കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാല്‍ത്താസറിന്‍റെ കഥ റോബര്‍ട്ട് ബ്രാസ്സോണിന്റെ മാസ്റ്റര്‍പീസ്

  • By Desk
Google Oneindia Malayalam News

ടോണി തോമസ്‌

ഈ സിനിമയെ വിശേഷിപ്പിക്കാന്‍ ഏറ്റവും ഉചിതമായ വാചകം പ്രസിദ്ധ ചലച്ചിത്ര നിരൂപകനായ റോജര്‍ എബെര്‍ട്ട് പറഞ്ഞതാണ്: "സിനിമ, ലോകത്തിനു നല്‍കിയ വിശുദ്ധരില്‍ ഒരാളാണ് റോബര്‍ട്ട് ബ്രാസ്സോണ്‍, Au Hasard Balthazar അദ്ദേഹത്തിന്റെ ഏറ്റവും ഹൃദയ ഭേദകമായ പ്രാര്‍ഥനയും."

Au Hasard Balthazar (1966)
അമ്പതു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇറങ്ങിയ ഒരു സിനിമ ഇന്നും നിങ്ങളെ ചിന്തിപ്പിക്കുകയും മനുഷ്യന്റെ സഹനങ്ങളുടെ പ്രതീകമായി നിലനില്‍ക്കുകയും ചെയ്യുന്നുവെങ്കില്‍ അതിനെ മഹത്തരം എന്ന് വിശേഷിപ്പിക്കാതെ വയ്യ. റോബര്‍ട്ട് ബ്രാസ്സോണിന്റെ മാസ്റ്റര്‍പീസായി കണക്കാക്കുന്ന സിനിമയാണിത്.

1poster

Au Hasard Balthazar, ബാല്‍ത്താസര്‍ എന്ന് പേരുള്ള ഒരു കഴുതയുടെ കഥയാണ്. സിനിമയുടെ പേരിന്റെ ഏകദേശ പരിഭാഷ 'ബാല്‍ത്താസറിന്റെ ആകസ്മിക വിധി' എന്നാണ്. യേശുവിന്റെ ജനന ശേഷം കുഞ്ഞിനെ കാണുവാന്‍ വന്ന മൂന്ന് ജ്ഞാനികളില്‍ ഒരാളുടെ പേരാണ് ബാല്‍ത്താസര്‍.

ജനനം മുതല്‍ മരണം വരെയുള്ള അതിന്റെ ജീവിതമാണ് സിനിമ പിന്തുടരുന്നത്. തന്റെ നിയന്ത്രണത്തിലില്ലാത്ത ജീവിതം തനിക്കു വച്ച് നീട്ടുന്ന എന്തിനെയും, എതിര്‍പ്പുകളോ പരാതികളോ ഇല്ലാതെ സ്വീകരിച്ച് ജീവിച്ചു മരിക്കുന്ന ഒരു പാവം കഴുത. ചിത്രത്തിന്‍റെ പേരില്‍ തുടങ്ങി പ്രതീകങ്ങള്‍ കൊണ്ട് സമ്പന്നമാണ് ഈ സിനിമ.

കുറ്റകൃത്യങ്ങളും ജയിലും പശ്ചാത്തലമായി വരുന്ന പല സിനിമകള്‍ക്ക്‌ ശേഷം ഒരു മാറ്റത്തിന് വേണ്ടിയാണ് ബ്രെസ്സോണ്‍ ഈ സിനിമ എടുക്കുന്നത്. ദസ്തയേവ്സ്കിയുടെ 'The Idiot' എന്ന നോവലില്‍ നിന്നും പ്രചോദിതമാണ് ഇതിന്റെ കഥ.

2bresson

ശുദ്ധ സിനിമയുടെ വക്താവായിരുന്നു ബ്രാസ്സോണ്‍. ഈ സിനിമയിലും തന്റെ മിനിമലിസ്റ്റ് ശൈലി തന്നെയാണ് പിന്തുടരുന്നത്. സിനിമയുടെ ഓരോ ഫ്രെയിമും നോക്കുക, ഏതു വസ്തുവിലെയ്ക്കോ കഥാപാത്രത്തിലെയ്ക്കോ ആണോ നിങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അത് കൃത്യമായി ഫ്രെയിം ചെയ്യപ്പെട്ടിട്ടുണ്ട്. നിങ്ങളുടെ ശ്രദ്ധയെ വ്യതിചലിപ്പിക്കുന്ന മറ്റൊന്നും തന്നെ ഇല്ല. കടുത്ത നിറങ്ങളോ, പിന്നില്‍ ചലിക്കുന്ന വസ്തുക്കളോ ഒന്നും. പശ്ചാത്തല സംഗീതം പോലും വളരെ അപൂര്‍വ്വമായി മാത്രമേ ഉപയോഗിക്കുന്നുള്ളൂ.

