കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റൂം - നാല് ചുവരുകള്‍ക്കുള്ളിലെ ജീവിതങ്ങളെ കുറിച്ച്

  • By Desk
Google Oneindia Malayalam News

ടോണി തോമസ്‌

പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ പത്തടി നീളവും വീതിയും മാത്രമുള്ള, ശബ്ദം കടക്കാത്ത ഒരു മുറിക്കുള്ളില്‍ ജീവിതം തള്ളി നീക്കേണ്ടി ഒരമ്മയുടെയേം മകന്റെയും കഥയാണ് റൂം. ഒരേതരം ജീവിതവും, മനസ്സിനുള്ളിലെ കുട്ടിത്തത്തിന്റെ മരണവും, കാലവുമൊക്കെ ചേര്‍ന്ന് എങ്ങനെ നമ്മെ തടവുകാരാക്കുന്നു എന്നതിന്റെ പ്രതീകം കൂടിയായി മാറുന്നുണ്ടിത്.

ഒരു പെണ്‍കുട്ടിയെപ്പോലെ മുടി നീട്ടി വളര്‍ത്തിയ അഞ്ചു വയസ്സുകാരന്‍ ജാക്കും 'മാ' എന്നവന്‍ വിളിക്കുന്ന അമ്മയും മാത്രമാണ് ആ ചെറു മുറിക്കുള്ളില്‍ ജീവിക്കുന്നത്. ജാക്കിന്റെ കാഴ്ചയിലൂടെയാണ് അവരുടെ ലോകത്തെ നാമറിയുന്നത്. പാചകം ചെയ്യാനുള്ള ചെറിയ സ്ഥലം, ഒരു ബാത്ത് ടബ്ബ്, വാര്‍ഡ്‌റോബ്, കിടക്ക, ടിവി എന്നിവ മാത്രമാണ് ആ മുറിക്കുള്ളിലുള്ളത്.

1-room

ആ മുറിയാണ് ജനനം മുതല്‍ക്കുള്ള ജാക്കിന്റെ ലോകം. മുറിക്കു പുറത്തു മറ്റൊരു ലോകമുണ്ടെന്ന് അമ്മ പറയുമ്പോളും അവനു വിശ്വസിക്കാനാവുന്നില്ല. അവനും അമ്മയും ആ മുറിക്കുള്ളിലെ വസ്തുക്കളുമൊക്കെ മാത്രമാണ് യാഥാര്‍ത്ഥ്യം. ടിവിയില്‍ കാണുന്ന കാര്‍ടൂണുകളും അതില്‍ കാണുന്ന മനുഷ്യരും അവന് ഒരുപോലെ തന്നെയാണ്.

2-room

ജാക്കിനെ മാനസികവും ശാരീരികവുമായി ആരോഗ്യവാനും സന്തോഷവാനുമായി നിലനിര്‍ത്തുന്നതില്‍ അമ്മ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. ചില രാത്രികളില്‍ ഓള്‍ഡ്‌ നിക്ക് എന്ന് അമ്മ വിളിക്കുന്ന ഒരു മനുഷ്യന്‍ മുറിക്കുള്ളില്‍ വരും. അപ്പോള്‍ ജാക്കിന്റെ സ്ഥാനം അലമാരക്കുള്ളിലാവും. അയാള്‍ പോയ ശേഷം മാത്രമേ അവനു പുറത്തിറങ്ങാനാവൂ. അലമാരയ്ക്കള്ളിലും അവനൊരു ലോകമുണ്ടാക്കി വച്ചിട്ടുണ്ട്.

പതിയെ മുതിര്‍ന്നവരായ നമുക്ക് മനസ്സിലാകുന്നു പത്തൊന്‍പതാം വയസ്സില്‍ അമ്മയെ തട്ടിക്കൊണ്ടു വന്നു ഈ മുറിക്കുള്ളില്‍ തടവിലിട്ടതാണ്. അന്ന് മുതല്‍ പുറം ലോകം കാണാതെ അയാളുടെ ലൈംഗിക അടിമയായി ജീവിക്കുകയാണവര്‍. തടവിലായി രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ജാക്ക് ജനിക്കുന്നു പിന്നെ അവര്‍ മകന് വേണ്ടി ജീവിക്കുകയാണ്. അവിടെ നിന്നും എങ്ങിനെയെങ്കിലും മകനെ രക്ഷിക്കുക എന്നത് മാത്രമാണ് അവരുടെ ഇനിയുള്ള ജീവിത ലക്‌ഷ്യം.

