കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആറ്റിനക്കരെ നിന്നുള്ള ബാങ്ക് വിളികളും ഈദും... വനജ വാസുദേവ് ചെറിയ പെരുന്നാൾ വിശേഷങ്ങൾ എഴുതുന്നു

  • By Vanaja Vasudev
Google Oneindia Malayalam News

വനജ വസുദേവ്

സോഷ്യൽ മീഡിയയിലെ ശ്രദ്ധേയരായ യുവ എഴുത്തുകാരിൽ ഒരാളാണ് വനജ വസുദേവ്.

പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴായിരുന്നു ആദ്യമായി ചെറിയ പെരുന്നാളിന് പോയത്. അതുവരെ വിളിച്ചിട്ടും പോകാതിരുന്നിട്ടും അന്ന് പോയത് പത്താം ക്ലാസ് കഴിഞ്ഞ് പലവഴിക്ക് പിരിഞ്ഞ ശേഷം ഈ കൂട്ടുകാരെ ഇനി കണ്ട് മുട്ടാനും, ഇതുപോലെ ഒത്തു കൂടാനുമുള്ള സാധ്യത തുലോം കുറവായതിനാലാണ്. ആറിന് ഇരു കരകളിലായിരുന്നു എൻറെ ഗ്രാമമായ കുന്നവും, അതിരാവിലെ അച്ചൻ കോവില്‍ ആറു കടന്നു വന്നു വിളിച്ചുണർത്തുന്ന ബാങ്ക് വിളികൾ ഉയരുന്ന കൊല്ലകടവും.

രാവിൽ പച്ചപ്പാവാടയും, വെള്ള ബ്ലൗസും ഇട്ടു പെൺകുട്ടികളും , കാക്കിയും, വെള്ള ഷിർട്ടുമിട്ട് ആൺകുട്ടികളും ആറ് കടന്നു കുന്നം സ്കൂളിലേക്ക് വരുന്ന കാഴ്ചയുണ്ടായിരുന്നു. കയ്യിൽ സ്റ്റീൽ പെട്ടിയും, കൈകളിൽ നീണ്ട കുടയും ഒക്കെയായി കലപില കൂട്ടി ഒറ്റയായും, കൂട്ടമായും എത്തിയിരുന്നവർ. പാവപ്പെട്ട വീടുകളിൽ നിന്നുള്ള കുട്ടികൾ ആയിരുന്നു സ്കൂളിൽ ഭൂരിഭാഗം ആളുകളും. കൊല്ലകടവിൽ നിന്നെത്തുന്ന കുട്ടികളുടെ ബാപ്പമാർക്കു ജോലി മീൻ കച്ചവടമോ, ഇറച്ചി വേട്ടോ , തടിമില്ലിലെ പണിയോ, ചെറിയ കടയിലെ കച്ചവടമോ ആയിരിക്കും.

ആദ്യത്തെ ചെറിയ പെരുന്നാൾ

ആദ്യത്തെ ചെറിയ പെരുന്നാൾ

സർക്കാർ സ്കൂൾ ആയതിനാൽ ഫീസിന്റെ അമിത ഭാരമില്ലായിരുന്നു. തോറ്റു തോറ്റു പഠിക്കുന്നവർക്ക് ഒഴികെ ബാക്കിയെല്ലാവർക്കും വർഷാ വര്‍ഷം മാറ്റം കിട്ടി വന്നു. ഞങ്ങളുടെ സ്കൂളിലെ എല്ലാം മുസ്ലിം കുട്ടികളും കൊള്ളകടവിൽ നിന്നുള്ളവരായിരുന്നു.

പത്താം ക്ലാസ്സിൽ എത്തിയപ്പോഴാണ് ചെറിയ പെരുന്നാളിന് മുസ്ലിം കൂട്ടുകാരുടെ വീട്ടിലേക്കു ഞങ്ങൾ പോകാനുറച്ചതു. മുപ്പത് ദിവസങ്ങൾ നോമ്പും പിടിച്ചു, തെന്നി മാറുന്ന തട്ടം സ്ലൈഡിൽ ഉറപ്പിച്ചു നിർത്തി, വായിൽ നിറയുന്ന തുപ്പൽ ഓടിപോയി തുപ്പി കളഞ്ഞു വൈകുന്നേരമാവുമ്പോൾ ക്ഷീണിച്ച മുഖം കഴുകി രണ്ടു മൂന്നു കിലോമീറ്ററോളം നടന്നു വീടുകളിലേക്ക് പോകുന്ന അവരെ കാണുന്നത് എനിക്ക് വലിയ അത്ഭുതം ആയിരുന്നു.

