അരുവിക്കര കഴിഞ്ഞാല്‍ ആരൊക്കെ ഇടത്തോട്ട് പോരും?
അരുവിക്കര ഉപതിരഞ്ഞെടുപ്പ് സര്‍ക്കാരിനുള്ള ലിറ്റ്മസ് ടെസ്റ്റ് ആണെന്നാണ് വിലയിരുത്തുന്നത്. രണ്ട് ദശാബ്ദങ്ങളില്‍ കൂടുതലായി കോണ്‍ഗ്രസിന്റെ കൈവശമുള്ള മണ്ഡലം ഇത്തവണ എല്‍ഡിഎഫിന് തിരിച്ചുപിടിക്കാനാകുമോ എന്ന് ചോദിച്ചാല്‍ അവര്‍ക്ക് തന്നെ ഉത്തരമില്ല.
ഉപതിരഞ്ഞെടുപ്പ് കഴിയുന്നതോടെ കേരളത്തില്‍ രാഷ്ട്ട്രീയ മാറ്റം ഉണ്ടാകും എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കോട്ടയത്ത് പറഞ്ഞത്. യുഡിഎഫിലെ പല ഘടകകക്ഷികളും അസംതൃപ്തരാണെന്നും കോടിയേരി പറയുന്നു.
ആരൊക്കെയാണ് യുഡിഎഫില്‍ അസംതൃപ്തരായി നില്‍ക്കുന്നത് എന്നതാണ് അടുത്ത ചോദ്യം. ബാര്‍ കോഴ കേസില്‍ കെഎം മാണിയ്ക്കെതിരെ കേസെടുത്തതോടെ കേരള കോണ്‍ഗ്രസ് എം അസംതൃപ്തരായിരുന്നു. എന്നാല്‍ മാണിയ്ക്കെതിരെ കുറ്റപത്രം ഉണ്ടാവില്ലെന്ന് ഉറപ്പായതോടെ ആ അസംതൃപ്തി അവസാനിച്ചിരിയ്ക്കുകയാണ്.
മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ മുസ്ലീം ലീഗിന് നിലവില്‍ അസംതൃപ്തികള്‍ ഒന്നും ഇല്ല. അവര്‍ ഇടത്തേയ്ക്ക വരാനുള്ള സാധ്യതയും കുറവാണ്. പിന്നെ ശേഷിയ്ക്കുന്നത് ചെറു കക്ഷികള്‍ മാത്രമാണ്. ആര്‍എസ്പിയും, ജനതാ ദളും പിന്നെ കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പും.
വീരേന്ദ്ര കുമാറിന്റെ ജനതാദള്‍ ദേശീയ നിലപാടിന്റെ ഭാഗമായി ഇടതുമുന്നണിയിലേക്ക് വന്നേക്കുമെന്ന പ്രതീക്ഷയാണ് ഇപ്പോഴും സിപിഎമ്മിനുള്ളത്. വിഎസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ ചില ചര്‍ച്ചകള്‍ നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അതിനിടെ ലോക്സഭ തിരഞ്ഞെടുപ്പ് തോല്‍വിയെ സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് കോണ്‍ഗ്രസ് വീരേന്ദ്ര കുമാറിന്റെ പ്രതിഷേധത്തെ അണയ്ക്കുകയും ചെയ്തു.
പിന്നെ ശേഷിയ്ക്കുന്നത് ബാലകൃഷ്ണ പിള്ളയും പാര്‍ട്ടിയും ആണ്. അവരെ യുഡിഎഫില്‍ നിന്ന് ഒഴിവാക്കിക്കഴിഞ്ഞു. സസ്പെന്‍ഷനില്‍ നില്ക്കുന്ന പിസി ജോര്‍ജ്ജിനെ ഏത് നിമിഷവും കേരള കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കും. അങ്ങനെ ജോര്‍ജ്ജ് കൂടി വന്നാലായി.
ഇങ്ങനെ സംഭവിച്ചാല്‍ തന്നെ കേരളത്തില്‍ എന്ത് രാഷ്ട്രീയ മാറ്റമായിരിയ്ക്കും സംഭവിയ്ക്കുക... കാത്തിരുന്ന് കാണുക തന്നെ.