• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സ്ത്രീകള്‍ മദ്യപിക്കുന്പോള്‍ ആര്‍ക്കാണിത്ര വ്രണപ്പെടുന്നത്? ജിഎൻപിസി വിവാദത്തിൽ രശ്മി എഴുതുന്നു

  • By Desk

രശ്മി രാധ

സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ് രശ്മി. സ്ത്രീ, ദളിത്, ഇടതുപക്ഷ വിഷയങ്ങളിൽ ശക്തമായ നിലപാടുകൾ സ്വീകരിച്ചുപോരുന്നു

സ്ത്രീയുടെ കർതൃസ്വഭാവത്തെ നിഷേധിക്കുകയും അവൾക്കു പൊതുഇടവും പൊതുവ്യവഹാരങ്ങളും അനുവദിക്കാതിരിക്കുകയും ചെയ്യുക എന്നത് ആണ്‍കൊയ്മയുടെ നിലനില്‍പ്പിന്റെ പ്രശ്നമാണ്. സ്ത്രീക്ക് നിഷേധിക്കപ്പെട്ടത് എന്ന് പുരുഷാധിപത്യം മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള ഏതു സാമൂഹിക വ്യവഹാരങ്ങളിലും സ്ത്രീയുടെ കര്‍തൃസ്വഭാവം ആ ആണ്‍കോയ്മയെ ആഴത്തില്‍ മുറിവേല്‍പ്പിക്കും.

രാത്രി സഞ്ചരിക്കുന്ന സ്ത്രീ, ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീ, ഇഷ്ടമുള്ള പങ്കാളിയെ സ്വയം തിരഞ്ഞെടുക്കുന്ന സ്ത്രീ, ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്ന സ്ത്രീ, മദ്യപിക്കുന്ന സ്ത്രീ പുകവലിക്കുന്ന സ്ത്രീ ഇവരൊക്കെയും എല്ലാ കാലത്തും ആണ്‍ബോധത്തിന് "പ്രശ്നക്കാര്‍" ആയിരിക്കും . സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന ഒട്ടുമിക്ക ആക്രമണങ്ങളുടെയും കാരണം തേടിപ്പോയാല്‍ ഇതില്‍ എത്തി നില്‍ക്കും.

പുരുഷനാല്‍ സംരക്ഷിക്കപ്പെടെണ്ട ഒരു വസ്തുവാണ് സ്ത്രീയെന്നും ആ സംരക്ഷണം കുറഞ്ഞു പോയത് കൊണ്ടാണ് ആക്രമണങ്ങള്‍ ഉണ്ടാകുന്നതെന്നും ആകും വലിയ അറിവുള്ളവര്‍ എന്ന് നമ്മള്‍ ധരിക്കുന്നവര്‍ പോലും പ്രതികരിക്കുക. എല്ലാതരം സദാചാര ആക്രമണങ്ങളും ചെന്ന് നില്‍ക്കുന്നതും ഇതില്‍ തന്നെ ആകും.

