കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അപ്പോഴും പറഞ്ഞില്ലേ പോകണ്ടാ... പോകണ്ടാന്നേേേേ

  • By Neethu B
Google Oneindia Malayalam News

ബിനു ഫല്‍ഗുനന്‍

സാമൂഹ്യ, രാഷ്ട്രീയ സംഭവവികാസങ്ങളെ വിമര്‍ശന ബുദ്ധിയോടെ നിരീക്ഷിയ്ക്കുന്ന മാധ്യമ പ്രവര്‍ത്തകനാണ് ബിനു.സമകാലീന വിഷയങ്ങള്‍ ആക്ഷേപഹാസ്യത്തില്‍ ചാലിച്ച് വിവരിയ്ക്കുകയാണ് വെടിവഴിപാട് എന്ന ഈ കോളത്തില്‍.

നാട്ടിന്‍ പുറത്തൊക്കെ ആളുകള്‍ പാടി നടക്കുന്ന വരികളാണിത്. എന്തെങ്കിലും കുടുക്കില്‍ ആരെങ്കിലും പെട്ടുപോയിക്കഴിഞ്ഞാല്‍ പിന്നെ ഈ പാട്ടും പാടി പിന്നാലെ കൂടും. എന്നാല്‍ കുടുങ്ങുന്നതിന് മുമ്പ് ആരെങ്കിലും എന്തെങ്കിലും നല്ലത് പറയുമോ? അതൊട്ടില്ലതാനും.

അരുവിക്കര തിരഞ്ഞെടുപ്പ്, ബാര്‍ കോഴ വിവാദം എന്നിവയെ കുറിച്ച് പറയുമ്പോള്‍ ഈ പാട്ടിനെ കുറിച്ച് ഓര്‍ക്കാതിരിയ്ക്കാനേ പറ്റില്ല. ഒ രാജഗോപാലെന്ന തലമുതിര്‍ന്ന നേതാവിനേയും കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരേയും നമുക്ക് അങ്ങനെ മറക്കാന്‍ പറ്റുമോ?

അരുവിക്കരയില്‍ രാജഗോപാലിനെ മത്സരിപ്പിക്കാന്‍ ബിജെപിയുടെ കോര്‍ക്കമ്മിറ്റി തീരുമാനിച്ചു എന്ന് വാര്‍ത്ത പുറത്ത് വന്നതുമുതല്‍ സോഷ്യല്‍ മീഡിയ എന്ന എഡിറ്ററില്ലാ മീഡിയത്തില്‍ തമാശകളുടെ ചാകരയാണ്. ശബരിനാഥും വിജയകുമാറും ഒക്കെ നിഷ്പ്രഭരാക്കപ്പെടുന്ന കിടിലോല്‍ക്കിടിലം തമാശകള്‍.

aruvikkara-election-fb8

ഇലക്ഷന്‍ അങ്കിളെന്നാണ് ചിലരുടെ വിശേഷണം. തിരഞ്ഞെടുപ്പടുക്കുമ്പോള്‍ സ്ഥാനാര്‍ത്ഥിയായി അങ്ങിറങ്ങും. പക്ഷേ ഇതുവരെ ജയിക്കാന്‍ പറ്റിയിട്ടില്ല. തിരഞ്ഞെടുപ്പ് ഏതുമാകട്ടെ, ബിജെപി സ്ഥാനാര്‍ത്ഥി ഒ രാജഗോപാല്‍ തന്നെയെന്ന് വേറെ ചിലര്‍. ഞങ്ങള്‍ക്ക് മത്സരിക്കാന്‍ മാത്രമല്ലേ അറിയൂ, ജയിക്കാനറിയില്ലല്ലോ എന്നാണ് വേറെ ചിലരുടെ കണ്ടെത്തല്‍.

തിരുവനന്തപുരത്ത് 'ജസ്റ്റ്' തോറ്റതുകൊണ്ട് മാത്രം കേന്ദ്ര മന്ത്രിയാവാനോ ഗവര്‍ണറാവാനോ പറ്റില്ലെന്ന് പാര്‍ട്ടി പറഞ്ഞാല്‍ പിന്നെ, ഒരു വര്‍ഷമെങ്കിലും എംഎല്‍എ ആയിരിക്കാമെന്ന പ്രതീക്ഷ അസ്ഥാനത്താണെന്നൊന്നും പറയാന്‍ പറ്റില്ല കെട്ടോ. അരുവിയുടെ കരയില്‍ ഇരിക്കുമ്പോലല്ല, നടുക്കിറങ്ങിക്കഴിഞ്ഞാല്‍. വേനല്‍മഴയും ഇടവപ്പാതിയും ഏതാണ്ട് ഒരുപോലെ പെയ്യുമ്പോള്‍ കരയിലിരിക്കുന്നവര്‍ പോലും ഒഴുകി പോയേക്കാമെന്നും ചില ആസ്ഥാന പത്രപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