അഭിനേതാക്കളുടെ കാര്യത്തിലും ബ്രെസ്സോണ്‍ പുലര്‍ത്തുന്ന ചില ചിട്ടകളുണ്ട്. മിക്കവാറും അഭിനയത്തിന്റെ ബാല പാഠങ്ങള്‍ പോലും അറിയാത്ത സാധാരണ മനുഷ്യരെ ആയിരുന്നു തന്റെ സിനിമകളിലേയ്ക്ക് അഭിനയിക്കാന്‍ തെരഞ്ഞെടുക്കുക. ഒരുപാട് തവണ റീടേക്ക് എടുത്ത് അഭിനയത്തിന്റെ അവസാന കണിക വരെ ചോര്‍ന്നു പോയ അവരുടെ സ്വാഭാവിക പ്രതികരണങ്ങള്‍ മാത്രമായിരുന്നു അയാള്‍ക്കാവശ്യം. അഭിനേതാക്കളെ മോഡലുകള്‍ എന്നാണു ബ്രെസ്സോണ്‍ വിളിച്ചിരുന്നത്. അതുകൊണ്ട് തന്നെ അഭിയം ഒട്ടും വശമില്ലാത്ത ഒരു കഴുത ബ്രെസ്സോണിന്റെ ഏറ്റവും മികച്ച മോഡലാകുന്നു.

3ahb

വീണ്ടും സിനിമയിലെ കഥാപാത്രങ്ങളെ നോക്കുക. സാധാരണ മനുഷ്യരെപോലെ നിസ്സംഗരാണവര്‍. അവര്‍ ചിരിക്കുകയും കരയുകയും ചെയ്യുമ്പോളും ജീവിതം പകര്‍ന്നു കൊടുത്ത നിസ്സംഗത നിങ്ങള്‍ക്ക് അവരുടെ മുഖങ്ങളിലും ചലനങ്ങളിലും കാണാം. അതുകൊണ്ട് തന്നെ അവരുടെ പ്രതികരണങ്ങള്‍ക്ക് വല്ലാത്തൊരു വശ്യതയുണ്ട്. അവര്‍ കുറേക്കൂടി നമ്മുടെ ജീവിതങ്ങളോട്, നമുക്ക് പരിചയമുള്ള മനുഷ്യരോട് അടുത്തു നില്‍ക്കുന്നു. അങ്ങിനെയാണ് ഒരു സിനിമയ്ക്ക്‌, അതിലെ കഥാപാത്രങ്ങള്‍ക്ക് ആഗോള മാനം കൈവരുന്നത്.

സിനിമയിലെ ഓരോ ഉപകഥകളും ഏഴു മാരക പാപങ്ങളുടെ പ്രതീകങ്ങളാണ്. ഇവിടെ പാപിയായല്ല മറിച്ച് പാപങ്ങള്‍ക്ക്‌ സാക്ഷിയായാണ് ബാല്‍ത്താസര്‍ നിലകൊള്ളുന്നത്. പക്ഷെ പലപ്പോളും മനുഷ്യര്‍ ചെയ്യുന്ന തെറ്റുകളുടെ, ദേഷ്യത്തിന്റെ, നിരാശയുടെ ഒക്കെയും വിഴുപ്പുകള്‍ ഏറ്റു വാങ്ങേണ്ടി വരുന്നത് ഈ കഴുതയാണ്‌.

കുട്ടികളുടെ കളിക്കൂട്ടുകാരനായി ജീവിതം തുടങ്ങുന്ന ബാല്‍ത്താസര്‍ പിന്നെ വ്യത്യസ്ത സ്വഭാവങ്ങളുള്ള പല ഉടമകളുടെ കൂടെ പല കാലങ്ങളില്‍ ജോലി ചെയ്യുന്നു. ചിലപ്പോളൊക്കെ പഴയ ഉടമകളുടെ കൈകളില്‍ അത് തിരിച്ചെത്തുന്നുമുണ്ട്. അവരുടെ ജീവിതങ്ങളുടെ നിശബ്ദ സാക്ഷിയായി തനിക്കു കിട്ടുന്ന പീഡനങ്ങള്‍ ഒക്കെയും ഏറ്റു വാങ്ങി അത് ജീവിതം തുടരുന്നു. ഒടുവില്‍ വൃദ്ധനും മരണാസന്നനുമായി ഒരു പറ്റം ആടുകള്‍ക്കിടയില്‍ കിടക്കുമ്പോളും, ജീവന്‍ വെടിയുമ്പോളും അതിന്റെ ചുമലില്‍ എങ്ങും ഇറക്കി വയ്ക്കാനാവാത്ത ആ ഭാരമുണ്ട്. പക്ഷെ ആ കഴുതയുടെ മുഖത്ത് ജീവിതം അതിനു നല്‍കിയ അനുഭവങ്ങളുടെ ജ്ഞാന വെളിച്ചമുണ്ട്. ഒരുപക്ഷെ ബാല്‍ത്താസര്‍ എന്ന ജ്ഞാനിയായി ആ കഴുത പരിണമിച്ചിരിക്കണം.

