കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രണ്ണന്‍ കോളേജില്‍ രണ്ടുതവണ തോറ്റ സുധാകരന്‍! ഒരിക്കല്‍ കിട്ടിയത് 70 വോട്ട്- ഓര്‍ത്തെടുത്ത് മാധ്യമ പ്രവർത്തകൻ

Google Oneindia Malayalam News

ബ്രണ്ണന്‍ കോളേജുമായി ബന്ധപ്പെട്ട എല്ലാ വിവാദങ്ങള്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ അവസാനം കുറിച്ചിരിക്കുകയാണ്. അതേ കുറിച്ച് ഒന്നും താനിനി പറയാനില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പിണറായി വിജയനും കെ സുധാകരനും അവസാനിപ്പിച്ചാലും ബ്രണ്ണന്‍ കോളേജിലെ പഴയ രാഷ്ട്രീയ കഥകള്‍ ഇനിയും അവസാനിക്കാതെ തുടരും എന്ന് ഉറപ്പാണ്.

ബ്രണ്ണന്‍ കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ആയ എന്‍പി രാജേന്ദ്രന്‍ പറയുന്നത് മറ്റൊന്നാണ്. ആ കാലഘട്ടത്തെ കാര്യങ്ങളെ കുറിച്ച് നേതാക്കള്‍ പറഞ്ഞത് പാതിയും പതിരാണെന്നാണ് എന്‍പി രാജേന്ദ്രന്റെ പക്ഷം. അക്കാര്യം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിശദമാക്കുകയാണ് അദ്ദേഹം. വായിക്കാം....

ബ്രണ്ണൻ ചരിതം

ബ്രണ്ണൻ ചരിതം

അര നൂറ്റാണ്ട് കഴിഞ്ഞിട്ടായാലും, പഠിച്ച കോളേജ് ഒരു രാഷ്ട്രീയ ചര്‍ച്ചാവിഷയമായാല്‍ അവിടത്തെ പുര്‍വവിദ്യാര്‍ത്ഥികള്‍ക്ക് അതു കേട്ടില്ലെന്നു നടിക്കാന്‍ ആവില്ല. ചില്ലറ സംഘടനാബന്ധം കൂടി ഉണ്ടെങ്കില്‍ പറയുകയേ വേണ്ട. ഏതു ചര്‍ച്ചയിലും ഇടപെട്ടളയും!

1971-76 കാലത്ത് ബ്രണ്ണനില്‍ പഠിച്ച എന്റെ സഹവിദ്യാര്‍ത്ഥികളോ പരിചയക്കാരെങ്കിലുമോ ആണ് ഇപ്പോഴത്തെ വിവാദത്തിലെ കഥാപാത്രങ്ങളേറെയും. പിണറായി വിജയന്‍ ഒഴികെ. അദ്ദേഹം 1966-ല്‍ കോഴ്‌സ് പൂര്‍ത്തിയാക്കി പോയതാണ്. ഇപ്പോള്‍ രണ്ടു പക്ഷത്തേയും മുന്‍ ബ്രണ്ണന്‍കാര്‍ പറയുന്നതില്‍ തെറ്റുകള്‍ കുറെയുണ്ട്. പലതും പറയാതെ വിട്ടുകളയുന്നുമുണ്ട്. ബോധപൂര്‍വം പറയുന്ന കളവുകളും ഏറെ.

