കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമ്മേ എന്നു വിളിച്ചു കരയാന്‍ പോലും വയ്യ; ഇന്ത്യ സ്ത്രീകള്‍ക്ക് ഏറ്റവും അപകടകരമായ രാജ്യം..

  • By Muralidharan
Google Oneindia Malayalam News

എം ബിജുശങ്കര്‍

മാധ്യമപ്രവർത്തകൻ. മിഡിൽ ഈസ്റ്റ് ചന്ദ്രികയുടെ ബഹ്റൈൻ ന്യൂസ് എഡിറ്ററായിരുന്നു.

'ഇന്ത്യ സ്ത്രീകള്‍ക്ക് ഏറ്റവും അപകടകരമായ രാജ്യ'മെന്ന തോംസണ്‍ റോയിറ്റേഴ്‌സ് ഫൗണ്ടേഷന്‍ സര്‍വേ റിപ്പോര്‍ട്ട് അടുത്ത ദിവസം പുറത്തു വന്നു. ദാരിദ്ര്യവും കാലുഷ്യവും നിറഞ്ഞ സോമാലിയയേയും യുദ്ധം നക്കിത്തുടച്ച അഫ്ഗാനിസ്ഥാനേയും ഇന്ത്യന്‍ ഇക്കാര്യത്തില്‍ പിന്നിലാക്കി. ലൈംഗികാതിക്രമത്തിന്റേയും അടിമ തുല്യമായ ജോലിയുടേയും കാര്യത്തില്‍ സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ ഭീഷണി നേരിടുന്ന രാജ്യം ഇന്ത്യയാണെന്ന കണ്ടെത്തലിന്റെ ഞെട്ടല്‍ തങ്ങി നില്‍ക്കുന്ന അന്തരീക്ഷത്തിലേക്കാണ് താര സംഘടനയില്‍ നിന്നുള്ള ഞെട്ടലുളവാക്കുന്ന വാര്‍ത്തകള്‍ പുറത്തേക്കു വരുന്നത്.

എന്താണ് ഇന്ത്യ, ഇന്ത്യയിലെ പുരുഷ മേധാവികള്‍ സ്ത്രീകളെ എങ്ങിനെ കാണുന്നു, അവരോട് എങ്ങിനെ പെരുമാറുന്നു എന്നു പരിശോധിക്കാനുള്ള മകുടോദാഹരണമായി ഈ സംഭവങ്ങള്‍ വെളിപ്പെട്ടു. സഹപ്രവര്‍ത്തക അക്രമത്തിനിരയായ കേസില്‍ പ്രതിയായ പ്രമുഖ നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയില്‍ തിരിച്ചെടുക്കാനുള്ള തീരുമാനവും അതില്‍ പ്രതിഷേധിച്ചുകൊണ്ടു സിനിമയിലെ വനിതാ കൂട്ടായ്മ സ്വീകരിച്ച നിലപാടുകളും അമ്മയില്‍ നിന്നുള്ള നടിമാരുടെ രാജി പ്രഖ്യാപനവും നിരവധി യാഥാര്‍ഥ്യങ്ങള്‍ തുറന്നിടുന്നുണ്ട്.

സ്ത്രീകൾക്ക് പുല്ലുവില കൽപ്പിക്കുന്നവർ...

സ്ത്രീകൾക്ക് പുല്ലുവില കൽപ്പിക്കുന്നവർ...

പൊതു ഇടങ്ങളിലും തൊഴില്‍ മേഖലയിലും സ്ത്രീയെ ഏറ്റവും അപകടകരമായ അവസ്ഥയിലേക്കു തള്ളി വിടുന്നതിന്റെ നേര്‍ക്കാഴ്ചകളാണത്. സഹപ്രവര്‍ത്തകയായ ഒരു നടിയെ അപായപ്പെടുത്താനും ഭീഷണിപ്പെടുത്താനുമായി ക്വട്ടേഷന്‍ സംഘത്തെ ഏല്‍പ്പിച്ചുവെന്ന അതീവ ഗുരുതരമായ ആരോപണം നേരിടുന്ന ഒരാളോട്, സമൂഹം ആദരിക്കുന്ന താര പ്രഭുക്കളുടെ സംഘട സ്വീകരിച്ച നിലപാട് സ്ത്രീയുടെ ജീവിതത്തിനും അന്തസ്സിനും അഭിമാനത്തിനും ഉന്നത സ്ഥാനീയര്‍ പുല്ലുവിലയാണു കല്‍പ്പിക്കുന്നതെന്നു തെളിയിക്കുന്നു.

