• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കാളനും കൂളനും അമ്പലത്തിൽ കയറിയാൽ ദേവി കോപിക്കും.. ദളിതനെ അടിച്ചമർത്തുന്ന വടയമ്പാടി മാതൃക!

ദളിതരോടും പിന്നോക്ക വിഭാഗങ്ങളോടും ഭരണകൂടങ്ങൾക്കെല്ലാം ഒരേ നയമാണ് എന്നതിനുള്ള ഉത്തമ ഉദാഹരണങ്ങളാണ് ഇന്ന് കേരളത്തിലെ പിണറായി സർക്കാരും കേന്ദ്രത്തിലെ മോദി സർക്കാരും. സവർണ രാഷ്ട്രീയം കളിക്കുന്ന ബിജെപിയുടെ സമീപനം മനസ്സിലാക്കാം. എന്നാൽ സിപിഎം കടലാസിലെങ്കിലും പറയുന്ന രാഷ്ട്രീയവും ആദർശവും, പ്രവർത്തനവും തമ്മിലെ വ്യത്യാസം അജഗജാന്തരമാണ്. പൊതിച്ചോറ് വിതരണം പോലുള്ള ഗിമ്മിക്കുകളിലാണോ സിപിഎമ്മും സംഘപരിവാറും തമ്മിലുള്ള വ്യത്യാസം കിടക്കുന്നത്?

ഇടതു സർക്കാർ വടയമ്പാടിയിൽ സവർണ സേവ ചെയ്യുമ്പോൾ നാണം കെടുന്നത് കേരളമൊന്നാകെയാണ്. സിപിഎം ഉള്ളപ്പോൾ എന്തിനാണ് കേരളത്തിൽ സംഘപരിവാർ എന്ന വടയമ്പാടിയിലെ ജനങ്ങളുടെ ചോദ്യത്തിന് പിണറായി വിജയനും കൂട്ടരും ഉത്തരം നൽകിയേ മതിയാകൂ. പാവപ്പെട്ടവന്റെയും അടിച്ചമർത്തപ്പെട്ടവന്റെയും പാർട്ടിയെന്ന വെറും മുദ്രാവാക്യം കൊണ്ട് ഇനിയും എത്രനാൾ കണ്ണിൽ പൊടിയിടാമെന്നാണ് സിപിഎം ധരിച്ച് വെച്ചിരിക്കുന്നത്!

എത്രയോ വർഷങ്ങൾക്ക് മുൻപ് നിങ്ങൾ കേരള മണ്ണിൽ നിന്നും തുടച്ച് നീക്കിയെന്ന് പറയുന്ന ജാതിയാണ് വടയമ്പാടിയിൽ ഒരു ജനതയെ നോക്കി പല്ലിളിച്ച് കാട്ടുന്നത്. ഒരു ജനതയുടെ ആത്മാഭിമാനത്തെ മതിൽ കെട്ടി സവർണർ പടിക്ക് പുറത്ത് നിർത്തിയിരിക്കുമ്പോഴാണ്, നിങ്ങളത് ജാതിയല്ലെന്നും വെറും മതിൽ മാത്രമാണെന്നും ന്യായീകരിക്കുന്നത്. ഒരു വർഷത്തോളമായി എന്തിനാണ്, എന്തിനോടാണ് വടയമ്പാടിയിലെ ദളിതർ യുദ്ധം ചെയ്യുന്നത്? സമരസമിതി നേതാക്കളിലൊരായ വിസി ജെന്നി വൺ ഇന്ത്യയോട് പറയുന്നു.

ഭജനമഠം മൈതാനമല്ല, വടയമ്പാടി മൈതാനം

ഭജനമഠം മൈതാനമല്ല, വടയമ്പാടി മൈതാനം

1967ല്‍ ഇഎംഎസ് സര്‍ക്കാരാണ് വടയമ്പാടിയിലെ ദളിത് വിഭാഗങ്ങള്‍ക്ക് വേണ്ടി നാലോളം സെറ്റില്‍മെന്റ് കോളനികള്‍ നല്‍കിയത്. ഭജനമഠത്തോട് ചേര്‍ന്നുള്ള സ്ഥലത്താണീ കോളനികൾ. അതിനടുത്ത് 93 സെന്റോളം വരുന്ന ഭൂമി പുറമ്പോക്ക് ഭൂമിയായി അവിടെ കിടക്കുകയായിരുന്നു. ആദ്യ കാലത്ത് കാട് പിടിച്ച കിടന്നിരുന്ന സ്ഥലം ദളിത് കുടുംബങ്ങള്‍ പ്രാഥമിക ആവശ്യങ്ങള്‍ക്കടക്കം ഉപയോഗിച്ച് വന്നു. പിന്നീട് ഈ പൊതുഭൂമി കായികാവശ്യങ്ങള്‍ക്കും കല്യാണ ആവശ്യങ്ങള്‍ക്കും വെള്ളം കോരാന്‍ പോകുന്നതിനും അടക്കം ദളിതർ ഉപയോഗിച്ച് തുടങ്ങി.

