കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍റെ ജീവിതത്തില്‍ ചേര്‍ന്ന ഇണയായ് ജീവിച്ചു മരിച്ച 2 പേർ.. വനജ വാസുദേവിന്റെ വാലന്റൈൻസ് ഡേ കുറിപ്പ്!

  • By Muralidharan
Google Oneindia Malayalam News

വനജ വസുദേവ്

സോഷ്യൽ മീഡിയയിലെ ശ്രദ്ധേയരായ യുവ എഴുത്തുകാരിൽ ഒരാളാണ് വനജ വസുദേവ്.

ഡെന്നിയുടെ കല്യാണത്തിന് ചെന്നപ്പോള്‍ ഒരു അച്ഛന്‍ ജീവിതത്തിന്റെ പ്രാധാന്യത്തെ കുറിച്ച് അവരോടു സംസാരിക്കുകയായിരുന്നു. അച്ഛൻ ‍ പുലി ആണ് കേട്ടോ. ഒരു ഒന്നൊന്നര പ്രസംഗം ആയിരുന്നു. പാവം, കല്യാണം എന്നത് വലിയൊരു തെറ്റാണോ അച്ചോ എന്ന് നിശബ്ദം ചോദിക്കുന്നത് പോലെ ഉണ്ടായിരുന്നു ഡെന്നിയുടെ മുഖം. ഇത്രയും പൊല്ലാപ്പ് ആണ് ഇതെന്ന് അറിഞ്ഞിരുന്നെങ്കില്‍ ഈ പണിക്ക് അമ്മച്ചിയാണെ ഇല്ലായിരുന്നു എന്ന് ആ കുട്ടിയുടെ ചിരി എന്നെ ഓര്‍മിപ്പിച്ചു. ആ അച്ഛന്‍ അന്നവിടെ പറഞ്ഞ ഒരു കാര്യം എന്നെ വല്ലാണ്ട് സ്പര്‍ശിച്ചു. ദൈവം തരുന്നത് നമുക്കുള്ള ചേര്‍ന്ന ഇണ എന്നു കരുതി സ്നേഹിക്കുക. മരണം വരെ പിരിയാതിരിക്കുക. "ചേര്‍ന്ന ഇണ" - എന്‍റെ ജീവിതത്തില്‍ ചേര്‍ന്ന ഇണയായ് ജീവിച്ചു മരിച്ച രണ്ടു കഥാപാത്രങ്ങള്‍ ഉണ്ട്.

അത്രയും സ്നേഹം വേറെ ആരിലും കണ്ടിട്ടില്ല. എന്‍റെ അമ്മയുടെ വീട് കൊല്ലം ജില്ലയിലെ ശൂരനാട് എന്ന സ്ഥലത്ത് ആണ്. എല്ലാ അവധി സമയത്തും ഞങ്ങള്‍ കുട്ടി പട്ടാളങ്ങള്‍ തറവാട്ടില്‍ ഒത്തു ചേരും. അവിടെ കറ്റ മെതിക്കാന്‍ വരുന്ന ആള്‍ ആയിരുന്നു ചെല്ലപ്പന്‍. ചെല്ലപ്പന്‍റെ ഭാര്യ ചെല്ലമ്മ. പേരിലെ ഈ ഐക്യം പോലെ ആയിരുന്നു അവരുടെ ജീവിതവും. നീലയില്‍ കറുപ്പ് കോളങ്ങള്‍ തീര്‍ത്ത ഒരു മുണ്ട്, തലയില്‍ ഒരു തോര്‍ത്ത് കെട്ടിയത്, മുണ്ടിന്‍റെ മടികുത്തില്‍ ഒരു കെട്ട് ബീഡി, ഒരു തീപെട്ടി, കൂടെ ചെല്ലമ്മ. ഞാന്‍ കാണാന്‍ തുടഞ്ഞിയത് മുതല്‍ ചെല്ലപ്പന്‍റെ കൂടെയുള്ള സാധങ്ങള്‍ ഇതായിരുന്നു. ചെല്ലപ്പനെ കൂടാതെ എന്നും ചെല്ലമ്മയുടെ കയ്യില്‍ ഒരു കവര്‍ കാണും. അതില്‍ മുറുക്കാന്‍ പൊതി ആയിരിക്കും.