സുധാകരൻ മറച്ചുവച്ച അധ്യായം

സുധാകരൻ മറച്ചുവച്ച അധ്യായം

കെ സുധാകരന്‍ അദ്ദേഹത്തിന്റെ ബ്രണ്ണന്‍ ജീവിതത്തിലെ ഒരു അദ്ധ്യായം കര്‍ട്ടണ്‍ ഇട്ട് മറച്ചുപിടിക്കുന്നത് പഴയ കഥകള്‍ അറിയുവര്‍ക്ക് മനസ്സിലാകും. 1969-ല്‍ തുടങ്ങുന്നു ആ കാലം. ദേശീയാടിസ്ഥാനത്തില്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് രണ്ടായി പിളര്‍ന്നത് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കെതിരെ പാര്‍ട്ടി അച്ചടക്ക നടപടിയെടുത്തപ്പോഴാണ്. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ രണ്ടു പക്ഷമായി നിന്ന് രണ്ടു സ്ഥാനാര്‍ത്ഥികളെ പിന്തുണച്ചതാണ് പ്രശ്‌നമായത്. പിളര്‍പ്പിന്റെ വിശദാംശങ്ങളിലേക്കു കടക്കുന്നില്ല. കോണ്‍ഗ്രസ് ഇന്ദിരയും കോണ്‍ഗ്രസ് സംഘടനയും ആയി പിളര്‍പ്പോള്‍ കെ.സുധാകരന്‍ ഉള്‍പ്പെടെ കേരളത്തില്‍ നല്ലൊരു പങ്ക് പ്രവര്‍ത്തകര്‍ സംഘടനാപക്ഷത്തായിരുന്നു. ഇന്ദിരാപക്ഷത്തേക്ക് അദ്ദേഹത്തെ അടര്‍ത്തിമാറ്റാന്‍ വന്ന വയലാര്‍ രവിയോട് പ്രധാനമന്ത്രിസ്ഥാനം തന്നാലും ഞാന്‍ അങ്ങോട്ടില്ല എന്നു സുധാകരന്‍ മുഖത്തടിച്ച പോലെ പറഞ്ഞത് ഒപ്പമുണ്ടായിരുന്ന ഒരു പഴയ കെഎസ് യു പ്രവര്‍ത്തകന്‍ എന്നോടു പറഞ്ഞിരുന്നു.

സുധാകരൻ തോറ്റത് രണ്ട് തവണ

സുധാകരൻ തോറ്റത് രണ്ട് തവണ

സുധാകരന്‍ രണ്ടു വട്ടം ബ്രണ്ണന്‍ കോളേജ് ചെയര്‍മാന്‍ സ്ഥാനത്തേക്കു മത്സരിച്ച് പരാജയപ്പെട്ട കഥയും ഇന്ന് അദ്ദേഹത്തിന്റെ ആരാധകര്‍ ഓര്‍ക്കാന്‍ ഇഷ്ടപ്പെടുകയില്ല. രണ്ടു തവണയും അദ്ദേഹം എന്‍എസ്ഒ സ്ഥാനാര്‍ത്ഥിയായാണ് കെഎസ് യുവിനെതിരെ മത്സരിച്ചത്. 1970-71 ല്‍ മത്സരിക്കുമ്പോള്‍ സുധാകരന് വലിയ പിന്തുണ വിദ്യാര്‍ത്ഥികളില്‍നിന്നു ലഭിച്ചു. മുന്‍വര്‍ഷം അദ്ദേഹം കോളേജ് യൂണിയന്‍ ജനറല്‍ സിക്രട്ടറി ആയിരുന്നു. പക്ഷേ, ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള മത്സരത്തില്‍ ജയിച്ചത് കെഎസ് യു സ്ഥാനാര്‍ത്ഥി എകെ വിജയശങ്കറായിരുന്നു. എസ്എഫ്ഐ സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്തായിരുന്നു. വിജയശങ്കര്‍ രാഷ്ട്രീയത്തില്‍ അധികകാലം നിന്നില്ല. എസ്ഐ സെലക്ഷന്‍ കിട്ടിപ്പോയ അദ്ദേഹം എസ്പിയായാണ് വിരമിച്ചത്.

