• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

എന്തുകൊണ്ട് തേജസ്സിനെതിരേ പത്രമാരണം?

  • By ഷഹീര്‍

പിഡിപി നേതാവ് അബ്ദുള്‍നാസര്‍ മദനിക്ക് എന്തുകൊണ്ട് ജാമ്യം നല്‍കുന്നില്ലെന്ന ചോദ്യം പോലെയാണ് സര്‍ക്കാര്‍ എന്തുകൊണ്ട് തേജസ്സിനെതിരേ എന്ന ചോദ്യവും ഉയര്‍ത്തുന്നത്. ബിജെപിയും കോണ്‍ഗ്രസും ഒരു പോലെ മദനി ജാമ്യത്തിലിറങ്ങുന്നതിനെ എതിര്‍ക്കുന്നു. എല്‍ഡിഎഫും യുഡിഎഫും ഒറ്റക്കെട്ടായി തേജസ് എന്ന പത്രത്തിന് പരസ്യം കൊടുക്കരുതെന്ന് പറയുന്നു. സാമാന്യബുദ്ധിയുള്ള ആരും സംശയിക്കും. ഇതിലെന്തോ കാര്യമുണ്ട്? മാധ്യമത്തിനോടോ സിറാജിനോടോ വര്‍ത്തമാനത്തിനോടോ സര്‍ക്കാറിന് ഈ നിലപാടല്ല ഉള്ളത് എന്ന കാര്യവും ഇതോടൊപ്പം പരിഗണിക്കണം.

എന്‍ഡിഎഫ് എന്ന തീവ്ര സ്വഭാവമുള്ള സംഘടനയുടെ പുതിയ പതിപ്പുകളാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയും അതിന്റെ രാഷ്ട്രീയമുഖമായ എസ്ഡിപിഐയും. അവരുടെ മൂലധനതാല്‍പ്പര്യത്തോടെ പുറത്തിറങ്ങുന്ന പത്രം നിരീക്ഷണത്തിന് വിധേയമാക്കേണ്ടത് ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരുടെ ബാധ്യതയാണ്. ഇത്തരം ഉദ്യോഗസ്ഥര്‍ നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ക്കനുസരിച്ചാണ് സര്‍ക്കാര്‍ നടപടിയെടുക്കുന്നത്. തേജസ്സിന്റെ അന്നം മുടക്കിയിട്ട് അവര്‍ക്ക് എന്തു കിട്ടാനാണ്? പിന്നെ തങ്ങളെ വേണ്ട രീതിയില്‍ ഗൗനിച്ചില്ലെന്ന പരാതി പറയാന്‍ ചില ഉദ്യോഗസ്ഥര്‍ക്കെങ്കിലും പറ്റില്ലെന്ന കാര്യം ഒരു മുന്‍ പിആര്‍ഡി ഉദ്യോഗസ്ഥന്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

സ്വന്തം രാജ്യത്തിനകത്ത് വിധ്വംസകപ്രവര്‍ത്തനം നടത്തുന്നവരെ പോരാളികള്‍ എന്നു വിശേഷിപ്പിക്കുന്ന ഒറ്റ കാര്യം മാത്രം മതി ഈ പത്രത്തിനെ കണ്ടുകെട്ടാന്‍. മൂവാറ്റുപ്പുഴ കൈവെട്ടുകേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടയില്‍ പലതവണ പത്രത്തിന്റെ പേര് കടന്നുവന്നതാണ്. കേസുമായി ബന്ധപ്പെട്ട് പോലിസ് അന്വേഷിച്ചിരുന്ന പലരും ഉപയോഗിച്ചിരുന്നത് തേജസിന്റെ കോര്‍പ്പറേറ്റ് മൊബൈല്‍ കണക്ഷനായിരുന്നുവെന്നും അക്കാലത്ത് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പല വിഷയങ്ങളിലും പത്രം പ്രത്യേകമതവിഭാഗങ്ങള്‍ക്കുവേണ്ടി മാത്രമാണ് നിലകൊണ്ടത്. പലപ്പോഴും രാജ്യത്തിനും ദേശീയതയ്ക്കും അപ്പുറം നില്‍ക്കുന്ന വര്‍ഗ്ഗീയത അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ടെങ്കില്‍ അതിനെ കുറ്റം പറയാന്‍ സാധിക്കില്ല.

