• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

റോ‍ഡപകടങ്ങൾ എങ്ങനെ ഒഴിവാക്കാം? എങ്ങനെ രക്ഷാപ്രവർത്തനം നടത്താം? - ഡോ. ഷിംന അസീസ് എഴുതുന്നു!

ഡോ. ഷിംന അസീസ്

മഞ്ചേരി മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ ഓഫീസര്‍. സോഷ്യല്‍ മീഡിയയില്‍ ആരോഗ്യ സംബന്ധമായ വിഷയങ്ങള്‍ ശാസ്ത്രീയമായി അവതരിപ്പിക്കുന്ന ഇന്‍ഫോ ക്ലിനിക്കിന്‍റെ ഭാഗം കൂടിയാണ് ഡോ ഷിംന.

ആകെയുള്ള ഇത്തിരി റോഡിലേക്ക്‌ ഓരോ ദിവസവുമെന്നോണം പുതുതായി ഇറങ്ങിക്കൊണ്ടിരിക്കുന്ന വാഹനങ്ങൾ, മഴയും കാലാവസ്‌ഥയുമൊക്കെ കാരണമായുള്ള പരിക്ക്‌ കൊണ്ട്‌ പലയിടത്തും റോഡ്‌ ഉണ്ടെന്നത്‌ ഒരു സങ്കൽപം മാത്രമാകുന്ന അവസ്‌ഥ, അമ്പേ അവഗണിക്കപ്പെടുന്ന ട്രാഫിക്‌ നിയമങ്ങൾ, പൊലിയുന്ന ജീവനുകൾ, അതിനേക്കാളുപരി കിടക്കയിലേക്ക്‌ സ്‌ഥിരമായി വീണു പോകുന്നവർ, അപ്പോഴും ഹെൽമറ്റിടാതെ യാത്ര ചെയ്യുമ്പോൾ സ്വന്തം തല നോക്കാതെ പോലീസിനെ വെട്ടിക്കാൻ തല ഉപയോഗിക്കുന്നവർ... പല കാരണങ്ങൾ കൊണ്ട്‌ അപകടങ്ങൾ കൂടുകയാണ്‌, നികത്താനാവാത്ത നഷ്‌ടങ്ങളുടെ ഘോഷയാത്രയോടെ.

ബൈക്ക് ഓടിക്കുന്ന ആൾ ഹെൽമെറ്റ് ധരിച്ചില്ലെങ്കിൽ മാത്രം നിയമത്തിന്‌ മുന്നിൽ പിഴയൊടുക്കേണ്ട വിചിത്ര സ്‌ഥിതിയാണ്‌ നമ്മുടെ നാട്ടിലുള്ളത്‌. ജീവന്‌ തുല്യവിലയുള്ള പിറകിലിരിക്കുന്ന ആൾ ഹെൽമറ്റ്‌ വെച്ച്‌ ആ വ്യക്‌തി എതിർലിംഗം കൂടിയാണെങ്കിൽ സമൂഹത്തിന്റെ സദാചാരബോധമുണരും. 'എന്തോ ഉഡായിപ്പാണ്‌' എന്നേ മിക്കവരും ചിന്തിക്കൂ. ചോദ്യം ചെയ്യപ്പെടുന്നത്‌ പിറകിലിരിക്കുന്ന വ്യക്‌തിയുടെ ജീവിക്കാനുള്ള അവകാശമാണ്‌.

'പെണ്ണല്ലേ' എന്ന പുച്ഛം നെഞ്ചേറ്റി വാങ്ങരുത്... മാറേണ്ടത് അവളാണ്- ഷിംന അസീസ് എഴുതുന്നു

