കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോഷ്യൽ മീഡിയയിൽ പാഡ്മാന്‍ കാംപെയ്ൻ.. വനജ വാസുദേവിന്റെ വ്യത്യസ്തമായ ഒരു സാനിറ്ററി പാഡ് ഓർമ!!

  • By Muralidharan
Google Oneindia Malayalam News

വനജ വാസുദേവ്

സോഷ്യൽ മീഡിയയിലെ ശ്രദ്ധേയരായ യുവ എഴുത്തുകാരിൽ ഒരാളാണ് വനജ വസുദേവ്.

സാനിറ്ററി പാഡും ആര്‍ത്തവവും രക്തക്കറയും എല്ലാം വീണ്ടും സജീവമായി ചര്‍ച്ചയാകുമ്പോള്‍ പണ്ട് കോളേജ് കാലത്ത് ഉണ്ടായ ഏറെ ചിരിപ്പിച്ച ഒരു സംഭവം ഉണ്ട്. ശാസ്താംകോട്ട കോളേജില്‍ പഠിക്കുന്ന കാലം. എന്നും അപ്പൂപ്പന്‍ രണ്ട് രൂപ വണ്ടിക്കൂലി തരും. ഒന്നര രൂപ വണ്ടിക്കൂലി കഴിച്ച് അന്‍പത് പൈസ ബാലന്‍സ് കയ്യില്‍ വയ്ക്കാം. അത് കൂട്ടി വച്ച് പൊട്ടും, കുപ്പിവളയും ഒക്കെ വാങ്ങും...കൂട്ടത്തില്‍ വല്ലപ്പോഴും മഞ്ച് (അത് ഇറങ്ങിയ സമയം ആയിരുന്നു. മൂന്ന് രൂപ ആയിരുന്നു വില എന്നാണ് ഓര്‍മ്മ). ജംഗ്ഷനില്‍ അമ്പല കവാടത്തിനടുത്ത് ഒരു ലേഡീസ് ഫാന്‍സീ സെന്റര്‍ ഉണ്ട്. അവിടുത്തെ ചേച്ചിയുമായി കൂട്ടായത് കൊണ്ട് എല്ലാത്തിനും ഓടി അവിടേക്കാണ് പോയിരുന്നത്....

ഓര്‍മ്മകളുടെ കര്‍പ്പൂര ഗന്ധങ്ങള്‍... കുട്ടിക്കാലത്തെ അനുഭവങ്ങൾ വനജ വസുദേവ് എഴുതുന്നു! ഓര്‍മ്മകളുടെ കര്‍പ്പൂര ഗന്ധങ്ങള്‍... കുട്ടിക്കാലത്തെ അനുഭവങ്ങൾ വനജ വസുദേവ് എഴുതുന്നു!

മിക്ക ദിവസവും സ്ട്രൈക്ക് ഉണ്ടായിരുന്നു കോളേജില്‍. ഒരു ദിവസം സമരത്തേ തുടര്‍ന്ന് ക്ളാസ്സ് വിട്ട നേരം, ഞാനും, ഫിസിക്സ് ഫൈനല്‍ ഇയറിന് പഠിക്കുന്ന താമരക്കുളത്തുകാരി പ്രസീത ചേച്ചിയും കൂടി നടന്ന് വരികയായിരുന്നു. ചേച്ചിക്കും എനിക്കും ജംഗ്ഷനിലെ കടയില്‍ കയറണം. ഞങ്ങള്‍ രണ്ടാളും കടയിലേക്കും, ബാക്കി കൂട്ടുകാര്‍ ഞങ്ങളെ കാത്ത് ബസ്റ്റോപ്പിലേക്കും പോയി. കടയുടെ മുന്നില്‍ ബൈക്കുമായി കോളേജില്‍ നിന്ന് പഠിച്ചിറങ്ങി പോയിട്ടും കാംപസ്സിനുള്ളില്‍ ഇപ്പോഴും കയറിയിറങ്ങി നടക്കുന്ന, ആയകാലത്ത് ടീച്ചേഴ്സിനും, കുട്ടികള്‍ക്കും തലവേദന ആയ കുറേ സൂപ്പര്‍ സീനിയേഴ്സ് ഇരിപ്പുണ്ടായിരുന്നു...കാണാന്‍ നല്ല ഭംഗിയുള്ള ചേച്ചിയെ കടയിലേക്ക് കയറുമ്പോള്‍ അവര്‍ എന്തോ കമന്റടിക്കുന്നതും, ചേച്ചി അനിഷ്ടം പുരിക കൊടികള്‍ മഴവില്ല് പോലെ വളച്ചു ഒറ്റപോക്ക് പോയതും പിറകിലെത്തിയ ഞാന്‍ കാണുന്നുണ്ടായിരുന്നു.