തേജസ് പിആര്‍ഡി പരസ്യം നേടിയതെങ്ങനെ? പത്രത്തിന് മീഡിയ അക്രെഡിഷന്‍ നല്‍കുമ്പോള്‍ തലപ്പത്തിരുന്നവര്‍ ആരെല്ലാമാണ്? ചില എഡിഷനുകളിലെങ്കിലും മാധ്യമത്തേക്കാള്‍ ഉയര്‍ന്ന താരിഫില്‍ പരസ്യം ലഭിച്ചതെങ്ങനെ?. ഡിഎവിപി പരസ്യത്തിന്റെ(കേന്ദ്ര ഗവണ്‍മെന്റ് പരസ്യം) കാര്യത്തിലും ഇത്തരം ചോദ്യങ്ങള്‍ പ്രസക്തമാണ്. കേരള പരസ്യം നിഷേധിച്ചിട്ടും കേന്ദ്രം പരസ്യം നല്‍കി എന്ന വാദം കോടതിയിലെത്തുമ്പോള്‍ ചോദ്യം ചെയ്യപ്പെടും എന്ന കാര്യത്തില്‍ സംശയമില്ല. കോടതി അന്വേഷണം പ്രഖ്യാപിച്ചാല്‍ വാദി പ്രതിയാകാതെ നോക്കിയാല്‍ മതി.

ലോകസഭാ തിരഞ്ഞെടുപ്പിന് ശേഷം ഒരു കോണ്‍ഗ്രസ് ഇതര സര്‍ക്കാര്‍ വരികയാണെങ്കില്‍ ഇക്കാര്യത്തില്‍ ഒരു അന്വേഷണം നടത്തുന്നതും നന്നാകും. ഡിഎവിപി പരസ്യം തേജസ്സിന് ലഭിച്ചതെങ്ങനെ? എന്ന ചോദ്യം പ്രസക്തമാണ്. കാരണം കേന്ദ്ര ഏജന്‍സികളുടെ റിപ്പോര്‍ട്ട് അനുസരിച്ച് സ്‌പെഷ്യല്‍ പോലിസ് തേജസ്സിനെതിരേ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കുകയാണ് ചെയ്തത്. പരസ്യം നല്‍കുന്നതിലെ ഈ വിരോധാഭാസം തിരിച്ചറിഞ്ഞ് സംസ്ഥാനം വളരെ ശക്തമായ രീതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതോടെ ഇപ്പോള്‍ കേന്ദ്രപരസ്യവും ഇല്ലാത്ത അവസ്ഥയിലാണ്.

സര്‍ക്കാര്‍ പരസ്യം ആര്‍ക്കു നല്‍കണമെന്ന് തീരുമാനിക്കുന്നത് സര്‍ക്കാറാണ്. അത് തന്നേ പറ്റൂവെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോടതിയെ സമീപിച്ചിട്ടും വലിയ കാര്യമൊന്നുമില്ല. പക്ഷേ, പത്രത്തിനെതിരേ സര്‍ക്കാര്‍ നടപടിയെടുക്കുന്നുണ്ടെങ്കില്‍ അതിനു വ്യക്തമായ കാരണം ബോധിപ്പിക്കണം. ഏത് ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ട് അടിസ്ഥാനത്തിലാണ് പത്രത്തിനെതിരേ നടപടിയെടുക്കുന്നതെന്ന് വ്യക്തമാക്കണം. മനുഷ്യാവകാശ സംരക്ഷണവും പിന്നോക്ക ഉന്നമനവുമാണ് ലക്ഷ്യമെന്ന് പ്രഖ്യാപിച്ച പത്രത്തിന്റെ 'തനിനിറം' എല്ലാവരും ഒന്നു കണ്ടോട്ടെ. എല്ലാ ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ടുകളും പുറത്തുവിടാന്‍ പറ്റില്ല. എങ്കിലും തേജസ്സിനെതിരേയുള്ളത് പുറത്തുവരിക തന്നെ വേണം. കേസ് കോടതിയിലെത്തുന്നതോടെ സര്‍ക്കാര്‍ അത് വ്യക്തമാക്കും. അപ്പോള്‍ ഒരു പക്ഷേ, കോടതി തന്നെ ഉചിതമായ തീരുമാനമെടുത്തേക്കും.