സമൂഹം നെഞ്ചേറ്റി ലാളിക്കുന്ന വെള്ളിത്തിരയിലെ താരങ്ങളാണ് ഈ സംഘടനയെ നയിക്കുന്നത് എന്നതു മാത്രമല്ല ഈ പ്രശ്‌നത്തെ ഗുരുതരമാക്കുന്നത്. ഇത്തരം സ്ത്രീ വിരുദ്ധ തീരുമാനങ്ങളെടുക്കുന്ന വേദിയില്‍ പാര്‍ലിമെന്റ് അംഗങ്ങള്‍, നിയമ സഭാ സാമാജികര്‍, പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ സന്തതസഹചാരികള്‍, പ്രചാരകര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു എന്നതാണ്.

താരനേതാക്കളും നിലപാടും

താരനേതാക്കളും നിലപാടും

മിക്കവാറും താര നേതാക്കള്‍ക്കു കൃത്യമായ രാഷ്ട്രീയ നിലപാടും കാഴ്ചപ്പാടും ഉണ്ടെന്നാണ് ഇതു സൂചിപ്പിക്കുന്നത്. അപ്പോള്‍ ഇത്തരം നിലപാടുകളുടെ രാഷ്ട്രീയവും ചര്‍ച്ചചെയ്യപ്പെടേണ്ടതായിവരുന്നു. ലിംഗ സമത്വത്തിനും സ്ത്രീ സ്വാതന്ത്ര്യത്തിനും നിലകൊള്ളുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക്, അവര്‍ പാര്‍ലിമെന്ററി രംഗത്തേക്കു തെരഞ്ഞെടുത്തയച്ച താരങ്ങളെ വിളിച്ചിരുത്തി അവരെ തിരുത്താനും നിലക്കു നിര്‍ത്താനുമുള്ള ഉത്തരവാദിത്തമുണ്ട്.

രാഷ്ട്രീയ നേതൃത്വങ്ങളോടു കണക്കു പറയാന്‍ ബാധ്യസ്ഥരായ ഇന്നസെന്റും സുരേഷ്‌ഗോപിയും മുകേഷും ഗണേഷ്‌കുമാറുമെല്ലാം ഇത്തരം സ്ത്രീവിരുദ്ധ നിലപാടുകള്‍ക്കൊപ്പമാണെന്നു വെളിപ്പെടുന്നത് ഭീതിജനകമാണ്. രാജ്യത്ത് എങ്ങിനെയാണ് സ്ത്രീയുടെ ജീവിതം അത്യന്തം അപകടകരമായ സാഹചര്യത്തിലൂടെ കടന്നു പോകുന്നത് എന്ന് അടിവരയിടാന്‍ ഈ സംഭവങ്ങള്‍ തന്നെ ധാരാളം.

പൊതുസമൂഹത്തെ അമ്പരപ്പിക്കുന്നു

പൊതുസമൂഹത്തെ അമ്പരപ്പിക്കുന്നു

പീഢനത്തിനിരയായ സിനിമാ നടി, സംഘടനയില്‍ നിന്നു രാജിവെക്കുന്നതിനായി ഉന്നയിച്ചിട്ടുള്ള ആരോപണം പൊതുസമൂഹത്തെ അമ്പരപ്പിക്കുന്നതാണ്. ക്രൂരമായ അതിക്രമത്തിനു ശേഷം സിനിമയിലെ തന്റെ അവസരങ്ങളില്‍ നിന്നു പുറം തള്ളുന്നതില്‍ ആരോപണ വിധേയനായ താരം ആസൂത്രിതമായി ഇടപെട്ടുവെന്നും അക്കാര്യത്തില്‍ സംഘടക്കു പരാതി നല്‍കിയപ്പോള്‍ അവഗണിച്ചുവെന്നുമാണ് അവര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