valentines

ചെല്ലപ്പന്‌ കാര്യമായി പണി എടുക്കണം എന്നൊന്നുമില്ല. എന്നാല്‍ ചെല്ലമ്മ അങ്ങനെ ആയിരുന്നില്ല. നന്നായി കഠിനാദ്വാനം ചെയ്യും. ജീവിത ഭാരങ്ങള്‍ എടുത്തു വച്ച് അരിവാളു പോലെ വളഞ്ഞാണ് ചെല്ലമ്മയുടെ നടപ്പ്. ചെല്ലമ്മ കറ്റ വീശി അടിച്ചു കതിര്‍മണികള്‍ തെറിപ്പിക്കുമ്പോള്‍ ചെല്ലപ്പന്‍ ഞങ്ങളുടെ കൂടെ കളിക്കാന്‍ വരും. നന്നായി തലപ്പന്ത് വരിയാന്‍ അറിയാമായിരുന്നു ചെല്ലപ്പന്‌. തൊടിയില്‍ വീണു കിടക്കുന്ന പഴുത്ത പ്ലാവിലകള്‍ പെറുക്കി കൊടുത്താല്‍ പ്ലാവിലകൾക്കിടയിൽ ഈര്‍ക്കില്‍ ഉറപ്പിച്ചു തൊപ്പി ഉണ്ടാക്കി തരുമായിരുന്നു. അന്നത് തൊപ്പിയല്ല, കിരീടം ആണ് . വെള്ളക്ക എടുത്ത് അതില്‍ ആര്‍ക് പോലെ പച്ച ഈര്‍കില്‍ കുത്തി അത് ഒരു ചെറിയ തെറ്റി കമ്പില്‍ ഇട്ടു കറക്കി നടക്കാനായിരുന്നു എനിക്കിഷ്ടം.

ഉച്ച നേരത്ത് എന്നും ഒരു ചെറിയ കുട്ട നിറയെ അപ്പൂപ്പന്‍ താടിയും ചെല്ലപ്പന്‍ ഞങ്ങള്‍ക്കായി സങ്കടിപ്പിച്ചു തരും. അതു കഴിഞ്ഞു ഒരു ഉറക്കം ഉണ്ട്. പക്ഷേ, അന്തി മയങ്ങി കഴിഞ്ഞാല്‍ പിന്നെ ചെല്ലപ്പനെ പിടിച്ചാല്‍ കിട്ടില്ല. ഷാപ്പില്‍ നിന്ന് നാലു കാലില്‍ ഒരു വരവുണ്ട് വീടിലേക്ക്‌. ചെല്ലപ്പനെ തിരക്കി ചില രാത്രിയില്‍ ചെല്ലമ്മ കവലയില്‍ വന്നു നില്‍ക്കാറുണ്ട്. വേറെ സഹ കുടിയന്‍ മാരുടെ തോളില്‍ ഏറി രാജാവിനെ പോലെ ആയിരിക്കും ചെല്ലപ്പന്റെ വരവ്. ചെല്ലമ്മയുടെ തലവട്ടം കണ്ടാല്‍ സഹ എല്ലാം കൂടി ചെല്ലപ്പനെ റോഡ്‌ സൈഡില്‍ ഇട്ടിട്ട് ഒറ്റ പോക്കാണ്. ഇല്ലങ്കില്‍ ചെല്ലമ്മയുടെ വക ഭരണിപ്പാട്ട്‌ കേള്‍ക്കാം. കുട്ടന്‍ മാക്രി കമന്നു കിടക്കുന്നപോലെ റോഡ്‌ സൈഡില്‍ കിടക്കുന്ന ചെല്ലപ്പനെ പൊക്കി എണീപ്പിച്ചു നിര്‍ത്തുമ്പോഴേക്കും ആദ്യത്തെ അടി വീണിരിക്കും. അതൊന്നും കാര്യമാക്കാതെ ചെല്ലപ്പനെയും കൊണ്ട് ചെല്ലമ്മ വീടിലേക്ക്‌ നടക്കും.

