • By Desk

ടിസി രാജേഷ്

സ്വതന്ത്ര മാധ്യമ പ്രവർത്തകനാണ് ടിസി രാജേഷ്. സാമൂഹ്യ മാധ്യമങ്ങളിൽ നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്ന വ്യക്തിയാണ്. പല വാർത്തകളും ടിസി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റുകളിൽ നിന്ന് മാത്രം ഉടലെടുത്തിട്ടുണ്ട്.

'ആനന്ദധാര' എന്ന കവിത മനസ്സിരുത്തി ഒരുതവണയെങ്കിലും വായിച്ചിട്ടുണ്ടെങ്കില്‍ ഒരിക്കലും 'ആനന്തധാര' എന്നെഴുതില്ല. പക്ഷേ, അത്തരമൊരു തെറ്റ് എംഎ വിദ്യാര്‍ഥിയുടെ ഭാഗത്തുനിന്നുണ്ടായതില്‍ എനിക്ക് അത്ഭുതവുമില്ല. കാരണം ഓരോദിവസവും കണ്ടുപോകുന്നത് ഇത്തരത്തിലുള്ള ധാരാളം തെറ്റുകളാണ്. മലയാളഭാഷ എന്നത് തികച്ചും നിരുത്തരവാദപരമായി കൈകാര്യം ചെയ്യാവുന്ന ഒന്നാണെന്ന ധാരണ പരക്കെയുണ്ട്. അതുകൊണ്ടുതന്നെ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്‍റെ നിലപാടിനോട് കടുത്ത യോജിപ്പു തന്നെയാണ് എനിക്കുള്ളത്.

മലയാള ഭാഷയിലെ പല വ്യാകരണരീതികളെപ്പറ്റിയും ഇപ്പോഴും തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അക്ഷരമാലയിലെ അക്ഷരങ്ങളുടെ എണ്ണത്തില്‍പോലും അതുണ്ട്. എന്നുകരുതി നിത്യജീവിതത്തില്‍ ഉപയോഗിക്കപ്പെടുന്ന വാക്കുകളിലും വാചകങ്ങളിലും നിരന്തരം ഗുരുതരമായ തെറ്റുകള്‍ വരുത്തുന്നതിനോട് എനിക്ക് യോജിപ്പില്ല. തിരുവനന്തപുരത്തെ ഒരു പ്രമുഖ സര്‍ക്കാര്‍ സ്കൂളിലെ എല്‍പി വിഭാഗത്തിനു മുന്നില്‍ എഴുതിവച്ചിട്ടുള്ള വാചകത്തില്‍പോലും തെറ്റു കാണിച്ചുതരാം. മലയാള ഭാഷയെ എന്നും ഗൗരവമായി സമീപിച്ചിട്ടുള്ള ആനുകാലികങ്ങളിലെ പല ലേഖനങ്ങളിലും ഒന്നാന്തരം വ്യാകരണപ്പിശാചുക്കളെ വേണമെങ്കില്‍ കാണിച്ചുതരാം. മലയാളത്തിലെ പ്രമുഖ പത്രങ്ങളിലെ വാചകങ്ങളിലും പ്രയോഗങ്ങളിലും കാണാം ഇത്തരം പലതരത്തിലുള്ള അനവധി തെറ്റുകള്‍.