പൊതുജനങ്ങളില്‍ നിന്നും പണം പിരിച്ചും മറ്റും ഭജനമഠത്തെ വികസിപ്പിച്ചതും ദേശവിളക്ക് നടത്തിയിരുന്നതും അവിടുത്തെ ദളിത് കുടുംബങ്ങളായിരുന്നു. നൂറോളം കുടുംബങ്ങള്‍ വര്‍ഷങ്ങളായി ആരാധന നടത്തി വരുന്നു. 1981ല്‍ എന്‍എസ്എസ് കരയോഗം റവന്യൂ പുറമ്പോക്ക് ഭൂമിയില്‍ വ്യാജ പട്ടയമുണ്ടാക്കി അത് പൂഴ്ത്തി വെയ്ക്കുകയാണുണ്ടായത്.

ജാതിമതിൽ ഉയർന്ന വിധം

ജാതിമതിൽ ഉയർന്ന വിധം

കഴിഞ്ഞ വര്‍ഷമാണ് പ്രശ്‌നങ്ങളുടെ തുടക്കം. ദേശവിളക്ക് നടത്താന്‍ പാടില്ലെന്ന് എന്‍എസ്എസ് കരയോഗം അറിയിച്ചു. ദളിതൻ അമ്പലത്തില്‍ കയറരുത്, കണ്ട കാളനും കൂളനും അമ്പലത്തില്‍ കയറിയാല്‍ ദേവിക്ക് കോപമുണ്ടാകും എന്നായിരുന്നു കരയോഗക്കാർ പറഞ്ഞത്. 15 മീറ്ററോളം അമ്പലത്തിന് ചുറ്റുമതില്‍ കെട്ടാന്‍ ആര്‍ഡിഒ രാമചന്ദ്രന്‍ നായര്‍ അന്ന് അനുമതി കൊടുത്തിരുന്നു. 12 മീറ്ററോളം കയറ്റിയാണ് അമ്പലത്തിന് അവർ ചുറ്റുമതില്‍ കെട്ടിയത്. ആ അനുമതിയുടെ പുറത്താണ് ഒരേക്കറിന് അടുത്ത് വരുന്ന പുറമ്പോക്ക് ഭൂമിക്ക് പട്ടയം ഉണ്ടെന്ന് പറഞ്ഞ് വളച്ച് കെട്ടാന്‍ ശ്രമം നടത്തിയത്.

ഇതോടെ സ്ഥലത്തെ ദളിതര്‍ പ്രതിഷേധം ഉയര്‍ത്തി. വര്‍ഷങ്ങളായി തങ്ങള്‍ പൊതു ആവശ്യത്തിന് ഉപയോഗിച്ച് വരുന്ന ഭൂമിയാണ്. ജാതിമതില്‍ കെട്ടി സഞ്ചാര സ്വാതന്ത്ര്യവും അമ്പലത്തില്‍ പോകാനുള്ള സ്വാതന്ത്ര്യവും നിഷേധിക്കരുത് എന്നാവശ്യപ്പെട്ടു. എതിര്‍പ്പുയര്‍ന്നപ്പോള്‍ കോളനി നിവാസികളെയും കൊച്ചു കുട്ടികള്‍ അടക്കമുള്ളവരേയും അറസ്റ്റ് ചെയ്ത് കൊണ്ടുപോയി. 36 ദിവസം കൊണ്ട് പണിക്കാരെ നിര്‍ത്തി മതില്‍ കെട്ടിപ്പൊക്കി. ദളിതരെ വെള്ളം കോരാന്‍ സമ്മതിക്കാതെയും അമ്പലത്തില്‍ കയറ്റാതെയുമുള്ള ജാതിമതില്‍ തന്നെയായിരുന്നു അത്.