കിട്ടിയത് 70 വോട്ട്

കിട്ടിയത് 70 വോട്ട്

കെ സുധാകരന്‍ രണ്ടാംവട്ടം മത്സരിച്ചത് 1973-74 വര്‍ഷമാണ്. അന്ന് എന്‍എസ്ഒ യും എസ്എഫ്ഐയും തമ്മില്‍ ശത്രുതയൊന്നുമില്ല. അവര്‍ എസ്എഫ്ഐയുമായി ചേര്‍ന്നു മത്സരിക്കാന്‍ ശ്രമിച്ചെന്നും പദവി വിഭജന ചര്‍ച്ചകള്‍ പരാജയപ്പെട്ടപ്പോഴാണ് വേറിട്ട് മത്സരിക്കാന്‍ തീരുമാനിച്ചതെന്നും എസ്എഫ്ഐ പക്ഷത്തിനൊപ്പം നിന്ന സ്റ്റാര്‍ലെറ്റ് സംഘടനയുടെ സംഘാടകനായിരുന്ന പിപി സുരേഷ് ഒരു വാട്‌സ്ആപ്പ് കുറിപ്പില്‍ പറയുന്നു. സുരേഷാണ് അന്ന് യുനിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറായി ജയിച്ചത്. എന്‍എസ്ഒവിന് അപ്പോഴേക്കും കോളേജിലെ പിന്‍ബലം കാര്യമായി നഷ്ടപ്പെട്ടിരുന്നു. ബിരുദം കഴിഞ്ഞ് രണ്ടു വര്‍ഷം കോളേജ് വിട്ടുനിന്ന അദ്ദേഹം എംഎ പഠിക്കാന്‍ എത്തിയപ്പോള്‍ അദ്ദേഹത്തെ തിരിച്ചറിയുന്ന വിദ്യാര്‍ത്ഥികള്‍തന്നെ കുറവായിരുന്നു. സുധാകരനു എഴുപത് വോട്ടേ കിട്ടിയൂള്ളൂ (46 വോട്ടേ കിട്ടിയുള്ളൂ എന്നാണ് എകെ ബാലന്‍ പറഞ്ഞത്. കോളേജ് തിരഞ്ഞെടുപ്പിലെ വോട്ടുകണക്ക് അപ്പോള്‍ അനൗണ്‍സ് ചെയ്യും എന്നല്ലാതെ അച്ചടിച്ച കോപ്പിയൊന്നും കൊടുക്കില്ലല്ലോ. പില്‍ക്കാലത്ത് ആര്‍ക്കും എന്തും അവകാശപ്പെടാം.)

ആ തിരഞ്ഞെടുപ്പ് എസ്എഫ്ഐക്കു ചരിത്രപ്രാധാന്യം ഉള്ളതായിരുന്നു. ആദ്യമായി എസ്എഫ്ഐ മുന്നണി മുഖ്യസ്ഥാനങ്ങളില്‍ ജയിച്ചു. എകെ ബാലന്‍ ആയിരുന്നു ചെയര്‍മാന്‍. എസ്എഫ്ഐയിലെ കവിയൂര്‍ ബാലന്‍ ജനറൽ സിക്രട്ടറിയും.

ബാലൻ ജയിച്ചതും മന്പറം തോറ്റതും

ബാലൻ ജയിച്ചതും മന്പറം തോറ്റതും

സുധാകരനു കിട്ടിയ വോട്ടുകള്‍ കെഎസ് യുവിന് നഷ്ടപ്പെട്ടതുകൊണ്ടാണ് കെഎസ് യു വിന്റെ മമ്പറം ദിവാകരന്‍ തോറ്റതും എകെ ബാലന്‍ ജയിച്ചതും എന്ന് ചിലരെല്ലാം കാര്യമറിയാതെയോ അറിഞ്ഞുകൊണ്ടുതന്നെയോ പറയുന്നുണ്ട്. ഇന്ന് ഇതില്‍ വലിയ കാര്യമൊന്നുമില്ല കോളേജിലെ അടിപിടിക്കിടയില്‍ ഞാന്‍ അവനെ ചവിട്ടിവീഴ്ത്തിയിരുന്നു എന്നൊരാളും അല്ല ഞാന്‍ കൈകൊണ്ട് ഒരു മെസ്മരിസം കാണിച്ച് അവനെയാണ് വീഴ്ത്തിയത് എന്നു മറ്റേയാളും അവകാശപ്പെടുന്നതിനേക്കാള്‍ ഇത്തിരി കൂടുതല്‍ വിലയുണ്ടെന്നു മാത്രം.

