• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഹൃദയാഘാതമല്ല ഹൃദയസ്തംഭനം... അറിഞ്ഞിരുന്നാൽ ഒരു ജീവനാണ് രക്ഷപ്പെടുക; സെക്കൻഡ് ഒപ്പീനിയനിൻ ഡോ ഷിംന

  • By Desk

ഹൃദയ സംബന്ധിയായ അസുഖങ്ങള്‍ ഒരുപാടുണ്ട് ഇക്കാലത്ത്. പലപ്പോഴും ആളുകള്‍ ഹൃദയാഘാതവും ഹൃദയസ്തംഭനവും ഒന്നാണെന്ന് തെറ്റിദ്ധരിക്കാറുണ്ട്. എന്നാല്‍ സംഗതി അങ്ങനെയല്ല. ഹൃദയത്തെ സംബന്ധിച്ചാണ് ഇത്തവണ ഡോ ഷിംന അസീസ് തന്‍റെ ഫേസ്ബുക്ക് പംക്തിയായ സെക്കന്‍ഡ് ഒപ്പീനിയനില്‍ എഴുതുന്നത്. തുടര്‍ന്ന് വായിക്കാം...

'ഹൃദയം' എന്നൊരു വാക്ക്‌ എവിടെയെങ്കിലും ഫിറ്റ്‌ ചെയ്യാത്ത പ്രണയഗാനങ്ങൾ കുറവാണ്‌. ശരീരത്തിലേക്ക്‌ മുഴുവൻ രക്തമെത്തിക്കുന്ന ധർമ്മമുള്ള ഈ പമ്പ് പണിമുടക്കുന്നതിനെ ഹൃദയാഘാതം എന്നും ഹൃദയസ്‌തംഭനം എന്നും നമ്മൾ മാറി മാറി വിളിക്കാറുണ്ട്‌. സത്യത്തിൽ കാർഡിയാക്‌ അറസ്‌റ്റെന്നും ഹാർട്ട്‌ അറ്റാക്കെന്നും ആംഗലേയത്തിൽ വിളിക്കപ്പെടുന്ന ഈ രണ്ട്‌ സംഗതികളും വെവ്വേറെയാണെന്ന്‌ നിങ്ങൾക്ക്‌ അറിയാമോ? ഇതിന്‌ ഒരു സഹജീവിയെ സഹായിക്കുന്ന വകുപ്പിൽ നമുക്ക്‌ എന്ത് പ്രതിവിധി ചെയ്യാനാകുമെന്ന്‌ അറിയാമോ? ആ കഥ വിവരിക്കുന്ന വകയിൽ #SecondOpinion ഇരുപത്തഞ്ചാം ലക്കം നമുക്ക്‌ ഹൃദയത്തോട്‌ ചേർത്തുവെക്കാം.

