• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കവിതയുടെ അറസ്റ്റ്, സിബിഐക്ക് എന്തു പറ്റി? പെണ്ണുങ്ങളെ അറസ്റ്റ് ചെയ്യാന്‍ സിബിഐക്ക് അറിയില്ലേ?

  • By desk

പി.ടി. മുഹമ്മദ് സാദിഖ്

മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ പിടി മുഹമ്മദ് സാദിഖ് സോഷ്യൽ മീഡിയയിലും വളരെ സജീവമാണ്.

കവിതാ മണികികാറിനെ അത്ര ഓര്‍മയുണ്ടാകില്ല. കോടികളുടെ കുംഭകോണം നടന്ന പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പു കേസിലെ മുഖ്യപ്രതി നീരവ് മോഡിയുടെ എക്‌സിക്യൂട്ടീവ് അസിസ്റ്റന്റാണ്. മോഡി ഗ്രൂപ്പ് സ്ഥാപനങ്ങളായ ഡയമണ്ട്‌സ് ആര്‍. യു.എസ്, സോളാര്‍ എക്‌സ്‌പോര്‍ട്‌സ്, സ്‌റ്റെല്ലാര്‍ ഡയമണ്ട് തുടങ്ങിയ സ്ഥാപനങ്ങളുടെ രേഖകളിലൊക്കെ ഒപ്പുവെയ്ക്കാന്‍ അധികാരമുള്ള ഉദ്യോഗസ്ഥ്. ഈ സ്ഥാപനങ്ങളുടെ പേരിലാണല്ലോ ധാരണാ പത്രങ്ങളുണ്ടാക്കി (Letters of Understanding) പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് മോഡി കോടികള്‍ തട്ടിയത്.

ആ കേസുമായി ബന്ധപ്പെട്ട് കവിതയെ കഴിഞ്ഞ ഫെബ്രുവരി 20ന് രാത്രി എട്ട് മണിക്ക് സി.ബി.ഐ അറസ്റ്റ് ചെയ്തു. മോഡിയോടൊപ്പം ഗൂഢാലോചനയില്‍ പങ്കെടുക്കുകയും തട്ടിപ്പു നടത്തുക എന്ന ഉദ്ദേശ്യത്തോടെ രേഖകളില്‍ ഒപ്പുവയ്ക്കുകയും ചെയ്തുവെന്നാണ് കുറ്റം. ഉച്ച തിരിഞ്ഞു മൂന്നേകാല്‍ മണിയോടെ കവിത ഭര്‍ത്താവ് രവികിരണ്‍ മണികികാറിനോടൊപ്പം സി.ബി.ഐ ഓഫീസില്‍ നേരിട്ടു ചെല്ലുകയായിരുന്നു. മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷം രാത്രി എട്ട് മണിയോടെ അറസ്റ്റ് രേഖപ്പെടുത്തി. പിറ്റേദിവസം പ്രത്യേക ജഡ്ജി മുമ്പാകെ ഹാജറാക്കി. സി.ബി.ഐയുടെ ആവശ്യപ്രകാരം 14 ദിവസത്തേക്ക് ജഡ്ജി അവരെ സിബിഐ കസ്റ്റഡിയില്‍ റിമാന്റ് ചെയ്യുകയും ചെയ്തു.

സ്ത്രീകളെ അറസ്റ്റ് ചെയ്യുമ്പോൾ..

സ്ത്രീകളെ അറസ്റ്റ് ചെയ്യുമ്പോൾ..