പോരാട്ടങ്ങളുടെ തുടക്കം

പോരാട്ടങ്ങളുടെ തുടക്കം

അന്ന് മുതല്‍ വടയമ്പാടിയില്‍ സമരം തുടങ്ങിയിട്ടുണ്ട്. പോലീസ് ബോധപൂര്‍വം പ്രതിഷേധക്കാരെ എല്ലാ ദിവസവും സ്റ്റേഷനിലേക്ക് പിടിച്ച് കൊണ്ട് പോയി. 36 ദിവസം കൊണ്ട് ഒരു വന്‍ ജാതിമതിലായി അവർ അതിനെ മാറ്റിയെടുത്തു. സംവരണ വാര്‍ഡും പഞ്ചായത്തും മണ്ഡലവുമായിട്ടു കൂടി ഒരിടത്ത് നിന്നും നീതി കിട്ടിയില്ല. ആരുടെ മുന്നില്‍ പോയിട്ടും രക്ഷയുണ്ടായില്ല. എല്ലാ വ്യവസ്ഥാപിത കക്ഷി രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ മുന്നിലും ചെന്നു. ഒരു ഫലവും ഉണ്ടായില്ല. സമരക്കാര്‍ നിയമപരമായി കൂടി മുന്നോട്ട് നീങ്ങിയപ്പോള്‍ സ്ഥലം എംഎല്‍എ വിപി സജീന്ദ്രൻ അടക്കമുള്ളവര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു. മതിലിന് പൊക്കം കൂടിപ്പോയി എന്ന പ്രശ്‌നം മാത്രമാണ് അവര്‍ക്ക് മുന്നിലുണ്ടായിരുന്നത്. മതിലിത്തിരി പൊങ്ങിപ്പോയി, ദളിതര്‍ക്ക് ദേവിയെ കാണണമല്ലോ എന്നായിരുന്നു എംഎല്‍എ അന്ന് പറഞ്ഞത്.

സിപിഎം അടക്കമുള്ളവര്‍ തുടക്കം മുതല്‍ തങ്ങളുന്നയിച്ച പ്രശ്‌നത്തോട് പുലര്‍ത്തിപ്പോന്ന സമീപനവും ഇതാണ്. ഇവിടെയുള്ള ദളിത് കുടുംബങ്ങളെല്ലാം സിപിഎം അടിത്തറയുള്ളവരാണ്. എന്നിട്ടു പോലും ദളിര്‍ക്കൊപ്പം ജാതിമതിലിനെതിരെ ശബ്ദിക്കാന്‍ ആരും വന്നില്ല. അങ്ങനെയാണ് ദളിത് ഭൂ അവകാശ സമിതി എന്ന പേരില്‍ സമരസമിതിക്ക് രൂപം കൊടുത്ത് സമരം വിപുലപ്പെടുത്തിയത്. മറ്റാരും സഹായത്തിനില്ലാത്ത സാഹചര്യത്തില്‍ പുറമേ നിന്നുള്ള സാമൂഹ്യ പ്രവര്‍ത്തകരുടെ കൂടെ സഹായത്തോടെ സമരം മുന്നോട്ട് കൊണ്ടുപോയി.

ഈ പുരോഗതി പൊള്ളയാണ്

ഈ പുരോഗതി പൊള്ളയാണ്

ഒരു വര്‍ഷമായി സമരം നടക്കുന്നു. കഴിഞ്ഞ ഏപ്രില്‍ 14ന് അംബേദ്കര്‍ ജയന്തിയോട് ബന്ധപ്പെട്ടാണ് ദളിത് ഭൂ അവകാശ സമിതിയുടെ നേതൃത്വത്തില്‍ ജാതി മതില്‍ തകര്‍ക്കുന്നത്. ലക്ഷങ്ങളുടെ മതിൽ വെറും പതിനെട്ട് മിനുറ്റ് കൊണ്ട് തകര്‍ത്തു. സാമൂഹ്യപുരോഗതിയുടെ അത്യുന്നതിയിലെന്ന് അവകാശപ്പെടുന്ന, ജാതി- ജന്മിത്തം ഇല്ലാതാക്കിയെന്നും ദളിതരെ ഭൂമിയുടെ അവകാശികളാക്കിയെന്നും അവകാശപ്പെടുന്ന എല്ലാ വ്യവസ്ഥാപിത പാര്‍ട്ടിക്കാരെയും തുറന്ന് കാട്ടുന്നതാണ് ഈ സമരം. ഇന്നും ദളിതർ ജാതിപരമായും സാമൂഹ്യപരമായും വിവേചനവും ജാതി മര്‍ദനവും അനുഭവിക്കുന്നുണ്ട് എന്ന് കൂടി തുറന്ന് കാണിക്കുന്നു വടയമ്പാടി.