aruvikkara-election-fb1

നല്ല ജോലിയൊക്കെയുണ്ട്, സ്വസ്ഥമായ ജീവിതം. അതിനിടയിലാണ് ദുരന്തമായി പിതാവിന്‍റെ വിയോഗം. ആ ദുരന്തത്തിന്‍റെ ആഘാതത്തത്തില്‍ നിന്ന് ഉയരും മുന്പ് ശബരിനാഥന് വേറൊരു ദുരന്തത്തെ കൂടി നേരിടേണ്ടിവരുമോ? വന്നാല്‍ അത് ശബരി തന്നെ സഹിയ്ക്കേണ്ടി വരും. പാര്‍ട്ടി കോണ്‍ഗ്രസ്സ് ആണ്. തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ പിന്നെ തിരിഞ്ഞു നോക്കാന്‍ ആളുണ്ടാവില്ല. അപ്പോള്‍ പിന്നെ പഴയ ജോലിയൊക്കെ വീണ്ടും തേടിപ്പോകേണ്ടി വരും.

aruvikkara-election-fb7

എന്തായാലും അരുവിക്കരയിലെ നാല് സ്ഥാനാര്‍ത്ഥിമാരുടെ ചെവിയിലും ഇപ്പോള്‍ ആ പാട്ട് ചെറുതായി കേള്‍ക്കുന്നുണ്ടത്രെ...'അപ്പോഴും പറഞ്ഞില്ലേ, പോവണ്ടാ പോവണ്ടാന്നേ...'

രാഷ്ട്രീയക്കാരുടെ സ്ഥിതി എന്നും ഇങ്ങനെയൊക്കെ ആണെന്ന് വിചാരിച്ച് സമാധാനിയ്ക്കാം. പക്ഷേ നമ്മുട പത്രക്കാരോ... സൂര്യന് കീഴിലും മുകളിലും ഉള്ള എല്ലാ കാര്യങ്ങളെ കുറിച്ചും പറയാനറിയുന്നവര്‍ എന്നാണ് വിചാരം. എന്നാല്‍ വല്ലതും അറിയാമോ എന്ന് ചോദിച്ചാല്‍ ഉഗാണ്ടയിലെ രാഷ്ട്രീയ അനിശ്ചിതത്വക്കുറിച്ച് ചര്‍ച്ച ചെയ്താല്‍ എങ്ങനെയിരിയ്ക്കും എന്നായിരിക്കും മറുചോദ്യം.

ബാര്‍ കോഴയില്‍ കെഎം മാണി ഇതാ അറസ്റ്റിലായി, ഇപ്പോ ജയിലില്‍ പോകും, വിജിലന്‍സിന്റെ കുറ്റപത്രം മാണിസാറിനെതിരാണ്- എന്തൊക്കെ ആയിരുന്നു പുകില്.

അന്തിച്ചര്‍ച്ചയില്‍ മാണി സാറിനെ ഏത് ജയിലിലിടും എന്ന് പോലും പലരും ചോദിക്കാനിരുന്നതാണ്. പക്ഷേ ഒടുവില്‍ വേണ്ടെന്ന് വച്ചതാണത്രെ. വിജിലന്‍സുകാര്‍ അന്വേഷണമൊക്കെ പൂട്ടിക്കെട്ടി എല്ലാം നിയമത്തിന്റെ വഴിക്കാക്കിയിരിക്കുകയായിരുന്നു.

km-mani

ഇനിയിപ്പോ നിയമോപദേശം മാത്രം കിട്ടിയാല്‍ മതി എന്ന് പറഞ്ഞ് അട്ടഹസിച്ച മാധ്യമ പ്രവര്‍ത്തകരൊക്കെ ഇപ്പോ ആ കാര്യമേ വിട്ടു. നിയമോപദേശകരുടെ കണ്ണില്‍ മാണിയ്‌ക്കെതിരെ കാര്യമായ തെളിവുകളൊന്നും ഇല്ലത്രെ. അപ്പോള്‍ പിന്നെ ഇത്രനാളും വിളിച്ച് പറഞ്ഞ് നടന്നിരുന്ന വിദഗ്ധര്‍ എന്താ ഇപ്പോഴൊന്നും മിണ്ടാത്തത് എന്ന് ചോദിക്കരുത്. അവരൊക്കെ ഇപ്പോള്‍ അരുവിക്കരയുടെ തീരത്തുകൂടെ നിലാവ് കണ്ട് നടക്കുകയാണത്രെ.

ആ പാട്ട് ഇപ്പോഴും കാറ്റിലൂടെ ഒഴുകി നടക്കുന്നുണ്ട്- അപ്പോഴും പറഞ്ഞില്ലേ, പോകണ്ടാ, പോകണ്ടാന്നേ...-പക്ഷേ വാര്‍ത്ത മണക്കാനുള്ള മൂക്ക് മാത്രമേ ഉള്ളൂ, കാര്യങ്ങള്‍ കേള്‍ക്കാനുള്ള ചെവിയൊക്കെ ഇക്കൂട്ടര്‍ക്ക് എന്നേ നഷ്ടപ്പെട്ടുപ്പോയി.

English summary
Aruvikkara By Election and Bar Bribe Case- both give some warning to politicians and Journalists. Binu Phalgunan writes.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X