ചെല്ലപ്പനെ താങ്ങാനുള്ള ശക്തി ഒന്നും അവര്‍ക്കില്ലെങ്കിലും, ഭര്‍ത്താവിനോടുള്ള സ്നേഹം കൊണ്ട് അവര്‍ എന്തും സഹിക്കും. ചെല്ലപ്പന്‍ ബാലന്‍സ് ചെയ്യുന്നതിന് അനുസരിച്ച ചെല്ലമ്മയുടെ ബാലന്‍സും തെറ്റും. ഇപ്പോള്‍ ആരാണ് ഷാപ്പില്‍ കയറിയതെന്നു തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥ ആണ്. റോഡിന്റെ വീതി അളന്നു രണ്ടാളും വീട്ടില്‍ എത്തിയാല്‍ പിന്നെ തുടങ്ങും രണ്ടാം ലോക മഹാ യുദ്ധം. ചെല്ലപ്പന്‍റെ മുന്നില്‍ തന്‍റെ ഭാര്യയുടെ കാമുകന്മാര്‍ വാഴകളായി കുലച്ചു നില്‍ക്കും. കൊയ്തരിവാളുമായി ഉറഞ്ഞു തുള്ളുന്ന ചെല്ലപ്പനെ വാഴകള്‍ പോലും മൈന്‍ഡ് ചെയ്യാറില്ല. കുറേ തുള്ളികഴിയുമ്പോൾ തിരിച്ചൊരു വരവാണ്. വളവ് വീശി എടുത്തു വരുന്ന ടിപ്പര്‍ പോലെ ചെല്ലപ്പന്‍ ചെല്ലമ്മയുടെ മുന്‍പില്‍ സഡന്‍ ബ്രേക്ക്‌ ഇട്ടു നില്‍ക്കും. ചെല്ലമ്മ അപ്പോഴേക്കും ഇടി കൊള്ളാന്‍ റെഡി ആയി പുറവും കുനിച്ചു നില്‍പ്പുണ്ടാവും. ജാക്കിച്ചായന്റെ പോലത്തെ നാലഞ്ച് ഇടി ചെല്ലമ്മയുടെ നട്ട പുറത്തു തന്നെ കൊടുക്കും.

സോഷ്യൽ മീഡിയയിൽ പാഡ്മാന്‍ കാംപെയ്ൻ.. വനജ വാസുദേവിന്റെ വ്യത്യസ്തമായ ഒരു സാനിറ്ററി പാഡ് ഓർമ!!സോഷ്യൽ മീഡിയയിൽ പാഡ്മാന്‍ കാംപെയ്ൻ.. വനജ വാസുദേവിന്റെ വ്യത്യസ്തമായ ഒരു സാനിറ്ററി പാഡ് ഓർമ!!

ഇടവ പാതി മഴക്കിടെ കുടുങ്ങുന്ന ഇടി പോലെ ഒരു ശബ്ദം ഉണ്ടാക്കി ഭര്‍ത്താവിന്‍റെ സ്നേഹം മുഴച്ചു വന്നിരിക്കും. അടി കൊടുത്ത നിര്‍വൃതിയില്‍ ചെല്ലപ്പന്‍ കുളിക്കാന്‍ പുറത്തേക്കും അടി കിട്ടിയ നിര്‍വൃതിയില്‍ ചെല്ലമ്മ ചോറു വിളമ്പാന്‍ അകത്തേക്കും പോകും. ലഹരിയുടെ ഹരത്തിനും മുകളില്‍ വിശപ്പിന്‍റെ വിളി വരുമ്പോള്‍ ചെല്ലപ്പന്‍ ഒന്നടങ്ങും. അപ്പോള്‍ ഉണ്ടാകുന്ന നിശബ്ദത ചെല്ലപ്പന് വിശപ്പിന്‍റെ ആണെന്ന് ആ സാധു ഭാര്യക്ക് അറിയാം. ''വാ മനുഷ്യാ.''.. എന്ന് വിളിക്കുന്ന താമസം അനുസരണ ഉള്ള കുഞ്ഞാടിനെ പോലെ ചെല്ലപ്പന്‍ ഭാര്യക്ക് പിറകെ പോകും. വിശപ്പ് അടങ്ങി കഴിഞ്ഞാല്‍ ചെല്ലമ്മയുടെ ഉച്ചത്തിലുള്ള നിലവിളി കേള്‍ക്കാം. വാതിലും തള്ളി തുറന്നു ആദ്യം മുറ്റത്തേക്ക് വീഴുന്നത് ചെല്ലമ്മ ആണ് . ചെല്ലമ്മയ്ക്ക് ഐക്യ ദാര്‍ഷട്യം പ്രഖ്യാപിച്ചു കൊണ്ട് ആ വീടിലെ സകല പാത്രങ്ങളും പുറകെ വരും ....."

