• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വടക്കാഞ്ചേരിയുടെ വിഡ്ഡിത്തങ്ങളും ആധുനിക വൈദ്യശാസ്ത്രവാദികളുടെ കടുംപിടുത്തങ്ങളും... ടിസി രാജേഷ്

  • By ടി സി രാജേഷ്

ടിസി രാജേഷ്

സ്വതന്ത്ര മാധ്യമ പ്രവർത്തകനാണ് ടിസി രാജേഷ്. സാമൂഹ്യ മാധ്യമങ്ങളിൽ നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്ന വ്യക്തിയാണ്. പല വാർത്തകളും ടിസി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റുകളിൽ നിന്ന് മാത്രം ഉടലെടുത്തിട്ടുണ്ട്.

അങ്ങനെ ജേക്കബ് വടക്കാഞ്ചേരി അറസ്റ്റിലായി. റിമാന്‍ഡും ചെയ്തു. പ്രളയാനന്തരം എലിപ്പനി ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്നതു തടയാന്‍ ആരോഗ്യവകുപ്പ് കൈക്കൊള്ളുന്ന നടപടികള്‍ക്കെതിരെ രംഗത്തുവന്നതാണ് ജേക്കബ് വടക്കാഞ്ചേരിയെ കുടുക്കിയത്. ഇതിനു മുന്‍പും വടക്കാഞ്ചേരി ഇത്തരത്തില്‍ പലതും ചെയ്തിട്ടുണ്ടെങ്കിലും അന്നൊന്നും കേസും പുക്കാറുമൊന്നും ഉണ്ടായിരുന്നില്ല. ഇതിപ്പോള്‍ അതിരുവിടുന്നുവെന്ന് സര്‍ക്കാരിനു തോന്നി, പിടി വീണു. പക്ഷേ, അപ്പോഴും വടക്കാഞ്ചേരിയുടെ മനുഷ്യാവകാശം ഉയര്‍ത്തിപ്പിടിച്ചും അറസ്റ്റിനെതിരേയും പ്രമുഖരുള്‍പ്പെടെ രംഗത്തെത്തിയെന്നതും ശ്രദ്ധേയമാണ്. അതുകൊണ്ടുതന്നെ വടക്കാഞ്ചേരിയുടെ അഭിപ്രായപ്രകടനങ്ങളും അറസ്റ്റും ഉയര്‍ത്തുന്ന പ്രശ്നങ്ങളുടെ രണ്ടുവശങ്ങളും പരിശോധിക്കേണ്ടത് ആവശ്യം തന്നെയാണ്.

ജേക്കബ് വടക്കാഞ്ചേരി പ്രകൃതി ചികില്‍സകനെന്ന നിലയില്‍ അറിയപ്പെടാന്‍ തുടങ്ങിയിട്ട് രണ്ടു പതിറ്റാണ്ടിലേറെയായി. കേരളത്തില്‍ പ്രകൃതി ജീവനത്തെ പ്രശസ്തമാക്കിയതും വടക്കാഞ്ചേരിയാണ്. അങ്ങിനെ ലഭിച്ച ചെറുതെങ്കിലും ശക്തമായ ജനപ്രീതിയില്‍ പിടിച്ചുനില്‍ക്കാനുള്ള കച്ചിത്തുരുമ്പായിട്ടാകണം എന്നോ അദ്ദേഹം പേരിനൊപ്പം ഡോക്ടര്‍ എന്നു കൂടി ചേര്‍ക്കാന്‍ തുടങ്ങിയത്. ചെയ്യുന്ന പ്രവര്‍ത്തിക്കൊരു ആധികാരികത വരാന്‍ അതാവശ്യമാണല്ലോ. വര്‍ഷങ്ങളോളം പഠിച്ചും പരീക്ഷിച്ചും ഡോക്ടര്‍ പട്ടം നേടി ആളുകളെ ചികില്‍സിക്കാനിറങ്ങുന്ന സകലരേയും ഇളിഭ്യരാക്കിക്കൊണ്ടാണ് വടക്കാഞ്ചേരിയുടെ ഡോക്ടര്‍ കളി എന്നതാണ് രസകരം. ഈ ഡോക്ടറേറ്റ് എന്തു പഠിച്ചതിനാണെന്നോ ആരു കൊടുത്തതാണെന്നോ അധികമാര്‍ക്കും അറിയില്ല.