ഇനിയാണ് കഥ. പെണ്ണുങ്ങളെ അറസ്റ്റ് ചെയ്യുമ്പോള്‍ ചില ചിട്ടവട്ടങ്ങളൊക്കെയുണ്ട്. പെണ്ണുങ്ങള്‍ക്കെന്നല്ല എല്ലാ കുറ്റവാളികള്‍ക്കും ഭരണഘടനയും ഇന്ത്യന്‍ ശിക്ഷാ നിയമവും ക്രിമിനല്‍ നടപടി ചട്ടവുമൊക്കെ പ്രത്യേക അവകാശങ്ങളും ആനൂകൂല്യങ്ങളുമൊക്കെ അനുവദിച്ചിച്ചിട്ടുണ്ട്. കുറ്റവാളിയാണെന്നു കരുതി മനുഷ്യാവകാശങ്ങള്‍ നിഷേധിക്കാന്‍ ആര്‍ക്കും അധികാരമില്ല. കവിതയെ അറസ്റ്റ് ചെയ്യുമ്പോള്‍ പാവം സിബിഐക്കാര്‍ അതൊക്കെ മറന്നു പോയി. പോലീസ് മര്‍ദനങ്ങളുടേയും കസ്റ്റഡിമരണങ്ങളുടേയും കഥകള്‍ ഇടക്കിടെ കേള്‍ക്കുന്ന ഇക്കാലത്ത് സി.ബി.ഐക്ക് പറ്റിയ ഈ അക്കിടി പരിശോധിച്ചു നോക്കാം.

സൂര്യാസ്തമനത്തിനും സൂര്യോദയത്തിനും ഇടയില്‍ സ്ത്രീകളെ ഒരു കാരണവശാലും അറസ്റ്റ് ചെയ്യാന്‍് പാടില്ല. ഇനി അങ്ങിനെ അറസ്റ്റ് ചെയ്‌തേ തീരൂ എന്നുള്ള കേസാണെങ്കില്‍ സംഭവം നടന്ന സ്ഥലത്തിന്റെ പരിധിയില്‍ വരുന്ന ഫസ്റ്റ ക്ലാസ് മജിസ്‌ത്രേട്ട് കോടതിയുടെ അനുവാദം വാങ്ങണം. അതു വാങ്ങേണ്ടതും അറസ്റ്റ് നടത്തേണ്ടതും വനിതാ പോലീസാണ്. ഇതൊക്കെ സി.ബി.ഐ മറന്നു പോയി.

അറസ്റ്റ് നിയമവിരുദ്ധമാക്കണമെന്ന് ആവശ്യം

അറസ്റ്റ് നിയമവിരുദ്ധമാക്കണമെന്ന് ആവശ്യം

ഇക്കാര്യങ്ങളൊക്കെ റിമാന്റ് ഉത്തരവു പുറപ്പെടുവിക്കും മുമ്പ് കവിത പ്രത്യേക ജഡ്ജി മുമ്പാകെ ബോധിപ്പിച്ചതാണ്. ഇപ്പറഞ്ഞ നിബന്ധനകളൊന്നും തന്റെ കാര്യത്തില്‍ പാലിച്ചിട്ടില്ലെന്ന് അവര്‍ കോടതിയില്‍ വെളിപ്പെടുത്തി. പക്ഷേ, കീഴ്‌ക്കോടതിക്ക് അത് ബോധ്യം വന്നില്ല. കവിത ബോംബെ ഹൈക്കോടതിയില്‍ അപ്പീല്‍ പോയി. അറസ്റ്റ് നിയമ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നും സ്‌പെഷല്‍ ജഡ്ജിന്റെ റിമാന്റ് ഉത്തരവ് റദ്ദാക്കണമെന്നുമായിരുന്നു അവരുടെ ആവശ്യം. ക്രിമിനല്‍ നടപടി ചട്ടങ്ങള്‍ക്ക് വിരുദ്ധമായി തന്നെ അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു. സി.ബി.ഐ ശരിക്കും കുടുങ്ങി.

സംഗതിയുടെ കിടപ്പ് ഇങ്ങിനെയാണ്. സി.ആര്‍.പി.സി 46ാം വകുപ്പിന്റെ നാലാം ഉപവകുപ്പിലാണ് സ്ത്രീകളെ അറസ്റ്റ് ചെയ്യുമ്പോള്‍ പാലിക്കേണ്ട മര്യാദകളെക്കുറിച്ച് പറയുന്നത്. 2005ലാണ് ഈ വകുപ്പ് സി.ആര്‍.പി.സിയില്‍ ചേര്‍ത്തതെങ്കിലും പിറ്റേ വര്‍ഷം ജൂണ്‍ 23നാണ് അത് പ്രാബല്യത്തില്‍ വരുന്നത്. എങ്ങിനെയാണ് അറസ്റ്റ് ചെയ്യേണ്ടതെന്ന് വിവരിക്കുന്ന സി.ആര്‍.പി.സി അഞ്ചാം അധ്യായത്തിലാണ് ഈ വ്യവസ്ഥകളുള്ളത്. രാത്രി കാലങ്ങളില്‍ അറസ്റ്റിലാകുന്ന സ്ത്രീകളുടെ സുരക്ഷ ഓര്‍ത്താണ് ഈ വകുപ്പ് കൂട്ടിച്ചേര്‍ത്തത്.

