• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പ്ലീനം രേഖയിലേക്ക് കണ്ണും നട്ട്...

  • By Nirmal Joseph

ബിജു ശങ്കര്‍

എന്താണ് കേരളത്തില്‍ സിപിഎം ഇന്ന് അഭിമുഖീകരിയ്ക്കുന്ന പ്രശ്‌നങ്ങള്‍...? എവിടെയാണ് പാര്‍ട്ടിയ്ക്ക് പിഴച്ചത്, എവിടെയൊക്കെയാണ് ഇപ്പോഴും പിഴച്ചുകൊണ്ടിരിയ്ക്കുന്നത്? ആഗോളവത്കരണം പിടിമുറുക്കിത്തുടങ്ങിയതിന് ശേഷം സിപിഎമ്മിന്റെ തളര്‍ച്ചകള്‍ അരുവിക്കര ഉപതിരഞ്ഞെടുപ്പ് ഫലം വരെ എത്തി നില്‍ക്കുന്നതിനെ വിലയിരുത്തുകയാണ് ലേഖകന്‍.

ഏതെങ്കിലും തിരഞ്ഞെടുപ്പില്‍ സ്വീകരിച്ച അടവു പരമായ പരാജയമല്ല യഥാര്‍ഥത്തില്‍ സിപിഎം നേരിടുന്നത്. അത്തരത്തില്‍ സിപിഎമ്മിനെതിരായ വിമര്‍ശനങ്ങളെ പരിമിതപ്പെടുത്താനുള്ള ശ്രമങ്ങളാണു കണ്ടുവരുന്നത്.

തിരഞ്ഞെടുപ്പുകളില്‍ ഓരോന്നായി പരാജയപ്പെടുമ്പോഴും സിപിഎം പറഞ്ഞുകൊണ്ടിരുന്ന ഒരു കാര്യം പാര്‍ട്ടിയുടെ അടിത്തറ തകര്‍ന്നിട്ടില്ല എന്നതായിരുന്നു. അടിത്തറ തകരാതിരിക്കുന്നതില്‍ ആത്മ നിര്‍വൃതി പൂണ്ടുകൊണ്ടുള്ള സ്വയം വിമര്‍ശനമായിരുന്നു പാര്‍ട്ടി നടത്തിക്കൊണ്ടിരുന്നതെന്നര്‍ഥം. ഓരോ തിരഞ്ഞെടുപ്പു പരാജയത്തിന്റെയും അടിസ്ഥാനത്തില്‍ മാത്രം സ്വയം വിമര്‍ശനമെന്ന മാര്‍ക്‌സിസ്റ്റ് ആയുധത്തെ പ്രയോഗിക്കാന്‍ തയ്യാറാകുന്ന സിപിഎമ്മിന്റെ ഉള്‍പ്പാര്‍ട്ടി സംവിധാനങ്ങള്‍ മാറി എന്നു നേതാക്കളുടെ പ്രതികരണങ്ങളില്‍ നിന്നു വ്യക്തമാണ്.അരുവിക്കര തിരഞ്ഞെടുപ്പിനു ശേഷം സഖാവ് ഡോ. ടി എം തോമസ് ഐസക് തന്റെ ഫേസ് ബുക്ക് പേജില്‍ നടത്തിയ പ്രതികരണത്തിന്റെ അവസാന ഭാഗം ഇങ്ങനെയായിരുന്നു:

'മറ്റൊരു ഗൗരവതരമായ പ്രശ്‌നം, ഇത്രയേറെ പ്രതികൂലമായ സാഹചര്യം ഉണ്ടായിരുന്നിട്ടും യുഡിഎഫിന്റെ രാഷ്ട്രീയാടിത്തറ എന്തുകൊണ്ട് തകരുന്നില്ല എന്നതാണ്. അഴിമതിയും വികസന സ്തംഭനവും സംബന്ധിച്ച് പ്രതിപക്ഷം ഉയര്‍ത്തിയ വിമര്‍ശനങ്ങളൊന്നും അടിസ്ഥാനരഹിതമായിരുന്നില്ല. ആ വിമര്‍ശനങ്ങളുടെ അടിസ്ഥാനത്തില്‍ത്തന്നെയാണ് വോട്ടുചെയ്തവരില്‍ അറുപതു ശതമാനം പേരും സര്‍ക്കാരിനെതിരായ നിലപാടു സ്വീകരിച്ചത്. എന്നാല്‍ പരമ്പരാഗതമായി യു ഡി എഫിന് വോട്ടു ചെയ്തുവരുന്നവരില്‍ മാനസാന്തരമുണ്ടാക്കാന്‍ ഈ രാഷ്ട്രീയപ്രചരണത്തിനു കഴിഞ്ഞിട്ടുമില്ല. ഇതിന്റെ കാരണങ്ങളെക്കുറിച്ചും വിശദമായ പരിശോധന ആവശ്യമാണ്. പൊതുപ്രവര്‍ത്തനത്തിന്റെ രീതിയിലും ശൈലിയിലും വരുത്തേണ്ട മാറ്റങ്ങള്‍ സംസ്ഥാന പ്ലീനം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതും ഇത്തരമൊരു പരിശോധനയ്ക്ക് സഹായകരമാണ്'

യുഡിഎഫിനെതിരെ ചിന്തിക്കുന്ന കേരളത്തിലെ 60 ശതമാനത്തിന് ഇടതുപക്ഷവും ബിജെപിയും ഒരുപോലെയാണെന്നു വരുന്നു എന്നതാണ് അരുവിക്കര തിരഞ്ഞെടുപ്പിന്റെ ഒരു പാഠം. മറ്റൊന്ന് യുഡിഎഫിനു പരമ്പരാഗതമായി വോട്ടു ചെയ്തു കൊണ്ടിരിക്കുന്ന വിഭാഗത്തില്‍ മാറ്റമുണ്ടാക്കാന്‍ സിപിഎമ്മിന്റെ പൊതു പ്രവര്‍ത്തനത്തിന്റെ രീതിയിലും ശൈലിയിലും വരുത്തേണ്ട മാറ്റങ്ങള്‍ പ്ലീനം നിര്‍ദ്ദേശിച്ചിട്ടുണ്ട്. അത് എടുത്തണിയാന്‍ സമയമായിരിക്കുന്നു.