അരാഷ്ട്രീയ ആള്‍ക്കൂട്ടത്തെ പോലെ

അരാഷ്ട്രീയ ആള്‍ക്കൂട്ടത്തെ പോലെ

സോഷ്യല്‍ മീഡിയയില്‍ കുറഞ്ഞകാലം കൊണ്ട് തന്നെ വ്യാപകമായി പ്രചാരം നേടിയ മദ്യപാന ഗ്രൂപ്പാണ് ജിഎന്‍പിസി. മറ്റെല്ലാ അരാഷ്ട്രീയ മലയാളി ആള്‍ക്കൂട്ടത്തെയും പോലെ സ്ത്രീവിരുദ്ധത, റേസിസം, ബോഡി ഷെയിമിംഗ്, സ്ലട്ട് ഷെയിം തുടങ്ങി എല്ലാ ആണത്ത അശ്ലീലങ്ങളും പേറുന്ന ഒരു വലിയ കൂട്ടമാണ് ജിഎന്‍പിസി. എന്നാല്‍ ഈ സ്വഭാവ വിശേഷങ്ങള്‍ ഒന്നും തന്നെ മദ്യത്തിന്‍റെ പേരില്‍ വന്നു കൂടുന്നവ അല്ല . വലിയ അറിവുള്ളവര്‍, സാംസ്കാരിക നായകര്‍ എന്നൊക്കെ നമ്മള്‍ ധരിച്ചു വച്ചിരിക്കുന്നവരുടെ സംഘങ്ങളില്‍ പോലും ഈ സ്വഭാവ വിശേഷങ്ങള്‍ എല്ലാം ഏറിയും കുറഞ്ഞും കാണാം. കുട്ടികള്‍ക്കൊപ്പമുള്ള മദ്യപാന ചിത്രങ്ങളും മറ്റും ഒരു തരത്തിലും പ്രോത്സാഹിപ്പിക്കാന്‍ പാടില്ലാത്ത കാര്യവും ആണ്.

ജിഎന്‍പിസി വിവാദത്തിന് പിന്നിലും

ജിഎന്‍പിസി വിവാദത്തിന് പിന്നിലും

എന്നാല്‍ ജിഎന്‍പിസി എന്ന ഫേസ്ബുക്ക് ഗ്രൂപ്പിന് നേരെ ഈ അടുത്ത് തുടര്‍ച്ചയായി നടക്കുന്ന ആക്രമണങ്ങളുടെ പ്രധാന കാരണം അന്വേഷിച്ചു പോയാലും സ്ത്രീയുടെ കർതൃസ്വഭാവത്തെ അംഗീകരിക്കാന്‍ കഴിയാത്ത ഈ പുരുഷ മേധാവിത്ത മാനസികാവസ്ഥയില്‍ തന്നെയാകും എത്തുക. സ്ത്രീകള്‍ മദ്യപിക്കുന്ന ചിത്രങ്ങള്‍ ഉള്‍പ്പെടുന്ന പോസ്റ്റുകള്‍ പ്രത്യക്ഷപെട്ട് തുടങ്ങിയത് മുതല്‍ ആണ് ഇവിടെ പ്രശ്നങ്ങള്‍ ഉണ്ടായി തുടങ്ങിയത്.

 പ്രകോപനം സ്ത്രീകള്‍ മാത്രം

പ്രകോപനം സ്ത്രീകള്‍ മാത്രം

പക്ഷെ ഇവിടുത്തെ പ്രശ്നം മദ്യത്തിന്റെ ദൂഷ്യ വശം ഒന്നും അല്ല ആ ഫോട്ടോയിലെ സ്ത്രീ സാന്നിധ്യം ആണ് അവരെ പ്രകോപിപ്പിക്കുന്നത് .സമര മുഖത്തായാലും ,വസ്ത്ര ധാരണത്തിൽ ആയാലും , രാത്രിയില്‍ റോഡില്‍ ആയാലും സ്ത്രീയെ കാണുമ്പോൾ നിയന്ത്രണം വിടുന്ന "അമ്മയും പെങ്ങളും " ആങ്ങളമാര്‍ ആണ് ഇവിടെയും പ്രശ്നക്കാര്‍. അവരുടെ കാഴ്ചപ്പാടുകളിൽ സ്ത്രീക്ക് പലതും നിഷേധിക്കപ്പെട്ടിട്ടുണ്ട് അതൊക്കെ ഏതു സ്ത്രീ ചെയ്താലും അവർ പ്രകോപിതരാകും അതിനെ ചോദ്യം ചെയ്യാന്‍ ഉത്തരവാദിത്വപെട്ടവരാണ് തങ്ങള്‍ എന്ന ബോധമാണ് അവരെ നയിക്കുന്നത്. മദ്യം അത്തരത്തില്‍ നിഷേധിക്കപെട്ട വസ്തുക്കളില്‍ മുന്‍പന്തിയില്‍ തന്നെ നില്‍ക്കുന്ന ഒന്നാണ്.