കെഎസ് യു തോൽക്കാൻ കാരണം പരിവർത്തനവാദികൾ

കെഎസ് യു തോൽക്കാൻ കാരണം പരിവർത്തനവാദികൾ

കെഎസ് യു തോല്‍വിക്ക് കാരണം വേറെയായിരുന്നു. എംഎ ജോണിന്റെ നേതൃത്വത്തില്‍ നല്ലൊരു പങ്ക് കോണ്‍ഗ്രസ്-യൂത്ത് കോണ്‍ഗ്രസ് -കെഎസ് യു പ്രവര്‍ത്തകര്‍ പരിവര്‍ത്തനവാദികള്‍ എന്നൊരു ഗ്രൂപ്പ് രൂപവല്‍ക്കരിച്ചത് അക്കാലത്താണ്. ആദ്യമായി അവര്‍ 1973-ല്‍ ബ്രണ്ണന്‍ കോളേജില്‍ എല്ലാ സീറ്റുകളിലേക്കും മത്സരിച്ചു. വാസുദേവന്‍പിള്ളയായിരുന്നു ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി. അദ്ദേഹത്തിന് നൂറോളം വോട്ടു കിട്ടി. മറ്റു മേജര്‍ സീറ്റുകളിലേക്കു മത്സരിച്ച പരിവര്‍ത്തനവാദി സ്ഥാനാര്‍ത്ഥികള്‍ക്കും ഇരുനൂറിനടുത്തു വരെ വോട്ടുകിട്ടിയിയിരുന്നു. പരിവര്‍ത്തനവാദികള്‍ക്കു കിട്ടിയ വോട്ടിനേക്കാല്‍ കുറഞ്ഞ വോട്ടുകള്‍ക്കാണ് കെഎസ് യു സ്ഥാനാര്‍ത്ഥികള്‍ തോറ്റതെന്ന് അന്നു വോട്ടുകണക്കു നോക്കിവര്‍ പറഞ്ഞത് ഓര്‍ക്കുന്നു. ഇതറിഞ്ഞാവും തോറ്റതിന്റെ രോഷം അവര്‍ ശാരീരികമായിത്തന്നെ പരിവര്‍ത്തനവാദികളോട് പ്രകടിപ്പിച്ചത്. 'കിട്ടിയ വോട്ടിനു സിന്ദാബാദ്' വിളിച്ച് ധര്‍മടത്തു നിന്ന് ടൗണിലേക്കു പ്രകടനം നടത്തിയ പരിവര്‍ത്തനവാദികളെ, ജില്ലാ കോടതിക്കു തൊട്ടുമുമ്പുള്ള കോണോര്‍ വയല്‍ എന്ന സ്ഥലത്തുവെച്ച് കെഎസ് യു ജാഥക്കാര്‍ ആക്രമിച്ചു. പലരും വയലിലെ ചളിയില്‍ വീണു. ഇതെഴുതുന്ന ആളും അടികിട്ടിയ ജാഥക്കാരുടെ കൂട്ടത്തില്‍ പെടുന്നു. ചെളിയില്‍ വീണില്ല!