'ലൈംഗികാതിക്രമം', 'അടിമ തുല്യമായ ജോലി' എന്നിങ്ങനെ സര്‍വേ ചൂണ്ടിക്കാണിച്ച രണ്ടു കൊടും ക്രൂരത സമുന്നതരെന്നു കരുതുന്നവര്‍പോലും സ്ത്രീകള്‍ക്കുമേല്‍ സങ്കോചരഹിതമായി പ്രയോഗിക്കുന്നു എന്ന്് ഈ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ബലാല്‍സംഗം , ലൈംഗികാതിക്രമണം, പെണ്‍ ഭ്രൂണഹത്യ തുടങ്ങിയ സ്ത്രീ വിരുദ്ധതയില്‍ ഇന്ത്യ അപകടം പിടിച്ച രാജ്യമാണെന്നാണു സര്‍വേ കണ്ടെത്തുന്നത്. മണിക്കൂറില്‍ നാലു ബലാല്‍സംഗ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രാജ്യത്ത് 2007 നും 2016 നും ഇടയില്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ 83 ശതമാനം വര്‍ധന രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.

സ്ത്രീ എന്നും പുരുഷന്റെ അടിമയാണെന്ന ബോധം

സ്ത്രീ എന്നും പുരുഷന്റെ അടിമയാണെന്ന ബോധം

ഇന്ത്യന്‍ ഭരണഘടന ലിംഗഭേദമില്ലാതെ സ്വാതന്ത്ര്യവും സമത്വവും അനുശാസിക്കുന്നുണ്ടെങ്കിലും സ്ത്രീ എന്നും പുരുഷന്റെ അടിമയാണെന്ന അടിസ്ഥാനബോധം എവിടേയും ശക്തമായി നിലനില്‍ക്കുന്നു എന്നു വെള്ളിത്തിരയില്‍ നീതിയുടെ ശബ്ദമായി പ്രത്യക്ഷപ്പെട്ടു കൈയ്യടി നേടുന്ന താരപ്രഭുക്കള്‍ വ്യക്തമാക്കിത്തരുന്നു.

ഒരു വ്യക്തി എന്ന നിലയില്‍ സ്ത്രീയുടെ മനസ്സിനും ശരീരത്തിനും വ്യക്തിബോധത്തിനും ആഴത്തിലുള്ള പരുക്കുകളേല്‍പ്പിക്കുന്നതിനുവേണ്ടിയാണു ക്രിമിനല്‍ സ്വഭാവമുള്ളവര്‍, മാനസികവും ശാരീരികവും ലൈംഗികവുമായ പീഢനം എന്ന ആയുധം പുറത്തെടുക്കുന്നത്. സ്ത്രീ സുരക്ഷക്കായി നിലവിലുള്ള അനേകം നിയമങ്ങളെ നോക്കുകുത്തിയാക്കാന്‍ സമൂഹത്തിലെ ഉന്നതര്‍ക്കും സമ്പന്നര്‍ക്കും എളുപ്പം സാധിക്കുന്നു.

സ്ത്രീസുരക്ഷയും സ്വാതന്ത്രവും ചവിട്ടിമെതിക്കപ്പെടുന്നു

സ്ത്രീസുരക്ഷയും സ്വാതന്ത്രവും ചവിട്ടിമെതിക്കപ്പെടുന്നു

സ്ത്രീധന സമ്പ്രദായമെന്ന സാമൂഹ്യവിപത്തിന് അറുതിവരുത്താന്‍ 1961 ല്‍ സ്ത്രീധന നിരോധന നിയമം നിലവില്‍ വന്നു. കേന്ദ്രസര്‍ക്കാര്‍ 1985 ല്‍ സ്ത്രീധന നിരോധന നിയമത്തിന്റെ പരിധിയില്‍ അനുബന്ധചട്ടങ്ങളും നിര്‍മിച്ചു. 1990 ല്‍ ഇന്ത്യന്‍ പാര്‍ലമെന്റ് ദേശീയ വനിതാകമ്മീഷന്‍ നിയമം പാസ്സാക്കി. ഗാര്‍ഹികാതിക്രമങ്ങളില്‍ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്ന ഗാര്‍ഹിക പീഡന നിരോധന നിയമം 2005 ല്‍ നിലവില്‍ വന്നു.