രണ്ടു തലത്തിലുള്ള പോരാട്ടമാണ് സിപിഎമ്മില്‍ നിന്ന് കാലം ആവശ്യപ്പെടുന്നത്. ഒന്ന്- കൈമോശം വന്നു പോയ വര്‍ഗ രാഷ്ട്രീയം തിരികെ പിടിക്കുക. രണ്ട്- ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ സര്‍വസജ്ജരായി ജനങ്ങളെ അണിനിരത്തുക. ഈ രണ്ട് ഉത്തരവാദിത്തവും നിര്‍വഹിക്കാന്‍ പ്ലീനം നിര്‍ദ്ദേശത്തെ ആശ്രയിക്കുന്നതിലൂടെ സാധിക്കുമോ എന്ന ചോദ്യമാണ് ശക്തമായി ഉയരുന്നത്. ഹിന്ദുത്വ ഫാസിസത്തെ എതിര്‍ക്കുമ്പോള്‍ തൂക്കമൊപ്പിക്കാന്‍ മുസ്‌ലിം വര്‍ഗീയതയേയും എതിര്‍ക്കുക എന്ന മെയ് വഴക്ക നിലപാടുകളെ പുനരാലോചനയ്ക്ക് വിധേയമാക്കേണ്ട ഘട്ടമാണു വന്നു ചേര്‍ന്നിരിക്കുന്നത്.

ഫാസിസം അതിന്റെ രാഷ്ട്രീയ പ്രയോഗത്തിന്റെ തന്ത്രങ്ങള്‍ ഓരോന്നായി പുറത്തെടുത്തു കൊണ്ടിരിക്കുന്നു. വൈവിധ്യങ്ങളെ ഉന്‍മൂലനം ചെയ്ത് ഏകശിലാ രൂപത്തിലേക്കു സമൂഹത്തെ കൊണ്ടുവരുക എന്ന ഫാസിസത്തിന്റെ അടിസ്ഥാന അജണ്ട യോഗാദിനം പോലുള്ള സൂക്ഷ്മതല നീക്കങ്ങളിലൂടെ കടന്നുവരുന്നതുകാണുമ്പോള്‍ കണ്ണടയ്ക്കുകയാണെങ്കില്‍ ഫാസിസത്തിന്റെ തന്ത്രങ്ങളെ വിലയിരുത്തുന്നതില്‍ പാര്‍ട്ടിയുടെ സംവിധാനങ്ങള്‍ പാഴായിപ്പോകുന്നു എന്നു കരുതേണ്ടി വരും.

വര്‍ഗരാഷ്ട്രീയത്തെ വീണ്ടെടുക്കണമെങ്കില്‍ വര്‍ഗരാഷ്ട്രീയത്തില്‍ നിന്നു പാര്‍ട്ടി പിന്നാക്കം പോയി എന്ന സത്യം ആദ്യം ഉള്‍ക്കൊണ്ടേ മതിയാവൂ. അത് ഉള്‍ക്കൊള്ളണമെങ്കില്‍ പാര്‍ട്ടിയില്‍ 90 കള്‍ക്കു ശേഷം ആരംഭിച്ച ഉള്‍പ്പാര്‍ട്ടി സമരത്തെക്കുറിച്ച് ആരോഗ്യകരമായ വിലയിരുത്തലിനു തയ്യാറാവണം. 90 കളില്‍ ആരംഭിച്ച ഉള്‍പ്പാര്‍ട്ടി സമരത്തെ വിഭാഗീയത എന്നു മുദ്രകുത്തിയതില്‍ വന്ന പിശകിനെ തിരുത്താതെ അത്തരത്തിലൊരു വിശകലനം സാധ്യമല്ലാതായിത്തീരും.

ഏറ്റവും ഒടുവില്‍, പ്രതിസന്ധി ഘട്ടങ്ങളില്‍ യുഡിഎഫിനെ സഹായിച്ചവനെന്നും പാര്‍ട്ടി വിരുദ്ധ മാനസികാവസ്ഥയിലേക്കു തരം താണവനെന്നും വിഎസിനെ വിശേഷിപ്പിക്കാന്‍ പാര്‍ട്ടിയെ പ്രേരിപിച്ച ആ പ്രസ്താവനക്ക് ഉത്തരം നല്‍കുന്നതോടെ തിരുത്തല്‍ പ്രക്രിയക്കു തുടക്കമിടാവുന്നതാണ്.

സെക്രട്ടറിമാര്‍ മാറിയെങ്കിലും, അവര്‍ പിന്‍തുടര്‍ന്ന വൈകല്ല്യങ്ങള്‍ തുടരുന്നു എന്ന വിഎസിന്റെ പരമാര്‍ശത്തെ വിഭാഗീയതയായി കാണുന്നതിനു പകരം, അത്തരത്തില്‍ പാര്‍ട്ടിയെ വലതുപക്ഷത്തേക്കു നയിച്ച വ്യതിയാനങ്ങള്‍ ഏതൊക്കെയെന്നും അതെല്ലാം എങ്ങിനെ സംഭവിച്ചു എന്നും വിലയിരുത്താന്‍ കഴിയുന്ന ഒരു തുറന്ന സമീപനത്തിനു സാധ്യതയുണ്ടോ എന്നതാണു പ്രശ്‌നം.

