കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൈറ്റ് ഗോഡ് - നായകളുടെ ദിനം

  • By Desk
Google Oneindia Malayalam News

ടോണി തോമസ്‌

ഏതൊരു നായയ്ക്കും ഒരു ദിവസമുണ്ടെന്നും ആ ദിനം വരുന്ന വരെ മാത്രമേ നിങ്ങളുടെ അടിച്ചമര്‍ത്തലുകളും വിവേചനങ്ങള്‍ക്കും സ്ഥാനമുള്ളു എന്നും ഓര്‍മ്മിപ്പിക്കുകയാണ് White God. ഈ സിനിമ ഒരു അലിഗറിയാണ്. അതുകൊണ്ട് തന്നെ ഇതിനെ പല തലങ്ങളില്‍ വ്യഖ്യാനിക്കാനുമാകും.

ബുഡാപെസ്റ്റിലെ വിജനമായ തെരുവിലൂടെ സൈക്കിള്‍ ഓടിച്ചു പോകുന്ന ഒരു പെണ്‍കുട്ടി. വലിയൊരു പട്ടണമായിരുന്നിട്ടും കാഴ്ച്ചയിലെങ്ങും അവളൊഴികെ ഒരൊറ്റ മനുഷ്യ ജീവി പോലുമില്ല. അവള്‍ എന്തോ തിരയുകയാണെന്നു വ്യക്തമാണ്. പെട്ടെന്ന് അവളുടെ പിന്നിലായി തെരുവിന്റെ മൂലയില്‍ നിന്നും കുറച്ചു നായകള്‍ പ്രത്യക്ഷപ്പെടുന്നു. അവള്‍ സൈക്കിളിന്റെ വേഗത കൂട്ടുന്നു. പിന്നിലുള്ള നായകളുടെ എണ്ണം കൂടി വരികയാണ്‌. തെരുവിന്റെ എല്ലാ കോണുകളില്‍ നിന്നും അവ ക്രമാതീതമായി വന്നു കൂടി അവളെ പിന്തുടരുകയാണ്. സിനിമയുടെ ആദ്യ സീക്വന്‍സ് അവസാനിക്കുമ്പോള്‍ തന്നെ നമ്മിലെ ആകാംക്ഷ ഉത്തേജിപ്പിക്കപെടുക എന്ന വിഷമകരമായ സംഗതി വിജയകരമായി നിര്‍വഹിച്ച സിനിമകളില്‍ ഒന്നാണിത്.

1-white-god

ലിലി എന്ന പെണ്‍കുട്ടിയെയും ഹാഗന്‍ എന്ന് പേരുള്ള അവളുടെ നായയെയും ബന്ധം വേര്‍പിരിഞ്ഞു താമസിക്കുന്ന അച്ഛനെ ഏല്‍പിച്ച് അവളുടെ അമ്മ പോവുകയാണ്. ഹാഗന്‍ സങ്കര വര്‍ഗത്തില്‍ പെട്ട ഒരു നായയാണ്‌. അത്തരം നായകള്‍ക്ക് ഹംഗറിയില്‍ നികുതി അടയ്ക്കണം എന്ന് നിയമമുള്ളതുകൊണ്ട് തനിക്കത്‌ സാധ്യമല്ല എന്ന് പറഞ്ഞ് അച്ഛന്‍ അതിനെ തെരുവില്‍ ഉപേക്ഷിക്കുന്നു. (ഏതാനും വർഷം മുൻപ്, സങ്കര വര്‍ഗ്ഗ നായകൾക്ക് പ്രത്യേക ടാക്സ് എന്നൊരു നിയമം ഹംഗറിയിൽ നടപ്പാക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും പിന്നീട് ഉപേക്ഷിച്ചു. പക്ഷെ അത് ഈ സിനിമയുടെ കഥയ്ക്ക്‌ പ്രചോദനമായി)

2-white-god

ലിലി ആ നായയെ തിരഞ്ഞു നടക്കുകയാണ്. ഹാഗനാകട്ടെ വളരെ കഠിനമായ ഒരു ജീവിതത്തില്‍ എത്തിപ്പെടുകയും. തെരുവുനായ്ക്കളും, പട്ടി പിടുത്തക്കാരും, പട്ടിണിയും അതിന്റെ ജീവിതം ദുസ്സഹമാക്കുന്നു. പല കൈകള്‍ മറിഞ്ഞ് അത് ഒരു നായ പരിശീലകന്റെ കയ്യില്‍ എത്തിപ്പെടുന്നു. അയാളതിനെ കഠിനമായ പരിശീലനങ്ങളിലൂടെ ക്രൂരത പഠിപ്പിക്കുകയും അതിന്റെ വന്യ ഭാവങ്ങളെ ഉണര്‍ത്തി നായപ്പോരിനു (നമ്മുടെ നാട്ടിലെ കോഴിപ്പോരു പോലെ) ഉപയൊഗിക്കുകയുമാണ്.