ലൈംഗിക അസൂയ

ലൈംഗിക അസൂയ

മദ്യവും സ്ത്രീയും പുരുഷനും... ഇത്രയും കേട്ട് കഴിയുമ്പോള്‍ മേല്‍പ്പറഞ്ഞ ആങ്ങളമാരുടെ തലയിലെ ഭാവനായന്ത്രം ഉടനെ പ്രവർത്തിച്ചുതുടങ്ങും. പിന്നെ ഉറക്കം കൊടുക്കാതെ ആ യന്ത്രം അവന്റെ ലൈംഗിക അസൂയയെ പ്രകോപിപ്പിച്ചുകൊണ്ടിരിക്കും . ആണും പെണ്ണും എവിടെയെങ്കിലും ഒന്നിച്ചിരിക്കുന്നു എന്നു കേൾക്കുമ്പോഴും ഉറങ്ങാന്‍ കഴിയാത്തത് ഇതേ ഭാവന കാരണം തന്നെ ആണ്. ആ പ്രകോപനം ഒരു സെക്ഷ്വ്യ ഫ്രസ്ട്രേഷന്‍ ആണ്. അതിന്റെ മൂർധന്യാവസ്ഥയിൽ ഇത്തരക്കാർ ഭാവനയിൽ കഥകൾ മെനഞ്ഞു സ്വയം ആ കഥകള്‍ വിശ്വസിപ്പിക്കും

ചികിത്സ വേണ്ട രോഗം

ചികിത്സ വേണ്ട രോഗം

ഇതൊരുതരം മാനസിക രോഗമാണ്... കൃത്യമായ ചികിത്സ ആവശ്യമുള്ള സാമൂഹിക മാനസിക രോഗം . എന്തും, കണ്ടു കണ്ടേ അതിനോടുള്ള വിരക്തി മാറുകയുള്ളൂ . അതുകൊണ്ട് ഇത്തരക്കാർ സ്ത്രീക്ക് മനസ്സിൽ അയിത്തം കൽപ്പിച്ചിരിക്കുന്ന സ്ഥലങ്ങളിൽ സ്ത്രീയെ കണ്ട് പൊട്ടി ഒലിച്ചു തീരേണ്ടതാണ് ഇവരുടെ ഈ മാനസിക രോഗം . മറ്റെല്ലാ സദാചാര പ്രശ്നത്തിലെയും പോലെ 'അവസരത്തിന്റെ അഭാവം' തന്നെയാണ് ഇവിടെയും ഒരു വിഭാഗത്തിന്റെ പ്രശ്നം . ബിവറേജസ് കോര്‍പ്പറേഷന്‍ പോലെയുള്ള മദ്യവില്‍പ്പനാ കേന്ദ്രങ്ങളില്‍ തൊഴിലാളികളെ നിയമിക്കുന്നതില്‍ പോലും ലിംഗ വിവേചനം പാടില്ല എന്ന കോടതിവിധികള്‍ സമ്പാദിച്ചു സ്ത്രീകള്‍ ജോലിയില്‍ പ്രവേശിച്ചു കഴിഞ്ഞു. അപ്പോഴും മറ്റൊരു വിഭാഗത്തിന് നേരം വെളുത്തിട്ടില്ല എന്നത് ഖേദകരമാണ്.

മദ്യപാനം പ്രോത്സാഹിപ്പിക്കണോ

മദ്യപാനം പ്രോത്സാഹിപ്പിക്കണോ

മദ്യപാനം പ്രോല്സാഹിപ്പിക്കപ്പെടേണ്ട ഒന്നല്ല. അക്കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമൊന്നും ഉണ്ടാകാന്‍ വഴിയില്ല. എന്നാല്‍ അതിന് മാര്‍ഗം മദ്യനിരോധനം അല്ലെന്നും ആരോഗ്യകരമായ മദ്യപാന സംസ്കാരം വളര്‍ത്തിക്കൊണ്ട് വരിക എന്നതാണ് എന്നും പൊതുവേ അംഗീകരിക്കപ്പെട്ട കാര്യമാണ് .നല്ലതുപോലെ മദ്യപിക്കാൻ അറിയാം, നല്ല മദ്യപന്‍ ആണ് എന്നത് പലരും ധരിച്ചിരിക്കുന്നത് കുടിക്കുന്ന മദ്യത്തിന്റെ അളവ്ആണെന്നാണ്. അങ്ങനെയല്ല, മറ്റെന്തു കാര്യവും വൃത്തിയും വെടിപ്പും ദോഷവും ഇല്ലാതെ ചെയ്യാൻ കഴിയുന്നതുപോലെ മദ്യപിക്കാനും കഴിയുന്നവൻ ആണ് നല്ല മദ്യപന്‍.