അണക്കെട്ടിലെ വെള്ളം മാത്രമോ? പെരിയാറിലേക്കെത്തുന്നത് ഉരുള്‍പൊട്ടിയ വെള്ളവും... കണക്കറിയാതെ കുഴങ്ങും

നെല്ലി കൂട്ടക്കുരുതിയില്‍ നിന്ന് പൗരത്വനിഷേധം വരെ: അസമില്‍ ലംഘിക്കപ്പെടുന്ന മനുഷ്യാവകാശം

വടക്കാഞ്ചേരിമാരുടെ പ്രചാരണങ്ങള്‍

വടക്കാഞ്ചേരിമാരുടെ പ്രചാരണങ്ങള്‍

രോഗങ്ങള്‍ ഉണ്ടാകുന്നത് മനുഷ്യന്റെ ഭക്ഷണത്തിന്റേയും ജീവിതരീതികളുടേയും കുഴപ്പങ്ങള്‍ കൊണ്ടാണെന്നും അല്ലാതെ വൈറസും ബാക്ടീരിയയും രോഗാണുക്കളും ഒന്നും ഇല്ലെന്നുമുള്ള തരത്തിലാണ് വടക്കാഞ്ചേരി ഉള്‍പ്പെടെയുള്ളവര്‍ പ്രചാരണങ്ങള്‍ നടത്തുന്നത്. ഭക്ഷണത്തിലെ ക്രമീകരണത്തിലൂടെ ക്യാന്‍സറും എയ്ഡ്സും വരെ ഇവര്‍ ചികില്‍സിച്ച് ഭേദമാക്കിക്കളയും. പാരമ്പര്യ വൈദ്യത്തിന്റെ ലേബലില്‍ മോഹനന്‍ വൈദ്യര്‍ എന്നയാളും ചെയ്തുവരുന്നത് ഇതൊക്കെയാണ്. അദ്ദേഹം ചില പച്ച മരുന്നുകള്‍കൂടി ആളുകള്‍ക്ക് നല്‍കുന്നുണ്ട്. വടക്കാഞ്ചേരിയുടെ ചികില്‍സയില്‍ അതൊന്നുമില്ല. ബ്ലഡ് ക്യാന്‍സര്‍ ബാധിച്ചയാളിന് പച്ചമുരിങ്ങക്ക തിന്നാന്‍ കൊടുത്ത് ചികില്‍സിക്കുന്ന വടക്കാഞ്ചേരി മോഡലിനെപ്പറ്റി മാധ്യമപ്രവര്‍ത്തകനായ ജോസഫ് ആന്റണി എഴുതിയിട്ടുണ്ട്.

പ്രമുഖ വിമര്‍ശകനായ സുകുമാര്‍ അഴീക്കോട് പ്രകൃതി ജീവനത്തിന്റെ പാതയില്‍ സഞ്ചരിക്കുകയും ജേക്കബ് വടക്കാഞ്ചേരിയുടെ ‘ചികില്‍സ' സ്വീകരിക്കുകയും ചെയ്തയാളാണ്. അവസാന നാളുകളില്‍ അഴീക്കോടിന്റെ സ്ഥിതി വളരെ മോശമാക്കിയത് വടക്കാഞ്ചേരിയുടെ ‘ചികില്‍സ'യായിരുന്നെന്ന് ആരോപണം ഉയര്‍ന്നിരുന്നു. പക്ഷേ, വടക്കാഞ്ചേരിക്കുള്ള മോശമല്ലാത്ത പിന്തുണ ആ ആരോപണങ്ങള്‍ ശക്തിപ്പെടാന്‍ സമ്മതിച്ചില്ല. അതോടെ വടക്കാഞ്ചേരി കൂടുതല്‍ ശക്തനായി മാറി. നാടുനീളെ പ്രഭാഷണങ്ങള്‍ നടത്തിയും മറ്റുമാണ് വടക്കാഞ്ചേരി ആളെ കൂട്ടിയിരുന്നത്. പ്രകൃതി ജീവനം പ്രചരിപ്പിക്കുന്നതിനൊപ്പം ആധുനിക വൈദ്യശാസ്ത്രത്തിനെതിരെ ഒളിഞ്ഞും തെളിഞ്ഞും നടത്തിയ ആക്രമണങ്ങളാണ് പക്ഷേ, വടക്കാഞ്ചേരിയെ കുടുക്കിയത്.