ശൗച്യാലയത്തെ ശോചനാലയം ആക്കി

ശൗച്യാലയത്തെ ശോചനാലയം ആക്കി

കേന്ദ്രസര്‍ക്കാരിന്‍റെ ചില പരസ്യങ്ങളും മറ്റും മലയാളീകരിച്ചപ്പോഴുണ്ടായ തെറ്റുകള്‍ സമീപകാലത്ത് വലിയ ചര്‍ച്ചയായതാണ്. അതിലൊന്നായിരുന്നു ‘ശോചനാലയം' എന്ന പ്രയോഗം. ശൗചാലയമെന്നും ശുചിമുറിയെന്നുമൊക്കെ മലയാളത്തില്‍ പറയുന്ന സംവിധാനത്തെയാണ് മലയാളം നന്നായറിയില്ലാത്ത ആരോ ശോചനാലയം ആക്കി മാറ്റിയത്. ടെലിവിഷന്‍ ചാനലുകളില്‍ മണിക്കൂറിടവിട്ട് ഈ പരസ്യം വന്നുതുടങ്ങിയതോടെ ശോചനാലയം എന്ന വാക്ക് ഭാഷയില്‍ ചിലരങ്ങുറപ്പിച്ചു. പിന്നീട് ചില പത്രങ്ങളില്‍പോലും ആ വാക്ക് പ്രത്യക്ഷപ്പെട്ടു. മലയാളത്തില്‍ അങ്ങിനെയൊരു വാക്കില്ലെന്നും അതിനെ വിഗ്രഹിച്ചാല്‍ ശോചനമായ ആലയമെന്നാണ് അര്‍ഥം വരികയെന്നും പറഞ്ഞപ്പോള്‍ ആ വാദത്തെ എതിര്‍ക്കാന്‍ ആ വാക്കുപയോഗിച്ചവര്‍ ചൂണ്ടിക്കാട്ടിയത് ടെലിവിഷനിലെ വിഖ്യാതമായ പരസ്യമായിരുന്നു.

തെറ്റില്ലാതെ എഴുതുന്നവര്‍ എത്രപേര്‍?

തെറ്റില്ലാതെ എഴുതുന്നവര്‍ എത്രപേര്‍?

ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ തെറ്റില്ലാതെ മലയാളം എഴുതുന്ന എത്രയെണ്ണമുണ്ടെന്ന് പരിശോധിച്ചുനോക്കൂ. വ്യാകരണ​ത്തിലും അക്ഷരപ്പിശകിലുമൊന്നും അവര്‍ക്ക് യാതൊരു ആശങ്കയുമില്ല. തിരുത്താനാകുമെങ്കിലും തിരുത്തില്ല. വാര്‍ത്ത സെന്‍സേഷണലൈസ് ചെയ്യുകയെന്നതുമാത്രമാണ് ഇവരുടെയൊക്കെ ഏക ലക്ഷ്യം. ഔദ്യോദികമെന്നും ആനുപാധികമെന്നും ഭീഷിണിയെന്നും വരധാനമെന്നുമൊക്കെ എഴുതിവിടുന്നവര്‍ ധാരാളമാണ്. സോഷ്യല്‍ മീഡിയയിലാണ് ഇന്ന് വായനക്കാര്‍ കൂടുതലുള്ളതെന്നതിനാല്‍തന്നെ വാട്സാപ്പും ഫെയ്സ് ബുക്കും വഴിയെല്ലാം അതിവേഗം പ്രചരിക്കുന്ന ഇത്തരം സാധനങ്ങള്‍ വായനക്കാരിലെ അക്ഷരത്തെറ്റുകള്‍‌ വര്‍ധിപ്പിക്കുന്നതില്‍ നല്ല പങ്കുവഹിക്കുന്നുണ്ട്.

വരുത്താന്‍ മടിയില്ലാത്ത അക്ഷരത്തെറ്റുകള്‍

വരുത്താന്‍ മടിയില്ലാത്ത അക്ഷരത്തെറ്റുകള്‍

നാട്ടിലുടനീളം സ്ഥാപിച്ചിരിക്കുന്ന ഫ്ളെക്സ് ബോര്‍ഡുകള്‍ നോക്കൂ, തെറ്റില്ലാത്തവ ചുരുക്കമായിരിക്കും. ഇത് ചൂണ്ടിക്കാട്ടിയാലോ, ‘ആനന്ദം' എന്നെഴുതിയാലും ‘ആനന്തം' എന്നെഴുതിയാലും കാര്യം മനസ്സിലായാല്‍ പോരേ എന്നായിരിക്കും മറുചോദ്യം. പിന്നാക്കമാണോ പിന്നോക്കമാണോ ശരിയായ പ്രയോഗമെന്നു ചോദിച്ചാല്‍ ഇന്നും ബഹുഭൂരിപക്ഷത്തിന്‍റേയും മറുപടി പിന്നോക്കമാണ് ശരിയെന്നായിരിക്കും. പിന്നോട്ടുള്ള ആക്കമാണ് അതെന്നും അതുകൊണ്ട് പിന്നാക്കമാണ് ശരിയെന്നും പറഞ്ഞാല്‍ ചില പത്രക്കാര്‍ പോലും മുഖം ചുളിക്കും. ഇന്നും മിക്ക പത്രങ്ങളും എഴുതുന്നത് പിന്നോക്കം എന്നു തന്നെയാണ്.