ഹെൽമറ്റും സീറ്റ് ബെൽറ്റും

ഹെൽമറ്റും സീറ്റ് ബെൽറ്റും

നിയമം മൂലം നിർബന്ധമാകേണ്ട ഒന്നാണ്‌ ബൈക്ക്‌ യാത്രക്കാരെല്ലാം ഹെൽമറ്റ്‌ ധരിക്കണം എന്നത്‌. കാരണം, പിറകിലിരിക്കുന്ന ആൾ തെറിച്ചു വീണാലും ഉണ്ടാകുന്ന നഷ്‌ടം സമാനമോ അതിലും ഭീകരമോ ആയിരിക്കും. അത്‌ പോലെ തന്നെ നാലുചക്രവാഹനങ്ങളിൽ ഡ്രൈവർ മാത്രമല്ല, പിൻസീറ്റിൽ ഉൾപ്പെടെയുള്ള എല്ലാ യാത്രക്കാരും സീറ്റ്‌ബെൽറ്റ്‌ ഉയോഗിക്കുന്നതാണ്‌ ശരി. യാതൊരു കാരണവശാലും കുട്ടികളെ മുൻസീറ്റിൽ കയറ്റുകയോ അവരെ അവിടെ നിന്ന്‌ കാഴ്‌ച കാണാൻ അനുവദിക്കുകയോ അരുത്‌.

അപകടം സംഭവിക്കുമ്പോൾ പുറത്ത്‌ വരുന്ന എയർബാഗ്‌ അവരെ ശ്വാസംമുട്ടിച്ച്‌ കൊന്ന എത്രയോ അവസരങ്ങളുണ്ടായിട്ടുണ്ട്‌. വിദേശരാജ്യങ്ങളിൽ ബേബി കാർസീറ്റ്‌ ഇല്ലാതെ പുറത്ത്‌ കൊണ്ടു പോകാൻ സാധിക്കില്ല. ഇത്തരത്തിലുള്ള നിയമങ്ങൾ കുഞ്ഞുങ്ങളുടെ സുരക്ഷിതത്വം ഉറപ്പ്‌ വരുത്തുന്നതിൽ വലിയ പങ്ക്‌ വഹിക്കുന്നുണ്ട്‌. ബേബി കാർസീറ്റ്‌ വാങ്ങിക്കുന്നത്‌ അപകടസമയത്ത്‌ കുഞ്ഞുങ്ങൾക്ക്‌ ഏൽക്കുന്ന ആഘാതം ഇല്ലാതാക്കും. ഈ മാറ്റങ്ങൾ നമ്മുടെ നിയമത്തിലുമുണ്ടാകേണ്ടതുണ്ട്‌. അപകടങ്ങളിൽ പെടുന്ന കുഞ്ഞുമക്കളുടെ മുഖങ്ങൾ അത്രയും ഹൃദയഭേദകമാണ്‌.

കാൽനട യാത്രക്കാരും ശ്രദ്ധിക്കണം

കാൽനട യാത്രക്കാരും ശ്രദ്ധിക്കണം

കൃത്യമായി ട്രാഫിക് നിയമങ്ങളറിഞ്ഞാലും പാലിക്കാൻ മടിയുള്ളത്‌ വാഹനത്തിൽ സഞ്ചരിക്കുന്നവർക്ക്‌ മാത്രമല്ല. കാൽനടക്കാർക്കും ബാധകമായ കാര്യങ്ങളുണ്ട്‌. റോഡിന്‌ വലതുവശം ചേർന്ന്‌ നടക്കണമെന്ന്‌ കുട്ടിക്കാലത്തെ്‌ പാഠപുസ്‌തകങ്ങളിലടക്കം പഠിച്ചവരാണ്‌. പാലിക്കുന്നവരുടെ എണ്ണമാകട്ടെ, അത്രയേറെ കുറവാണ്‌. റോഡ്‌ മുറിച്ച്‌ കടക്കാൻ സീബ്ര ലൈൻ ഉണ്ടെങ്കിലും 'അത്‌ റോഡ്‌ ഭംഗി കൂട്ടാൻ വരച്ചതാണ്‌, അത്‌ ചീത്തയാക്കാതെ ഇപ്പുറത്തൂടെ പോയേക്കാം' എന്ന മട്ടിലാണ്‌ ചിലർ. നിയമങ്ങൾ ഭേദിക്കാനുള്ളതല്ല, പാലിക്കാനുള്ളതാണ്‌ എന്ന്‌ നമ്മൾ പഠിക്കുന്നതാകട്ടേ, വളരെ വലിയ വില കൊടുത്തു കൊണ്ടുമായിരിക്കും.