3-room

സിനിമയ്ക്ക് രണ്ട് ആക്റ്റ്കളാണുള്ളത്, മുറിക്കകത്തുള്ള ഒന്നാം ഭാഗവും പുറം ലോകത്ത് അവര്‍ എത്തിയ ശേഷമുള്ള രണ്ടാം ഭാഗവും. ഇതൊരു ഹൊറര്‍ സിനിമയായോ, ത്രില്ലറായോ മാര്‍ക്കറ്റ് ചെയ്യാമായിരുന്നു പക്ഷെ ട്രെയിലര്‍ കാണുമ്പോള്‍ എന്താണ് സിനിമ എന്ന് കൃത്യമായ ധാരണ കാഴ്ചക്കാരന് കിട്ടുന്നുണ്ട്. തന്റെ കാണികള്‍ എന്ത് തരം സിനിമയാണ് കാണുവാന്‍ പോകുന്നതെന്ന് കൃത്യമായി ധാരണയുള്ളവരായിരിക്കണം എന്നത് കൊണ്ടാണ് ഇങ്ങനെ ഒരു ട്രെയിലര്‍ എന്നാണു സംവിധായകന്‍ പറയുന്നത്.

ഒരേ മുറി അമ്മയ്ക്ക് തടവറയാകുമ്പോള്‍ മകന് മൊത്തം ലോകം തന്നെയാണത്. അവര്‍ തമ്മില്‍ പൊക്കിള്‍ കൊടി ബന്ധം മുറിയാത്തത്ര അടുപ്പമാണുള്ളത്. ആ ബന്ധം മുറിയുന്നത് അവര്‍ പുറത്തെത്തിയ ശേഷമാണ്. ഇപ്പോള്‍ വിശാലമായ ലോകമുണ്ട്, പക്ഷെ കാലങ്ങളായി ജീവിച്ച തടവറയില്‍ നിന്നും അവര്‍ക്ക് പുറത്തു വരാനാവുന്നില്ല. അനിവാര്യമായ ചില പരിണിതികളിലൂടെയാണ് പിന്നെ സിനിമയുടെ സഞ്ചാരം. മുറിക്കുള്ളിലെ അവരുടെ ലോകം എത്രയോ മനോഹരവും സമാധാന പൂര്‍ണ്ണവുമായിരുന്നു എന്ന് നമുക്ക് തന്നെ തോന്നിപ്പോകുന്നു.

4-room

മാന്‍ ബുക്കര്‍ പ്രൈസിന് നാമനിര്‍ദേശം ചെയ്യപ്പെട്ട എമ്മ ഡോണഹ്യുവിന്റെ റൂം എന്ന നോവലാണ്‌ ഈ സിനിമയ്ക്ക് ആധാരം. നോവലിന്റെ സത്ത ഒട്ടുമേ ചോര്‍ന്നു പോകാതെയാണു ലെന്നി അബ്രഹാംസണ്‍ അതിനു സിനിമാ രൂപം നല്‍കിയിരിക്കുന്നത്. മികച്ച നടിക്കുള്ള ഓസ്കാര്‍ അവാര്‍ഡ് ഈ ചിത്രത്തിലെ അമ്മയായുള്ള അഭിനയത്തിന് ബ്രീ ലാര്‍സണ്‍ നേടുകയുണ്ടായി.