പിഎൻ അഷ്റഫിന്റെ രക്തസാക്ഷിത്വം

പിഎൻ അഷ്റഫിന്റെ രക്തസാക്ഷിത്വം

ആ തിരഞ്ഞെടുപ്പിനു ശേഷമാണ് സങ്കടകരമായ ഒരു സംഭവം നടന്നത്. എസ്എഫ്ഐ പ്രവര്‍ത്തകനായ പിഎന്‍ അഷ്റഫിനു കുത്തേറ്റതും നാലഞ്ചു മാസം കഴിഞ്ഞ് അദ്ദേഹം മരണമടഞ്ഞതും എല്ലാവരെയും വേദനിപ്പിച്ചു. നഗരത്തില്‍ നടന്ന ഒരു വിദ്യാര്‍ത്ഥി മര്‍ദനത്തെച്ചൊല്ലിയാണ് എസ്എഫ്ഐ- കെഎസ് യു പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. വാക്കേറ്റങ്ങള്‍ക്കിടയില്‍ കെഎസ് യു പ്രവര്‍ത്തകന്‍ കെടി ജോസഫ് അഷ്റഫിനെ കുത്തി. എകെ ബാലനെ കുത്താനായിരുന്നു ജോസഫിന്റെ ശ്രമം എന്നു കരുതപ്പെടുന്നു. ജോസഫിനെ തടഞ്ഞെങ്കിലും സംഘട്ടനത്തില്‍ നിരവധി എസ്എഫ്ഐക്കാര്‍ക്കു പരിക്കേറ്റിരുന്നു. ഗൗരവമുള്ള പരിക്കൊന്നും അഷ്റഫിന് പറ്റിയിരുന്നില്ല. അതുകൊണ്ട് കുറച്ചുനാള്‍ക്കകം ആസ്പത്രിവാസം അവസാനിപ്പിച്ച് കോളേജില്‍ തിരിച്ചെത്തി. കളിക്കാരന്‍ കൂടിയായ അദ്ദേഹം കളിയെല്ലാം പുനരാരംഭിച്ചിരുന്നതായും പറയുന്നു. പിന്നെയൊരു നാള്‍ കഠിന വയറുവേദന കാരണം അഷ്റഫ് വീണ്ടും ആസ്പത്രിയിലായി. അപ്പെന്റിസൈറ്റിസ് ആണതെന്ന് മനസ്സിലാക്കി ശസ്ത്രക്രിയ നടത്തിയെങ്കിലും അപ്രതീക്ഷിതമായി അഷ്റഫ് മരണമടഞ്ഞു.

അഷ്റഫിനെ ആശുപത്രിയിലെത്തിച്ചത് സുധാകരൻ

അഷ്റഫിനെ ആശുപത്രിയിലെത്തിച്ചത് സുധാകരൻ

1973 നവംബര്‍ മുപ്പതിനാണ് അഷ്റഫിനു കുത്തേറ്റത്. മരിച്ചതാകട്ടെ 1974 മാര്‍ച്ച് അഞ്ചിനും. മരണം കോളേജില്‍ സംഘര്‍ഷമൊന്നുമുണ്ടാക്കിയില്ല. കെഎസ് യുക്കാരും മൃതദേഹത്തില്‍ റീത്ത് സമര്‍പ്പിക്കാന്‍ എത്തിയിരുന്നു. അതങ്ങനെ കഴിഞ്ഞുപോയെങ്കിലും പിന്നീട് ഈ മരണം വലിയ രക്തസാക്ഷിത്വമായി ഉയര്‍ന്നുവന്നു. ചില നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കെ സുധാകരനാണ് അഷ്റഫിനെ കുത്തിയതെന്ന പ്രചാരണവും നടന്നു. പലരും അതു വിശ്വസിക്കുന്നുമുണ്ട്. യഥാര്‍ത്ഥത്തില്‍ അഷ്റഫ് കുത്തേറ്റു വീഴുകയും പലരും പല വഴിക്ക് ഓടുകയും ചെയ്തപ്പോള്‍ ദൂരെ നോക്കിനിന്നിരുന്ന കെ സുധാകരനാണ് പാഞ്ഞുവന്ന് അഷ്റഫിനെ താങ്ങിയെടുത്ത് ബസ് സ്റ്റാന്‍ഡിലേക്കു ഓടിയതും ബസ്സില്‍- അതെ ബസ്സില്‍തന്നെ- കയറ്റി കൊണ്ടുപോയി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതും. ഇതു നേരില്‍ കണ്ട നിരവധിപേര്‍ ഇപ്പോഴുമുണ്ട്. ഈ സംഭവത്തിന്റെ ദീര്‍ഘവിവരണം, ദൃക്‌സാക്ഷിയായിരുന്ന എസ്എഫ്ഐ നേതാവും ബ്രണ്ണന്‍ കോളേജ് യൂണിയന്‍ സെക്രട്ടറിയുമായിരുന്ന കവിയൂര്‍ ബാലന്‍ എഴുതിയ 'കത്തിത്തീരാത്ത ഇന്നലെകള്‍' എന്ന പുസ്തകത്തിലുണ്ട്. (തലശ്ശേരി ആര്‍ട്‌സ് സൊസൈറ്റി, വാദ്ധ്യാര്‍പീടിക 2017-ല്‍ ആണ് ഈ പുസ്തകം പ്രസിദ്ധപ്പെടുത്തിയത്. അശ്‌റഫിനു പരിക്കേറ്റ ദിവസവും മരിച്ച ദിവസവും ഈ പുസ്തകത്തില്‍ ചേര്‍ത്തിട്ടുണ്ട്. ജില്ലാ ട്രഷറി ഉദ്യോഗസ്ഥനായാണ് ബാലന്‍ ജോലിയില്‍ നിന്നു വിരമിച്ചത്). കുറെ വര്‍ഷങ്ങള്‍ക്കു ശേഷമാണ് കോളേജുകളില്‍ അഷ്റഫിന്റെ ചരമദിനം രക്തസാക്ഷിദിനമായി ആചരിച്ചു തുടങ്ങിയത്.