ഭരണകൂടത്തിന്റെ അടി!

ഭരണകൂടത്തിന്റെ അടി!

ശവമടക്കാന്‍ പോലും ആറടി മണ്ണില്ലാത്ത ഒരു ജനത ഈ പുറമ്പോക്ക് ഭൂമി അവര്‍ക്ക് വീതിച്ച് നല്‍കണം എന്നല്ല പറയുന്നത്. വടയമ്പാടിയിലുള്ള മുഴുവന്‍ ജനങ്ങള്‍ക്കും, നാനാജാതിയിലുള്ള ജനങ്ങള്‍ക്കും സ്വതന്ത്രമായി ഉപയോഗിക്കാനുള്ള അവകാശം വേണം എന്നതാണ് ആവശ്യം. അതാണ് ദളിതരില്‍ ഉയര്‍ന്ന ബോധം.സമരത്തോട് പോലീസ് സ്വീകരിച്ചിരിക്കുന്ന സമീപനം അതിഭീകരമാണ്. താനടക്കമുള്ള സ്ത്രീകളേയും കുട്ടികളേയും അറസ്റ്റ് ചെയ്ത പോലീസ് വളരെ മോശമായാണ് ഇടപെട്ടത്. എന്‍എസ്എസിന്റെ ആളുകളും പോലീസും ചേര്‍ന്ന് തങ്ങളെ ചീത്ത വിളിക്കുകയും അപമാനിക്കുകയുമാണ് ചെയ്തത്. അത് മാത്രമല്ല സമരക്കാരായ കുടുംബങ്ങളുടെ തൊഴില്‍ പോലും നിഷേധിക്കുന്ന സ്ഥിതിയുണ്ട്. എന്‍എസ്എസുമായി ബന്ധപ്പെട്ട ആളുകളാണ് അത്തരമൊരു ക്രൂരത കൂടി ചെയ്യുന്നത്. ജോലി നിഷേധവും കള്ളക്കേസില്‍ കുടുക്കലും അടക്കമുള്ള സാമൂഹ്യ മര്‍ദനത്തിനും കൂടിയാണ് വയമ്പാടിയിലെ ദളിതര്‍ ഇരകളായത്.

പുത്തന്‍ കുരിശ് സിഐ സാജന്‍ സേവ്യര്‍ അടക്കമുള്ളവര്‍ സ്ത്രീകളെ പറഞ്ഞ അസഭ്യങ്ങള്‍ പുറത്ത് പറയാന്‍ പറ്റാത്തതാണ്. വളരെ ജനാധിപത്യപരമായി മുന്നോട്ട് പോയൊരു സമരത്തെയാണ് സവര്‍ണരും പോലീസും കൈ കോര്‍ത്ത് അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത്. നിരാഹാരം കിടന്നവരേയും സമരത്തെ പിന്തുണയ്ക്കാന്‍ എത്തിയവരേയുമടക്കമാണ് പിടിച്ച് കൊണ്ടുപോയി ജയിലില്‍ ഇട്ടത്. കുട്ടികളെയും വെറുതെ വിട്ടില്ല. കഴിഞ്ഞ അയ്യങ്കാളി ദിനത്തില്‍ കുട്ടികള്‍ മൈതാനത്ത് കളിക്കാന്‍ ചെന്നപ്പോള്‍ എൻഎസ്എസുകാര്‍ ഭീഷണിപ്പെടുത്തുകയും അടിക്കാന്‍ ചെല്ലുകയുമുണ്ടായി.