എന്താണ് ഹൃദയാഘാതം

എന്താണ് ഹൃദയാഘാതം

ഹൃദയാഘാതം അഥവാ ഹാർട്ട്‌ അറ്റാക്ക്‌ ഹൃദയത്തിലെ രക്‌തക്കുഴലുകളിൽ രക്‌തയോട്ടത്തിന്‌ തടസ്സം വന്ന്‌ ഹൃദയപേശികൾക്ക്‌ രക്‌തം ലഭിക്കാതാകുമ്പോൾ സംഭവിക്കുന്നതാണ്‌. ഹൃദയപേശികൾ രക്‌തം ലഭിക്കാതെ പട്ടിണി കിടക്കുമ്പോൾ എത്ര സമയം രക്‌തം തടസ്സപ്പെടുന്നോ, അത്രയും ആഘാതം ഉണ്ടാകാം. രക്‌തമൊഴുക്ക്‌ പുനസ്‌ഥാപിച്ചാൽ രോഗിയെ സുഗമമായി രക്ഷിക്കാനുമാകും. നെഞ്ചിൽ നിന്ന്‌ ഇടത്‌ കൈയിലേക്ക്‌ വരുന്ന വേദന എന്ന്‌ പൊതുവേ പറയുമെങ്കിലും, പൊക്കിളിനും താടിയെല്ലിനും ഇടയ്‌ക്കുള്ള ഏത്‌ വേദനയും ഹൃദയത്തിന്റെ വേദനയായിരിക്കാം. ഇത്‌ തന്നെയാണ്‌ പ്രധാനലക്ഷണം. ശ്വാസതടസം, വിയർപ്പ്‌, കിതപ്പ്‌ തുടങ്ങിയവയും ഹൃദയാഘാതലക്ഷണങ്ങളാകാം. എത്രയും പെട്ടെന്ന്‌ ആശുപത്രിയിലെത്തിച്ചാൽ രോഗി രക്ഷപ്പെടാനുള്ള സാധ്യത കൂടുതലാണ്‌. ഈ അവസ്‌ഥ സംഭവിക്കുന്നത്‌ ഹൃദയത്തിന്റെ ഏത്‌ ഭാഗത്തെ പേശികൾക്കാണ്‌ എന്നതിനനുസരിച്ച്‌ ഹൃദയാഘാതം കാരണമായി ഹൃദയസംതംഭനം ഉണ്ടാകാം.

ഹൃദയസ്തംഭനം

ഹൃദയസ്തംഭനം

ഹൃദയസ്‌തംഭനം എന്ന കാർഡിയാക്‌ അറസ്‌റ്റ്‌ ഹൃദയത്തിൽ ഒറ്റയടിക്കുണ്ടാകുന്ന പവർകട്ടാണ്‌. മിനിറ്റിൽ ഏകദേശം 72 തവണ (60-100 മിടിപ്പ്‌/മിനിറ്റ്‌ നോർമലാണ്‌) മിടിക്കുന്ന ഹൃദയതാളം ക്രമീകരിക്കുന്നത്‌ ഹൃദയത്തിലെ ഇലക്‌ട്രിക്കൽ സർക്യൂട്ടാണ്‌. ഈ സർക്യൂട്ട്‌ നിലയ്‌ക്കുന്നത്‌ സെക്കന്റുകളാണെങ്കിൽ പോലും മരണം സുനിശ്‌ചിതം. രോഗി പെട്ടെന്ന്‌ ബോധം കെട്ട്‌ വീഴും, കുറച്ച്‌ തവണ ശ്വാസമെടുക്കാനുള്ള വളരെ പ്രയത്‌നിച്ചുള്ള ശ്രമമുണ്ടായേക്കും, മരിക്കും. ഈ അവസരത്തിലാണ്‌ CPR- Cardio Pulmonary Resuscitation പ്രസക്‌തമാകുന്നത്‌. രോഗിയെ ആശുപത്രിയിൽ എത്തിക്കുന്നത്‌ വരെയുള്ള സമയത്ത്‌ നെഞ്ചിന്റെ മദ്ധ്യഭാഗത്തായി തുടർച്ചയായി മർദ്ദം ഏൽപ്പിക്കുന്നത്‌ വഴി ഹൃദയത്തിന്റെ പമ്പിംഗ്‌ പ്രവർത്തനം തുടരാനായേക്കും.

കുഴഞ്ഞ്‌ വീഴുന്ന ആൾക്ക്‌ പൾസ്‌ ഇല്ല, ശ്വാസമെടുക്കുന്നില്ല എന്ന്‌ തോന്നിയാൽ ഉടനടി സിപിആർ തുടങ്ങണം. ആശുപത്രിയിലേക്കെത്താനുള്ള വാഹനം എത്താൻ വൈകുകയോ മറ്റെന്ത്‌ കാരണമായാലും ഇങ്ങനെ ചെയ്തു കൊണ്ടിരിക്കുന്നത്‌ ജീവൻ രക്ഷിച്ചേക്കാം.

