കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തേജസിനെ ശരിക്കും പേടിക്കണോ?

  • By Soorya Chandran
Google Oneindia Malayalam News

തേജസ് ദിന പത്രം സര്‍ക്കാര്‍ പൂട്ടിക്കാനൊരുങ്ങുന്നു. ആദ്യം പിആര്‍ഡി പരസ്യങ്ങള്‍ നിഷേധിച്ചുകൊണ്ടായിരുന്നു തുടക്കം. കാലഹരണപ്പെട്ടതെന്ന് പണ്ടേ ആരോപണം ഉയര്‍ന്നിരുന്ന പത്രമാരണ നിയമം ഉപയോഗിച്ചാണ് ഇപ്പോള്‍ പത്രത്തിന്റെ അച്ചുകൂടം പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നത്.

എന്തൊക്കെയാണ് തേജസ് ദിനപത്രത്തിനെതിരെ സര്‍ക്കാര്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍. കോഴിക്കോട്ടേയും തിരുവനന്തപുരത്തേയും അഡീണല്‍ ജില്ലാ മജിസ്‌ട്രേറ്റുമാര്‍ പത്രം നിര്‍ത്താതിരിക്കുന്നതിന് കാരണം കാണിക്കാന്‍ നോട്ടീസ് നല്‍കിയിരുക്കുകയാണെന്നാണ് തേജസിന്റെ വക്താക്കള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചത്. രാജ്യ താത്പര്യത്തേയും ഐക്യത്തേയും വ്രണപ്പെടുത്തുന്ന വാര്‍ത്തകളും മുഖ പ്രസംഗങ്ങളും ലേഖനങ്ങളും പത്രത്തില്‍ അച്ചടിച്ചുവരുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നാണ് നോട്ടീസില്‍ പറയുന്നത്.

Thejas

പോപ്പുലര്‍ ഫ്രണ്ടിന്റെ പണം കൊണ്ടാണ് പത്രം പ്രവര്‍ത്തിക്കുന്നത്. ദേശ വിരുദ്ധ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു. കശ്മീരിലെ തീവ്രവാദികളെ പോരാളികള്‍ എന്ന് വിളിക്കുന്നു. താലിബാന്‍ തീവ്രവാദികളെ താലിബാന്‍ പ്രവര്‍ത്തകര്‍ എന്ന് വിളിക്കുന്നു. ആരോപണങ്ങള്‍ ഇങ്ങനെ നീളുന്നു.

പക്ഷേ ഇവയെ വെറും ആരോപണങ്ങള്‍ എന്ന് വിളിച്ച തള്ളാന്‍ ഭരണകൂടങ്ങള്‍ക്ക് കഴിയില്ല. രാജ്യത്തിന്റെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി നില്‍ക്കുന്നവയെ നിയന്ത്രിക്കുകയോ ഉന്‍മൂലനം ചെയ്യുകയോ ചെയ്യണ്ടത് സര്‍ക്കാരിന്റെ കടമകൂടിയാണ്.

കശ്മീര്‍ ഇന്ത്യക്ക് എന്നും വൈകാരികമായ ഒരു വേദനയാണ്. നമ്മുടേതായിട്ടും നമ്മുടേതല്ലാതെ നില്‍ക്കുന്ന ഒരു പ്രദേശം. അവിടെ വിഘടനവാദം നടത്തുന്നവര്‍ രാജ്യത്തെ സംബന്ധിച്ച് തീവ്രവാദികള്‍ തന്നെയാണ്, പോരാളികള്‍ അല്ല. എന്നാല്‍ തേജസ് ഈ പ്രശ്‌നത്തില്‍ രാജ്യത്തിനൊപ്പമോ , തീവ്രവാദികള്‍ക്കൊപ്പമോ? തീവ്രവാദികള്‍ക്കൊപ്പം എന്ന് പറയേണ്ടിവരും. രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്ന വിഘടനവാദികള്‍ തേജസ് ദിനപത്രത്തിന് പോരാളികള്‍ ആണ്.