ജാതിയില്ല, മതിൽ മാത്രമെന്ന്

ജാതിയില്ല, മതിൽ മാത്രമെന്ന്

കുട്ടികളെപ്പോലും അനാവശ്യം പറയുകയും ആട്ടിയോടിക്കുകയുമാണ് അവിടെ നടന്ന് കൊണ്ടിരിക്കുന്നത്. പോലീസ് മാത്രമല്ല, സിപിഎം കൂടി ബ്രാഹ്മണ്യത്തെ സംരക്ഷിക്കുന്ന ഇടപെടലാണ് നടത്തുന്നത്. വടയമ്പാടി മൈതാനം അവര്‍ക്ക് ഭജനമഠം മൈതാനമാണ്. അവര്‍ പറയുന്നത് ഇതാണ്. ''കരയോഗത്തിന്റെ പട്ടയത്തിന്റെ കാര്യം അവിടെ നില്‍ക്കട്ടെ, മതില്‍ കെട്ടി എന്നുള്ളത് ശരിയാണ്. എന്നാല്‍ നിങ്ങള്‍ പറയുന്നത് പോലൊരു ജാതിമതിലൊന്നും അവിടെ ഇല്ല'' എന്നാണ്. പുറമേ നിന്നുള്ള ശക്തികളാണ് ഇതിനെ ജാതിമതില്‍ എന്നാക്കുന്നത് എന്നും സിപിഎം പറയുന്നു.

ജനകീയസമരങ്ങൾക്കെല്ലാം മാവോയിസ്റ്റ് ബന്ധം

ജനകീയസമരങ്ങൾക്കെല്ലാം മാവോയിസ്റ്റ് ബന്ധം

മാവോയിസ്റ്റ് ബന്ധം എന്നൊക്കെയുള്ള ആരോപണം മുത്തങ്ങ സമരം മുതല്‍ കേള്‍ക്കുന്നതാണ്. സമൂഹത്തിലെ പുതിയൊരു ട്രെന്‍ഡാണത്. ജനകീയ സമരങ്ങളെ തകര്‍ക്കാന്‍ ഇത്തരത്തിലുള്ള ഇടപെടല്‍ സര്‍ക്കാര്‍ നടത്തുന്ന അവസ്ഥയുണ്ട്. അതേസമയം മാവോയിസ്റ്റുകള്‍ക്ക് അവരുടെ ആശയപ്രചാരണം നടത്താനും ഇത്തരം ജാതിവിവേചനം നിലനില്‍ക്കുന്നുണ്ട് എന്ന് പറയാനുമുള്ള അവകാശം ഇല്ലേ? ജാതിമതില്‍ കെട്ടിക്കൊണ്ട് ജാതിപരമായും വര്‍ഗീയമായും ചൂഷണം ചെയ്യുന്ന ബ്രാഹ്മണ്യത്തിന് എതിരെ ശബ്ദമുയര്‍ത്താനുള്ള അവകാശം അവര്‍ക്കില്ലേ?

ഭരണകൂടം കേൾക്കാത്ത നിലവിളികൾ

ഭരണകൂടം കേൾക്കാത്ത നിലവിളികൾ

പലതവണ മുഖ്യമന്ത്രിയുടെ മുന്നില്‍ പരാതിയെത്തിച്ചിട്ടുണ്ട്. ഒരു ലക്ഷം പേരുടെ ഒപ്പ് ശേഖരണം ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. നേരത്തെ ജാതിമതിലിനെതിരെ ദളിതര്‍ റിലേ സത്യാഗ്രഹം കിടന്നപ്പോള്‍ കളക്ടര്‍ നേരിട്ട് വന്നാണ് നിരാഹാരം കിടന്നവര്‍ക്ക് ഉറപ്പ് നല്‍കിയത്. മുന്നോട്ട് വെച്ച ആവശ്യങ്ങളെല്ലാം സര്‍ക്കാര്‍ അംഗീകരിച്ചുവെന്ന്. കളക്ടര്‍ ഉറപ്പ് നല്‍കിയിട്ടാണ് സമരസമിതി നിരാഹാരം അവസാനിപ്പിച്ചത്. നിരാഹാരം അവസാനിപ്പിച്ചെങ്കിലും ഒപ്പ് ശേഖരണത്തിന് വേണ്ടി പന്തല്‍ നിലനിര്‍ത്തി. കളക്ടര്‍ പ്രഖ്യാപിച്ച സ്റ്റാറ്റസ്‌കോ നിലനില്‍ക്കുമ്പോഴാണ് അമ്പലത്തിലെ ഉത്സവത്തിന്റെ പേരില്‍ സമരപ്പന്തല്‍ പൊളിച്ച് നീക്കാനും എന്‍എസ്എസിന് വേണ്ടി കമാനമുണ്ടാക്കാനും പോലീസ് എത്തിയത്. ആ സമരപ്പന്തലില്‍ ഇടിവണ്ടി നിര്‍ത്തിയിട്ടാണ് പോലീസുകാര്‍ പണിക്കാര്‍ക്ക് കമാനമുണ്ടാക്കാനുള്ള കട്ട എടുത്ത് കൊടുത്തത്.