സ്ത്രീ ആണെങ്കില്‍ മാത്രം പ്രശ്നം

സ്ത്രീ ആണെങ്കില്‍ മാത്രം പ്രശ്നം

ദൂഷ്യഫലങ്ങള്‍ ഉള്ള മദ്യപാനം പോലെയുള്ള ശീലങ്ങള്‍ പുരുഷന്‍ ഏറ്റെടുക്കുമ്പോള്‍, അതെത്രതന്നെ മോശം നിലവാരത്തില്‍ ആണെങ്കിലും ആണ്‍ ബോധത്തിന് എളുപ്പത്തില്‍ അംഗീകരിക്കാന്‍ കഴിയും. കാരണം പുരുഷന്‍റെ കർതൃത്വസ്വഭാവം പൊതുവില്‍ അംഗീകരിക്കപ്പെട്ടതാണ്. എന്നാൽ അതേ സ്ഥാനത്ത് മദ്യപിക്കുന്നത് ഒരു സ്ത്രീ ആണെങ്കിൽ പരിചയക്കാരൊ സുഹൃത്തുക്കളൊ ഒന്നുമല്ലാത്തവർ എല്ലാവരും ഒറ്റക്കെട്ടായി അണിനിരക്കും .

ഉപദേശം, ഭീഷണി, ആക്രമണം

ഉപദേശം, ഭീഷണി, ആക്രമണം

ആദ്യം, ചെയ്ത മഹാപാതകം ചൂണ്ടികാട്ടി ഉപദേശത്തില്‍ തുടങ്ങുന്ന രക്ഷാകര്‍തൃത്വം വഴങ്ങുനില്ല എന്ന് കാണുമ്പോള്‍ ഭീഷണിയിലേക്കും ഒടുവില്‍ ആക്രമണത്തിലും എത്തി നില്‍ക്കും. കാരണം, അത് സ്ത്രീയാണ്, അവള്‍ക്ക് അത്തരത്തില്‍ ഒരു കര്‍തൃ സ്വഭാവം അംഗീകരിച്ചു കൊടുക്കുക വയ്യ . അത് ചോദ്യം ചെയ്യുന്നത് തങ്ങള്‍ നിലനില്‍ക്കുന്ന ആണ്‍ മേല്ക്കൊയ്മാ പ്രിവിലേജുകളെ തന്നെ ആണ്. അതുകൊണ്ട് തന്നെ അവളെ ഉപദേശിച്ചോ ഭീഷണിപ്പെടുത്തിയോ ആ ചങ്ങലകള്‍ക്കുള്ളില്‍ നിലനിര്‍ത്തേണ്ടതുണ്ട്. അതില്‍, ആ സ്ത്രീ താനുമായി ഏതെങ്കിലും രീതിയില്‍ പരിചയം ഉള്ളവളാണോ സുഹൃത്താണോ എന്നതൊന്നും വിഷയമല്ല. കാരണം സ്ത്രീ എന്ന സാമൂഹിക ജീവി എല്ലാ പുരുഷന്മാരുടെയും അധികാര പരിധിയില്‍ വരുന്ന ഒന്നാണ്. കാലാകാലങ്ങളില്‍ നടക്കുന്ന അവളുടെ അധികാര കൈമാറ്റങ്ങള്‍ ആയാണ് വിവാഹങ്ങള്‍ പോലും ആഘോഷിക്കപ്പെടുന്നത്.