താലിബാന്‍ ഇന്ത്യയില്‍ നേരിട്ട് ഓപ്പറേഷനുകളൊന്നും നടത്തി തുടങ്ങിയിട്ടില്ലെന്നാണ് അറിവ്. എന്നിരുന്നാലും ഇന്ത്യ ഒരു രാഷ്ട്രമെന്ന നിലയില്‍ താലിബാനിസത്തെ അംഗീകരിക്കുന്നില്ല. മറിച്ച് ശക്തമായി എതിര്‍ക്കുന്നുമുണ്ട്. പക്ഷേ തേജസ് പത്രത്തിന് താലിബാന്‍ തീവ്രവാദികള്‍ തീവ്രവാദികളേ അല്ല. അവര്‍ വെറും താലിബാന്‍ പ്രവര്‍ത്തകര്‍ മാത്രമാണ്. താലിബാന്റെ പല ചെയ്തികളോടും വാര്‍ത്തകളിലും വിശകലനങ്ങളിലും അനുകൂല നിലാപടുകള്‍ എടുക്കുന്നു എന്ന ആരോപണവും പത്രത്തിന് എതിരെ നേരത്തേ തന്നെ ഉണ്ടായിരുന്നു.

ലോകം കണ്ട ഏറ്റവും വലിയ തീവ്രവാദിയെന്ന് വിശേഷിപ്പിക്കപ്പെട്ട ഒസാമ ബിന്‍ ലാദന്‍. മുസ്ലീം തീവ്രവാദി എന്നറിയപ്പെട്ടിരുന്ന ലാദനെ ലോകമുസ്ലീങ്ങളില്‍ ഒരു ചെറിയ ശതമാനം പോലും അംഗീകരിച്ചിട്ടുണ്ടാകില്ല. പക്ഷേ തേജസിന് ലാദന്‍ ധീര രക്തസാക്ഷി ആയിരുന്നു.

പോപ്പുലര്‍ ഫ്രണ്ട് എന്ന സംഘടന അതിന്റെ തുടക്കം മുതലേ സംശയത്തിന്റെ നിഴലില്‍ ആണ്. ആദ്യം എന്‍ഡിഎഫ്(നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട്) ആയിരുന്നു . അത് പിന്നീട് പോപ്പുലര്‍ ഫ്രണ്ട് ആയി, ഇപ്പോള്‍ അതിന് എസ്ഡിപിഐ എന്ന രാഷ്ട്രീയ മുഖവും വന്നിരിക്കുന്നു. സ്വാതന്ത്ര്യ ദിനങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ട് നടത്തി പോന്ന ഫ്രീഡം പരേഡിന് പലപ്പോഴും വിലക്ക് വീണിട്ടുണ്ട്. അടുത്തിടെ പിടിയിലായ ഇന്ത്യന്‍ മുജാഹിദ്ദീന്‍ തീവ്രവാദി നേതാവ് യാസീന്‍ ഭട്കലിന് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്നാണ് പറയപ്പെടുന്നത്. മംഗലാപുരത്ത് നടന്ന ഫ്രീഡം പരേഡില്‍ ഭട്കല്‍ പങ്കെടുത്തിട്ടും ഉണ്ടത്രെ.

