• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വൈലോപ്പിളളി ശ്രീധരമേനോന്റെ മാമ്പഴം കവിതയുടെ പിറവിക്കു പിന്നിലെ കഥ ഇതാണ്... ഇതാണാ അങ്കണത്തൈമാവ്!!

  • By Sheeja Syam

വായനക്കാരുടെ മനസിനെ അത്രമേല്‍ ആര്‍ദ്രമാക്കുന്ന കവിതയാണ് വൈലോപ്പിള്ളി ശ്രീധരമേനോന്റെ മാമ്പഴം. ഏറെനാള്‍കൊതിച്ചിട്ട് പൂവിട്ട മുറ്റത്തെതൈമാവില്‍ നിന്നും പൂങ്കുല ഒടിച്ചു കളിച്ചുരസിച്ച മകനെ അമ്മ അടിച്ചു. ഇനി ഞാന്‍ വരില്ല മാമ്പഴം പെറുക്കാനെന്നു പറഞ്ഞ് കുഞ്ഞുമകന്‍ മാമ്പൂ താഴെയിട്ട് പിണങ്ങിപ്പോയി. ഉണ്ണിമാങ്ങകള്‍ മൂത്ത് പഴുത്ത് മാമ്പഴമായപ്പോഴേക്കും അമ്മയുടെ മണിക്കുട്ടന്‍ ഈ ലോകത്തുനിന്നും പോയിക്കഴിഞ്ഞിരുന്നു. കാലം കടന്നു പോയി.... അങ്കണത്തെമാവില്‍ നിന്നും ആദ്യത്തെ പഴം വീണു...

വികാരഭരിതമായ കവിത

വികാരഭരിതമായ കവിത

മാമ്പഴം പെറുക്കാന്‍ ഞാന്‍ വരില്ലെന്ന് പറഞ്ഞ് പിണങ്ങിപ്പോയ മകന്റെ വാക്ക് സത്യം ആയപ്പോള്‍ അമ്മ തളര്‍ന്നുപോയി. ഇനിയൊരിക്കലും മാമ്പഴംപെറുക്കാന്‍ വരാത്ത ഉണ്ണിക്കായി അമ്മ തന്റെ കണ്ണുനിരില്‍ കുതിര്‍ന്ന മാമ്പഴം സമര്‍പ്പിക്കുന്നതിന്റെ നോവ് കവിത വായിച്ചവരെയെല്ലാം കരയിച്ചിട്ടുണ്ട്. തന്റെ കവിതയില്‍ വൈലോപ്പിളളി, മകന്റെ ആത്മാവ് അമ്മയെ തലോടിസ്വാന്ത്വനിപ്പിച്ചെന്നു പറയുന്നതില്‍ നിന്നും അമ്മയെന്ന സ്‌നേഹത്തിനോടുളള ആര്‍ദ്രതയാണ് കാണാനാവുക. അത്രമേല്‍ മനോഹരവും വികാരഭരിതവുമായ കവിതയാണ് മാമ്പഴം. വായനക്കാര്‍ കവിതയുമായി താതാത്മ്യം പ്രാപിക്കാനുളള കാരണവും ഇതുതന്നെ. ഈ വീട്ടുമുറ്റത്താണ് കവിതക്ക് ആധാരമായ ആ സംഭവം നടന്നത്.

യഥാര്‍ത്ഥ ജീവിതത്തില്‍ നിന്നും കവി കണ്ടെടുത്ത കഥ

യഥാര്‍ത്ഥ ജീവിതത്തില്‍ നിന്നും കവി കണ്ടെടുത്ത കഥ

മാമ്പഴമെന്ന കവിതയുടെ പിറവിക്കു പിന്നിലൊരു കഥയുണ്ട്. യഥാര്‍ത്ഥ ജീവിതത്തില്‍ നിന്നും കവി കണ്ടെടുത്തു പകര്‍ത്തിയതാണ് കവിതയായി മാറിയത്. മാമ്പഴമെന്ന കവിതയില്‍ മകന്റെ മരണത്തില്‍ മനമുരുകി കരഞ്ഞ് വായനക്കാരെയും കരയിക്കുന്ന അമ്മ, ശ്രീധരമേനോന്റെ അമ്മ നാണിക്കുട്ടിയമ്മ തന്നെയാണ്. കവിയുടെ ഇളയസഹോദരന്‍ കൃഷ്ണന്‍കുട്ടിയായിരുന്നു മുറ്റത്തു നിന്ന നാട്ടുമാവില്‍ നിന്നും മാമ്പൂപൊട്ടിച്ച് കളിച്ചത്.