അവിടെ നിന്നും രക്ഷപ്പെടുന്ന ഹാഗന്‍ പട്ടിപിടുത്തക്കാരുടെ കയ്യില്‍ അകപ്പെടുകയും അവിടെ നിന്നും മറ്റു ഒരുപാട് പട്ടികളോടൊപ്പം വീണ്ടും രക്ഷപ്പെടുകയും തന്നോട് ക്രൂരത കാണിച്ചവരൊക്കെ പ്രതികാരം ചെയ്യുകയും മറ്റു നായ്ക്കളെ ചേര്‍ത്ത് ഒരു സംഘടിത വിപ്ലവത്തിന് തന്നെ കാരണമാകുകയും ചെയ്യുന്നു.

3-white-god

ഇനി സിനിമയുടെ അലിഗറിയെക്കുറിച്ച്. സങ്കരവര്‍ഗ്ഗത്തില്‍ പെട്ടുപോയി എന്ന കാരണത്താലാണ് ഹാഗന്‍ തെരുവില്‍ ഉപേക്ഷിക്കപ്പെടുന്നത്. വര്‍ണ്ണ വര്‍ഗ്ഗ വിവേചനത്തെയും അത് മൂലം അടിച്ചമര്‍ത്തപ്പെടലും പീഡനങ്ങളും അനുഭവിക്കേണ്ടിവരുന്ന എല്ലാവരെയുമാണ് ഹാഗന്‍ പ്രതിനിധാനം ചെയ്യുന്നത്. പ്രത്യേകിച്ചും കഥ നടക്കുന്നത് ഹംഗറിയില്‍ ആയതിനാല്‍. യൂറോപ്പിലാകെ നിലനില്‍ക്കുന്ന കുടിയേറ്റ പ്രശ്നങ്ങളെ അത് ഓര്‍മ്മയില്‍ കൊണ്ട് വരുന്നു.

ഹാഗന്‍ സിസ്റ്റത്തില്‍ നിന്നും പുറത്താക്കപ്പെട്ടവനും ലിലി സിസ്റ്റത്തോട് കലഹിച്ചു പുറത്താക്കപ്പെട്ടവനെ തിരഞ്ഞു നടക്കുന്നവളുമാണ്. സമയത്ത് വീട്ടില്‍ വരാതെയും പബ്ബില്‍ രാത്രി ചെലവഴിച്ചുമാണ് അവള്‍ തന്റെ ഇഷ്ടക്കേടുകള്‍ മറക്കാന്‍ ശ്രമിക്കുന്നത്.

മറ്റു പട്ടികളോടൊപ്പമുള്ള ഹാഗന്റെ രക്ഷപ്പെടലും അവരുടെ ആക്രമണങ്ങളും പഴയ സ്പാര്‍ട്ടക്കസിന്റെ കഥയാണ് നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. അടിമയായി ജീവിക്കേണ്ടി വരികയും പിന്നീട് അടിമകളെ ഒന്നു ചേര്‍ത്ത് വിപ്ലവം ഉണ്ടാക്കുകയും ചെയ്ത സ്പാര്‍ട്ടക്കസിന്റെ കഥ. സ്റ്റാന്‍ലി കുബ്രിക്കിന്റെ ഇതേ പേരിലുള്ള സിനിമ വളരെ പ്രസിദ്ധമാണ്. സിനിമയുടെ അവസാന രംഗങ്ങള്‍ പഴയ പൈഡ് പൈപ്പറുടെ കഥ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

ഏറെക്കാലം കുനിഞ്ഞ തലയുമായി, നിശ്ശബ്ദനായി എല്ലാം സഹിച്ച ഹാഗന്റെ തലയുയര്‍ത്തിയുള്ള കുര കുബ്രിക് സിനിമയിലെ 'I am Spartacus!' എന്ന ഡയലോഗിന് സമാനമാണ്. അത് നമ്മുടെ സിരകളില്‍ പടര്‍ത്തുന്ന ഒരു ആവേശമുണ്ട്. പിന്നീടുള്ള ഹാഗന്റെയും കൂട്ടരുടെയും ചെയ്തികള്‍ നമ്മില്‍ പടര്‍ത്തുന്ന ഭീതിയും. സിനിമ കണ്ട ശേഷം കുറച്ചു ദിവസങ്ങള്‍ പുറത്തിറങ്ങുമ്പോള്‍ കാണുന്ന ഓരോ തെരുവ് നായയും ഹാഗനെ ഓര്‍മ്മിപ്പിച്ചു. നിശ്ശബ്ധരായിരിക്കുന്ന ഓരോ ജീവി വര്‍ഗ്ഗവും ഒന്ന് ചേര്‍ന്നാലുള്ള സാധ്യതകളെക്കുറിച്ചും.