ഇങ്ങനെയുള്ള പോപ്പുലര്‍ ഫ്രണ്ടിന്റെ സാമ്പത്തിക സഹായത്തോടെയാണ് പത്രം പ്രവര്‍ത്തിക്കുന്നത് എന്നതാണ് മറ്റൊരു പ്രധാന ആരോപണം. ഒരു മൂലധന കേന്ദ്രീകൃത കാലഘട്ടത്തില്‍ മൂലധനത്തിന്റെ താത്പര്യം തന്നെയായിരിക്കും പ്രധാനം. അപ്പോള്‍ തേജസിന്റെ താത്പര്യം എന്ന് പറയുന്നത് പോപ്പുലര്‍ ഫ്രണ്ടിന്റെ താത്പര്യം ആകാതിരിക്കാന്‍ നിര്‍വാഹമില്ല. പോപ്പുലര്‍ ഫ്രണ്ടിന്റെ പല താത്പര്യങ്ങളും പക്ഷേ രാജ്യ താത്പര്യത്തിന് വിരുദ്ധമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. ഇവിടെ ആവിഷ്‌കാര സ്വാതന്ത്ര്യം പൗരന്റെ മൗലികാവകാശമാണ്. പക്ഷേ അടുത്തു നില്‍ക്കുന്നവന്റെ മൂക്കിന്‍ തുമ്പ് വരെയേ ഈ സ്വാതന്ത്രത്തിന്റെ ചുറ്റളവുള്ളു. എല്ലാ സ്വാതന്ത്രങ്ങള്‍ക്കും ചില നിയന്ത്രണങ്ങള്‍ ഉണ്ട്. രാജ്യ താത്പര്യത്തിന് വിരുദ്ധമാകുന്നിടത്ത് നമ്മുടെ മൗലികാവകാശങ്ങള്‍ പോലും റദ്ദ് ചെയ്യപ്പെടും. അത്ര വലിയ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലാതിരിന്നിട്ടും അടിയന്തരാവസ്ഥ എന്ന ദുരവസ്ഥ അനുഭവിക്കേണ്ടി വന്നവരാണ് നമ്മള്‍ ഇന്ത്യക്കാര്‍. മൗലികാവകാശങ്ങള്‍ മുഴുവന്‍ റദ്ദാക്കപ്പെട്ടിട്ടും ആരും കാര്യമായി പ്രതിഷേധം പോലും ഉയര്‍ത്തിയിട്ടില്ല ഇവിടെ.

പറഞ്ഞുവരുന്നത് ഇത്രമാത്രമാണ്. പത്ര സ്വാതന്ത്രത്തിന്റേയും ആവിഷ്‌കാര സ്വാതന്ത്രത്തിന്റേയും പേരില്‍ എന്ത് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളും നടത്താമെന്നാണെങ്കില്‍ അതിവിടെ നടപ്പില്ല. മൗലികാവകാശങ്ങള്‍ ഉറപ്പുവരുത്തുന്ന കൂട്ടത്തില്‍ രാജ്യ താത്പര്യത്തേയും ഭരണ ഘടന സംരക്ഷിക്കുന്നുണ്ടെന്ന് സാരം.

ഇതെല്ലാം പറയുമ്പോഴും ഒരു പത്രമെന്ന നിലയില്‍ അവരുടെ അസ്തിത്വം ചോദ്യം ചെയ്യപ്പെടുന്നതിനെ ന്യായീകരിക്കാനും സാധ്യമല്ല. അമ്മയെ തല്ലിയാല്‍ പോലും രണ്ട് പക്ഷമുണ്ടാകുമെന്ന് പറയുന്ന നാടാണ്. അപ്പോള്‍ ആ ഒരു സ്വാതന്ത്ര്യം തേജസിനും അനുവദിച്ച് കൊടുക്കേണ്ടതല്ലേ?

ഒരു കാലത്ത് ഇന്ത്യയിലെ കമ്യൂണിസ്റ്റുകള്‍ ദേശ വിരുദ്ധരും രാജ്യ ദ്രോഹികളും ആയിരുന്നു. പക്ഷേ ഇപ്പോള്‍ അവര്‍ അങ്ങനെയാണോ? ലോകം മുഴുവന്‍ തീവ്രവാദികള്‍ എന്ന് മുദ്രകുത്തപ്പെട്ടിരുന്ന കമ്യൂണിസ്റ്റുകള്‍, അവര്‍ ലോകത്തിലാദ്യമായി ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാനമാണ് കേരളം. തീവ്രവാദികള്‍ പിന്നീട് തീവ്രവാദികള്‍ അല്ലെന്ന് തെളിഞ്ഞതും ചരിത്രത്തില്‍ ഉണ്ടെന്ന് സാരം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X