കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രിസ്റ്റോഫ് കീസ്ലോവ്സ്കിയുടെ ക്യാമറാ ബഫ്‌

  • By Desk
Google Oneindia Malayalam News

ടോണി തോമസ്‌

Krzysztof Kieslowski എന്ന പോളിഷ് സംവിധായകനെ അന്തര്‍ദേശീയ ശ്രദ്ധയിലേയ്ക്ക് കൊണ്ടു വന്ന സിനിമയാണ് ക്യാമറ ബഫ്‌. അദ്ദേഹത്തിന്‍റെ ആത്മകഥാംശമുള്ള സൃഷ്ടി കൂടിയാണ് ഇത്.

Camera Buff (1979)

അതുവരെ ഡോക്യുമെന്ററികളിലും ഷോര്‍ട്ട് ഫിലിമുകളിലും കൂടുതല്‍ ശ്രദ്ധയര്‍പ്പിച്ചിരുന്ന കീസ്ലോവ്സ്കിയുടെ ഫീച്ചര്‍ സിനിമകളിലെയ്ക്കുള്ള ചുവടു മാറ്റം സംഭവിച്ചത് ഈ സിനിമയോട് കൂടിയാണ്. പോളണ്ട് സ്റ്റാലിന്‍ ഭരണത്തിലായിരിക്കുമ്പോളും അതിനു ശേഷവും കീസ്ലോവ്സ്കി സിനിമകള്‍ എടുത്തിരുന്നു. സാമൂഹിക യാഥാര്‍ത്ഥ്യങ്ങളെ സത്യസന്ധമായി സമീപിക്കുന്നവയായിരുന്നു അദ്ദേഹത്തിന്റെ സൃഷ്ടികള്‍. 1994ലാണ് സിനിമയില്‍ നിന്നും അയാള്‍ വിരമിക്കുന്നത്. രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഒരു ഹൃദയ ശസ്ത്രക്രിയയെ തുടര്‍ന്ന് മരണപ്പെടുകയായിരുന്നു.

1-amator-poster

വ്യക്തിപരമായി എനിക്ക് വല്ലാതെ അടുപ്പം തോന്നുന്നവയാണ് അദ്ദേഹത്തിന്റെ രചനകള്‍. മനുഷ്യന്റെയും അവന്റെ ബന്ധങ്ങളിലെയും സങ്കീര്‍ണ്ണതകളാണ് അദ്ദേഹത്തിന്റെ മിക്ക സിനിമകളിലെയും പ്രമേയം. മനുഷ്യ ജീവിതത്തെ തീക്ഷ്ണമായി ശ്രദ്ധിക്കുന്ന, അവലോകനം ചെയ്യുന്ന ഒരു കലാകാരന് മാത്രം സിനിമയാക്കാന്‍ കഴിയുന്നവയാണ് കീസ്ലോവ്സ്കിയുടെ ഓരോ സൃഷ്ടിയും.

2-kieslowsky

നല്ല സിനിമകള്‍ കാണാന്‍ താല്പര്യമുണ്ട് എന്ന് പറയുന്നവരോട് ഞാന്‍ നിര്‍ദേശിക്കാറുള്ള ഒന്നാണ് അദ്ദേഹത്തിന്റെ പത്തു എപ്പിസൊഡുകളുള്ള Decalogue എന്ന ടെലിവിഷന്‍ സീരീസ്. ബൈബിളിലെ പത്തു കല്പനകളെ, ഓരോ മണിക്കൂറുകളുള്ള, വെറും മനുഷ്യന്റെ പത്തു വ്യത്യസ്ത കഥകളിലൂടെ അവതരിപ്പിക്കുകയാണിതില്‍. അതാകട്ടെ മനുഷ്യന്റെയും മതത്തിന്റെയും നിയമങ്ങളെ, അവന്റെ വ്യക്തി-സാമൂഹിക ബന്ധങ്ങളെ നിങ്ങളുടെ മുന്‍പില്‍ നഗ്നരാക്കി നിര്‍ത്തുന്നു.