4ahb

എന്തിനെന്നോ എങ്ങോട്ടെന്നോ അറിയാതെ, ജീവിതത്തിനു മേല്‍ യാതൊരു നിയന്ത്രണങ്ങളും ഇല്ലാതെ, ആര്‍ക്കൊക്കെയോ വേണ്ടി ജീവിച്ചു മരിക്കുന്ന ഓരോ മനുഷ്യന്റെയും പ്രതീകമാകുന്നു ബാല്‍താസര്‍. കാലങ്ങള്‍ ഒരുപാട് കടന്നു പോയിട്ടും സാധാരണ മനുഷ്യന്റെ ജീവിതത്തിനു പ്രത്യേകിച്ച് മാറ്റങ്ങള്‍ ഒന്നും സംഭവിച്ചിട്ടില്ല. തന്മൂലം ഈ സിനിമയും അത് മുന്‍പോട്ടു വെയ്ക്കുന്ന പ്രതീകങ്ങളും കാലാതിവര്‍ത്തിയായി നിലനില്‍ക്കുന്നത്.

ഓരോ കാഴ്ചയിലും ആത്മീയവും ബൌദ്ധികവും ദാര്‍ശനികവുമായ പലതരം വായനകള്‍ക്ക് വാതായനങ്ങള്‍ തുറന്നിട്ടിട്ടുണ്ട് ഈ സിനിമ. അതുകൊണ്ട് തന്നെ പല കാലങ്ങളിലുള്ള നിരൂപകരുടെ ഇഷ്ട സിനിമകള്‍ ഒന്നാണിത്. 2012ല്‍ ലോകപ്രസിദ്ധ ഫിലിം മാസികയായ Sight & Sound നിരൂപകര്‍ക്കിടയില്‍ നടത്തിയ ലോകത്തിലെ മികച്ച സിനിമകളുടെ തിരഞ്ഞെടുപ്പില്‍ പതിനാറാം സ്ഥാനത്താണ് Au Hasard Balthazar.

മനുഷ്യന്‍ ഓരോ സ്വപ്നങ്ങളും പദ്ധതികളും നെയ്തു കൂട്ടുന്നു. ജീവിതം അതിനു തോന്നിയത് പോലെ മറ്റെതോക്കെയോ വഴിക്ക് അവനെ കൊണ്ടുപോകുന്നു. മനുഷ്യര്‍ അപ്പോളും ഓരോ ഉത്തരങ്ങളും അതിജീവിക്കാന്‍ കാരണങ്ങളും കണ്ടെത്തുന്നു. അവന്റെ ഈ ഏകാന്ത പോരാട്ടത്തില്‍ ഒരല്പം കരുണയും, എവിടൊക്കെയോ ആരൊക്കെയോ കാത്തുവച്ച സ്നേഹങ്ങളും അവനു ആശ്വാസമാകുന്നു. ജീവിതത്തിന്റെ ഈ വലിയ സത്യത്തെ ശാന്തമായി എന്നാല്‍ ഉറക്കെ വിളിച്ചു പറയുന്നുണ്ട് ബാല്‍ത്താസര്‍.

എല്ലാവര്‍ക്കും ഒറ്റ കാഴ്ചയില്‍ ഇഷ്ടപ്പെടുന്ന ഒന്നല്ല ഈ സിനിമ. നല്ല സിനിമയിലേയ്ക്ക് എത്താന്‍ നിങ്ങള്‍ സ്വയം ഒരു പരിണാമത്തിനു വിധേയമാകേണ്ടതുണ്ട്. പലതരം സിനിമകളുടെ കാഴ്ചയിലൂടെ നിങ്ങള്‍ തന്നെ പഠിച്ചെടുക്കേണ്ടുന്ന ഒരു ആഗോള ഭാഷ പേറുന്നുണ്ട് നല്ല സിനിമകള്‍. ഒരുപാട് അതിഭാവുകത്വം നിറഞ്ഞ നമ്മുടെ മുഖ്യധാരാ സിനിമകളുടെ കാഴ്ചാ ശീലങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ അജഗജാന്തരമുണ്ട് ആ ഭാഷയ്ക്ക്. അതുകൊണ്ട് തന്നെ ഒരു സാധാരണ സിനിമ പ്രക്ഷകന് ഇത് ഉള്‍ക്കൊള്ളാന്‍ പ്രയാസവുമാകും. അപ്പോളാണ് 'ഭയങ്കര ലാഗ്' എന്ന പതിവ് ഒഴികഴിവിലേയ്ക്ക് അവന്‍ എത്തിപ്പെടുന്നത്. ഇംഗ്ലീഷ് അറിയാത്ത ഒരുവന്‍ മൂല ഭാഷയില്‍ ഷേക്ക്‌സ്പിയറെ വായിക്കുന്ന പോലാണത്.