ഇനി, മറ്റാരെങ്കിലും അപകടത്തിൽപ്പെട്ടത്‌ കണ്ടാൽ എന്താണ്‌ ചെയ്യേണ്ടതെന്ന ധാരണയുണ്ടോ? അപകടം കാണുന്ന മാത്രയിൽ രക്ഷാപ്രവർത്തനം പഠിക്കുകയെന്നത്‌ പ്രാവർത്തികമായ കാര്യമല്ല. ഏത്‌ അപകടസ്‌ഥലത്തും രക്ഷാപ്രവർത്തനം തുടങ്ങും മുൻപ് സ്വന്തം സുരക്ഷയുടെ കാര്യം കൂടെ ഒന്നോർക്കണം. ഒരു പരിചയവും ധാരണയുമില്ലാത്ത സാഹചര്യത്തിലേക്ക് എടുത്ത് ചാടി അപകടത്തിൽ പെട്ട ആളുടെ ജീവൻ കിട്ടാൻ നോക്കുന്നത്‌ ആത്മഹത്യാപരമാണ്‌.

രക്ഷാപ്രവർത്തനം നടത്തുമ്പോള്‍..

രക്ഷാപ്രവർത്തനം നടത്തുമ്പോള്‍..

രക്ഷാപ്രവർത്തനം നടത്താൻ വരുന്ന ഫയർഫോഴ്സിനും മറ്റും അവരുടെ ജോലി കൂടുതൽ സങ്കീർണ്ണമാവുകയും ചെയ്യും. അപകടം കണ്ടാലുടനെ ഏറ്റവും അടുത്ത ആശുപത്രിയിലേക്ക്‌ വിളിച്ച്‌ ആംബുലൻസ്‌ ആവശ്യപ്പെടുക. പരുക്കേറ്റയാളുടെ ചുറ്റുപാട്‌, അയാളുടെ കിടപ്പ്‌ എന്നിവയെല്ലാം ശ്രദ്ധിക്കുക. റോഡിൽ കിടക്കുന്ന ആളെ പെട്ടെന്ന് പിടിച്ച്‌ എഴുന്നേൽപിക്കരുത്‌, കഴുത്തു പോലുമുയർത്തരുത്‌. സ്‌പൈനൽ കോർഡിന്‌ വരുന്ന ചെറിയ ഡാമേജ്‌ പോലും അയാളെ സ്‌ഥിരമായി കട്ടിലിലാക്കാം.

എന്തിന്റെയെങ്കിലും അടിയിൽ പെട്ട് കിടക്കുന്ന ആളെ പുറത്തേക്ക് വലിച്ചെടുക്കുന്നതിനു പകരം മുകളിൽ മറിഞ്ഞു കിടക്കുന്ന വസ്തുക്കൾ സൂക്ഷ്മതയോടെ ഉയർത്തി മാറ്റാൻ പറ്റുമോ എന്ന് ആദ്യം ശ്രമിക്കണം. ആശുപത്രിയിലേക്ക്‌ പോകാനുള്ള വാഹനമെത്തിയതിന്‌ ശേഷം രോഗിയുടെ കഴുത്തുൾപ്പെടെ തല ഒരാൾ അനക്കമേൽക്കാതെ പിടിക്കണം. ആവശ്യത്തിന്‌ രക്ഷാപ്രവർത്തകർ ഉണ്ടെങ്കിൽ, രോഗിയുടെ മുതുകിന്‌ ഇരുവശവും, തുടകൾക്കിരുവശവും മുട്ടിന്‌ കീഴിൽ ചേർത്ത്‌ പിടിക്കാനൊരാളും എന്ന രീതിയിൽ രോഗിയെ വാഹനത്തിലേക്ക്‌ മാറ്റാം.

ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

ശ്രദ്ധിക്കേണ്ടത്‌ കഴുത്ത്‌ മുതൽ നടു വരെ അനങ്ങാതെ നേരെ കിടത്തി വേണം രോഗിയെ മാറ്റാൻ. കിടത്തി തന്നെ കൊണ്ടു പോവണം. ഓട്ടോ റിക്ഷയിൽ രോഗിയെ ബലമായി പിടിച്ചിരുത്തി പിന്നേം നാലാൾ കയറി വാഗൺ ട്രാജഡി പരുവത്തിൽ ആശുപത്രിയിലേക്ക്‌ പോകരുത്‌. പുറപ്പെടുന്ന സമയത്ത് രോഗിയെ കൊണ്ടു പോകുന്ന ആശുപത്രിയിലേക്ക്‌ ഒന്ന്‌ വിളിച്ച്‌ പറയുക കൂടി ചെയ്‌താൽ അവർക്ക്‌ മുൻകൂട്ടി തയ്യാറായിരിക്കാൻ സാധിക്കും. ആശുപത്രികളുടെ ഫോൺ നമ്പറുകളുടെ കമനീയശേഖരം തന്നെ ഗൂഗിൾ നിങ്ങൾക്കായി ഒരുക്കിയിട്ടുണ്ട്‌.