ഇംഗ്ലീഷ് ആണെങ്കില്‍ ശ്രദ്ധിക്കും

ഇംഗ്ലീഷ് ആണെങ്കില്‍ ശ്രദ്ധിക്കും

ഇംഗ്ലീഷില്‍ എഴുതുമ്പോള്‍ ഒരു സ്പെല്ലിംഗ് മിസ്റ്റേക്ക് വന്നാല്‍ നാണക്കേടാകുമെന്നുകരുതി പലതവണ ക്രോസ് ചെക്ക് ചെയ്യാനും ഗ്രാമര്‍ മിസ്റ്റേക്ക് ഉണ്ടാകാതെ പരമാവധി ശ്രദ്ധിക്കാനും നമുക്ക് മടിയില്ല. പക്ഷേ, മലയാളത്തിന്‍റെ കാര്യത്തില്‍ എല്ലാം തോന്നിയപോലാണ്. ഓരോരുത്തര്‍ക്കും ഓരോരോ മലയാളമെന്നതാണ് സ്ഥിതി. നിരന്തരമുള്ള വായനയിലൂടെയല്ലാതെ, മലയാളമെന്നല്ല ഏതു ഭാഷയും തെറ്റുകൂടാതെ എഴുതാനാകില്ല. ബാലചന്ദ്രന്‍ ചുള്ളിക്കാട് കവിത ചൊല്ലുന്നതു കേട്ടാല്‍മതി പല മലയാള അക്ഷരങ്ങളുടേയും ശരിക്കുള്ള ഉച്ചാരണം മനസ്സിലാക്കാന്‍. അവ വായിച്ചാല്‍ മതി അക്ഷരത്തെറ്റില്ലാതെ എഴുതാന്‍ പഠിക്കാന്‍. പക്ഷേ, അതിനുള്ള ശ്രമം വേണം. വെറുതേ ബിരുദവും ബിരുദാനന്തര ബിരുദവും ഗവേഷണ പ്രബന്ധവും ​എഴുതിയതുകൊണ്ടു മാത്രം കാര്യമില്ല.

ചുള്ളിക്കാടിന്റെ ആശങ്കയില്‍ അത്ഭുതമില്ല

ചുള്ളിക്കാടിന്റെ ആശങ്കയില്‍ അത്ഭുതമില്ല

പത്തുവര്‍ഷം മുന്‍പ് അത്ര പ്രശസ്തമല്ലാത്ത ഒരു വാരികക്കുവേണ്ടി പ്രവര്‍ത്തിക്കുമ്പോഴാണ് ഒരു എംഎ മലയാളംകാരന്‍റെ കോപ്പി കണ്ട് ഞെട്ടിപ്പോയത്. അക്ഷരത്തെറ്റുകളുടെ അയ്യരുകളിയായിരുന്നു അതില്‍. പിന്നീട് പലതവണ, പലയിടത്ത് അതാവര്‍ത്തിച്ചപ്പോള്‍ ഞെട്ടലേ ഇല്ലാതായി. അതുകൊണ്ടുതന്നെ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്‍റെ ഇപ്പോഴത്തെ ആശങ്കയിലും രോഷത്തിലും എനിക്ക് അത്ഭുതം തെല്ലുമില്ല.