ആരാണ് കെടി ജോസഫ്

ആരാണ് കെടി ജോസഫ്

അഷ്റഫിനെ കുത്തിയ കെടി ജോസഫ് പിന്നെ ബ്രണ്ണന്‍ കോളേജില്‍ വന്നില്ല. രാത്രി ഒരു സംഘത്തെയും കൂട്ടിവന്ന് സ്വന്തം സാധനങ്ങളെല്ലാമെടുത്ത് രക്ഷപ്പെടുകയാണ് ചെയ്തത്. പിന്നെ കോഴിക്കോട്ടാണ് പഠിച്ചത്. വിദ്യാഭ്യാസാനന്തരം കൊച്ചിയിലെത്തി മദ്യവ്യാപാരം നടത്തി വലിയ സമ്പന്നനായി. കക്ഷിരാഷ്ട്രീയം വെടിഞ്ഞ ജോസഫ് എറണാകുളത്ത് എല്ലാ പാര്‍ട്ടിക്കാരുടെയും പത്രക്കാരുടെയുമെല്ലാം പ്രിയങ്കരനായി.

വാസ്തവത്തില്‍ ഞാനും കെടി ജോസഫും ഒരേ ക്ലാസ്സിലാണ് ബിഎ ഇക്കണോമിക്‌സിന് ചേര്‍ന്നത്. പക്ഷേ, പരിചയപ്പെടുംമുമ്പ് കുത്തും കൊലയുമായി അദ്ദേഹം നാടുവിട്ടിരുന്നു. പിന്നെ, പരിചയം പുതുക്കി. കൊച്ചിയില്‍ കെഎം റോയിയുടെ വീട്ടില്‍വെച്ച് കണ്ടുമുട്ടിയപ്പോള്‍ വീട്ടിലേക്ക് നിര്‍ബന്ധിച്ച് കൂട്ടിക്കൊണ്ടുപോയി. കൊട്ടാരം പോലൊരു വീട്.