ഹാഗനെപ്പോലെ ഈ സിനിമയും ഒരു സങ്കര സിനിമയാണ്. ഒരു പ്രത്യേക വിഭാഗത്തിലേയ്ക്ക് നമുക്കിതിനെ ഒതുക്കി നിര്‍ത്താനാവില്ല. തുടക്കത്തില്‍ നമുക്കിതൊരു coming-of-age കഥ പറയുന്ന സിനിമയായി തോന്നുന്നു. പതുക്കെ അതൊരു പൊളിറ്റിക്കല്‍ അലിഗറിയോ ഫാമിലി മെലോ ഡ്രാമയോ ആയി തോന്നുന്നു. പിന്നീട് അത് ഹിച്ച്കോക്കിന്റെ Birds പോലെ മൃഗങ്ങള്‍ മനുഷ്യരെ ആക്രമിച്ചു ഭീതി സൃഷ്ടിക്കുന്ന ഒരു സിനിമയായി തോന്നുന്നു. മനപൂര്‍വ്വം തന്നെ സൃഷ്ടിചെടുത്തതാണ് ഇങ്ങനെ ഒരു ശൈലി എന്ന് സംവിധായകന്‍ തന്നെ പറയുന്നു.

ആദ്യം വിചാരിച്ചത് ഇത്രയും നായ്ക്കളെ ഗ്രഫിക്സിലൂടെ സൃഷ്ടിച്ചെടുത്തതാവാം എന്നാണു. പിന്നീട് മനസ്സിലായത് 250 ഓളം യഥാര്‍ത്ഥ തെരുവ് നായ്ക്കളെയാണ്‌ അവര്‍ ഷൂട്ടിങ്ങിന് ഉപയോഗിച്ചത്. അവയെ ആറു മാസത്തോളം പരിശീലിപ്പിച്ചു പല ഷോട്ടുകളും പലയാവര്‍ത്തി ഷൂട്ട്‌ ചെയ്താണ് നാം കാണുന്ന പൂര്‍ണ്ണതയിലെയ്ക്ക് എത്തിച്ചത്. ഹാഗനെ അവതരിപ്പിച്ചതാകട്ടെ ഇരട്ട നായ്ക്കളും. കാൻ ഫെസ്റ്റിവൽ 'Palm Dog' എന്നൊരു പ്രത്യേക അവാർഡ് പോലും അവയ്ക്ക് നല്‍കുകയുണ്ടായി.

4-white-god

സിനിമയില്‍ മിക്കപ്പോളും ക്യാമറ സഞ്ചരിക്കുന്നത് വളരെ താഴ്ന്നാണ്. ഒരു നായ് പൊക്കത്തില്‍. ഒരു നായ കാണുന്ന ലോകമാണ് നാം സിനിമയില്‍ കാണുന്നത്.

സിനിമയില്‍ 'White God' എന്ന പേരിനെക്കുറിച്ച് സൂചനകള്‍ ഒന്നും തന്നെയില്ല. 1982 ല്‍ പുറത്തു വന്ന സാമുവൽ ഫുള്ളറുടെ ഇതേ പേരിലുള്ള ഒരു സിനിമയുണ്ട്. സംവിധായകന്‍ പറയുന്നത് നോബല്‍ സമ്മാനാര്‍ഹമായ സൌത്ത് ആഫ്രിക്കന്‍ എഴുത്തുകാരനായ കൊയെറ്റ്സീയുടെ 'Disgrace' എന്ന നോവലാണ്‌ ഈ പേരിനു പ്രചോദനം എന്നാണു. അതില്‍ വെളുത്ത ദൈവം എന്നൊരു തത്വചിന്ത അവതരിപ്പിക്കുന്നുണ്ട്. അത് പറയുന്നത് ദൈവം ഒരു കാവല്‍ നായയെപ്പോലെ തന്നെക്കാളധികം നമ്മെ സ്നേഹിച്ചു നമുക്ക് കാവലിരിക്കുന്നു എന്നാണ്.