അമ്മ നാണിക്കുട്ടിയമ്മ

അമ്മ നാണിക്കുട്ടിയമ്മ

മകന്റെ വികൃതികണ്ടപ്പോള്‍ ദേഷ്യം കൊണ്ട് ഉണ്ണിയെ അടിച്ചത് ഇരുവരുടെയും അമ്മയായ നാണിക്കുട്ടിയമ്മയായിരുന്നു. രോഗം ബാധിച്ച് അനുജന്‍ മരിച്ചതും, മരിച്ച മകനു നല്‍കാന്‍ മാമ്പഴവുമായിപ്പോയ അമ്മയുടെ തീരാദുഖവും കാണേണ്ടിവന്ന ശ്രീധരനെന്ന കുട്ടിയുടെ മനസിന്റെ വേദനയായിരുന്നു പിന്നീട് മാമ്പഴമെന്ന കവിതക്കു കാരണമായത്. വൈലോപ്പിളളി തറവാട്ടു വളപ്പിലുളള നാട്ടുമാവാണ് മാമ്പഴം കവിതയിലെ അങ്കണത്തെമാവ്.

വൈലോപ്പിളളി തറവാട്

വൈലോപ്പിളളി തറവാട്

എറണാകുളത്ത് കലൂരിലാണ് വൈലോപ്പിളളിയുടെ മാതൃകുടുംബമായ വൈലോപ്പിളളി തറവാടുളളത്. കവിയുടെ അമ്മ വൈലോപ്പിളളി കുടുംബമായിരുന്നു.ശ്രീധരമേനോന്റെ തൂലികനാമമായ വൈലോപ്പിളളി എന്നത് അമ്മയുടെ തറവാട്ടു പേരാണ്. കലൂരിലെ വൈലോപ്പിളളി തറവാട്ടിലായിരുന്നു ശ്രീധരമേനോന്റെ ബാല്യകൗമാരങ്ങള്‍ ചിലവഴിച്ചത്. ഇരുപതാം വയസില്‍ അധ്യാപകനായി ജോലികിട്ടി ഔദ്യോഗികജീവിതം തുടങ്ങും വരെ ശ്രീധരമേനോന്‍ താമസിച്ചിരുന്നത് ഇവിടെയായിരുന്നു.

ഇതാണാ അങ്കണത്തെമാവ്

ഇതാണാ അങ്കണത്തെമാവ്

വിഷുക്കാലത്ത് അമ്മാവന്‍ കൈനീട്ടം നല്‍കിയതും, കുട്ടികളോടെല്ലാം അമ്മാവനു പ്രത്യേക സ്‌നേഹമുണ്ടായിരുന്നുവെന്നും കവിയുടെ സഹോദരിപുത്രി ഇന്ദിരാമേനോന്‍ ഓര്‍ത്തെടുക്കുന്നു. വൈലോപ്പിളളിതറവാടിനോടു ചേര്‍ന്നു നില്‍ക്കുന്ന മാവിനും കവിയുടെ ജീവിതത്തില്‍ വലിയപ്രാധാന്യമുണ്ട്. അതിമധുരമുളള ചെറുമാമ്പഴങ്ങള്‍ പൊഴിച്ചിരുന്ന പഴയ അങ്കണത്തെമാവ് പ്രായാധിക്യത്തിലും കാലത്തോട് പോരാടി തറവാട്ടു വളപ്പിനോടു ചേര്‍ന്നു നില്‍ക്കുന്നു. ഇലകള്‍ തളിര്‍ത്ത് പൂവിട്ട് പച്ചപ്പ് തിരിച്ചു പിടിക്കാന്‍ മാവിനുകഴിയുമെന്ന പ്രതീക്ഷയിലാണ് കവിയുടെ ബന്ധുക്കള്‍.

കവി സ്വപ്നം കണ്ട ശാന്തത

കവി സ്വപ്നം കണ്ട ശാന്തത

ശ്രീധരമേനോന്‍ കവിതയെഴുതിയിരുന്ന പൂമുഖവും കസേരയും ഒക്കെ ഇവിടെ കാത്തുസൂക്ഷിച്ചിട്ടുണ്ട്. ഏതു നഗരജീവിത സംസ്‌ക്കാരത്തില്‍ ചെന്നാലും നാടിന്റെ നന്മ കാത്തുസൂക്ഷിക്കാന്‍ ഓര്‍മ്മിപ്പിക്കുന്ന കവിയുടെ സങ്കല്പ്പങ്ങള്‍ക്കൊത്ത ശാന്തതയാണ് ഇപ്പോഴും വൈലോപ്പിളളി തറവാടിനുളളത്. കൊച്ചിനഗരത്തിന്റെ തിക്കും തിരക്കും മറന്ന് ഗ്രാമത്തിന്റെ വിശുദ്ധി തൊട്ടറിയാന്‍ ഈ പഴയതറവാട്ടില്‍ ഒരല്പ്പസമയം ചിലവഴിച്ചാല്‍ മതിയാവും. അറയും, മച്ചുമുളള പഴയതറവാടും തൊടിയില്‍ നിറയുന്ന പച്ചപ്പുമെല്ലാം വൈലോപ്പിളളികവിതപോലെ ഹൃദ്യമായ ഒരനുഭവമാകുന്നു ഇവിടെ.

English summary
True story behind Mampazham poem by Vailoppilli Sreedhara Menon.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X