ഏതാനും വര്‍ഷം മുന്‍പ് ധര്‍മടത്ത് ഒരു ബ്രണ്ണന്‍ അലുംനി യോഗത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. ഏതാനും വര്‍ഷം മുന്‍പ് അന്തരിച്ചു.
നടന്നു പോകാവുന്ന അകലത്തില്‍ കൊടുവള്ളിയില്‍ ജീവിച്ച എനിക്ക് ഹൈസ്‌കൂള്‍ കാലത്തുതന്നെ കോളേജിലെ മുഖ്യകഥാപാത്രങ്ങളെ അറിയുമായിരുന്നു. ഞങ്ങള്‍ അഞ്ചു സഹോദരങ്ങള്‍-നാലും സഹോദരിമാര്‍- എല്ലാ ദിവസവും നടന്നാണ് ബ്രണ്ണന്‍ കോളേജില്‍ പോയിരുന്നത്. പ്രി ഡിഗ്രിയും ഡിഗ്രിയും ഒരാള്‍ എംഎയും അവിടെത്തന്നെയാണ് പഠിച്ചത്. അതുകൊണ്ടുതന്നെ, 1966 മുതല്‍ കോളേജ് സാഹസകഥകള്‍ എല്ലാ ദിവസവും വൈകുേന്നരങ്ങളില്‍ കുടുംബചര്‍ച്ചയിലെ വിഷയങ്ങളായിരുന്നു-1980 വരെ ഇതു തുടര്‍ന്നു. ഞാന്‍ ബ്രണ്ണനില്‍ പഠിച്ചത് അഞ്ചു വര്‍ഷം (1971-1976) മാത്രം.

Recommended Video

cmsvideo
K SUDHAKARAN AGAINST PINARAYI VIJAYAN
ഇനിയും എഴുതാം...

ഇനിയും എഴുതാം...

പിണറായിയില്‍ നിന്നു ധര്‍മടത്തേക്ക് ബസ് സര്‍വീസ് ഇല്ലായിരുന്നു. ഇപ്പോഴുണ്ടോ എന്നറിയില്ല. അവിടെ നിന്നുള്ള ബ്രണ്ണന്‍ വിദ്യാര്‍ത്ഥികള്‍ കൊടുവള്ളിയില്‍ ഇറങ്ങി മേലൂരേക്കും ചിറക്കുനിയിലേക്കും അണ്ടലൂരിലേക്കും പോകുന്ന ബസ് പിടിച്ചാണ് കോളേജിലെത്തിയിരുന്നത്. ഇവിടെ ബസ് കാത്തുനില്‍ക്കുമ്പോള്‍ ആണ്‍കുട്ടികളില്‍ മിക്കവരും അവിടെ ബാലചന്ദ്രന്റെ ബര്‍ബര്‍ ഷോപ്പില്‍ കയറി കണ്ണാടി നോക്കി മുടിയൊന്നു ചീകി മിനിക്കുക പതിവായിരുന്നു. പിണറായി വിജയനും ഇവിടെ ബസ് കാത്തുനില്‍ക്കാറുണ്ട്. കെഎസ്എഫ് നേതാവ് എന്ന നിലയില്‍ അന്നേ അദ്ദേഹം അറിയപ്പെട്ടിരുന്നു. കെഎസ് യുവിനും മുന്‍പേ കണ്ണൂരില്‍ ശക്തമായിരുന്ന വിദ്യാര്‍ത്ഥി കോണ്‍ഗ്രസ്. അതിന്റെ നേതാക്കള്‍ പലരും നല്ല തല്ലുകാരും ഗുണ്ടായിസക്കാരുമായിരുന്നു. പത്രത്തിലും നാട്ടിലും അവരില്‍ പലരുടെയും പേരുകള്‍ ചര്‍ച്ചാവിഷയമാകാറുണ്ട്. ഇപ്പോള്‍പേരുകള്‍ പറയുന്നില്ല. പലരും ജീവിച്ചിരിപ്പില്ല.

ഇനിയും പലതും എഴുതാവുന്നതായുണ്ട്. നേതാക്കള്‍ അതിന് അവസരം ഉണ്ടാക്കാതിരിക്കട്ടെ....

English summary
Veteran journalist NP Rajedndran writes about the real incidents happened in Brennan College. He was a student in Brennan College during Sudhakaran's time.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X