ബോംബെ ഹൈക്കോടതിയുടെ വിധി

ബോംബെ ഹൈക്കോടതിയുടെ വിധി

ആ വകുപ്പു ചേര്‍ത്ത് ചട്ടം ഭേദഗതി വരുത്താന്‍ പ്രധാന കാരണമായത് ബോംബെ ഹൈക്കോടതിയുടെ തന്നെ ഒരു വിധിയാണ്. ക്രിസ്റ്റ്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ V. ഗവണ്മെന്റ് ഓഫ് മഹാരാഷ്ട്ര കേസില്‍ (1995) പൊലീസ് മര്‍ദനവും കസ്റ്റഡി മരണങ്ങളും സ്ത്രീകളുടെ അറസ്റ്റും മറ്റുമായി ബന്ധപ്പെട്ട ചില മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. സ്ത്രീകളെ അറസ്റ്റ് ചെയ്യുമ്പോള്‍ വനിതാ പോലീസിന്റെ സാന്നിധ്യം വേണമെന്നും സൂര്യാസ്തമനത്തിനും സൂര്യോദയത്തിനും ഇടയില്‍ സ്ത്രീകളെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്നും ആ വിധിയില്‍ പ്രത്യേകം എടുത്തുപറഞ്ഞിരുന്നു.

ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ആ കേസില്‍ കോടതി സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇക്കാര്യങ്ങള്‍ പഠിക്കുന്നതിന് ഒരു കമ്മിറ്റിയെ നിയോഗിക്കണമെന്നും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ വിധിയെ തുടര്‍ന്നാണ് 2005ല്‍ ക്രിമിനല്‍ നടപടി ചട്ടത്തില്‍ ഭേദഗതി വരുത്തിയതും 46 (4) കൂട്ടിച്ചേര്‍ത്തതും. നിയമ കമ്മീഷന്റെ 135 ാം റിപ്പോര്‍ട്ടില്‍ പ്രധാന ശുപാര്‍ശകളില്‍ ഒന്ന് ഇതായിരുന്നു.

സിബിഐയുടെ വാദം ഇങ്ങനെ

സിബിഐയുടെ വാദം ഇങ്ങനെ

കവിതക്കെതിരായ കുറ്റാരോപണം ഗൗരവതരമാണെന്നായിരുന്നു കോടതിയില്‍ സി.ബി.ഐയുടെ വാദം. കൃത്യമായി വിവരങ്ങള്‍ നല്‍കാന്‍ കഴിയുന്ന വ്യക്തിയാണെങ്കിലും അവര്‍ അന്വേഷണവുമായി സഹകരിക്കുന്നുണ്ടായിരുന്നില്ല. മാത്രമല്ല, അവര്‍ രക്ഷപ്പെടാനും സാധ്യതയുണ്ടെന്നും അങ്ങിനെ അനിവാര്യമായ സാഹചര്യത്തിലാണ് കവിതയെ അറസ്റ്റ് ചെയ്തതെന്നും സിബിഐ അഭിഭാഷക വാദിച്ചു.