എങ്ങനെ രക്ഷിക്കാം....

എങ്ങനെ രക്ഷിക്കാം....

രോഗിയെ സുരക്ഷിതമായ പരന്ന പ്രതലത്തിൽ കിടത്തി അദ്ദേഹത്തിന്‌ ശ്വാസമെടുക്കുന്ന വഴിയിൽ തടസ്സമായി വായിൽ ഛർദ്ദിലോ മറ്റു സ്രവങ്ങളോ ഉണ്ടെങ്കിൽ ഒരു കർച്ചീഫ്‌ വിരലിൽ ചുറ്റി തുടച്ചെടുക്കുക.ശ്വാസവും മിടിപ്പുമില്ലേ എന്ന്‌ നോക്കി, ഇല്ലെങ്കിൽ ഇനി പറയുന്ന കാര്യങ്ങൾ ചെയ്യുക. ഒന്നിലേറെ പേരുണ്ടെങ്കിൽ ഒരാൾ തലയുടെ ഒരു വശത്തും ഒരാൾ നെഞ്ചിന്റെ ഭാഗത്തും ‌ നിൽക്കുക. കഴുത്തിന്‌ നടുവിൽ നിന്ന്‌ നേരെ താഴേക്ക്‌ പോകുമ്പോൾ തൊടാൻ സാധിക്കുന്ന പലകയെല്ലിന്‌ (sternum) തൊട്ട്‌ താഴെ, രണ്ട്‌ മുലക്കണ്ണുകൾക്കിടയിലെ ദൂരത്തിന്റെ പകുതിയിലാണ്‌ CPR ചെയ്യേണ്ട സ്‌ഥലം. ആദ്യത്തെയാൾ ഒരു കൈപ്പത്തിയുടെ 'മടമ്പ്‌' ഭാഗം നെഞ്ചിന്റെ മധ്യഭാഗത്ത്‌ വെച്ച്‌ അതിന്‌ മീതെ മറുകൈ വെച്ച്‌ കൈമുട്ട്‌ വളയാതെ ഇരുന്ന്‌ 30 തവണ 2 ഇഞ്ച്‌ താഴ്‌ചയിൽ അമർത്തുക.

സിപിആര്‍ പ്രധാനം

സിപിആര്‍ പ്രധാനം

ശേഷം അടുത്തയാൾ, താടിയെല്ല്‌ മേലേക്ക്‌ ഉയർത്തി, താടിയിലമർത്തി വായ തുറന്ന ശേഷം നെഞ്ചിൽ നോക്കി രണ്ട്‌ തവണ കൃത്രിമശ്വാസം നൽകുക. ഈ നേരത്ത്‌ നെഞ്ചിൽ വായു കയറുന്നുണ്ടോ എന്ന്‌ നോക്കി ഉറപ്പ്‌ വരുത്തണം. ഇങ്ങനെ മൂന്നാവർത്തി (30:2 × 3) കഴിഞ്ഞ്‌ പൾസ്‌ വന്നോ എന്ന്‌ നോക്കണം. ഇല്ലെങ്കിൽ ഡിഫിബ്രേറ്റർ ഉപയോഗിച്ച്‌ ഷോക്ക്‌ നൽകേണ്ടി വന്നേക്കാം. ഡി ഫിബ്‌ ലഭ്യമാണെങ്കിലും അല്ലെങ്കിലും CPR തുടർന്ന്‌ കൊണ്ട്‌ തന്നെ രോഗിയെ ആശുപത്രിയിലേക്ക്‌ മാറ്റുക.