1990 കളില്‍ ലോകത്ത് സോഷ്യലിസ്റ്റ് ബ്ലോക്ക് ഒന്നൊന്നായി തിരിച്ചടി നേരിട്ടപ്പോള്‍ പോറലേല്‍ക്കാതെ നിന്ന പാര്‍ട്ടിയാണല്ലോ ഇന്ത്യയിലെ സിപിഎം. ലോകത്തെ പല കമ്യൂണിസ്റ്റുപാര്‍ട്ടികളും കൊടിയും പേരും മാറ്റിയെങ്കിലും സിപിഎം പിടിച്ചു നിന്നു. 1990 കളില്‍ കേരളത്തിലെ വലതുപക്ഷ മാധ്യമങ്ങളില്‍ വ്യാപകമായി നിലനിന്ന പ്രചാരണം കേരളത്തിന്റെ വികസനത്തിന് തടസ്സം സൃഷ്ടിക്കുന്നത് സിപിഎമ്മിന്റെ നിലപാടുകളാണെന്നായിരുന്നു. എന്തിനും ഏതിനും സമരം കേരളത്തിന്റെ വികസനത്തിനു തടസ്സമാകുന്നു എന്ന പ്രചാരണം അക്കാലത്ത് വ്യാപകമായി. ആഗോള വല്‍ക്കരണത്തിന്റെ കാറ്റ് മറുവശത്ത് വീശിത്തുടങ്ങുകയും ചെയ്തു.

സമരോല്‍സുകമായിരുന്ന ഭൂതകാലത്ത് നിന്നു സിപിഎമ്മിനെ മാറ്റിത്തീര്‍ക്കുന്നതില്‍ കേരളത്തിലെ മധ്യവര്‍ഗത്തിന്റെ സമര വിരുദ്ധത വലിയ പങ്കു വഹിച്ചു. 'ടില്ലറിനെതിരേയും കംപ്യൂട്ടറിനെതിരേയും' സമരം ചെയ്തവര്‍ എന്ന പഴി ആവര്‍ത്തിക്കുന്നതുകേട്ട് സിപിഎം ചൂളി നിന്നു. സമരം എന്നത് അശ്ലീലമാണെന്ന ബോധം വളരെ വേഗം കേരളത്തിന്റെ പൊതുബോധത്തെ കീഴടക്കി. വളരെ വേഗം സിപിഎം വലതുപക്ഷ പാര്‍ലിമെന്ററി രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ പാതയിലേക്കു നീങ്ങുകയും ചെയ്തു. പാര്‍ട്ടി പരിപാടി പരിഷ്‌കരിക്കുന്നതിനു പ്രത്യേക പ്ലീനം ചേര്‍ന്ന ശേഷം നമ്മള്‍ കണ്ടു മുട്ടിയ പാര്‍ട്ടി തികച്ചും വ്യത്യസ്ഥമായ ഒരു ഒത്തു തീര്‍പ്പു പാര്‍ട്ടിയായിരുന്നു.

ആഗോള വല്‍ക്കരണ നയങ്ങള്‍ക്കെതിരായ സമരങ്ങള്‍ ആരെയും അലോസരപ്പെടുത്താതെ കടന്നു പോയി. ഇഎംഎസ് വിഭാവനം ചെയ്ത അധികാര വികേന്ദ്രീകരണമെന്ന ആശയത്തിന്റെ മൂര്‍ത്ത രൂപമായ ജനകീയാസൂത്രണ പദ്ധതിയിലേക്ക് ആഗോള വല്‍ക്കരണ നയങ്ങളുടേയു ഐഎംഎഫ്-ലോകബാങ്ക് ലക്ഷ്യമിടുന്ന ഗ്രാസ് റൂട്ട് ലെവല്‍ വികസനമെന്ന ആശയത്തെ കടത്തിക്കൊണ്ടുവന്നു എന്ന ആരോപണവുമായി ദേശാഭിമാനിവാരിക പത്രാധിപരായിരുന്ന പ്രഫ. എംഎന്‍ വിജയന്റെ നേതൃത്വത്തില്‍ ആരംഭിച്ച വിമര്‍ശനങ്ങളാണ് കേരളത്തിന്റെ ഇടതുപക്ഷ മനസ്സ് സിപിഎമ്മിനെ സംശയത്തോടെ നോക്കുന്ന സാഹചര്യം സൃഷ്ടിച്ചത്.

വിജയന്‍ മാഷെ പിന്‍തുണച്ചുകൊണ്ട് ഇടതു ബുദ്ധിജീവികള്‍ ധാരാളം രംഗത്തുവന്നു. ഈ വിമര്‍ശങ്ങളെ ആരോഗ്യകരമായ ഇടതുപക്ഷ വിമര്‍ശനമായി കാണാന്‍ പാര്‍ട്ടി തയ്യാറായില്ല. എംഎന്‍ വിജയന്റെ നേതൃത്വത്തില്‍ ഉയര്‍ത്തപ്പെട്ട വിമര്‍ശനങ്ങളുടെ രാഷ്ട്രീയമാണ് വിഎസ് അച്യുതാനന്ദന്‍ ഏറ്റെടുത്തത്. ഉള്‍പ്പാര്‍ട്ടി സമരമെന്ന കമ്യൂണിസ്റ്റുകാരുടെ ശക്തമായ ആയുധം പ്രയോഗിക്കാന്‍ ശ്രമിച്ച വിഎസിനെ പാര്‍ട്ടി വിരുദ്ധനായി പുറന്തള്ളാനുള്ള ശ്രമമാണു പിന്നീടു നടന്നത്. കേരളത്തിലെ ഇടതു പക്ഷ മനസ്സ് വിഎസിന്റെ കൂടെ അടിയുറച്ചു നിന്നതു കൊണ്ടു മാത്രമാണ് അദ്ദേഹത്തിന് എം വി രാഘവന്റേയും ഗൗരിയമ്മയുടേയും അവസ്ഥ വരാതിരുന്നത്.