Amator എന്നാണ് പോളിഷ് ഭാഷയിലുള്ള സിനിമയുടെ ശരിക്കുള്ള പേര്. Amateur എന്നാണ് ആ വാക്കിന്റെ ഇംഗ്ലീഷ് അര്‍ത്ഥം. പിന്നീട് ലോകവ്യാപകമായി സിനിമ റിലീസ് ചെയ്തപ്പോള്‍ Camera Buff എന്ന പേര് പ്രസിദ്ധമായി.

ഒരു സാധാരണ കുടുംബസ്ഥനും കമ്പനി ജീവനക്കാരനുമായ ഫിലിപ് തനിക്കു ജനിക്കാന്‍ പോകുന്ന കുഞ്ഞിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടവും ചിത്രീകരിക്കാനായി തന്റെ വരുമാനത്തില്‍ നിന്നും മിച്ചം പിടിച്ച് ഒരു 8mm മൂവി ക്യാമറ വാങ്ങുന്നു. ആയിടയ്ക്കാണ് അയാള്‍ ജോലി ചെയ്യുന്ന കമ്പനിയുടെ ഇരുപതാം വാര്‍ഷികം. അയാളുടെ കയ്യില്‍ ഒരു മൂവി ക്യാമറ ഉണ്ടെന്നറിയുന്ന അധികാരികള്‍ വാര്‍ഷികോത്സവം ചിത്രീകരിക്കാന്‍ അയാളോട് ആവശ്യപ്പെടുന്നു.

ക്യാമറ കണ്ണിലൂടെ ചുറ്റുമുള്ള ലോകത്തെ കണ്ടു തുടങ്ങുന്ന ഫിലിപ്പിന്റെ ജീവിതം അതോടു കൂടി കീഴ്മേല്‍ മറിയുകയാണ്. ചിത്രീകരിച്ച ഫൂട്ടേജുകള്‍ അയാള്‍ തന്നെ എഡിറ്റു ചെയ്തു ഒരു ഡോക്യുമെന്ററി രൂപത്തിലാക്കുന്നു. ആ വര്‍ഷത്തെ ഇന്ഡസ്ട്രിയല്‍ ഫിലിം ഫെസ്റ്റിവലിനു കമ്പനി അത് അയച്ചു കൊടുക്കുന്നു. അവിടെ വച്ച് അയാള്‍ ചിലരെ പരിചയപ്പെടുകയും ടെലിവിഷനില്‍ കാണിക്കാന്‍ വേണ്ടി കൂടുതല്‍ ഡോക്യുമെന്ററികള്‍ ചിത്രീകരിക്കാന്‍ തീരുമാനിക്കുകയും ചെയ്യുന്നു.

3-camera-buff-1979

ലോകത്തെ ക്യാമറ കണ്ണിലൂടെ മാത്രം കാണാന്‍ കഴിയുന്ന അവസ്ഥയിലേയ്ക്ക് അയാള്‍ പതിയെ മാറുകയാണ്. കുടുംബത്തിലും ജോലിയിലുമുള്ള താല്പര്യം പതിയെ അയാളറിയാതെ ഇല്ലാതാവുന്നു. ഒരു ഘട്ടത്തില്‍ ഭാര്യയും കുഞ്ഞും അയാളെ വിട്ടു പോകാന്‍ തീരുമാനിക്കുന്നു. തന്റെ തീരുമാനം അറിയിച്ച ശേഷം തിരിഞ്ഞു നടക്കുന്ന ഭാര്യയെ അയാള്‍ നോക്കുന്നത് വിരലുകള്‍ കൊണ്ട് സൃഷ്ടിച്ച ഫ്രയിമിലൂടെയാണ്.