ഒരു വയസ്സ്‌ മുതൽ മേലേക്ക്‌ പ്രായമുള്ളവർക്ക്‌ ഇത്‌ തന്നെയാണ്‌ രീതി. അതിന്‌ താഴെയുള്ള കുഞ്ഞിന്‌ ചൂണ്ടുവിരലും നടുവിരലും കൊണ്ട്‌ ഇതേ സ്‌ഥാനത്ത്‌ അമർത്തുന്നതാണ്‌ രീതി. കൃത്യമായ വീഡിയോകൾ ഓൺലൈനിൽ ലഭ്യമാണ്‌. ഏതൊരാളും പഠിച്ചിരിക്കണം. ഒരവസരം വന്ന്‌ ചെയ്യേണ്ടി വന്നാൽ സമചിത്തതയോടെ ചെയ്യുകയും വേണം...

പ്രാഥമികശുശ്രൂഷ അറിയേണ്ടത്‌ നമ്മുടെ ഏവരുടേയും കടമയാണ്‌...

ഇത്രയേ ഉള്ളൂ കാര്യം!

ഇത്രയേ ഉള്ളൂ കാര്യം!

വാൽക്കഷ്‌ണം: ചിലരെങ്കിലും കരുതുന്നത്‌ പോലെ ഹൃദയത്തിൽ കൊഴുപ്പടിഞ്ഞ്‌ രക്‌തം മുന്നോട്ട്‌ സുഗമമായി ചലിക്കാത്തതിന്റെ മറുപേരല്ല ഹാർട്ട്‌ ബ്ലോക്ക്‌. മറിച്ച്‌, ഹൃദയത്തിന്റെ മേലേ വലതു കോണിൽ നിന്ന്‌ അതിന്റെ അധോലോകം വരെയുള്ള കറന്റ്‌ സപ്ലൈക്ക്‌ എവിടെയെങ്കിലും കുറവ്‌ വരുന്നതിനെയാണ്‌ ബ്ലോക്കെന്ന്‌ പറയുന്നത്‌. അത്‌ പല ഡിഗ്രിയിൽ വരികയും ചെയ്യാം. നല്ല മൂത്ത ഡിഗ്രിയിൽ വന്നാൽ രോഗി ചരിത്രമാകാനുള്ള സാധ്യത വളരെ കൂടുതലാണ്‌. ഇതാണ്‌ ഇസിജി കാണുമ്പോൾ ഡോക്‌ടർ പറയുന്ന ബ്ലോക്ക്‌. അല്ല, ഈ കറന്റ്‌ അളക്കുന്ന മെഷീനാണല്ലോ ഇലക്‌ട്രോകാർഡിയോഗ്രാം എന്ന ഇസിജി. അപ്പോ, ഇനി തൊട്ട്‌ ബ്ലോക്കെന്ന്‌ കേൾക്കുമ്പോ വെള്ളത്തിന്റെ വഴി തടയുന്ന വല്ല്യോരു കല്ലിനെ ഓർക്കുമോ അതോ വോൾട്ടേജ്‌ കുറഞ്ഞിട്ട്‌ നേരെചൊവ്വേ വർക്ക്‌ ചെയ്യാതെ വെള്ളംകുടി മുട്ടിക്കുന്ന ചിലപ്പോൾ മൊത്തം സപ്ലൈ അടിച്ചുപോകാൻ കാരണമായേക്കാവുന്ന മോട്ടോർ പമ്പിനെ ഓർക്കുമോ? അത്രേള്ളൂ കാര്യം.

ഫേസ്ബുക്ക് പോസ്റ്റ്

ഷിംന അസീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം....

ചന്ദ്രന്‍ ചുവക്കുന്ന ആ ദിവസങ്ങളില്‍ സ്ത്രീകള്‍ക്ക് കൂട്ടായി... സെക്കന്‍ഡ് ഒപ്പീനിയനില്‍ ഷിംന അസീസ്

യോഗല്യ അമ്മിണ്യേ... ആ പായങ്ങട്...!!! ബോണ്ട ടീം ഗുണ്ടുപോലെ പൊട്ടി, കോലിക്ക് അടപടലം ട്രോള്‍ പൊങ്കാല

English summary
What is the difference between Cardiac Arrest and Heart Attack? Dr Shiman Azeez writes in Second Opinion
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more