ഭാഷയിലെ തെറ്റുകളില്‍ ആശങ്കയില്ലായ്മ കാണണമെങ്കില്‍ ചില മലയാള സിനിമാപോസ്റ്ററുകളിലേക്കു നോക്കിയാല്‍ മതി. ‘സ്വര്‍ണക്കുതിര' എന്നെഴുതേണ്ടിടത്ത് ‘സ്വര്‍ണകുതിര' എന്നാണ് അവരെഴുതുക. ‘ഉണ്ണിക്കൃഷ്ണ'നെ ‘ഉണ്ണികൃഷ്ണ'നെന്നേ ​എഴുതൂ. അക്ഷരങ്ങളുടെ ഇരട്ടിപ്പിനോട് ഇത്രമാത്രം വിദ്വേഷമുള്ള ഒരു വിഭാഗം സിനിമാക്കാരല്ലാതെ മറ്റാരെങ്കിലും ഉണ്ടെന്നു തോന്നുന്നില്ല. പലതവണ പലയിടത്തും വിമര്‍ശിച്ചും തിരുത്തിയും നന്നാക്കാന്‍ ശ്രമിച്ചിട്ടും യാതൊരു കാര്യവും ഉണ്ടായിട്ടില്ല.

ചര്‍ച്ചയ്ക്ക് തുടക്കമാകട്ടെ

ചര്‍ച്ചയ്ക്ക് തുടക്കമാകട്ടെ

തന്‍റെ കവിതകള്‍ പഠിപ്പിക്കരുതെന്നും തന്‍റെ കവിതകളില്‍ ഗവേഷണം അനുവദിക്കരുതെന്നും മറ്റുമുള്ള ബാലചന്ദ്രന്‍ ചുള്ളിക്കാടിന്‍റെ ആവശ്യം ഇക്കാര്യത്തില്‍ തുറന്ന ഒരു ചര്‍ച്ചയ്ക്കുതന്നെ വഴിതെളിക്കുമെന്നു കരുതാം. അക്ഷരം നിഷേധിക്കപ്പെടുന്നവരോടുള്ള പുറംതിരിഞ്ഞുനില്‍ക്കലാണ് ഇതെന്ന വാദം ചില ഭാഗങ്ങളില്‍ നിന്ന് ഉയരുന്നുണ്ട്. പക്ഷേ, പഠിച്ചുപഠിച്ച് അങ്ങേയറ്റത്തെത്തിയവരുടെ അക്ഷരം തിരിയായ്കയോടാണ് ചുള്ളിക്കാട് കലഹിക്കുന്നതെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അക്ഷരം പഠിപ്പിച്ചാണ് ഓരോ വിദ്യാഭ്യാസ സമ്പ്രദായവും വളരേണ്ടത്. അതില്‍ പിശകുണ്ടാകുന്നത് വിദ്യാഭ്യാസത്തിന്‍റെ കുഴപ്പമാണെങ്കില്‍ തീര്‍ച്ചയായും ആ സമ്പ്രദായം പുന:പരിശോധിക്കപ്പെടുകതന്നെവേണം. അതിന് ചുള്ളിക്കാടിന്‍റെ നിലപാട് സഹായകമാകുമെങ്കില്‍ നന്ന്.

വിദ്യാർത്ഥികൾക്ക് വാരിക്കോരി മാർക്ക്; തന്റെ കവിതകൾ പഠിപ്പിക്കരുതെന്ന് ബാലചന്ദ്രൻ ചുള്ളിക്കാട്...

മഞ്ചലുമായ് മരണമെത്തുമ്പോള്‍ വാതിലടയ്ക്കരുത്... ഈ ദയാവധം ഒരു കൊലപാതകമല്ല- ടിസി രാജേഷ് എഴുതുന്നു

ആറ്റുകാൽ ക്ഷേത്രത്തിലെ കുത്തിയോട്ടം, അഥവാ ബാലാവകാശങ്ങളില്‍ ചോര വീഴിക്കുന്ന അനാചാരം

English summary
TC Rajesh writes about the importance of error free language and about the demand of Balachandran Chullikkad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X