കവിതയെ സൂര്യാസ്തമനത്തിനു ശേഷം വിളിച്ചു വരുത്തിയതല്ലെന്നും സൂര്യാസ്തമനത്തിനും എത്രയോ മുമ്പേ അവര്‍ ഓഫീസിലുണ്ടെന്നുമായിരുന്നു മറ്റൊരു വാദം. മാത്രമല്ല, ഭര്‍ത്താവും വനിതാ ഉദ്യോഗസ്ഥരും അപ്പോള്‍ സ്ഥലത്തുണ്ട്. ആരും കവിതയോട് മോശമായി പെരുമാറിയിട്ടില്ല. 24 മണിക്കൂര്‍ തീരുന്നതിനു മുമ്പേ സ്‌പെഷല്‍ ജഡ്ജ് മുമ്പാകെ ഹാജരാക്കിയിട്ടുണ്ടെന്നും സിബിഐ ന്യായീകരിച്ചു.

അസമയത്ത് നടത്തിയ അറസ്റ്റ് നിയമപരമാകില്ല

അസമയത്ത് നടത്തിയ അറസ്റ്റ് നിയമപരമാകില്ല

അറസ്റ്റ് രേഖപ്പെടുത്തിയ രേഖയില്‍ ഇന്‍സ്‌പെക്ടര്‍ ഡി. ദാമോദരനാണ് ഒപ്പുവെച്ചത്. വൈശാലി ഘോര്‍പഡെ എന്ന വനിതാ ഉദ്യോഗസ്ഥ പെഴ്‌സണല്‍ സെര്‍ച്ച് നടത്തിയെന്ന് ആ കടലാസില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നു മാത്രം. ഭര്‍ത്താവിന്റെ സാന്നിധ്യമുള്ളതുകൊണ്ടു മാത്രം, നടപടിക്രം പാലിക്കാതെ അസമയത്ത് നടത്തിയ ഈ അറസ്റ്റ് നിയമപരമാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

സി.ആര്‍.പി.സിയിലെ തന്നെ 60 എ വകുപ്പു പ്രകാരം നടപടിക്രമങ്ങള്‍ പാലിക്കാത്ത അറസ്റ്റ് നിയമവരുദ്ധമാണ്. അല്ലെങ്കില്‍ സംഭവകാലത്ത് നിലവിലുള്ള മറ്റ് ഏതെങ്കിലും നിയമത്തിന്റെ പിന്തുണയുണ്ടായിരിക്കണം. മാത്രമല്ല, സി.ബി.ഐ മാനുവലിന്റെ പന്ത്രണ്ടാം വകുപ്പിലും അറസ്റ്റ് ചെയ്യുമ്പോള്‍ നിലവിലുള്ള നിയമങ്ങളുടെ നടപടിക്രമങ്ങള്‍ നിര്‍ബന്ധമായും പാലിക്കണമെന്ന് വ്യക്തമാക്കുന്നുണ്ട്. ഇതൊന്നും സിബിഐ പാലിച്ചിട്ടില്ലെന്നൂ കോടതി കണ്ടെത്തി.

ആദ്യത്തെ സംഭവമല്ല

ആദ്യത്തെ സംഭവമല്ല

മുമ്പും ഇതേ പോലൊരു കേസ് ബോംബെ ഹൈക്കോടതിയില്‍ വന്നിട്ടുണ്ട്. ഭാരതി എസ് ഖന്ധാര്‍ v. മാരുതി ഗോവിന്ദ് ജാദവ് (2013). ആ കേസില്‍ അഞ്ചര മണിക്ക് പോലീസ് കസ്റ്റഡിയിലെടുത്ത് മണിക്കൂറുകളോളം സ്‌റ്റേഷനില്‍ നിര്‍ത്തിയ സ്ത്രീയെ രാത്രി 8.45നാണ് അറസ്റ്റ് ചെയ്തത്. ആ കേസിലും കോടതി ഉത്തരവാദികളായ ഉദ്യോഗസഥര്‍ക്കെതിരെ പിഴ വിധിക്കുകയും ശിക്ഷാ നടപടിക്ക് ശുപാര്‍ശ ചെയ്യുകയും ചെയ്യുകയായിരുന്നു.