എന്തുകൊണ്ട് പ്രതിരോധ മരുന്നുകൾ?

എന്തുകൊണ്ട് പ്രതിരോധ മരുന്നുകൾ?

ലോകമെമ്പാടും പ്രയോഗത്തിലുള്ള ആധുനിക വൈദ്യശാസ്ത്രം പല രോഗങ്ങളേയും ഇല്ലായ്മ ചെയ്യുന്നത് പ്രതിരോധ മരുന്നുകളിലൂടെയാണ്. ഒരുകാലത്ത് ആളുകളെ കൂട്ടത്തോടെ കൊന്നൊടുക്കിയിരുന്ന കുഷ്ഠവും ടി.ബിയും പോളിയോയുമൊക്കെ ഇന്ന് നിയന്ത്രണവിധേയമാണെങ്കില്‍ അതിന്റെ മുഴുവന്‍ ക്രെഡിറ്റും ആധുനിക വൈദ്യശാസ്ത്രത്തിനു തന്നെയാണ്. ഡിഫ്തീരിയ പോലുള്ള രോഗങ്ങളെ ചൊല്‍പ്പടിയിലാക്കിയതും പ്രതിരോധ മരുന്നുകളിലൂടെയാണ്. ഇപ്പോള്‍ എലിപ്പനിക്കെതിരെ ഡോക്സിസൈക്ലിന്‍ എന്ന പ്രതിരോധമരുന്ന് അവതരിപ്പിച്ചിരിക്കുന്നതും ആധുനിക വൈദ്യശാസ്ത്രമാണ്.

പക്ഷേ, പ്രതിരോധ മരുന്ന് ഉള്‍പ്പെടെയുള്ള ആധുനിക വൈദ്യശാസ്ത്രത്തിന്റെ എല്ലാ നേട്ടങ്ങളും മരുന്നു മാഫിയക്കുവേണ്ടിയുള്ള വിടുപണിയാണെന്ന ആരോപണമാണ് വടക്കാഞ്ചേരി ഉള്‍പ്പെടെയുള്ള ആധുനിക വൈദ്യശാസ്ത്ര വിരുദ്ധര്‍ പ്രചരിപ്പിക്കുന്നത്. ഇവരുടെ വ്യാജപ്രചരണത്തില്‍പെട്ട് പ്രതിരോധ മരുന്ന് കഴിക്കാതെ വരുന്നവര്‍ രോഗം പിടിപെടുന്നതും മരിക്കുന്നതും പതിവാണ്. ഡിഫ്തീരിയക്കെതിരായ പ്രതിരോധമരുന്നു വിതരണത്തെ ആദ്യം മുതല്‍ ​എതിര്‍ത്തുവന്നത് വടക്കാഞ്ചേരിയും കൂട്ടരുമായിരുന്നു. കുട്ടികള്‍ക്ക് പ്രതിരോധ മരുന്ന് നല്‍കാതിരിക്കുന്നതിന് കാരണമായി ചിലരെങ്കിലും ഉയര്‍ത്തിപ്പിടിച്ചത് വടക്കാഞ്ചേരിയുടേയും മറ്റും വാദങ്ങളാണെന്നതിനാല്‍ ഇവരുടെ നിലപാടുണ്ടാക്കുന്ന അപകടത്തിന്റെ വ്യാപ്തി ഊഹിക്കാവുന്നതേയുള്ളു. സമീപനാളില്‍ എംആര്‍ വാക്സിന്‍ കുട്ടികള്‍ക്കു നല്‍കുന്നതിനുവേണ്ടി മുന്‍പെങ്ങുമില്ലാത്ത വിധം പ്രചാരണ ബോധവല്‍ക്കരണ പരിപാടികള്‍ വേണ്ടിവന്നത് ഇത്തരക്കാരുടെ കുപ്രചാരണങ്ങള്‍ മൂലമാണ്.