പക്ഷെ നിങ്ങള്‍ ആ ഭാഷ മനസ്സിലാക്കി കഴിയുമ്പോള്‍ സിനിമ എന്ന കല അതീവ സുന്ദരമായി മാറുന്നത് കാണാം. സംഗീതത്തിലെ രാഗങ്ങള്‍ മനസ്സിലാക്കിയ ഒരുവന്റെ ആസ്വാദനവും ചലച്ചിത്ര ഗാനങ്ങള്‍ മാത്രം ഇഷ്ടപ്പെടുന്ന ഒരുവന്റെയും ആസ്വാദനങ്ങള്‍ തമ്മിലുള്ള അന്തരം പോലൊന്ന്.

criterionlogocovers

പഴയ ക്ലാസ്സിക്കുകള്‍ കാണാന്‍ ആഗ്രഹിക്കുന്നവരുടെ അറിവിലേയ്ക്ക്. Criterion Collection (www.criterion.com) എന്ന പേരില്‍ ഒരു അമേരിക്കന്‍ വീഡിയോ വിതരണ കമ്പനിയുണ്ട്. അവര്‍ ലോക സിനിമയിലെ ക്ലാസ്സിക്കുകളെ ഡിജിറ്റല്‍ റീമാസ്റ്റര്‍ ചെയ്തു വിതരണം ചെയ്യുന്നുണ്ട്. പറ്റുമെങ്കില്‍ അതിന്റെ ഒറിജിനല്‍ DVDകളോ കോപ്പികളോ വാങ്ങാന്‍ ശ്രമിക്കുക. അവരതിനെ ഓരോ ഫ്രെയിം ആയി എടുത്ത് പൊട്ടും പൊടിയും നീക്കി കൃത്യമായി audio - color correction എന്നിവ നടത്തി, subtitle കളോടെ മികച്ച രീതിയില്‍ അവതരിപ്പിക്കുന്നുണ്ട്. അവര്‍ തന്നെ പറയുന്നത് ചിത്രത്തിന്‍റെ സംവിധായകര്‍ തങ്ങളുടെ സിനിമകള്‍ പ്രേക്ഷകര്‍ എങ്ങിനെ കാണണം എന്നാഗ്രഹിച്ചുവോ അതേ മികവോടെയാണ് ഞങ്ങള്‍ നിങ്ങള്‍ക്കു തരുന്നത് എന്നാണ്.

ഒപ്പം അവര്‍ ചെയ്യുന്ന മറ്റൊരു കാര്യം ചിത്രത്തിന്‍റെ director commentary, കിട്ടാവുന്ന അണിയറ പ്രവര്‍ത്തകരുടെ അഭിമുഖസംഭാഷണങ്ങള്‍, പോസ്റ്ററുകള്‍, അവലോകനങ്ങള്‍, ട്രെയിലറുകള്‍ എന്നിവയൊക്കെ ഓരോ DVDയിലും ഉള്‍പ്പെടുത്തുക എന്നതാണ്.

5ahb

വ്യക്തിപരമായി പറയുകയാണെങ്കില്‍ എല്ലാ വര്‍ഷവും ഒരു ധ്യാനം പോലെ കാണുന്ന ചില സിനിമകളുണ്ട് അതിലൊന്നാണ് 'Au hasard Balthazar'. ജീവിതം വളരെ സങ്കീര്‍ണ്ണമായ എന്തോ ആണെന്ന് തോന്നുമ്പോള്‍, എന്തിലൊക്കെയോ നിരാശയും സങ്കടവും തോന്നുമ്പോള്‍ തിരികെ കൊണ്ടുവന്ന് ജീവിതം എത്ര നിസ്സാരവും ആനന്ദദായകവുമെന്ന് സര്‍വം സാക്ഷിയായ ആ കഴുത എന്നെ വീണ്ടും ഓര്‍മ്മിപ്പിക്കുന്നു.

നന്ദി ബ്രെസ്സോണ്‍. മഹത്തായ ഈ സിനിമയ്ക്ക്‌.

Written and directed by: Robert Bresson
Language: French

ട്രെയിലര്‍ കാണാം:

<iframe width="600" height="450" src="https://www.youtube.com/embed/vbXB3xN35p8" frameborder="0" allowfullscreen></iframe>

English summary
Vellithira talking about the movie Au Hasard Balthazar (1966)
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X