പെരുന്നാള്‍ കൂടാനുള്ള യാത്ര

പെരുന്നാള്‍ കൂടാനുള്ള യാത്ര

കട്ട കൂട്ട് പിരുകത്തിന് നടുവിൽ ഒരു ചെറിയ സ്റ്റിക്കർ പൊട്ടു ഒട്ടിക്കാൻ ശ്രമിച്ച്, തഴച്ചു വളർന്ന രോമങ്ങളിൽ അത് ഉറയ്ക്കാതെ തോറ്റ് പിന്മാറി അവസാനം ശിങ്കാര്‍ വച്ച് നിറയെ ഒടിവും, വളവുമുള്ള വട്ടം വരച്ചു തന്നു. കണ്ണാടിയിൽ കണ്ട എന്നിൽ അത് വരെ പരിചിതമായിരുന്ന എന്നെ കണ്ടുപിടിക്കാൻ പരാജയപെട്ടു 'ഇതെന്താ കത്തി വേഷമോ എന്ന് അമ്മയോട് പരിഭവിച്ചായിരുന്നു അന്ന് വീട്ടിൽ നിന്നും ഇറങ്ങിയത്‌ . കളരുവാതുക്കലെ ഉത്സവത്തിനു പ്രസാദണ്ണന്‍ വാങ്ങി തന്ന കുപ്പി വളകളും, കാലനക്കങ്ങളില്‍ നൊന്ത് നിലവിളിക്കുന്ന പാദസ്വരവും ഒപ്പം കിലുങ്ങി എനിക്ക് ഐക്യധാര്‍ഢ്യപെട്ടു. പതിവിനു വിപരീതമായി മുഖത്തെ പൗഡറിന്റെ ശേഷിപ്പും, കണ്ണെഴുത്തും, പൊട്ടു തൊടീലും കൂട്ടുകാരികളിൽ ചിരി പടർത്തിയപ്പോൾ ഏറ്റവും പിറകിലായി തല താഴ്ത്തി ഞാൻ നടന്നു.

കൂട്ടുകാരുടെ വീട്ടിലേക്ക്

കൂട്ടുകാരുടെ വീട്ടിലേക്ക്

ഒപ്പം പാടങ്ങളുടെ കാഴ്ച കോണിൽ നിന്നും അച്ചൻകോവിൽ ആറ് നീണ്ടു നിവർന്നു ഒഴുകി കാട്ടി തരും. ഇടതു വശത്തൂടെ അന്നും ഇന്നും പോകാൻ പേടിയാണ്. റോഡും കഴിഞ്ഞു ഒരു ചെറിയ നിര മാത്രം നീങ്ങിയാൽ താഴെ ഒഴുകി പോകുന്ന ആറാണ്. വീണാൽ തീർന്നു. ദൂരെ നിന്ന് നോക്കിയാൽ ആര്‍ച്ച ആകൃതിയിൽ കൊള്ളകടവ് പാലം കാണാം. ഹൃദയം കൊണ്ടോട്ടിയ രണ്ടു നാടിനെ വേര്‍പെടുത്തുന്ന പാലം.

ആ പാലം കയറിയിറങ്ങി വേണം സൗമ്യയുടേയും, ഫെമിനയുടെയും, അസീറയുടെയും, ഹസീനയുടെയും വീട്ടിലെത്താൻ. അന്ന് ആദ്യം എത്തിയത് സൗമ്യയുടെ വീട്ടിൽ ആയിരുന്നു. അടുത്തടുത്ത വീടുകൾ നിറഞ്ഞ ഒരു സ്ഥലത്തായിരുന്നു അവളുടെ വീട്. വീട് നിറഞ്ഞു ഞങ്ങളിരുന്നപ്പോൾ ഉമ്മ നാരങ്ങാ വെള്ളം തന്നു. വീട്ടിലേക്കു പെരുന്നാളിന് ആര് വന്നാലും ആദ്യം നാരങ്ങാ വെള്ളം ആയിരുന്നത്രേ കൊടുക്കുക.

ആദ്യം നാരങ്ങാ വെള്ളം

ആദ്യം നാരങ്ങാ വെള്ളം

സൗമ്യയുടെ ഉമ്മ പറഞ്ഞതിനെ അരക്കിട്ടുറപ്പിക്കുന്നതായിരുന്നു പിന്നീട് ചെന്ന എല്ലാ വീടുകളിൽ നിന്നും ആദ്യം കിട്ടിയിരുന്ന നാരങ്ങാ വെള്ളം. മുന്നിലെ പ്ലേറ്റിൽ നിരത്തിയ പഴം പുഴുങ്ങിയതും, വട്ടയപ്പവും, ഉപ്പേരിയും, ഈത്തപ്പഴവും ഒക്കെ കഴിച്ചിരുന്നപ്പോഴാണ് ഉമ്മ ഊണിനു ക്ഷണിച്ചത്. ഇലയിൽ വിളമ്പിയ ചൂട് ചോറും, ഇറച്ചി കറിയും, കപ്പയും, മോരും, തോരനും, അച്ചാറും. അങ്ങോട്ടും ഇങ്ങോട്ടും കൈയ്യിട്ടു വാരിയും, വായിൽ വച്ച് കൊടുത്തും ഉണ്ടു തീർന്നു. അത് കഴിഞ്ഞു റേഡിയോയിലെ പാട്ടും കേട്ട് വർത്തമാനം പറഞ്ഞു കൂടെയിരുന്നു.