ശാസ്ത്രമാണ്, തെറ്റുണ്ടെങ്കിൽ തിരുത്താം

ശാസ്ത്രമാണ്, തെറ്റുണ്ടെങ്കിൽ തിരുത്താം

ശാസ്ത്രത്തിന്റെ കൃത്യമായ പിന്‍ബലമുള്ള ഒന്നാണ് ആധുനിക വൈദ്യശാസ്ത്രം. കൃത്യമായ പരീക്ഷണ നിരീക്ഷണങ്ങളിലൂടെയാണ് ആധുനിക വൈദ്യശാസ്ത്രത്തിലെ ഓരോ മരുന്നും പുറത്തിറക്കുന്നത്. ആ പിന്‍ബലം മറ്റൊരു വൈദ്യശാഖയ്ക്കും ഇല്ലെന്നതാണ് വസ്തുത. തെറ്റുപറ്റിയാല്‍ തിരുത്താനും ശാസ്ത്രീയ പിന്‍ബലമുള്ളതിനാല്‍ ആധുനിക വൈദ്യശാസ്ത്രത്തില്‍ സാധിക്കും. പല മരുന്നുകളും ചില അവസരങ്ങളില്‍ പിന്‍വലിക്കേണ്ടിവരുന്നതും നിരോധിക്കുന്നതും അതിനാലാണ്. അത് ആധുനിക വൈദ്യശാസ്ത്രത്തിന്റെ വിശ്വാസ്യത വര്‍ധിപ്പിക്കുന്ന പ്രവൃത്തിയാണ്. ശാസ്ത്രമായതിനാലാണ് തെറ്റുണ്ടായാല്‍ അത് കണ്ടെത്താനും തിരുത്താനും സാധിക്കുന്നതുതന്നെ.

ബ്ലഡ് ക്യാന്‍സറിന് പച്ച മുരിങ്ങക്ക കഴിച്ചാല്‍ രോഗം മാറുമെന്നത് എവിടെയും തെളിയിക്കപ്പെട്ടിട്ടുള്ള കാര്യമല്ല. അങ്ങിനെ സാധിക്കുമായിരുന്നെങ്കില്‍ നമ്മുടെ ക്യാന്‍സര്‍ ചികില്‍സാ കേന്ദ്രങ്ങളില്‍ ഇപ്പോഴത്തെ തിരക്കുണ്ടാകുമായിരുന്നില്ല. ഇവിടെ ജനങ്ങളുടെ അജ്ഞതയേയും വിശ്വാസത്തേയും ചൂഷണം ചെയ്യാനുള്ള ശ്രമമാണ് ഇവരില്‍ പലരും ചെയ്യുന്നത്. ഏതെങ്കിലും വൈദ്യവിദ്യാഭ്യാസ സ്ഥാപനങ്ങളിലോ മറ്റോ പഠിച്ചിട്ടല്ല ഇവരാരും സങ്കീര്‍ണമായ മനുഷ്യശരീരത്തില്‍ ചികില്‍സ എന്ന പേരില്‍ ചിലതൊക്കെ ചെയ്തുകൂട്ടുന്നത്. മനുഷ്യശരീരത്തിനുള്ളില്‍ എന്താണെന്നും എങ്ങിനെയാണതു പ്രവര്‍ത്തിക്കുന്നതെന്നുമൊന്നും ഇവര്‍ക്ക് യാതൊരു അറിവും ഉണ്ടാകണമെന്നില്ല. ഇത്തരം കപട ചികില്‍സകര്‍ ​എതിര്‍ക്കപ്പെടേണ്ടതും അതിനാലാണ്.