ഒരാള്‍ പോലീസ് സ്‌റ്റേഷന്റെ നിയന്ത്രണത്തിലാകുകയോ, പൊലീസ് സ്റ്റേഷനില്‍ അയാളെ തടവില്‍ വെക്കുകയോ ചെയ്താല്‍, അല്ലെങ്കില്‍ അയാളുടെ ചലനങ്ങള്‍ സ്‌റ്റേഷന്‍ അതിര്‍ക്കുള്ളില്‍ പരിമിതപ്പെടുത്തുകയോ ചെയ്താല്‍ അത് അറസ്റ്റ് തന്നെയാണെന്നായിരുന്നു സിബിഐയുടെ വാദം. അത് സ്ഥാപിക്കാന്‍ സിബിഐയുടെ അഭിഭാഷക അമീത കുട്ടിക്കൃഷ്ണന്‍ അറസ്റ്റും കസ്റ്റഡിയും തമ്മിലുള്ള വ്യത്യാസം പരിശോധിച്ച ഒരു സുപ്രിം കോടതി വിധി ഉദ്ധരിക്കുകയുണ്ടായി (സ്റ്റേറ്റ് ഓഫ് ഹരിയാന v. ദിനേശ് കുമാര്‍ 2008). രജസ്ഥാന്‍ ഹൈക്കോടതിയുടെ സന്ധ്യ ഉപമന്യു v. സ്റ്റാഷന്‍ ഹൗസ് ഓഫീസര്‍ കേസും (2016) ദല്‍ഹി ഹൈക്കോടതിയുടെ രാകേഷ് ചന്ദ് v.സ്‌റ്റേറ്റ് ഓഫ് എന്‍സിടി ഡല്‍ഹി കേസും തന്റെ വാദം സ്ഥാപിക്കാന്‍ അവര്‍ ഉദ്ധരിച്ചു. അതുകൊണ്ടു തന്നെ 3.15 മുതല്‍ സ്റ്റേഷനിലുള്ള കവിതയെ എട്ട് മണിക്കാണ് അറസ്റ്റ് ചെയ്തതെന്ന് പറയാന്‍ പറ്റില്ലെന്നായിരുന്നു അവരുടെ വാദം.

സ്ത്രീകളെ എങ്ങനെയൊക്കെ അറസ്റ്റ് ചെയ്യാം?

സ്ത്രീകളെ എങ്ങനെയൊക്കെ അറസ്റ്റ് ചെയ്യാം?

എന്നാല്‍ അറസ്റ്റ് എന്താണെന്ന് നിര്‍വചിച്ചിട്ടില്ലെങ്കിലും എങ്ങിനെ അറസ്റ്റ് ചെയ്യണമെന്ന് സി.ആര്‍.പി.സി അഞ്ചാം അധ്യായത്തില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. 46 (1) പ്രകാരം അറസ്റ്റ് ചെയ്യുന്ന ഉദ്യോഗസ്ഥന്‍ പ്രതിയുടെ ദേഹത്ത് തൊടണം. അയാള്‍ വാക്കാലോ പ്രവൃത്തിയാലോ കീഴടങ്ങിയില്ലെങ്കില്‍ കുറ്റാരോപിതന്റെ ശരീരം തന്റെ നിയന്ത്രണത്തിലാക്കണം. എന്നാല്‍ സ്ത്രീയെ അറസ്റ്റ് ചെയ്യുമ്പോള്‍ പുരുഷ പൊലിസ് അവരുടെ ദേഹത്ത് തൊടാന്‍ പാടില്ല. വനിതാ പോലീസിന് തൊടാം. അല്ലെങ്കില്‍ വാക്കാല്‍ സൂചിപ്പിച്ചാല്‍ മതി. 2009 മുതല്‍ ഡിസംബര്‍ 31 നു വന്ന ഭേദഗതിയാണിത്.