വിഎസിനെ പാര്‍ട്ടി വിരുദ്ധ മനോനിലയിലേക്കു തരം താണവനായി ചിത്രീകരിക്കുമ്പോഴും ഇടതുപക്ഷ മനസ്സ് അദ്ദേഹത്തിന്റെ കൂടെയാണെന്ന് മനസ്സിലാക്കാന്‍ അരുവിക്കര തിരഞ്ഞെടുപ്പു മാത്രം മതി. പാര്‍ട്ടിയില്‍ ഏറ്റവും അവസാനത്തെ വിചാരണക്കു കളമൊരുക്കിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലാണു വി എസിനെ അരുവിക്കരയില്‍ പ്രചാരണത്തിന്റെ ചുമതലക്കാരനാക്കിയത്. ഒരു പക്ഷെ, വിഎസ് പ്രചാരണം ഏറ്റെടുത്തില്ലായിരുന്നുവെങ്കില്‍ അരുവിക്കരയില്‍ ബിജെപി ക്കു പിന്നില്‍ മൂന്നാം സ്ഥാനത്ത് എവിടെയോ ആയിപ്പോയെനെ പാര്‍ട്ടിയുടെ സ്ഥാനം.

ആഗോള വല്‍ക്കരണത്തിന്റെ കുത്തൊഴുക്കിനിടെ ഇടതു പക്ഷത്തിന് അധികാരം ലഭിച്ചപ്പോള്‍ ആഗോള വല്‍ക്കരണത്തെ പ്രതിരോധിക്കുന്ന ഏതെങ്കിലുമൊരു ബദല്‍ രാഷ്ട്രീയം ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല, മുമ്പു ചെയ്ത സമരങ്ങളെ പോലും പുച്ഛിക്കുന്ന സമീപനത്തിലേക്ക് ആ സര്‍ക്കാര്‍ പോയി. എഡിബിക്കെതിരെ സമരം ചെയ്ത കേരളത്തിലെ ഇടതു ബോധത്തെ പുച്ഛിച്ചുകൊണ്ട് എഡിബി ലോണിനു വേണ്ടി പിന്‍വാതില്‍ ഓപ്പറേഷനുകള്‍ നടത്തിയതോടെയാണ് കേരളത്തില്‍ ഇടതും വലതും തമ്മിലുള്ള വേര്‍ തിരിവിന്റെ വേലിക്കെട്ടുകള്‍ പൊളിഞ്ഞുതുടങ്ങിയത്. നകീയാസൂത്രണത്തില്‍ 'നാലാം ലോക' ആശയങ്ങള്‍ കടന്നുവന്നതിന്റെ പേരില്‍ ആരോപിതനായ ഡോ. തോമസ് ഐസക്ക് ധനമന്ത്രിയെന്ന നിലയില്‍ എഡിബി ലോണിനെ ന്യായീകരിക്കുന്ന അവസ്ഥയുണ്ടായി.

ഇന്ന് ഗ്രീസില്‍ ഇടതുപക്ഷ പ്രധാനമന്ത്രി അലക്‌സിസ് സിപ്രസ് നടത്തുന്ന പ്രതിരോധത്തിന്റെ ചെറിയ ചുവടുവെപ്പുകള്‍ പോലും ലോകത്തെ ഇടതു മനസ്സുകളെ ആവേശ ഭരിതരാക്കുന്നു. ഒരു സംസ്ഥാന ഭരണകൂടത്തിനും പ്രതിരോധത്തിന്റെ ചെറു ചുവടുകള്‍ വയ്ക്കാവുന്ന നിരവധി സാധ്യതകളുണ്ടായിരുന്നു. പൊതുമേഖലാ ബാങ്കുകളേയും സഹകരണ ബാങ്കുകളേയുമെല്ലാ പ്രയോജനപ്പെടുത്തി ഒരു ചുവടെങ്കിലും വച്ചിരുന്നുവെങ്കില്‍ സിപിഎമ്മിന്റെ അന്തസ്സ് വാനോളമുയരുമായിരുന്നു. ആഗോളവല്‍ക്കരണത്തിനെതിരായ സമരം വെറും വായ്ത്താരിയല്ലെന്നു ജനങ്ങള്‍ അംഗീകരിക്കുമായിരുന്നു. കേരളത്തിലെ ഇടതുപക്ഷ മനസ്സ് ഒന്നടക്കും പാര്‍ട്ടിക്കും സര്‍ക്കാരിനും ഒപ്പം നില്‍ക്കുമായിരുന്നു.

വലതുപക്ഷ വ്യതിയാനമെന്ന ആരോപണത്തെ ന്യായീകരിക്കുന്ന എത്രയെത്ര ഉദാഹരണങ്ങളാണ് 1990 നുശേഷം പാര്‍ട്ടി പൊതു സമൂഹത്തിനു മുന്നില്‍ വച്ചത്. വിഎസിനെ വിഭാഗീയതയുടെ പേരില്‍ ക്രൂശിക്കുമ്പോള്‍ തന്നെ അദ്ദേഹം ഉന്നയിക്കുന്ന വ്യതിയാനത്തിന്റെ ഓരോ അടയാളങ്ങള്‍ മനസ്സാക്ഷിക്കുത്തില്ലാതെ പാര്‍ട്ടി പ്രദര്‍ശിപ്പിച്ചുകൊണ്ടിരുന്നു. പാര്‍ട്ടിയെ പ്രതീക്ഷയോടെ നെഞ്ചേറ്റിയ ജനങ്ങളെ ക്രൂരമായി ഓരോ ഘട്ടത്തിലും നേതൃത്വം വെല്ലുവിളിച്ചുകൊണ്ടിരുന്നു.

അവസാനത്തെ പാര്‍ട്ടി കോണ്‍ഗ്രസില്‍ നേതൃത്വം മാറാന്‍ സാധ്യത തെളിഞ്ഞതുപോലും കേരളത്തില്‍ നടന്ന ഉള്‍പ്പാര്‍ട്ടി സമരത്തിന്റെ ശക്തികൊണ്ടാണെന്നു കാണാന്‍ കഴിയും. പാര്‍ട്ടി സെക്രട്ടറിമാര്‍ക്കു കാലാവധി നിശ്ചയിച്ചില്ലെങ്കില്‍ വീണ്ടും കാരാട്ടും പിണറായിയും ആ സ്ഥാനങ്ങളില്‍ തുടരുമായിരുന്നു. അത്രയുമാണ് കേന്ദ്രീകൃത ജനാധിപത്യത്തിന്റെ ശക്തി.