യാഥാര്‍ത്ഥ്യവും ചിത്രീകരിക്കപ്പെട്ടതുമായവ തമ്മിലുള്ള അന്തരം പല തലങ്ങളില്‍ കാണിച്ചു തരുന്നുണ്ട് സിനിമ. ഓരോ സിനിമയും സംവിധായകന്‍ കാണുന്ന ചിന്തകളുടെ ചിത്രീകരണമാണ്. ആ ചിന്തയും അയാള്‍ ചിത്രീകരിച്ച് സംയോജിപ്പിച്ച അവസാന സൃഷ്ടിയും തമ്മിലുള്ള അന്തരം കുറയുന്തോറും സിനിമയുടെ മികവേറുന്നു. തന്റെ പരിമിതമായ അറിവുപയോഗിച്ച് ആദ്യ ചിത്രീകരണം നടത്തുമ്പോളും അയാള്‍ ചുറ്റുമുള്ളവയെ വെറുതെ പകര്‍ത്തുകയല്ല, തന്റെ കൂടി ചില സംഭാവനകള്‍ നല്‍കി കുറേക്കൂടി ജീവസ്സുറ്റതാക്കാന്‍ ശ്രമിക്കുന്നുണ്ട്.

സിനിമ ഉണ്ടാക്കാന്‍ ശ്രമിക്കുന്ന ഓരോ വ്യക്തിയും അനുഭവിക്കുന്ന ചില പ്രതിസന്ധികളുണ്ട്. 1. തന്റെ ചുറ്റുമുള്ള ജീവിതത്തില്‍ നിന്നും, അഥവാ തന്റെ തന്നെ ചിന്തകളില്‍ നിന്നും എന്ത് വിഷയമായി തെരഞ്ഞെടുക്കണം. 2. ആ ചിന്തകള്‍ക്കനുസൃതമായി ക്യാമറക്ക്‌ കാണാനായി എന്തൊക്കെ കാഴ്ചകള്‍ സൃഷ്ടിച്ചെടുക്കണം. 3. ഒരുപാട് കാര്യങ്ങള്‍ ചിത്രീകരിക്കാം. അതില്‍ എന്ത് എങ്ങനെ ക്യമറയിലാക്കണം, എന്തൊക്കെ വേണ്ടെന്നു വയ്ക്കണം. 4. താന്‍ ചിത്രീകരിച്ച ഫൂട്ടേജുകളില്‍ എന്തൊക്കെ ഏതു ക്രമത്തില്‍ അവസാനം പ്രേക്ഷകനെ കാണിക്കണം. സങ്കീര്‍ണ്ണമാണ് ഓരോ ഘട്ടവും സംവിധായകന്‍ എടുക്കുന്ന ഓരോ തീരുമാനങ്ങളും. ഈ സങ്കീര്‍ണ്ണ ലോകത്തില്‍ മുങ്ങിത്താഴുമ്പോള്‍ നഷ്ടപ്പെട്ടു പോകുന്ന ഒരുപാട് യാഥാര്‍ത്ഥ്യങ്ങളുമുണ്ട്.

4-camera-buff-1979

സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഒരു കാണിക്ക് ഫിലിപ്പ് പ്രതിനിധാനം ചെയ്യുന്ന സംവിധായകന്‍ ഈ പ്രതിസന്ധികളിലൂടെ കടന്നു പോകുന്നത് കാണാം. ഈ സിനിമയിലൂടെ കീസ്ലോവ്സ്കി തന്റെ തന്നെ ജീവ ചരിത്രമാണ് പറയാന്‍ ശ്രമിക്കുന്നത്. ഫിലിപ്പിന്റെ ആദ്യ സംരംഭം കീസ്ലോവ്സ്കിയുടെ ഡോക്യുമെന്ററികള്‍ മാത്രം ചിത്രീകരിച്ചിരുന്ന കാലത്തെയാണ് പ്രതിനിധീകരിക്കുന്നത്. സിനിമയെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കാനായി ഫിലിപ്പ് വായിക്കുന്ന പുസ്തകങ്ങള്‍ കീസ്ലോവ്സ്കിയുടെ ഇഷ്ട സിനിമകളെയും സംവിധായകരെയും പറ്റിയാണ് (Ken Loach's Kes (1969), Andrzej Wajda's War trilogy, and scenes from Karoly Makk's films.).