സ്ത്രീകള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന മനുഷ്യാവകാശ ധ്വംസനങ്ങളും ആക്രമണങ്ങളും തടയുക എന്ന ലക്ഷ്യമാണ് ഈ നിയമ നിര്‍മാണങ്ങള്‍ക്കെല്ലാം പിന്നിലുണ്ടായിരുന്നത്. എന്നിട്ടും സ്ത്രീസുരക്ഷയും സ്വാതന്ത്രവും രാജ്യത്തു ചവിട്ടിമെതിക്കപ്പെടുന്നത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് ഉത്തരമാണ്, അമ്മ എന്ന സംഘടന വെളിപ്പെടുത്തിയിരിക്കുന്ന സ്ത്രീ വിരുദ്ധ മാനസികാവസ്ഥ.

സ്ത്രീകൾ സുരക്ഷിതരല്ല

സ്ത്രീകൾ സുരക്ഷിതരല്ല

നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറേയുടെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ഒരോ രണ്ടു മിനിറ്റില്‍ ഒരു തവണയും ഒരു മണിക്കൂറില്‍ 26 തവണയും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭര്‍തൃ പീഡനം, സ്ത്രീകള്‍ക്കു നേരേയുള്ള അതിക്രമങ്ങള്‍, തട്ടികൊണ്ടുപോകല്‍, ലൈംഗിക പീഡനം , അവഹേളിക്കല്‍, സ്ത്രീധന മരണം എന്നീ കുറ്റകൃത്യങ്ങളും പെരുകിക്കൊണ്ടിരിക്കുന്നു. കുടുംബാരോഗ്യ സര്‍വ്വേ അനുസരിച്ച് ഇന്ത്യയിലെ ഭൂരിഭാഗം സ്ത്രീകളും ഭര്‍ത്താവിന്റെ ശാരീരികമോ ലൈംഗികമോ ആയ ക്രൂര പീഡനങ്ങള്‍ സഹിക്കുന്നു.

ഒരു കാലത്ത് പുരുഷന്മാരുടെ മാത്രം കുത്തകയായിരുന്ന പല മേഖലകളിലേക്കും സ്ത്രീകള്‍ ഇന്നു കടന്നുചെല്ലുന്നു. അത് അംഗീകരിക്കാന്‍ പുരുഷ മേധാവികള്‍ മടിക്കുന്നു. നൂറ്റാണ്ടുകളായി സമൂഹമനസില്‍ ആഴത്തില്‍ വേരോടിയ സ്ത്രീ വിരുദ്ധ ധാരണകള്‍ ഇന്നും പുരുഷ സമൂഹം സങ്കോചമില്ലാതെ കൊണ്ടു നടക്കുന്നു എന്നതിന് മറ്റു തെളിവുകള്‍ ആവശ്യമില്ല.

റിപ്പോർട്ട് ആശങ്കാജനകം

റിപ്പോർട്ട് ആശങ്കാജനകം

നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്നില്ല എന്നതും നീതി നടപ്പാക്കലിന് അനിശ്ചിതമായ കാലവിളംബം ഉണ്ടാവുന്നു എന്നതും ഇരകള്‍ക്കു തിരിച്ചടി നല്‍കുന്നു. വീഴ്ചവരുത്തുന്ന നിയമപാലകര്‍ സംരക്ഷിക്കപ്പെടുന്നു. സ്ത്രീ പീഡനങ്ങള്‍ തടയുക എന്നതും സ്ത്രീയെ പൂര്‍ണ്ണമായും സംരക്ഷിക്കുക എന്നതും ഉത്തരവാദിത്വബോധമുള്ള ഓരോ പൗരന്റെയും കടമയാണെന്ന ബോധം കേരളീയ സമൂഹത്തില്‍ പോലും ആര്‍ജിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് അമ്മകാട്ടിത്തരുന്നു.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ വര്‍ധിച്ചുവരുന്ന അതിക്രമങ്ങള്‍ രാജ്യത്തെ സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നതായി ലോക ബാങ്ക് സാമ്പത്തിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പഠനത്തില്‍ വ്യക്തമായിട്ടുണ്ട്. സുരക്ഷ പ്രശ്‌നത്തിന്റെ പേരില്‍ ജോലി ഉപേക്ഷിക്കുന്ന സ്ത്രീകളുടെ എണ്ണം കൂടിവരുന്നു. സ്വന്തം സുരക്ഷ മാത്രമല്ല, വീട്ടിലെ പെണ്‍കുട്ടികളുടെ സുരക്ഷയിലുള്ള ആശങ്കയും സ്ത്രീകളെ ജോലി ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കുകയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുകയുണ്ടായി.