കൂട്ടായ നേതൃത്വമാണ് പാര്‍ട്ടിക്ക് എന്നും, അതിനാല്‍ നേതാക്കള്‍ വരുന്നതും പോവുന്നതും പാര്‍ട്ടി നയത്തെ ബാധിക്കില്ലെന്നുമുള്ള പൊള്ളാണ് നേതൃമാറ്റത്തിനു ശേഷമുള്ള സാഹചര്യത്തെ വിലയിരുത്തിക്കൊണ്ടു വിഎസ് പുറപ്പെടുവിച്ച പ്രസ്താവനയെ മറികടക്കാന്‍ പാര്‍ട്ടി പറഞ്ഞുകൊണ്ടിരിക്കുന്നത്. കേന്ദ്രീകൃത ജനാധിപത്യം എന്ന സംഘടനാ സംവിധാനത്തെക്കുറിച്ച് അജ്ഞരായവരെ ഇതു വുശ്വസിക്കുകയുള്ളു.

കേന്ദ്രീകൃത ജനാധിപത്യമെന്ന ലെനിനിസ്റ്റ് സംഘടനാ തത്വം, വിപ്ലവം നടത്താനുള്ള പാര്‍ട്ടിക്കുവേണ്ടി രൂപപ്പെടുത്തിയതാണെന്ന യാഥാര്‍ഥ്യമാണ് ഇവിടെ മറച്ചു പിടിക്കാന്‍ ശ്രമിക്കുന്നത്. വിപ്ലവം നടത്താന്‍ സൈനിക അച്ചടക്കമുള്ള ഒരുപാര്‍ട്ടി ചട്ടക്കൂട് ആവശ്യമായപ്പോഴാണ് കേന്ദ്രീകൃത ജനാധിപത്യമെന്ന പാര്‍ട്ടി സംവിധാനം ആവശ്യമായി വരുന്നത്. (വിപ്ലവ പരിപാടി ഇല്ലാത്ത പാര്‍ട്ടിക്ക് ഈ ചട്ടക്കൂടിന്റെ ആവശ്യമില്ല) അതിനാല്‍ തന്നെ ആ സംവിധാനത്തില്‍ പാര്‍ട്ടി സെക്രട്ടറിയില്‍ അധികാരം കേന്ദ്രീകരിക്കപ്പെടുമെന്നതു കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം പരിശോധിച്ചാല്‍ കാണാവുന്നതാണ്.

അതുകൊണ്ടാണു സഖാവ് പിണറായി വിജയന്‍ പാര്‍ട്ടിയെ നയിച്ച കാലത്ത് സംഭവിച്ച ഓരോ വ്യക്തപരമായ വീഴ്ചകള്‍ പോലും പാര്‍ട്ടിയെ ബാധിച്ചത്. ഒരു മാനേജ്‌മെന്റ് വിദഗ്ധന്‍ എന്ന നിലയിലാണ് പാര്‍ട്ടി അണികള്‍ പിണറായിയെ കണ്ടത്. അദ്ദേഹത്തിന്റെ മഹത്വം ആഘോഷിക്കപ്പെടുന്നതും ആ അര്‍ഥത്തിലാണ്. പാര്‍ട്ടിയില്‍ വിഭാഗീയതയുടെ പേരില്‍ വാര്‍ത്തകള്‍ നിറഞ്ഞതിന്റെ പേരില്‍ മനോരമയുടെ ന്യൂസ് മേക്കര്‍ അവാര്‍ഡ് വാങ്ങാന്‍ പിണറായിയെ സജ്ജമാക്കിയതും അതേ മാനേജ്‌മെന്റ് വൈദഗ്ധ്യം തന്നെയാണ്.

പിണറായി വിജയന്‍ കുടുംബ സമേതം നടത്തിയ സിംഗപ്പൂര്‍ യാത്രയില്‍ നിന്നാണ് ഒരു പക്ഷെ കേരളീയ സമൂഹം പാര്‍ട്ടി സെക്രട്ടറിയുടെ ജീവിതത്തെ നിരീക്ഷിക്കാന്‍ തുടങ്ങിയത്. പാര്‍ട്ടി സെക്രട്ടറിയെ ഒരു സുപ്രഭാതത്തില്‍ കാണാതാവുന്നതോടെയാണ് പിണറായി എവിടെ എന്ന ചോദ്യം സജീവമായത്. ഒടുവില്‍ അദ്ദേഹം സിംഗപ്പൂരില്‍ കുടുംബ സമേതം യാത്രപോയതാണെന്നും പാര്‍ട്ടിയുടെ അനുമതിയോടെയാണു യാത്രയെന്നും വിശദീകരണമുണ്ടായി. സ്ഥിരം വിമാനയാത്ര ചെയ്യുന്നവര്‍ക്ക് വിമാനക്കമ്പനികള്‍ നല്‍കുന്ന സൗജന്യം ഉപയോഗിച്ചായിരുന്നു യാത്രയെന്നും പാര്‍ട്ടി വിശദീകരിച്ചതോടെ കേരളത്തിന്റെ പൊതുബോധത്തിന് അതെന്തോ അശ്ലീലം കേട്ടപോലെയാണു തോന്നിയത്. പിന്നെ മകനെ ലണ്ടനില്‍ പഠിക്കാനയച്ചതിന്റെ പേരിലും പൊതു സമൂഹം ആശങ്കാകുലമായി. ബാങ്ക് ലോണെടുത്താണ് ഇതിനുള്ള പണം കണ്ടെത്തിയതെന്ന വിശദീകരണം ഉണ്ടാവേണ്ടിവന്നു. പിന്നെ പിണറായിയുടെ വീടു നിര്‍മാണം വാര്‍ത്തയായി.