നിര്‍ബന്ധിത സാഹചര്യമുണ്ടായിരുന്നുവെന്ന സി.ബി.ഐയുടെ വാദവും കോടതി അംഗീകരിച്ചില്ല. ഇനി ഉണ്ടെങ്കില്‍ തന്നെ അത്തരം സാഹചര്യങ്ങളില്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ത്രേട്ടിന്റെ അനുവാദം രേഖാമൂലം വാങ്ങിയ ശേഷം വനിതാ പോലിസുദ്യോഗസ്ഥയാണ് അറസ്റ്റ് ചെയ്യേണ്ടത്. പേഴ്‌സണല്‍ സേര്‍ച്ച് മെമ്മോ യില്‍ ഒപ്പുവെച്ചിരിക്കുന്നതും പുരുഷ പോലീസാണ്; പേഴ്‌സണല്‍ സെര്‍ച്ച് നടത്തിയത് വനിതാ പോലീസാണെന്നു പറയുന്നുണ്ടെങ്കിലും. വനിതാ ഉദ്യോഗസ്ഥയുടേയും ഭര്‍ത്താവിന്റേയും സാന്നിധ്യമുണ്ടായിരുന്നു എന്നു പറഞ്ഞിട്ടു കാര്യമില്ല. അറസ്റ്റും കസ്റ്റഡിയും തമ്മിലുള്ള വ്യത്യാസവും സുപ്രിം കോടതി വിധികള്‍ ഉദ്ധരിച്ചു കൊണ്ടുതന്നെ ഹൈക്കോടതി വ്യക്തമാക്കി. മാത്രമല്ല, നിയമനിര്‍മാതാക്കള്‍ നല്ല ബോധത്തോടു കൂടി തന്നെയാണ് അറസ്റ്റ്, കസ്റ്റഡി എന്നീ വാക്കുകള്‍ നിയമത്തില്‍ ഉപയോഗിച്ചിട്ടുള്ളത്.

ആദ്യം പിഴ, ആവശ്യമെങ്കിൽ അറസ്റ്റ് പിന്നെ

ആദ്യം പിഴ, ആവശ്യമെങ്കിൽ അറസ്റ്റ് പിന്നെ

അറസ്റ്റ് നിയമ വിരുദ്ധമാണെന്നിരിക്കെ, പിന്നീട് പ്രത്യേക ജഡ്ജ് പുറപ്പെടുവിച്ച റിമാന്റ് ഉത്തരവും നിയമവിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രമഥ നടപടി നിയമവിരുദ്ധമായാല്‍ തുടര്‍ന്നുള്ള നടപടികളും നിയമവിരുദ്ധാകുമെന്ന നിരവധി വിധികള്‍ ഇക്കാര്യത്തില്‍ കോടതി ഉദ്ധരിച്ചു. സി.ആര്‍.പി.സി ചട്ട പ്രകാരം പാലിക്കേണ്ട നിര്‍ബന്ധ നിബന്ധനകള്‍ സിബിഐ പാലിച്ചില്ലെന്ന കാര്യം കണക്കിലെടുക്കുന്നതില്‍ പ്രത്യേക ജഡ്ജി പരാജയപ്പെട്ടതായും അത് അവഗണിക്കാന്‍ പാടില്ലായിരുന്നുവെന്നും വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 നല്‍കുന്ന ജീവിക്കാനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള അവകാശം ഒരു കുറ്റവാളിക്കും നിഷേധിക്കാന്‍ പാടില്ല. കുറ്റാരോപിതനോ, സംശയിക്കപ്പെടുന്ന ആളോ പിന്നീട് കുറ്റാരോപിതനോ കുറ്റവാളിയോ ആയേക്കാവുന്നവനോ ആരായാലും നിയമം മൂലമൂള്ള നടപടിക്രമങ്ങള്‍ പാലിക്കാന്‍ അന്വേഷണോദ്യോഗസ്ഥര്‍ ബാധ്യസ്ഥരാണ്.

കവിതയെ അസമയത്ത് അറസ്റ്റ് ചെയ്ത സി.ബി.ഐ 50,000 രൂപ പിഴയായി കവിതക്ക് നല്‍കാനാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഈ തുക കുറ്റം ചെയ്ത ഉദ്യോഗസ്ഥനില്‍നിന്ന് ഈടാക്കാവുന്നതാണ്. നിയമം ലംഘിച്ച ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നും വിധിന്യായത്തില്‍ വ്യക്തമാക്കി. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ആവശ്യമായി വന്നാല്‍ കവിതയെ വീണ്ടും അറസ്റ്റ് ചെയ്യാവുന്നതാണ്.

English summary
Why CBI officials liable for disciplinary action in Kavita Mankikar arrest? explained.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more