ആധുനിക വൈദ്യശാസ്ത്രവാദികളുടെ കടുംപിടുത്തങ്ങൾ

ആധുനിക വൈദ്യശാസ്ത്രവാദികളുടെ കടുംപിടുത്തങ്ങൾ

അതേസമയം, ആധുനിക വൈദ്യശാസ്ത്ര രംഗത്തെ ചിലരുടെ പിടിവാശികളും ചികില്‍സാ മേഖലയെ കലുഷിതമാക്കുന്നുണ്ടെന്നത് കാണാതെ വയ്യ. വടക്കാഞ്ചേരിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെടുന്ന അതേ ലാഘവത്തോടെ ഹോമിയോപ്പതി നിരോധിക്കണമെന്നും പറയുന്നിടത്താണ് പ്രശ്നങ്ങള്‍ മറ്റൊരു തലത്തിലേക്ക് നീങ്ങുന്നത്. ഹോമിയോപ്പതി ശാസ്ത്രീയമല്ലെന്നും ഹോമിയോക്കാരുടെ വാദങ്ങള്‍ ശാസ്ത്രീയമായി തെറ്റാണെന്നുമാണ് ആധുനിക വൈദ്യശാസ്ത്ര മൗലികവാദികളുടെ വാദം. ഇത് ഹോമിയോക്കാരേയും ചൊടിപ്പിക്കുകയും അവരും ആധുനിക വൈദ്യശാസ്ത്രത്തെ മരുന്നുമാഫിയയുമായി ബന്ധപ്പെടുത്തി ആരോപണങ്ങള്‍ ശക്തമാക്കുകയും ചെയ്യുന്നുവെന്നത് കുറേക്കാലമായി കാണുന്ന കാര്യമാണ്.

ഹോമിയോപ്പതി ഇന്ന് ഇന്ത്യയില്‍ ഉള്‍പ്പെടെ അംഗീകരിക്കപ്പെട്ടിട്ടുള്ള വൈദ്യശാഖയാണ്. സര്‍ക്കാര്‍തലത്തില്‍ ഇതു പഠിപ്പിക്കുന്ന മെഡിക്കല്‍ കോളജുകളുമുണ്ട്. പക്ഷേ, ശസ്ത്രക്രിയ ചെയ്യാനുള്ള അനുവാദം മാത്രം ഇവര്‍ക്ക് നല്‍കിയിട്ടില്ല. ശസ്ത്രക്രിയ ആവശ്യമായി വന്നാല്‍ ഹോമിയോ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ആധുനിക വൈദ്യശാസ്ത്രത്തെയാണ് ആശ്രയിക്കുന്നതെന്നതും ശ്രദ്ധേയം. ഹോമിയോ, ആയുര്‍വേദ ചികില്‍സകര്‍ക്കും ആധുനിക വൈദ്യശാസ്ത്രത്തില്‍ പരിശീലനം നല്‍കാനുള്ള സര്‍ക്കാര്‍ നീക്കം ഉള്‍പ്പെടെ ഈ രംഗത്ത് ചെറുതല്ലാത്ത അസ്വാരസ്യങ്ങളാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.

വടക്കാഞ്ചേരിയും ഹോമിയോയും തമ്മിലുള്ള വ്യത്യാസം

വടക്കാഞ്ചേരിയും ഹോമിയോയും തമ്മിലുള്ള വ്യത്യാസം

എലിപ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ച വ്യാധികള്‍ പടരുമ്പോള്‍ ഹോമിയോപ്പതിക്കാരും പ്രതിരോധമരുന്നുമായി രംഗത്തിറങ്ങുന്നുണ്ട്. എല്ലാത്തരം പനിക്കും ഒരേ പ്രതിരോധ മരുന്ന് എന്നതാണ് ഇവരുടെ രീതി. ആധുനിക വൈദ്യശാസ്ത്രത്തില്‍ എലിപ്പനി പ്രതിരോധിക്കാന്‍ ഡോക്സിസൈക്ലിന്‍ എന്ന ‘പേര്' ഉള്ള മരുന്നാണ് നല്‍കുന്നത്. അതില്‍ അടങ്ങിയിട്ടുള്ള രാസതന്മാത്രകളെപ്പറ്റിയും മരുന്നിന്റെ സ്ട്രിപ്പില്‍ വ്യക്തമായി എഴുതിയിരിക്കും. പക്ഷേ, ഹോമിയോ മരുന്നിന് അത്തരത്തിലൊരു പേരില്ല. ഉണ്ടെങ്കില്‍തന്നെ പ്രചരിപ്പിക്കാന്‍ ഹോമിയാക്കാര്‍ തയ്യാറാകുന്നുമില്ല. എന്തൊക്കെയാണ് ആ മരുന്നില്‍ അടങ്ങിയിരിക്കുന്നതെന്ന് അറിയാനും നിര്‍വ്വാഹമില്ല. ഇത്തരമൊരു സാഹചര്യത്തിലാണ് ആധുനിക വൈദ്യശാസ്ത്ര വാദികള്‍ ഹോമിയോക്കെതിരെ രംഗത്തെത്തുന്നത്.