എന്നാല്‍ കേരളീയ സമൂഹത്തെ നടുക്കിക്കൊണ്ടാണ് ചെന്നൈ വിമാനത്താവളത്തില്‍ വച്ച് പിണറായിയുടെ ബാഗില്‍ നിന്നു വെടിയുണ്ട കണ്ടെത്തിയത്. എന്തൊക്കെ വിശദീകരണങ്ങളുണ്ടായാലും ആ സംഭവത്തോടെ സിനിമയില്‍ കണ്ടു ശീലിച്ച മാഫിയാ രാഷ്ട്രീയക്കാരന്റെ മുഖമാണ് കേരളീയ സമൂഹത്തില്‍ ഒരു കമ്യൂണിറ്റ് നേതാവിനെക്കുറിച്ചുണ്ടായത്. പുറത്തൊന്നും കാണാനില്ലെങ്കിലും കേരളീയ സമൂഹത്തിലെ പൊതുബോധത്തില്‍ ആ ചിത്രം സൃഷ്ടിച്ച ആഘാതം ഒരിക്കലും പാര്‍ട്ടിക്കു വിലയിരുത്താന്‍ കഴിയാത്തതായിരുന്നു. നിഷ്പക്ഷമതികള്‍ എന്നൊരു വിഭാഗമുണ്ടെങ്കില്‍ അവരുടെ ഉള്ളില്‍ ഉത്തരംകിട്ടാത്ത അനേകം ചോദ്യമാണ് ആ ഒറ്റ സംഭവം സൃഷ്ടിച്ചത്. ലാവ്‌ലിന്‍ അഴിമതി ആരോപണങ്ങള്‍ കൂടി വന്നതോടെ കമ്യൂണിസ്റ്റു പാര്‍ട്ടിക്കും കോണ്‍ഗ്രസിനും തമ്മിലുള്ള വ്യത്യാസത്തിന്റെ നേര്‍ രേഖ ഇല്ലാതാവുകയായിരുന്നു. ഒരു അഴിമതി ആരോപണമുയര്‍ന്നപ്പോള്‍ കോണ്‍ഗ്രസ്സുകാരോ ബിജെപിക്കാനോ കൈകാര്യം ചെയ്യുന്നതില്‍ നിന്നു വ്യത്യസ്തമായി ആ സാഹചര്യത്തെ സമീപിക്കാന്‍ പോലും പാര്‍ട്ടിക്കു കഴിഞ്ഞില്ല.

ജനപക്ഷ രാഷ്ട്രീയം പാര്‍ട്ടി പൂര്‍ണമായി കൈവിട്ടതായി ജനങ്ങള്‍ക്കു ബോധ്യമായിക്കൊണ്ടിരിക്കുമ്പോഴും വി എസ് നടത്തിക്കൊണ്ടിരുന്ന ഇടപെടലുകളെ ജനം പ്രതീക്ഷയോടെ നോക്കി. വി എസ് മുഖ്യമന്ത്രിയായപ്പോള്‍ സര്‍ക്കാര്‍ ഭൂമി കൈയ്യേറ്റത്തിനെതിരെ ആരംഭിച്ച മൂന്നാര്‍ ഓപ്പറേഷന്‍ പോലുള്ള നീക്കങ്ങളെ പിന്‍തുണക്കാതിരുന്ന നീക്കം പാര്‍ട്ടിയെ കേരളത്തിലെ ഇടതുപക്ഷ മനസ്സില്‍ നിന്ന് പടുകുഴിയിലേക്കു വലിച്ചെറിയാന്‍ മാത്രമാണു സഹായിച്ചത്.

കേരളത്തിലെ ഇടതുബോധം പ്രതീക്ഷയോടെ ഉറ്റുനോക്കാറുള്ള പശ്ചിമ ബാംഗാളില്‍ നിന്നുള്ള വാര്‍ത്തകള്‍ കൂടി ആയതോടെ സിപിഎം എന്ന പാര്‍ട്ടിയുടെ പോക്ക് എങ്ങോട്ടാണെന്ന് എല്ലാവര്‍ക്കും ബോധ്യമായി. കേരളത്തില്‍ ഒരു വിഎസിന്റെ ഇടപെടല്‍ പാര്‍ട്ടിക്ക് തലവേദനയാണെങ്കിലും ഇവിടുത്തെ ഇടതുപക്ഷ മനസ്സിനെ പാര്‍ട്ടിക്കൊപ്പം കൊണ്ടുപോകുന്നതില്‍ അത് അതിശക്തമായ പങ്കാണു വഹിച്ചതെന്നു തെളിയിക്കാന്‍ ബംഗാളിന്റെ ഉദാഹരണം മാത്രം മതി. ബംഗാളില്‍ പാര്‍ട്ടിയുടെ പോക്കിനെ എതിര്‍ക്കുന്ന ഒരു നേതാവെങ്കിലും ഉണ്ടായിരുന്നുവെങ്കില്‍ ഒരുപക്ഷെ ഇത്രയും വലിയ നാശം അവിടെ സംഭവിക്കില്ലായിരുന്നു.

സിംഗൂരിലും നന്ദിഗ്രാമിലും ജനങ്ങള്‍ക്കെതിരെ ആയുധമെടുത്ത പാര്‍ട്ടിയായി എങ്ങനെ സിപിഎമ്മിനു മാറാന്‍ കഴിഞ്ഞു എന്ന ചോദ്യം കേരളത്തിലും വലിയ തോതില്‍ അലയടിച്ചു. ഇന്തോനേഷ്യയില്‍ ആയിരക്കണക്കിനു കമ്യൂണിസ്റ്റുകാരെ കൊന്നു തള്ളിയ സുഹാര്‍ത്തോയുടെ പിന്‍മുറക്കാര്‍ക്കുവേണ്ടി ഭൂമി ഒരുക്കുന്നതിനായിരുന്നു ജനങ്ങള്‍ക്കെതിരെ വെടിയുതിര്‍ത്തതെന്ന സത്യം ആരെത്ര മൂടിവച്ചാലും കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ വലിയ ചര്‍ച്ചയായി.