ഏതായാലും സര്‍ക്കാറിനെതിരേ പരസ്യ പോരാട്ടത്തിനിറങ്ങിയ തേജസ്സിനെതിരേ ഒരു അന്വേഷണം പ്രഖ്യാപിക്കുന്നത് നല്ലതാണ്. കേരളത്തില്‍ കോഴിക്കോട്, തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍, കോട്ടയം എഡിഷനുകളാണുള്ളത്. രാജ്യത്തിന് പുറത്ത് ദമാം, റിയാദ്, ജിദ്ദ, ദോഹ, മനാമ എന്നിവിടങ്ങളില്‍ നിന്നും പത്രം പ്രസിദ്ധീകരിക്കുന്നുണ്ട്. കേരളത്തിലെ പത്രത്തിന്റെ കാര്യം എല്ലാവര്‍ക്കും അറിയാം. വിദേശരാജ്യങ്ങളില്‍ മാധ്യമവും മാതൃഭൂമിയും മനോരമയും മത്സരിക്കുന്നിടത്ത് തേജസ്സിന് അധിക റോളുണ്ടാവില്ല. കാരണം ഈ പത്രം വാങ്ങുന്നതും വായിക്കുന്നതും തങ്ങളെ 'ലേബല്‍' ചെയ്യുമെന്ന് പേടിക്കുന്ന മുസ്ലീങ്ങളാണ് കൂടുതലുള്ളത്. പ്രവാസികള്‍ വിഭാഗീയത ഇഷ്ടപ്പെടുന്നില്ല. എങ്കിലും കേഡര്‍ സ്വാഭാവമുള്ള സംഘടനയായതിനാല്‍ കുറച്ച് കോപ്പികള്‍ വിറ്റഴിക്കാനാകും. പക്ഷേ, അതൊന്നും പത്രം സുഗമമായി നടത്താന്‍ മാത്രമുള്ള പണം നല്‍കില്ലെന്ന് ഏറെക്കുറെ ഉറപ്പിക്കാം.

ഇത്രയും എഡിഷനുകളില്‍ പത്രം പ്രിന്റ് ചെയ്യാനും നടത്തികൊണ്ടുപോകാനും എത്ര ചെലവ് വരുന്നുണ്ട്. കോപ്പികള്‍ വിറ്റഴിയ്ക്കുന്നതിലൂടെയും പരസ്യത്തിലൂടെയും എത്ര വരുമാനമുണ്ട്? ആളുകള്‍ വായിക്കുന്ന ഊക്കുകൊണ്ടോ ലഭിക്കുന്ന പരസ്യത്തിന്റെ മേന്മ കൊണ്ടോ അല്ല പത്രം മുന്നോട്ടുനീങ്ങുന്നതെന്ന സംശയം ന്യായമാണ്. പിന്നെ എവിടെ നിന്നാണ് വരുമാനം? വിദേശരാജ്യങ്ങളില്‍ നിന്നും പത്രത്തിന്റെ പേരില്‍ വരുന്ന പണം ശരിയ്ക്കുള്ള വരുമാനം തന്നെയാണോ? പറയുമ്പോള്‍ എല്ലാം പറയണമല്ലോ?

English summary
Why govermenet taking actions against thejas daily-mouthpiece of muslim outfit, Popular Front of India?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more