രസകരമായ മറ്റൊരു കാര്യം ഫുള്ളറുടെ White Godലെ നായയെ പരിശീലിപ്പിച്ച ആളുടെ മകളായ തെരേസ ആന്‍ മില്ലറാണ് ഈ സിനിമയില്‍ നായകളെ പരിശീലിപ്പിച്ചത്. മാത്രമല്ല സിനിമയുടെ തിരക്കഥ ഷൂട്ടിംഗ് സാധ്യതയനുസരിച്ചു മാറ്റി എഴുതുന്നതിലും അവര്‍ പ്രധാന പങ്കു വഹിച്ചു.

ഉപയോഗിച്ച് പഴകിയ എന്നാല്‍ ഇപ്പോളും ഫലപ്രദമായി ഉപയോഗിക്കുന്ന എഡിറ്റിംഗ് ശൈലിയാണ് സിനിമ പിന്തുടരുന്നത്. അതായത് ഷോട്ട് A യും ഷോട്ട് B യും ചേര്‍ത്തവതരിപ്പിക്കുമ്പോള്‍ C എന്ന ആശയം പ്രേക്ഷകനുമായി സംവേദിപ്പിക്കുന്ന ശൈലി, പ്രത്യേകിച്ചും വയലന്‍സ് രംഗങ്ങളില്‍ വളരെ മികവോടെ. ഉദാഹരണത്തിന് ഒന്നാം ഷോട്ടില്‍ ഹാഗന്‍ പണ്ട് തന്നെ ഉപദ്രവിച്ച ഒരു വ്യക്തിയുടെ അടുത്തെത്തി അയാളെ നോക്കി കുരയ്ക്കുന്നു. അടുത്ത ഷോട്ടില്‍ തറയില്‍ ചിതറിയ ചോരത്തുള്ളികള്‍. ആശയം വളരെ ലളിതമായി പ്രേക്ഷകനു മനസ്സിലാകുന്നു.

കുട്ടികളും മൃഗങ്ങളുമാണ് സ്വാഭാവിക അഭിനയം വശമുള്ള മികച്ച അഭിനേതാക്കള്‍ എന്ന് ഒരിക്കല്‍ കൂടി തെളിയിക്കുകയാണീ സിനിമ. സിനിമയുടെ മൂഡും ആശയവും നമ്മിലേയ്ക്ക് സന്നിവേശിപ്പിക്കുന്നതില്‍ സംഗീതം വലിയൊരുപങ്കു വഹിക്കുന്നുണ്ട്, Liszt ന്റെ Hungarian Rhapsody No. 2. അതാകട്ടെ ഹംഗറിയുടെ നാടോടി കഥകളില്‍ നിന്നും പ്രചോദിതവും. സിനിമയുടെ അവസാന ഭാഗത്താകട്ടെ സംഗീതത്തിന് മുന്‍പിലാണ് നായ്ക്കളുടെ വന്യത കീഴടങ്ങുന്നതും.

5-white-god

മുന്‍പ് പറഞ്ഞപോലെ എല്ലാത്തരം കാണികളെയും തൃപ്തിപ്പെടുത്തുന്ന ചിലതുണ്ട് ഈ സിനിമയില്‍. ചിന്തയുടെ ഗഹനതകള്‍ ഒന്നുമേ ഇല്ലാതെ വെറുമൊരു ത്രില്ലര്‍ എന്ന രീതിയിലും നിങ്ങള്‍ക്കിത് കാണാം. എന്നാല്‍ സിനിമയെ ഗൌരവമായി കാണുന്ന ഒരാള്‍ക്ക്‌ പലതരം വ്യാഖ്യാനങ്ങള്‍ക്ക് വാതായനങ്ങള്‍ തുറന്നിട്ടിട്ടുമുണ്ടിത്. ഒരു നാടോടി കഥയുടെ മനോഹാരിതയോടെ ഗഹനമായ ചിന്തകള്‍ക്ക് വഴിവക്കുന്ന ഒരു സിനിമയാണു White God. നല്ല സിനിമയെ സ്നേഹിക്കുന്നവര്‍ക്ക് ഒഴിവാക്കാനാവാത്ത ഒന്ന്.

Director: Kornel Mundruczo
Writer: Kornel Mundruczo (screenplay), Viktoria Petranyi (screenplay), Kata Weber (screenplay)
Actors: Zsofia Psotta, Sandor Zsoter, Lili Horvoth, Szabolcs Thuroczy
Language: Hungarian, English
Country: Hungary, Germany, Sweden

ട്രെയിലര്‍ കാണാം:

താല്പര്യമുള്ളവര്‍ക്ക് സംവിധായകനുമായുള്ള അഭിമുഖം ഇവിടെ വായിക്കാം

English summary
Vellithira talking about the movie White God
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X