ആഗോള വല്‍ക്കരണത്തിന്റെ ആരംഭ കാലത്ത് കേരളത്തിലെ കമ്യൂണിസ്റ്റു പാര്‍ട്ടി ഉത്തരം പറയേണ്ടിയിരുന്ന ഒരു വലിയ ചര്‍ച്ച പൊതുമണ്ഡലത്തില്‍ നടന്നിരുന്നു. നാലാംലോക വാദവുമായി ബന്ധപ്പെട്ടായിരുന്നു ആ ചര്‍ച്ചകള്‍. മാര്‍ക്‌സിസത്തിന്റെ പ്രസക്തി നഷ്ടമായി എന്ന പ്രചാരണത്തിന്റെ ചുവടുപിടിച്ച് രൂപപ്പെട്ടുവന്ന നാലാം ലോക കാഴ്ചപ്പാടുകള്‍ വിളഞ്ഞത് ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ബൗദ്ധിക മണ്ഡലങ്ങളിലായിരുന്നുവെങ്കിലും അതിനു പാര്‍ട്ടി ബുദ്ധി കേന്ദ്രങ്ങളുടെ പിന്‍തുണയുണ്ടായിരുന്നു. വര്‍ഗസമര രാഷ്ട്രീയത്തിനു പകരം വര്‍ഗസഹകരണത്തിന്റെ സന്ദേശങ്ങള്‍ ഉള്‍ച്ചേര്‍ന്ന വികസന ലക്ഷ്യം മുന്‍നിര്‍ത്തിയ ഈ നീക്കങ്ങള്‍ ജനകീയാസൂത്രണത്തിലൂടെ ഒളിച്ചുകടന്നതിനെതിരെ കേരളത്തിലെ ഇടതു ബുദ്ധിജീവികള്‍ ശബ്ദമുയര്‍ത്തിയപ്പോള്‍ പാര്‍ട്ടി അതിനെ അധിക്ഷേപിച്ച് തള്ളിക്കളഞ്ഞു.

നാലാം ലോക വാദത്തിന്റെ ചില ഉപജ്ഞാതാക്കളെ പാര്‍ട്ടി തള്ളിയെങ്കിലും അയല്‍ക്കൂട്ട, അരാഷ്ട്രീയ സംഘങ്ങളിലൂടെ ആ ആശയം വളരെ ശക്തമായി കേരളീയ സമൂഹത്തില്‍ വേരുകള്‍ ആഴ്ത്തി. മുന്‍ കാലങ്ങളില്‍ പാര്‍ട്ടി സംവിധാനങ്ങളിലൂടെ നടന്നിരുന്ന കാര്യങ്ങളെല്ലാം ചെയ്യാന്‍ ഇന്നു നാട്ടിലാകെ അയല്‍ക്കൂട്ടങ്ങളുണ്ട്. ഇടതുപക്ഷം രാഷ്ട്രീയം കൈയ്യൊഴിഞ്ഞപ്പോള്‍, സാമൂഹിക ബന്ധങ്ങള്‍ അപ്രാപ്യമായിരുന്ന ആര്‍എസ്എസുകാരനും കോണ്‍ഗ്രസുകാരനും ഇത്തരം അയല്‍ക്കൂട്ട സംഘങ്ങളിലൂടെ പൊതുസമൂഹത്തിന്റെ അംഗീകാരം ലഭിക്കുന്നവരായി വളര്‍ന്നു. നാട്ടിന്‍ പുറങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന രാഷ്ട്രീയ ബോധം വളരെ വേഗം മാഞ്ഞുപോയി. പകരം അയല്‍ക്കൂട്ടങ്ങളുടെ പുതിയ അരാഷ്ട്രീയം വളര്‍ന്നുവന്നു.

രാഷ്ട്രീയം നിലനിര്‍ത്താന്‍ അക്രമം മാത്രമായി സിപിഎമ്മിന്റെ ഏക ആശ്രയം. അക്രമി സംഘങ്ങള്‍ക്കു പാര്‍ട്ടിയില്‍ വലിയ പരിഗണ കിട്ടുകയും അവരെ വളര്‍ത്തിക്കൊണ്ടുവരികയും ചെയ്തു. പാര്‍ട്ടിക്കെതിരെ ശബ്ദിക്കുന്നവരെ ഇല്ലാതാക്കാന്‍ പോന്ന അക്രമി സംഘങ്ങളെയും കൊടിസുനിമാരേയും വളര്‍ത്തിയെടുത്ത് പാര്‍ട്ടിയുടെ അസ്ഥിത്വം നിലനിര്‍ത്തേണ്ടിവന്നു. പാര്‍ട്ടിയെ ആരോ അക്രമിക്കാന്‍ വരുന്നു എന്ന ഭീതി പടര്‍ത്തി അക്രമി സംഘങ്ങളെ പോറ്റുന്നതിനും ആയുധങ്ങള്‍ സൂക്ഷിക്കുന്നതിനും പാര്‍ട്ടി തയ്യാറായി. പാര്‍ട്ടിയില്‍ വിയോജിപ്പിന്റെ ശബ്ദമുയര്‍ത്തുന്നവരെ സംഘടനാ സംവിധാനമുപയോഗിച്ച് പുറന്തള്ളിക്കൊണ്ടിരുന്നു. പാര്‍ട്ടിയില്‍ സ്ഥാനമാനങ്ങള്‍ ഉറപ്പിക്കാന്‍ കോണ്‍ഗ്രസിനെ പോലും നാണിപ്പിക്കുന്ന വിധത്തില്‍ നേതാക്കളുടെ ആശ്രിതരും പാദസേവകരുമായി പുതിയ തലമുറ മാറി. പാര്‍ട്ടി സമ്മേളനങ്ങളിലെ മുഖ്യ അജണ്ട കമ്മിറ്റി തിരഞ്ഞെടുപ്പുകളായിത്തീര്‍ന്നു.