ഹോമിയോ മരുന്ന് വിതരണം ചെയ്യുന്നവര്‍ രോഗികളോട് ഇംഗ്ലീഷ് മരുന്ന് കഴിക്കരുതെന്ന് ശക്തമായി ആവശ്യപ്പെടാറില്ല. പ്രതിരോധ മരുന്നിന്റെ കാര്യത്തിലും അങ്ങിനെതന്നെ. ഡോക്സിസൈക്ലിന്‍ കഴിക്കരുതെന്നും അത് കഴിക്കുന്നത് അപകടമാണെന്നും ജേക്കബ് വടക്കാഞ്ചേരി പറയുമ്പോള്‍ ഹോമിയോക്കാര്‍ ഒരിടത്തും അങ്ങിനെ പറയുന്നില്ല. ചിലരൊക്കെ അല്‍പംകൂടി കടന്ന് തങ്ങളുടെ മരുന്നിനൊപ്പം വേണമെങ്കില്‍ ഡോക്സി സൈക്ലിനും കഴിച്ചുകൊള്ളാനും പറയുന്നുണ്ട്. വടക്കാഞ്ചേരിക്കെതിരെ ഉയര്‍ത്തിയ ആരോപണം ഹോമിയോക്കാര്‍ക്കെതിരെ ഉയര്‍ത്താനാകാത്തത് അതിനാലാണ്.

ആരാണ് ഉത്തരവാദി?

ആരാണ് ഉത്തരവാദി?

വടക്കാഞ്ചേരിയെ വിശ്വസിച്ച് ഡോക്സിസൈക്ലിന്‍ കഴിക്കാതിരിക്കുന്നവര്‍ എലിപ്പനി ബാധിച്ച് മരിക്കാനിടയായാല്‍ അതിനുത്തരവാദി വടക്കാഞ്ചേരി തന്നെയാണ്. ഹോമിയോ പ്രതിരോധ മരുന്നില്‍ വിശ്വസിച്ച് ഡോക്സിസൈക്ലിന്‍ കഴിക്കാതിരിക്കുകയും അങ്ങിനെയാരെങ്കിലും ​എലിപ്പനി ബാധിച്ച് മരിക്കുകയും ചെയ്താല്‍ അതിനുത്തരവാദികള്‍ ഹോമിയോപ്പതിക്കാരുമായിരിക്കും. ഇതുവരെ എലിപ്പനി ബാധിച്ചു മരിച്ചവരൊന്നും ഡോക്സി സൈക്ലിന്‍ കഴിച്ചിരുന്നില്ലെന്നു പറയുമ്പോള്‍ അതിലെത്രപേര്‍ വടക്കാഞ്ചേരിയെ വിശ്വസിച്ചുവെന്നും ഹോമിയോ മരുന്നു കഴിച്ചിരുന്നുവെന്നും അറിയില്ല. ഡോക്സിസൈക്ലിന്‍ കഴിക്കരുതെന്നു പരസ്യമായി പറയുന്ന വടക്കാഞ്ചേരി ചെയ്യുന്ന കുറ്റം പക്ഷേ, ഹോമിയോക്കാര്‍ ചെയ്യുന്നുമില്ല.

നാടുനീളം അത്ഭുതരോഗശാന്തി ശുശ്രൂഷകളും മന്ത്രവാദങ്ങളുമൊക്കെ ധാരാളമാണ്. രോഗം മാറാന്‍ ഇന്നും ചരടുജപിച്ചു കെട്ടുന്നവര്‍ ധാരാളമുണ്ട്. എന്നിട്ട് ആശുപത്രിയില്‍ പോയി ചികില്‍സിക്കും. രോഗം മാറിയാല്‍ ക്രെഡിറ്റത്രയും കയ്യിലെ ചരടിനായിരിക്കും. ചരടു ജപിച്ചു കെട്ടിയതുകൊണ്ട് ആരെങ്കിലും ആശുപത്രിയില്‍ പോകാതിരിക്കുന്നില്ല. അതേസമയംതന്നെ ഇന്‍ഫെക്ഷന്‍ സാധ്യത ഏറെയുള്ള ഓപ്പറേഷന്‍ തിയേറ്ററില്‍ പോലും കയ്യില്‍ ചരടുകെട്ടി കയറുന്ന ആധുനിക വൈദ്യശാസ്ത്രക്കാരുമുണ്ട്. വിശ്വാസത്തിന്റെ കാര്യത്തില്‍ ഇവരും ഒട്ടും പിന്നിലല്ല. ഹോമിയോക്കെതിരെ വാളെടുക്കുന്നവരിലേറെയും ശാസ്ത്രത്തിന്റെ യാതൊരു പിന്തുണയുമില്ലാത്ത ഈശ്വരനിലും മതത്തിലുമൊക്കെ വിശ്വസിക്കുന്നവരാണെന്നതാണ് വൈരുദ്ധ്യം.