ഈ മുതു കാലനെ കൊണ്ടു തോറ്റു " -ചെല്ലമ്മ ..."നിന്നെ കേട്ടിയതാടി എനിക്ക് പറ്റിയ തെറ്റ് "- ചെല്ലപ്പന്‍. " നിങ്ങള്‍ ഈ കുടി നിര്‍ത്തുന്നുണ്ടോ ഇല്ലെങ്കില്‍ ഞാന്‍ എവിടെങ്കിലും പോകും " ചോദ്യം ചെല്ലമ്മ വക . " ഞാന്‍ നിര്‍ത്തില്ല. നീ ആരുടെ കൂടെയാടി പോകുന്നത് "- ഉത്തരവും, ഒരു മറു ചോദ്യവും ചെല്ലപ്പന്‍ വക. അതോടെ ചെല്ലമ്മയുടെ സമനില തെറ്റും. തല്ലാന്‍ വരുന്ന ചെല്ലപ്പനെ തൊഴിച്ചു ചെല്ലമ്മ ചായിപ്പിലേക്ക് പായിക്കും. ഒരു പ്രിയ ദര്‍ശന്‍ സിനിമയുടെ ആന്റി ക്ലൈമാക്സ്‌ പോലെ അന്തിരീക്ഷത്തില്‍ 4 വൃത്തം വരച്ചു ചെല്ലപ്പനെന്ന ഭര്‍ത്താവ് ചായിപ്പില്‍ കട്ടിലില്‍ വീഴും. മനോഹരമായ ഈ ഇന്നിങ്ങ്സ് ഇതോടെ അവസാനിക്കും . എന്നും ഈ നാല് ഡയലോഗ് മാത്രമേ ഞങ്ങള്‍ കേള്‍ക്കാറുള്ളൂ.

ഇരുളു മാറി വെട്ടം വന്നാല്‍ രണ്ടുപേരുടെയും വഴക്ക് തീരും. പറഞ്ഞു തീരാത്ത, കണ്ടു തീരാത്ത എന്തൊക്കയോ പ്രത്യേകതകള്‍ അവര്‍ക്കിടയില്‍ ഉണ്ടായിരുന്നു. രാവിലെ സന്തോഷത്തോടെ വരുന്ന അവരാണ് എന്‍റെ മനസിലെ ചേര്‍ന്ന ഇണകള്‍. പെട്ടെന്നൊരു ദിവസം ചെല്ലമ്മയെ ഇട്ടേച്ചു കെട്ടിയോന്‍ അങ്ങ് പോയി. ചെല്ലപ്പന്ടെ ഇടി കിട്ടാതെ എങ്ങനെ ചെല്ലമ്മ പിന്നീടുള്ള ദിവസങ്ങള്‍ ഉറങ്ങിയിട്ടുണ്ടാകും. തമാശയായി ഒരിക്കല്‍ ഞാന്‍ ചോദിച്ചു. ചിരിച്ചു കൊണ്ട് പുള്ളി പറഞ്ഞു - "നല്ല ഊക്കന്‍ ഇടി അല്ലായിരുന്നോ തന്നു കൊണ്ടിരുന്നത്. അത് കൊണ്ട് വീട്ടിലെ അമ്മികല്ല് എടുത്ത് മുകളിലേക്ക് എറിഞിട്ട് ഞാന്‍ കുനിഞ്ഞു നില്‍ക്കും. അമ്മികല്‍ പുറത്തു വീഴുമ്പോള്‍ എല്ലാം ശരി ആകും " അത് പറയുമ്പോള്‍ ആ നനഞ്ഞ കണ്ണിലെ തിളക്കം ഒന്ന് കാണേണ്ടതായിരുന്നു.

കൃത്യം ഒരു വര്‍ഷം കഴിഞ്ഞപോള്‍ ചെല്ലമ്മ ചെല്ലപ്പന്റെ അടുത്തേക്ക് യാത്ര ആയി. വീണ്ടും എവിടെയോ രണ്ട് മനുഷ്യ ജന്മങ്ങളായി തന്നെ ജനിച്ചിട്ടുണ്ടാകും. കൊടുക്കാന്‍ ബാക്കി വച്ച സ്നേഹം കൊടുക്കാന്‍. ശരിക്കും യഥാര്‍ത്ഥ സ്നേഹം അതല്ലേ. എന്ത് ചെയ്താലും നീ എന്‍റെ ആണ് എന്ന് മനസ്സില്‍ പതിയുന്നതാണ് യഥാര്‍ഥ സ്നേഹം. ''എന്തൊക്കെ വന്നാലും നീ എന്‍റെ ആണെന്ന് '' പറയുന്നതാണ് ഒരു പെണ്ണിനുള്ള കരുതല്‍. ''ഞാന്‍ കൂടെ ഇല്ലേ'' എന്നതാണ് ഒരു ആണിനുള്ള ഉറപ്പ്. ഇത് എന്‍റെ മാത്രം ഒരു അഭിപ്രായം ആണ് കേട്ടോ. എന്തായാലും ഓര്‍മകളിലൂടെ ഒരിക്കല്‍ കൂടി ഞാന്‍ അവരെ ഓര്‍ക്കുന്നു. സ്നേഹിക്കുന്നു.

English summary
Vanaja Vasudev writes Valantines day note
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X