വലതുപക്ഷ അഴിമതികളെ കുറിച്ച് ശബ്ദിക്കാന്‍ നാവു പൊക്കുമ്പോള്‍ സാന്റിയാഗോ മാര്‍ട്ടിനും ലിസ് ചാക്കോയും ചാക്ക് രാധാകൃഷ്ണന്‍മാരുമെല്ലാം മുന്നില്‍ അണിനിരക്കുന്നതോടെ പാര്‍ട്ടിയുടെ നാവും നാണവും പൊലിഞ്ഞുപോവുന്ന അവസ്ഥയുണ്ടായി. യുഡിഎഫിന്റെ വികസന വായ്ത്താരിയെ അഭിമുഖീകരിക്കാന്‍ വികസനത്തിന്റെ ബദല്‍ കാഴ്ചപ്പാടുകള്‍ ഇല്ലാതായി. തരം പോലെ മദനിയെ പോലുള്ളവരുമായി കൂട്ടുകച്ചവടം നടത്തി വര്‍ഗീയതക്കെതിരായ ചാമ്പ്യന്‍ പട്ടവും നഷ്ടമാക്കി. ടി പി ചന്ദ്രശേഖരന്റെ വധത്തോടെ സ്വന്തം മക്കളെ കൊന്നു തിന്നുന്ന ഭീകര സത്വമായി പൊതു മനസ്സില്‍ പാര്‍ട്ടിയുടെ രൂപം പ്രതിഷ്ഠിക്കപ്പെട്ടു.

പാര്‍ട്ടി സ്വയം വ്യവസായ സംരംഭങ്ങളുടെ നടത്തിപ്പുകാരായതോടെ ധനസമാഹരണം, നിലപാടുകളെ ചങ്ങലക്കിട്ടു. സ്വാശ്രയ കോളജും ജലകേളി പാര്‍ക്കും സ്വാശ്രയ കോളജുകളും ചാനലും മറ്റും നടത്തുന്ന പാര്‍ട്ടിക്ക് ധനശേഷിയുള്ളവരെ വെറുപ്പിക്കാന്‍ കഴിയാതായി. മൂലധന താല്‍പര്യങ്ങള്‍ക്കൊപ്പം നിന്നില്ലെങ്കില്‍ ചാനലിനും പത്രത്തിനും പരസ്യം ലഭിക്കില്ലെന്നു വന്നപ്പോള്‍ ഭൂമി നഷ്ടപ്പെടുന്നവന്റേയും ആട്ടിയിറക്കപ്പെടുന്നവന്റേയും പുറമ്പോക്കിലടിയുന്നവന്റേയും മിച്ചഭൂമിക്കാരന്റേയും ആദിവാസിയുടേയും ദലിതന്റേയുമെല്ലാം താല്‍പര്യങ്ങള്‍ പിന്‍തള്ളപ്പെട്ടു പോയി.

ഇതിനെയെല്ലാം മറികടക്കാന്‍ ആദിവാസികളുടേയും പിന്നാക്കക്കാരുടേയും ന്യൂനപക്ഷങ്ങളുടേയും പ്രത്യേക സമ്മേളനങ്ങള്‍ ചേര്‍ന്ന് കണ്ണില്‍ പൊടിയിടാമെന്ന വിവരക്കേടിലേക്ക് പാര്‍ട്ടി മാറി.

തോമസ് ഐസക് പറയുന്നതുപോലെ പ്ലീനത്തിലെ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊണ്ട് ഒരു തിരുത്തല്‍ വരുത്തി സമരോത്സുകമായ പാര്‍ട്ടിയായി സിപിഎമ്മിനു തിരിച്ചുവരാന്‍ കഴിയുമോ...? അപ്പോള്‍ പല സൗകര്യങ്ങളും ആഢംബരങ്ങളും കൈയ്യൊഴിയേണ്ടിവരും. അത്രയുംത്യാഗം സഹിച്ച് ഒരു വിപ്ലവ പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ ആര്‍ക്കാ താല്‍പര്യം. കേരളത്തിലെ പകിടകളി രാഷ്ട്രീയത്തിന്റെ സൂത്ര വാക്യത്തില്‍ ഒരു മുഖ്യമന്ത്രി പദം വന്നുചേരുമെങ്കില്‍ അതല്ലെ നല്ലതെന്നാണ് നേതാക്കള്‍ ചിന്തിക്കുക. സമരോത്സുകമായി ജനങ്ങളെ അണിനിരത്തി കഷ്ടപ്പെടേണ്ട ആവശ്യമൊന്നുമില്ല. പക്ഷെ ബദല്‍ അന്വേഷിക്കുന്ന ഒരു ജനത ഇവിടെ ഉണ്ടെന്നു പാര്‍ട്ടി മറന്നു പോകുന്നു. ആ പൊതുജനം ഒരു പ്രതിഷേധം പോലെ ബിജെപി യെ സ്വീകരിക്കുന്നതിന്റെ സൂചനയാണ് അരുവിക്കരയില്‍ കണ്ടത്.

ഫാസിസം അങ്ങനെയാണ്. അത് നമ്മുടെ അലംഭാവങ്ങളെ സമര്‍ഥമായി പ്രയോജനപ്പെടുത്തും. നെറ്റിയില്‍ കൊമ്പു മുളച്ച ഫാസിസത്തിന്റെ കണ്ടാമൃഗങ്ങള്‍ ഒരു ജനതയെ നയിക്കുന്ന അവസ്ഥ കേരളത്തില്‍ ഉണ്ടായാല്‍ അതിന്റെ ഉത്തരവാദി അരാഷ്ട്രീയതയും വലതുപക്ഷ വ്യതിയാനവും പിടികൂടിയ കേരളത്തിലെ സിപിഎം നേതൃത്വമായിരിക്കും. അപ്പോള്‍ തെറ്റു തിരുത്തല്‍ കാമ്പൈന്‍ കൊണ്ടോ അര്‍ഥരഹിതമായി അവസാനിക്കുന്ന പ്ലീനം കൊണ്ടോ ഒരു പ്രയോജനവും ഉണ്ടാവില്ല.

English summary
What are the issues CPM facing in Kerala- M Bijukumar's column
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more