കീസ്ലോവ്സ്കിയുടെ ലോഡ്സ് ഫിലിം സ്കൂളിലെ കാലത്തെ കാണിക്കാനായി ഫിലിപ്പ്, ക്രിസ്ടൊഫ് സനൂസ്സിയുടെ Camouflage (1977) എന്ന സിനിമയുടെ സ്ക്രീനിങ്ങില്‍ പങ്കെടുക്കുന്നതായി കാണിക്കുന്നുണ്ട്. കീസ്ലോവ്സ്കി പഠിച്ചിരുന്ന കാലത്ത് ലോഡ്സില്‍ പഠിപ്പിക്കുകയായിരുന്നു സനൂസ്സി.

പല തരത്തിലുള്ള സെന്‍സര്‍ഷിപ്പുകള്‍ എങ്ങിനെ ഒരു സൃഷ്ടിയെ ഞെരുക്കി കളയുന്നു എന്നും നമ്മെ കാണിച്ചു തരുന്നുണ്ട് സിനിമ. പ്രത്യേകിച്ചും കഥ നടക്കുന്നത് കമ്മ്യുണിസ്റ്റ് പോളണ്ടിലാണ്. തന്റെ കുഞ്ഞിനെ ചിത്രീകരിക്കാന്‍ തുടങ്ങുമ്പോള്‍ കുഞ്ഞു നഗ്നയും പെണ്‍കുട്ടിയുമല്ലേ എന്ന് പറഞ്ഞു ഫിലിപ്പിന്റെ ഭാര്യ അയാളെ തടയുന്നുണ്ട്. ആദ്യം ചിത്രീകരിച്ച ഡോക്യുമെന്ററിയില്‍ ചില സീനുകളിലെ രാഷ്ട്രീയത്തെ ചോദ്യം ചെയ്തുകൊണ്ട് മാറ്റങ്ങള്‍ വരുത്താന്‍ ആവശ്യപ്പെട്ടു അയാളുടെ കമ്പനി അധികാരികള്‍ പ്രതിസന്ധിയിലാക്കുന്നുണ്ട്.

തന്റെ സൃഷ്ടി തന്റെ ചുറ്റുമുള്ളവരെയും താന്‍ ആയിരിക്കുന്ന സമൂഹത്തെയും എങ്ങിനെ സ്വാധീനിക്കുന്നു എന്ന് ഫിലിപ്പ് അറിയുന്നു.കമ്പനി അധികാരികളുടെ താല്പര്യ വിരുദ്ധമായി ഭിന്ന ശേഷിയുള്ള ഒരു കമ്പനി ജീവനക്കാരന്റെ ജീവിതം അയാള്‍ ചിത്രീകരിക്കുന്നു. പിന്നീട് അത് ടെലിവിഷനില്‍ കാണിക്കുമ്പോള്‍ ആ മനുഷ്യനൊപ്പമിരുന്നാണ് ഫിലിപ്പ് അത് കാണുന്നത്. വികാര വിക്ഷുബ്ധനായി ഇരിക്കുന്ന ആ മനുഷ്യനെ കാണുമ്പോള്‍ ഒരു സാധാരണ ജീവിതം കലയായി മാറുമ്പോളുള്ള ആനന്ദം ഫിലിപ്പ് അനുഭവിക്കുന്നുണ്ട്. അതുപോലെ താന്‍ മുന്‍പ് ചിത്രീകരിച്ച, സുഹൃത്തിന്റെ മരിച്ച് പോയ അമ്മയുടെ ദൂരക്കാഴ്ച സുഹൃത്തിന്റെ ശിഷ്ട ജീവിതത്തിലെയ്ക്കുള്ള ഓര്‍മ്മക്കൂട്ടാകുന്ന കാഴ്ചയും.