ആർഎസ്എസിന് വിടുപണി

ആർഎസ്എസിന് വിടുപണി

ദളിത് ആത്മാഭിമാന കൺവെൻഷൻ പ്രഖ്യാപിച്ച നാലാം തിയ്യതി നടന്നത് ക്രൂരമായ സംഭവങ്ങളാണ്. മൂന്നാം തിയ്യതി കളക്ടര്‍ സമരസമിതിക്കാരെ ചർച്ചയ്ക്ക് വിളിപ്പിച്ചിരുന്നു. ഇതുവരെയുള്ള ഒരുറപ്പും കളക്ടര്‍ പാലിച്ചിട്ടില്ല. കളക്ടറുടെ ഉറപ്പിലാണ് അന്ന് നിരാഹാര സമരം നിര്‍ത്തിവെച്ചത്. സമരപ്പന്തല്‍ പൊളിച്ചതും കമാനമുണ്ടാക്കിയതും കളക്ടറുടെ ഉത്തരവിന് അനുസരിച്ചാണ്. അതുകൊണ്ട് തന്നെ സമരസമിതി ചര്‍ച്ചയ്ക്ക് പോയില്ല. നീതികിട്ടില്ലെന്ന് ഉറപ്പായിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പേ തന്നെ തീരുമാനിച്ചതാണ് സ്വാഭിമാന കണ്‍വെന്‍ഷന്‍. ഡിവൈഎസ്പിക്ക് മൈക്ക് പെര്‍മിഷന്‍ അടക്കമുള്ള അനുമതിക്ക് അപേക്ഷ നല്‍കിയിട്ടുമുണ്ടായിരുന്നു. അതൊക്കെ മറച്ച് വെച്ചാണ് ഭരകൂടത്തെ അറിയിച്ചില്ലെന്ന് കളക്ടര്‍ പറയുന്നത്. കണ്‍വെന്‍ഷന്‍ നടത്താൻ അനുമതിയില്ലെന്ന് പറഞ്ഞ് അടിച്ചമര്‍ത്താന്‍ ശ്രമിച്ചത്.

ഇനി തലസ്ഥാനത്തേക്ക്

ഇനി തലസ്ഥാനത്തേക്ക്

നാലാം തിയ്യതി ആര്‍എസ്എസുകാര്‍ മനപ്പൂര്‍വ്വം പ്രകോപനം ഉണ്ടാക്കുകയായിരുന്നു. അവരെ അറസ്റ്റ് ചെയ്യാതെ പോലീസും ഭരണകൂടവും സമരക്കാരെ അടിച്ചമർത്താൻ ശ്രമിക്കുകയാണ് ചെയ്തത്.അന്ന് വലിച്ചിഴച്ചും മര്‍ദിച്ചുമാണ് സ്ത്രീകളടക്കമുള്ളവരെ പോലീസ് വാഹനത്തില്‍ കയറ്റിയത്. സ്‌റ്റേഷനില്‍ എത്തിച്ച ശേഷവും മര്‍ദനവും പിടിയും വലിയുമായിരുന്നു. തങ്ങളുടെ കണ്‍മുന്നിലിട്ടാണ് ഹരി ഡോക്ടറെയൊക്കെ തല്ലിച്ചതച്ചത്. തടുക്കാന്‍ ചെന്ന സ്ത്രീകളുടെ വസ്ത്രം അടക്കം വലിച്ച് കീറി. പുരുഷന്മാരായ പോലീസുകാരാണ് ഇതൊക്കെ ചെയ്തത്.

എന്നാൽ നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്ത ശേഷവും സമരക്കാർ ജാഥയായി തിരിച്ച് പോയി കണ്‍വെന്‍ഷന്‍ നടത്തക തന്നെ ചെയ്തു. ഇനി സമരം സെക്രട്ടേറിയറ്റ് നടയിലേക്ക് മാറ്റാനാണ് സമരസമിതിയുടെ തീരുമാനം. എൻഎസ്എസ് കരയോഗത്തിന്റെ വ്യാജപട്ടയം റദ്ദാക്കണം എന്നതടക്കമുള്ള ആവശ്യങ്ങളിൽ സര്‍ക്കാരാണ് നടപടിയെടുക്കേണ്ടതെന്ന് വിസി ജെന്നി പറഞ്ഞ് അവസാനിപ്പിക്കുന്നു.

English summary
VC Jenny talks about Vadayambadi Dalit protest against caste wall
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more