രോഗിയുടെ ദേഹത്ത്‌ തുറന്ന മുറിവുണ്ടെങ്കിൽ ഒരു വലിയ തുണി മടക്കി അതിൻമേൽ വെച്ച്‌ മറ്റൊരു തുണി കൊണ്ട്‌ വലിയ മുറുക്കമില്ലാതെ കെട്ടാം. വണ്ടിക്കകത്ത്‌ അകപ്പെട്ട രീതിയിലാണ്‌ രോഗിയെങ്കിൽ വണ്ടി വെട്ടിപ്പൊളിക്കാൻ ഫയർഫോഴ്‌സിനെയോ മറ്റ്‌ ഉത്തരവാദിത്വപ്പെട്ടവരെയോ അറിയിക്കുകയാണ്‌ ആദ്യം വേണ്ടത്‌. ഇത്‌ നമ്മുടെ ചുറ്റുപാടുകളിൽ പലപ്പോഴും സാധ്യമല്ല എന്നത്‌ കൊണ്ട്‌ തന്നെ വാഹനത്തിനകത്ത്‌ കുടുങ്ങിയ രോഗിയെ രക്ഷിക്കാൻ ശ്രമിക്കുമ്പോൾ രോഗിക്കോ സ്വയമോ പരിക്ക്‌ പറ്റിക്കൂടാ... ശ്രദ്ധിക്കണം.

പ്രധാനപ്പെട്ട ഒരു കാര്യം കൂടി..

പ്രധാനപ്പെട്ട ഒരു കാര്യം കൂടി..

സംഗതി ഇങ്ങനെയൊക്കെ റിസ്‌കാണെങ്കിലും ഒരു ജീവനാണ്‌. റോഡിൽ കാണാത്ത മട്ടിൽ കളഞ്ഞിട്ട്‌ പോകരുതേ... ആർക്കും ഒരു ഗ്യാരന്റിയുമില്ല. നാളെ നമുക്കും ഈ ഗതി വന്നു കൂടെന്നില്ലല്ലോ. നിർബന്ധമായും ഇത്തരം സന്ദർഭങ്ങൾ കൈകാര്യം ചെയ്യുന്ന രീതികളും പ്രാഥമിക ശുശ്രൂഷകളെക്കുറിച്ചും പഠിച്ച് മനസ്സിലാക്കി വക്കുക. ഇത്തരം കുഞ്ഞറിവുകൾ നേടിയാൽ നമ്മുടെയൊക്കെ ചെറിയ ജീവിതം കൊണ്ട് ഒത്തിരി വലിയ കാര്യങ്ങൾ ചെയ്യാനാവും.

ഒരു പ്രധാനപ്പെട്ട കാര്യം കൂടി ഓർമ്മിപ്പിക്കാനുണ്ട്‌. അപകടം പറ്റിയ രോഗികൾക്ക്‌, പ്രത്യേകിച്ച്‌ വായയുടെ ഭാഗത്ത്‌ പരിക്കേറ്റവർക്കും ബോധം നഷ്‌ടപ്പെട്ടവർക്കും ഒരുകാരണവശാലും വെള്ളം കൊടുക്കാൻ ശ്രമിക്കരുത്‌. വെള്ളം നേരെ ശ്വാസകോശത്തിൽ പ്രവേശിച്ച്‌ ശ്വാസതടസമുണ്ടായി രോഗി മരണപ്പെടാം. ദാഹമകറ്റി ദേഹമില്ലാതാകരുത്‌ !

English summary
What causes road accident and how do we prevent road accident? - Dr. Shimna Azeez writes.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X