കണ്ണടച്ചെതിർക്കേണ്ട കാര്യമുണ്ടോ?

കണ്ണടച്ചെതിർക്കേണ്ട കാര്യമുണ്ടോ?

ഡോക്സിസൈക്ലിന്‍ കഴിക്കാന്‍ പാടില്ലെന്ന് വടക്കാഞ്ചേരി പറയുന്നത് കുറ്റമാണെന്നിരിക്കെ, ആരോഗ്യത്തിന് ഹാനി സൃഷ്ടിക്കാത്തതും ഡോക്സിസൈക്ലിന്റെ ഉപയോഗം തടയാത്തതുമായ ഹോമിയോപ്പതിക്കെതിരെ ഇത്രമാത്രം കോലാഹലം ആധുനിക വൈദ്യശാസ്ത്രക്കാര്‍ ഉയര്‍ത്തേണ്ടതുണ്ടോ എന്നാണ് ചോദ്യം. ഹോമിയോ മരുന്നു കഴിക്കുന്നതുകൊണ്ട് ഏതെങ്കിലും തരത്തിലുള്ള ദോഷം ആളുകളില്‍ ഉണ്ടാകുമെന്ന് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. ഹോമിയോ മരുന്നുകള്‍ മിഥ്യയാണെന്നും അതിന് പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നുമാണ് ഉയര്‍ത്തപ്പെടുന്ന വാദം. അങ്ങിനെയെങ്കില്‍ പിന്നെ ഹോമിയോ നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നതെന്തിനാണ്.

ഹോമിയോ മരുന്നുകൊണ്ട് പ്രയോജനം ലഭിക്കാതെ വന്നാല്‍ പലരും അവസാനം ആധുനിക വൈദ്യശാസ്ത്രത്തില്‍തന്നെയാണ് അഭയം പ്രാപിക്കുക. യഥാസമയം വേണ്ടത്ര ചികില്‍സ ലഭ്യമാകാത്തതിന്റെ കുഴപ്പങ്ങളാണ് ഇവിടെ ഉണ്ടാകു. എലിപ്പനിയുടെ കാര്യത്തിലും ഹോമിയോ മരുന്നു കഴിക്കുകയും അതില്‍ വിശ്വസിച്ച് ഡോക്സിസൈക്ലിന്‍ കഴിക്കാതിരിക്കുകയും അങ്ങിനെ മരണം സംഭവിക്കുകയും ചെയ്താല്‍ മാത്രമേ ഹോമിയോയെ കുറ്റപ്പെടുത്തേണ്ടതുള്ളു. ഡോക്സിസൈക്ലിന്‍ ഉള്‍പ്പെടെയുള്ള പ്രതിരോധ മരുന്നുകള്‍ക്കെതിരെ പരസ്യനിലപാടെടുക്കും വരെയെങ്കിലും ഹോമിയോപ്പതിക്കാരെ നമുക്ക് വെറുതേ വിടാം. അല്ലെങ്കില്‍ മറ്റുള്ള എല്ലാ ചികില്‍സാശാഖകളേയും കണ്ണടച്ചെതിര്‍ക്കുകയാണ് ആധുനിക വൈദ്യശാസ്ത്രവാദികള്‍ ചെയ്യുന്നതെന്ന ആരോപണം ശക്തിപ്പെടുകയാകും ഉണ്ടാകുക.

English summary
TC Rajesh writes as controverises errupt after Crime Branch arrests Jacob Vadakkumcheri.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more