ഭൂരിഭാഗവും ഒരു ചെറു മുറിക്കുള്ളില്‍ നടക്കുന്ന കഥ എന്നത് തന്നെയാവണം സംവിധായകന് മുന്നിലുണ്ടായിരുന്ന ഏറ്റവും വലിയ വെല്ലുവിളി. വൈഡ് ആംഗിള്‍ ലെന്‍സുകള്‍ ഉപയോഗിച്ച് ഒരേ മുറിയുടെ ഒരുപാട് കാഴ്ചകളിലൂടെ ഓരോ നിമിഷവും നമ്മെ ശ്രദ്ധാലുക്കളാക്കി നിര്‍ത്തുന്നതില്‍ പൂര്‍ണ്ണമായും അവര്‍ വിജയിച്ചിട്ടുണ്ട്. കൊച്ചു കൊച്ചു കാര്യങ്ങളിലൂടെ മുറിക്കുള്ളിലെ ജീവിതം രസകരമാക്കി നിര്‍ത്തുന്നു.

5-room

ഇതിനു മുന്‍പും പല തട്ടിക്കൊണ്ടു പോകല്‍ സിനിമകള്‍ നാം കണ്ടിട്ടുണ്ട് അവയൊക്കെയും ഒരു വീണ്ടെടുപ്പോടെ അവസാനിക്കുന്നവയായിരുന്നു. റൂമിനെ വ്യത്യസ്തമാക്കുന്നത് അത് അവിടം കൊണ്ട് തീരുന്നില്ല എന്നത് കൊണ്ട് മാത്രമല്ല അതുയര്‍ത്തി വിടുന്ന ചില വലിയ ചോദ്യങ്ങള്‍ കൊണ്ട് കൂടിയാണ്. ഒരു വ്യക്തി എന്ന നിലയില്‍ നമ്മെ നിര്‍വചിക്കുന്നത് എങ്ങിനെയാണ്? സന്തോഷകരമായ ഒരു ജീവിതത്തിനു നമുക്ക് വേണ്ടതെന്താണ്? എന്തു കൊണ്ടാണ് എത്ര കടുത്ത ജീവിതാവസ്ഥയിലും കുഞ്ഞുങ്ങളുടെ ലോകം ഇത്രമേല്‍ മനോഹരവും ആനന്ദപ്രദവുമായിരിക്കുന്നത്?

ജാക്കിന്റെയും അമ്മയുടെയും ലോകം, അവരുടെ ഏകാന്തത പതിയെ നാമറിയാതെ നമ്മിലെയ്ക്കും പടരുന്നു. ഏകാന്തമായ പകലിരവുകള്‍ ഒരേ മുറിക്കുള്ളില്‍ ജീവിക്കേണ്ടി വന്ന മനുഷ്യര്‍ക്കറിയാം അവരുടെ വേദന.

"ഇതായിരുന്നോ അമ്മാ നമ്മുടെ മുറി? ഇത് എന്തുമാത്രം ചെറുതായിരിക്കുന്നു!!! "
"വാതിലുകള്‍ തുറന്നു കിടക്കുന്നത് കൊണ്ട് നിനക്കങ്ങിനെ തോന്നുന്നതാണ്..."
"വാതിലുകള്‍ തുറന്നു കിടക്കുമ്പോള്‍ അതൊരു മുറിയാവില്ലല്ലോ അമ്മാ...ഞാനിതടയ്ക്കട്ടെ?"
"വേണ്ട... നമുക്ക് പോകാം..."
"പൂക്കളേ വിട.... ഒന്നാം കസേരയെ വിട... രണ്ടാം കസേരയെ വിട... ക്ലോസറ്റേ വിട... ബാത്ത് ടബ്ബെ വിട... ആകാശ വെളിച്ചമേ വിട..."

പിന്നെ വിശാലമായ ഒരു ലോകത്തേയ്ക്ക് അവര്‍ ഇറങ്ങി നടന്നു...

Year: 2015
Runtime: 1hrs 58min
Genre: Drama

Director: Lenny Abrahamson
Writer: Emma Donoghue (screenplay), Emma Donoghue (based on the novel by)
Actors: Brie Larson, Jacob Tremblay, Sean Bridgers, Wendy Crewson
Language: English
Country: Ireland, Canada

ട്രെയിലര്‍ കാണാം:

കൂടുതല്‍ ലോകസിനിമാ വിശേഷങ്ങള്‍ക്ക് വെള്ളിത്തിര

English summary
Vellithira talks about Movie Room
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X