pad

എനിക്ക് വേണ്ടത് കണ്‍മഷി ആയിരുന്നു. ചേച്ചിക്ക് വേണ്ടത് 'കെയര്‍ ഫ്രീ' ആയിരുന്നു. അന്ന് പാഡ് എന്നല്ല കെയര്‍ ഫ്രീ എന്ന പേരായിരുന്നു ഉപയോഗിച്ചിരുന്നത്. പീരീഡ്സിന് 'വെളിക്കായി' എന്നും. ഞാനാണേല്‍ ഇത് ടിവി പരസ്യത്തില്‍ നീലമഷി ഒഴിച്ച് കണ്ടതല്ലാതെ ഒരു പരിചയവും ഇല്ല. ചേച്ചിക്ക് അടുത്താഴ്ച ടൂര്‍പോണം അതിന് വാങ്ങിയതാണ്. കടയിലെ ചേച്ചി അലമാലയില്‍ നിന്ന് നീണ്ട ഒരു കവര്‍ എടുത്തു. അതില്‍ കുറേ 'കുഞ്ഞ് മെത്തകള്‍' അടുക്കി വച്ചിരിക്കുന്നു. തുണിയില്‍ അഭ്യാസം നടത്തി, വെള്ളത്തില്‍ വീണ താറാവ് കുഞ്ഞുങ്ങളെ പോലെ ഒരു പ്രത്രേക താളത്തില്‍ ആ ദിവസങ്ങളില്‍ നടന്നിരുന്ന ഞാന്‍ ഈ കുഞ്ഞ് മെത്തകള്‍ കണ്ട് അന്ധാളിച്ച് പോയി.

കുറച്ച് കാലമായി 'ഇത് എങ്ങനെ വയ്ക്കും, ലീക്ക് ആകില്ലേ, എങ്ങനെ കളയും, കഴുകി ഉണക്കി വീണ്ടും ഉപയോഗിക്കാമോ?''എന്നീ വട്ടം കറക്കുന്ന ചോദ്യങ്ങള്‍ ചോദിക്കാന്‍ ഒരാളായല്ലോയെന്നൊരു ആശ്വാസം കിട്ടി. ഈ ചോദ്യങങള്‍ ഞാന്‍ പലപ്പോഴും കൂട്ടുകാരോട് ചോദിച്ചെങ്കിലും ഓട്ടക്കാലണ പ്രയോജനം ഇല്ലായിരുന്നു. അവരാരും ഇത് ഉപയോഗിച്ചോ കണ്ടിട്ടോ ഇല്ല. എന്തായാലും ചേച്ചി ടൂര്‍ പോയി കഴിഞ്ഞ് വന്ന് ചോദിച്ച് മനസ്സിലാക്കി ഷൈലകുഞ്ഞമയോട് പറഞ്ഞ് ഒരു കവര്‍ വാങ്ങി ഉപയോഗിക്കണം എന്ന് മനസ്സില്‍ ഉറച്ചു....

മൂങ്ങയുടെ കൂട്ട് തല തിരിച്ച് അകത്ത് നടക്കുന്ന കാര്യങ്ങള്‍ പുറത്തുള്ള ചേട്ടന്‍മാര്‍ കാണുന്നുണ്ടായിരുന്നു . പുറമേ നിന്ന് നോക്കുന്നവര്‍ക്ക് ഒരു കാരണവശാലും പിടികൊടുക്കാത്തവണ്ണം പായ്ക്കറ്റ് വാങ്ങി ഭദ്രമായി മറ്റൊരു കവറിലാക്കി, ഞങ്ങളിറങ്ങി. പുറത്ത് ഇറങ്ങിയ ഉടന്‍ ഒരു ചേട്ടന്‍ ചോദിച്ചു 'കവറിലെന്താണ് ചേച്ചി ബ്രഡ്ഡ് ആണോന്ന്?'' ഞാന്‍ 'അയ്യടാ...' എന്ന എക്സ്പ്രഷനിട്ട് നിന്നെങ്കിലും ചേച്ചിക്ക് ഒരു കുലുക്കവും ഇല്ല. കടന്ന് പോയപ്പോള്‍ വീണ്ടും 'ഞങ്ങള്‍ക്ക് കൂടി തരുമോ ചേച്ചി ബ്രഡ്ഡ്' എന്ന് ചോദിച്ചതും ചേച്ചി തിരിച്ചടിച്ചു..

'അതേടാ....ബ്രഡ് ആണ്. രണ്ട് ദിവസം കഴിഞ്ഞ് വന്നാല്‍ ജാം പുരട്ടി തരാം....'

സാധാരണ പെണ്‍പിള്ളാരെ പോലെ തലകുനിച്ച് ചൂളി പോകും എന്ന് വിചാരിച്ച് ഇരുന്ന അവര്‍ക്ക് ഈ മറുപടി ഒരു പ്രഹരം ആയിരുന്നു. ഒട്ടു നേരത്തെ നിശബദ്ധത മുറിഞ്ഞത് എന്റെ നിര്‍ത്താതെയുള്ള ചിരിയുയര്‍ന്നപ്പോഴാണ്. പിന്നീട് ഞാന്‍ ഓര്‍ത്തോര്‍ത്ത് ചിരിച്ചതും ഈ സംഭവം ആണ്. (ഈ മറുപടി പലരും പറഞ്ഞ് കേട്ടിരിക്കാം...ഞാനിത് കേട്ടത് ഏകദേശം പതിനഞ്ച് വര്‍ഷം മുന്‍പാണ്... ചേച്ചി പറഞ്ഞ്...)

English summary
Vanaja Vasudev writes as PadMan challenge spreads over social media.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X