മദ്യപാനം മാത്രമല്ല

മദ്യപാനം മാത്രമല്ല

മദ്യപാനം എന്ന ഒറ്റ വിഷയത്തില്‍ മാത്രം നമുക്ക് നോക്കികാണാന്‍ കഴിയുന്ന കാര്യങ്ങളല്ല ഈ പ്രകോപനം മുതല്‍ ആക്രമണം വരെയുള്ള പ്രോസസ്. അത് സ്ത്രീ ഉള്‍പ്പെടുന്ന ഏതു പൊതു വ്യവഹാരങ്ങളിലും പൊതുവില്‍ ഉള്ള പുരുഷ സമൂഹത്തിന്റെ മാനസികാവസ്ഥ ആണ് . അതിനെ അത്തരത്തില്‍ തന്നെ സമീപിക്കുകയും പരിഹാരമാര്‍ഗങ്ങള്‍ തേടുകയും ചെയ്യേണ്ടതുണ്ട്. നിഷേധിക്കപ്പെട്ടവ എന്ന് ആണ്‍കോയ്മ കല്‍പ്പിച്ച വിലക്കുകള്‍ ഒക്കെയും പുതിയ തലമുറ തള്ളിക്കളയുന്നുണ്ട്.

ലോകം മുഴുവന്‍ മാറുന്നു

ലോകം മുഴുവന്‍ മാറുന്നു

ലോകം മുഴുവന്‍ ലിംഗ സമത്വത്തിന്റെ കാഹളങ്ങള്‍ ആണ് ഈ നൂറ്റാണ്ടില്‍ മുഴക്കുന്നത്. മത രാഷ്ട്രമായ സൌദി അറേബ്യ പോലും സ്ത്രീകള്‍ക്ക് നിയമപരമായി നിലനിര്‍ത്തിയിരുന്ന വിലക്കുകള്‍ ഓരോന്നോയി പിന്‍വലിക്കാന്‍ നിര്‍ബന്ധിതര്‍ ആകുകയാണ്. പതിറ്റാണ്ടുകളായി ആണത്ത അശ്ലീലങ്ങളുടെ ആഘോഷമായിരുന്ന മലയാള സിനിമയിലെ ആണ്‍കോട്ടകള്‍ ലിംഗസമത്വത്തിന്റെ കാറ്റില്‍ തകര്‍ന്നു വീഴുകയാണ്. നൂറ്റാണ്ടുകള്‍ കൊണ്ട് രൂപപ്പെട്ട ഒരു ആണധികാര സമൂഹമാണ് നമുക്കുള്ളത് അതില്‍ ലിംഗപരമായ അനീതികളും വിവേചനങ്ങളും ആക്രമണങ്ങളും ആ വ്യവസ്ഥിതിയുടെ തന്നെ ഭാഗമാണ് അതുകൊണ്ട് തന്നെ മാറ്റവും നിരന്തര സമരങ്ങളില്‍ കൂടി ആര്‍ജിക്കാന്‍ കഴിയുന്ന ഒന്നാണ്. ആ മാറ്റതിനായുള്ള സമരത്തില്‍ ഭാഗമായിരുന്നു ജിഎന്‍പിസി എന്ന ഗ്രൂപ്പില്‍ ആണ്‍കോയ്മയെ വിറളി പിടിപ്പിച്ച സ്ത്രീകള്‍ എന്ന് അഡ്രസ്സ് ചെയ്യാനാണ് എനിക്കിഷ്ടം.

(അഭിപ്രായസ്വാതന്ത്ര്യത്തില്‍ വിശ്വസിക്കുന്നു. ലേഖനത്തിൽ പറഞ്ഞിരിക്കുന്നത് എഴുതിയ ആളിന്റെ മാത്രം അഭിപ്രായമാണ്. നിയമപരമായതോ അല്ലാത്തതോ ആയ കാര്യങ്ങളില്‍ മലയാളം വൺ ഇന്ത്യയ്ക്ക് ഉത്തരവാദിത്തമില്ല)

English summary
Why GNPC is targeted by some Male Chauvinist'? Resmi R Nair Writes.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X