സ്ത്രീകള്‍ക്ക് ഏറ്റവും അപകടകരമായ രാജ്യം

സ്ത്രീകള്‍ക്ക് ഏറ്റവും അപകടകരമായ രാജ്യം

2004-2018 കാലയളവിനുള്ളില്‍ രണ്ടു കോടി സ്ത്രീകള്‍ രാജ്യത്തെ തൊഴിലിടങ്ങളില്‍നിന്ന് തുടച്ചുനീക്കപ്പെട്ടു. ആവര്‍ത്തിക്കുന്ന സ്ത്രീപീഡന സംഭവങ്ങള്‍ സ്ത്രീ തൊഴിലാളികള്‍ക്കിടയില്‍ കടുത്ത ആശങ്ക ഉണ്ടാക്കിയതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയില്‍ 27 ശതമാനം സ്ത്രീകള്‍ മാത്രമാണ് തൊഴിലെടുക്കുന്നതെന്നാണു കണക്ക്. ഇത് ജി-20 രാജ്യങ്ങളിലെ ഏറ്റവും താഴ്ന്ന നിരക്കാണ്.

സൗദി അറേബ്യ മാത്രമാണ് ഇന്ത്യയ്ക്കു താഴെയുള്ളത്. സൗദി പോലും വാഹനമോടിക്കാക്കാനും ഇഷ്ട വസ്ത്രം ധരിക്കാനുമുള്ള അവസരം നല്‍കി സ്ത്രീകളെ സമത്വത്തിലേക്കാനയിക്കുന്ന കാഴ്ചയാണു കാണുന്നത്. ഷൂറാ കൗണ്‍സില്‍ പോലുള്ള സുപ്രധാന വേദികളിലും ഭരണ സംവിധാനങ്ങളിലും സ്ത്രീ പ്രാതിനിധ്യം ഉയര്‍ത്തി അവര്‍ കുതിപ്പിനു തയ്യാറെടുക്കുന്നു.

ഇന്ത്യയില്‍ പീഢനത്തിനിരയാകുന്നത് പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളില്‍ നിന്നുള്ള സ്ത്രീകളാണെങ്കില്‍ അതു വാര്‍ത്തയല്ല. അതു പുറംലോകം അറിയുന്നുപോലുമില്ല. നീതിന്യായ വ്യവസ്ഥയുടെ രേഖയില്‍ അതുള്‍പ്പടുന്നില്ല. ഇത്തരം അതിക്രമങ്ങള്‍ തടയുന്നതിനുവേണ്ടി 1989ല്‍ രാജ്യത്ത് നിലവില്‍വന്ന നിയമവ്യവസ്ഥയെ ദുര്‍ബലമാക്കുന്ന നടപടികള്‍ക്കും രാജ്യം സാക്ഷ്യം വഹിക്കുന്നു. ഈ ഗതിയിലാണു രാജ്യം സഞ്ചരിക്കുന്നതെങ്കില്‍ 'ഇന്ത്യ സ്ത്രീകള്‍ക്ക് ഏറ്റവും അപകടകരമായ രാജ്യ'മെന്ന പദവിയില്‍ ഇനിയും ഏറെക്കാലം തുടരുക തന്നെ ചെയ്യും.

English summary
Women not safe in India, Biju Shankar writes.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X