സൗമ്യ തന്നെയാണ് ഞങ്ങളെ ഫെമിനയുടെ വീട്ടിൽ എത്തിച്ചത്. അവിടെ നിന്നും വയർ നിറയ്ക്കാൻ പാകത്തിന് തട്ടി. ഹസീനയുടെ വീടും കഴിഞ്ഞാണ് അസീറയുടെ വീട്ടിലെത്തിയത്. ഞങ്ങളിൽ ഏറ്റവും പൊക്കം ഉള്ള ആളായിരുന്നു അവൾ. നീണ്ടു മെലിഞ്ഞു കണ്ണുകളിൽ നിറയെ കണ്‍മഷി എഴുതി, തട്ടം തലയിലിടാതെ തോളിലൂടെ ചുറ്റി, ചിരിക്കുമ്പോൾ കണ്ണുകൾ കുറുകി പോകുന്ന സുന്ദരിയായ അവളുടെ പിറകെ പയ്യന്മാർ നടന്നിരുന്നു.

ആറ്റിനക്കരെ നിന്നും ബാങ്ക് വിളികൾ

ആറ്റിനക്കരെ നിന്നും ബാങ്ക് വിളികൾ

അവളുടെ ബാപ്പയ്ക്ക് ഇറച്ചി വെട്ടായിരുന്നു ജോലി. അന്ന് അവൾ ബാപ്പ മാടുകളെ അറക്കുന്ന സ്ഥലം കൈചൂണ്ടി കാട്ടിത്തരുകയും, ദൂരെ കറുത്ത കന്നുകളും ചുറ്റിന് ആളുകളും നിൽക്കുന്ന അവ്യക്ത കാഴ്ച കിട്ടുകയും ചെയ്തു, ഏതു വീട്ടിൽ നിന്നാണ് ചായ കുടിച്ചത് എന്നറിയില്ല. സന്ധ്യക്ക്‌ മുന്നേ വീട്ടിലെത്തി ഗ്രൗണ്ടിൽ കളി കഴിഞ്ഞെത്തിയ അനിയനോട് കഴിച്ച കഥയൊക്കെ വിളമ്പി സമാധാനമായി ഉറങ്ങി. ഉറക്കത്തിൽ അനിയൻ അമ്മയോട് എനിക്കും ഇറച്ചി വേണമെന്ന് പറയുന്നത് കേട്ടു.

ജാതിയും മതവുമില്ലാത്ത കാലം

ജാതിയും മതവുമില്ലാത്ത കാലം

ഹോൺ മുഴങ്ങി കേൾക്കുമ്പോൾ ഞങ്ങൾ ചട്ടിയുടെ കാത്തു നിൽക്കും ബഷീർ മാമനെ. ബഷീര്‍ മാമൻ ഉൾപ്പെടെ അമ്പലത്തിനു മുന്നിലൂടെ കടന്നു പോകുന്ന എല്ലാ ആളുകളും ഒരു നിമിഷം അവിടെ നിന്ന് പ്രാർത്ഥിക്കും, കാണിക്കയിടും. 'അമ്മേ ' എന്ന നീട്ടി വിളിയോടെ സൗമ്യയും, ഫെമിനയും, പടികടന്നു വന്നിട്ടുണ്ട്. ഞങ്ങളെപ്പോലെ അമ്മ അവരെ ഊട്ടിയിട്ടുണ്ട്. 'ഉമ്മാ' എന്ന സ്നേഹം 'അമ്മ' എന്ന വിളിയിലൂടെ അവർ തിരിച്ചു നൽകിയിട്ടുണ്ട്. ഇന്നും നാട്ടിൽ അവധിക്ക് വരുന്ന അനിയന്റെയും, ഉണ്ണിയുടെയും കൂട്ടുകാർ വീട്ടിലേക്ക് ഓടിയെത്തും.

'അമ്മ അവർക്കു സ്നേഹത്തോടെ ചോറ് വിളമ്പും. അല്ലെങ്കിലും ബന്ധങ്ങളിൽ കൊന്തയും, പൂണൂലും, നിസ്കാര തഴമ്പും തിരയാൻ ഞങ്ങൾ മിനക്കെട്ടിരുന്നില്ല , ഇപ്പോഴും പള്ളിയിലെ റാസയെ അമ്പലത്തിൽ സ്വീകരിക്കും. അമ്പലത്തിലെ പറ കൊടുക്കാൻ ക്രിസ്ത്യാനികളും, മുസ്ലിങ്ങളുമുണ്ട്. ഉത്സവത്തിനു ഇവരെല്ലാവരുമെത്തും. കടന്നു പോകുന്നവരിൽ അപരിചിതരെങ്കിലും പരിചിതത്വത്തിന്റെ ചിരികൾ വാരിയെറിഞ്ഞു പോകും.

മനുഷ്യരാണിവർ.. പച്ചയായ മനുഷ്യര്‍

മനുഷ്യരാണിവർ.. പച്ചയായ മനുഷ്യര്‍

മനുഷ്യരാണ് അവരെല്ലാം. ജാതി പറഞ്ഞു കടിച്ചു കീറുന്നവർക്കിടയിൽ ഞാൻ കണ്ടു പരിചയിച്ച ശുദ്ധ മനുഷ്യർ.

English summary
Vanaja Vasudev writes Ramzan Eid special memories.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X