ലളിതമെന്നു ഒറ്റക്കാഴ്ചയില്‍ തോന്നുന്ന ഇമെജുകളിലൂടെ സങ്കീര്‍ണ്ണമായ ചില വസ്തുതകളെ അവതരിപ്പിക്കുന്നതില്‍ ഒരു വല്ലാത്ത മികവുണ്ട് കീസ്ലോവ്സ്കിയ്ക്ക്. ഉദാഹരണത്തിന് സിനിമയില്‍ നാം ആദ്യം കാണുന്ന കാഴ്ച താണിറങ്ങി വന്ന പരുന്ത്, വെളുത്ത ഒരു കോഴിയെ ഭക്ഷിക്കാനായി തൂവലുകള്‍ പറിച്ചു കളയുന്നതാണ്. പിന്നീടു നാം അറിയുന്നു ഫിലിപ്പിന്റെ ഭാര്യ പ്രസവ വേദന തുടങ്ങുന്നതിനു തൊട്ടു മുന്നേ കാണുന്ന സ്വപ്നമാണ് ഈ കാഴ്ചയെന്നു.

ആ കാഴ്ച വരാനിരിക്കുന്ന സംഭവങ്ങളുടെ മൊത്തം പ്രതിരൂപമാണ്. അയാളിലെയ്ക്ക് ഇറങ്ങി വന്ന ഒരു പുതിയ താല്പര്യം അയാളെ ആകെ വിഴുങ്ങി അയാളുടെ വ്യക്തിത്വത്തെ തന്നെ പുനര്‍ നിര്‍വചിക്കുകയാണ്. അയാളുടെ ഭാര്യയുടെ കാഴ്ചയില്‍ പറന്നിറങ്ങുന്ന ആ പരുന്ത് അയാളുടെ പുതിയ താല്‍പര്യവും അത് ഭക്ഷിക്കുന്നത് അവളുടെ ജീവിതത്തെ തന്നെയുമാണ്. അവസാനം എന്ത് ചെയ്യണമെന്നു നിശ്ചയമില്ലാതെ, പുറം കാഴ്ചകള്‍ കണ്ടു മടുത്ത അയാള്‍ തന്റെ പുതിയ 16mm ക്യാമറ തനിക്കു നേരെ തിരിച്ചു വെച്ച് തന്റെ തന്നെ കഥ പറഞ്ഞു തുടങ്ങുകയാണ്.

5-camera-buff-1979

കീസ്ലോവ്സ്കി സിനിമകളുടെ ഒരു പ്രധാന സവിശേഷത അത് മനുഷ്യനെയോ അവന്റെ ചെയ്തികളെയോ നന്മ തിന്മകളുടെ കൂടുകളില്‍ നിര്‍ത്തുന്നില്ല. മറിച്ച് അത് അവന്റെ നിസ്സഹായതകളുടെ, നിയന്ത്രണമില്ലാത്ത ചിന്തകളുടെ പരിണിത ഫലങ്ങളാണ്.സംവിധായകന്‍ ആ കാഴ്ചകളെ നമുക്ക് കാണിച്ചു തരിക മാത്രമാണ്. അത് കാണുന്ന നമ്മളും അവരെ ഏതു കള്ളികളില്‍ നിര്‍ത്തണമെന്ന് അറിയാതെ കുഴങ്ങുന്നു.

Director: Krzysztof Kieslowski
Writer: Krzysztof Kieslowski

ട്രെയിലര്‍ കാണാം:

English summary
Vellithira talking about the movie Camera Buff by Krzysztof Kieslowski
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X