കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുന്തിരി തീറ്റയും കരടിനൃത്തവും, ഇവിടങ്ങനെ, അവിടിങ്ങനെ! ഞെട്ടിക്കുന്ന ന്യൂ ഇയര്‍ അന്ധവിശ്വാസങ്ങള്‍

ലോകത്ത് വിവിധ രാജ്യങ്ങളിലെ വിവിധ തരത്തിലുള്ള ന്യൂ ഇയര്‍ ആഘോഷങ്ങള്‍ വളരെ കൗതുകകരമാണ്. ചിലയിടത്ത് തമാശ നിറ‍ഞ്ഞ ആഘോഷങ്ങള്‍. ചിലയിടത്ത് അന്ധവിശ്വാസങ്ങള്‍.

  • By Sreenath
Google Oneindia Malayalam News

സമ്മാനങ്ങളും സ്നേഹവും പങ്കുവെച്ച് പുതുവര്‍ഷം ആഘോഷിക്കാന്‍ തയാറെടുക്കുകയാണു ലോകം. കാര്‍ഡുകളയച്ചും ആശംസകള്‍ പങ്കുവച്ചും പുതുവര്‍ഷത്തെ വരവേറ്റിരുന്നു ഒരു കാലഘട്ടം. ഇന്നിപ്പോള്‍ ഡിജിറ്റല്‍ സാങ്കേതി വിദ്യയുടെ കാലത്ത് വാട്സ്ആപ് സന്ദേശങ്ങളും ട്വീറ്റുകളുമായി പുതുവര്‍ഷത്തെ വരവേല്‍ക്കുന്നതാണു ട്രെന്‍ഡ്.

ഡിസംബര്‍ 31നു രാത്രി 12 മണിക്ക് കൂട്ടുകാരനു ലോകത്തിലെ ഏറ്റവും മോശപ്പെട്ട കണി കാണിക്കുക എന്നതാണ് യുവാക്കള്‍ക്കിടയിലെ ഏറ്റവും ട്രെന്‍ഡിയായ പുതുവര്‍ഷ സമ്മാന രീതി. ഇത്തരത്തില്‍ നിരവധി ആഘോഷ രീതികള്‍ നമുക്കു സുപരിചിതങ്ങളാണ്.

എന്നാല്‍ തീര്‍ത്തും അപരിചിതവും രസകരവുമായ ചില പുതുവര്‍ഷ ആഘോഷ രീതികള്‍ ലോകത്ത് പ്രചാരത്തിലുണ്ട്. പലതും അന്ധവിശ്വാസങ്ങള്‍ മാത്രമാണ്. രസകരമായ 15 ന്യൂ ഇയര്‍ ആഘോഷ രീതികള്‍ ഇതാ...

പാതിരാത്രിയിലെ 12 മുന്തിരികള്‍

പുതുവര്‍ഷത്തലേന്നു പാതിരാത്രിയില്‍ ക്ലോക്ക് 12 തവണ മണി അടിക്കുമ്പോള്‍, ഓരോ അടിക്കൊപ്പവും ഒരു മുന്തിരിവച്ച് അകത്താക്കും സ്‌പെയ്‌നുകാര്‍. അടുത്ത 12 മാസങ്ങളും സൗഭാഗ്യപൂരിതമാകുമെന്നത്രേ വിശ്വാസം... ചില ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും ഈ മുന്തിരി വിഴുങ്ങല്‍ പതിവുണ്ടത്രേ..

അര്‍ജന്‍റീനയിലെ ന്യൂ ഇയര്‍ പയര്‍

അര്‍ജന്‍റീനയില്‍ ഉത്പാദിപ്പിക്കുന്ന പയര്‍ വര്‍ഗങ്ങള്‍ ഫൈബര്‍ കണ്ടന്‍റിന് പ്രസിദ്ധമാണത്രേ. സ്‌പെയ്‌നുകാര്‍ മുന്തിരി കഴിക്കുന്നപോലെ ഡിസംബര്‍ 31ന് അര്‍ദ്ധരാത്രി അര്‍ജന്‍റീനക്കാര്‍ പയര്‍വര്‍ഗങ്ങളാണ് അകത്താക്കുക. അടുത്ത വര്‍ഷത്തെ തൊഴില്‍ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള വിറ്റാമിനുകള്‍ പയറിലുണ്ടെന്നാണു വിശ്വാസം.

കോഴി തീരുമാനിക്കും കല്യാണം

ബെലാറസിലെ പുതുവര്‍ഷച്ചടങ്ങ് വളരെ വ്യത്യസ്ഥമാണ്. കല്യാണം കഴിക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ വട്ടത്തിലിരിക്കും. എല്ലാവരുടെ മുന്നിലും ഒരു പിടി ചോളമുണ്ടാകും. പെണ്‍പടയ്ക്കു നടുവില്‍ ഒരു പൂവന്‍ കോഴിയെ നിര്‍ത്തും. ആരുടെ മുന്നിലെ ചോളമാണോ കോഴി ആദ്യം കൊത്തുന്നത് ആ മിടുക്കിയുടെ കല്യാണം ആദ്യം കഴിയുമെന്നാണുവിശ്വാസം.

ചൈനയിലും പൊട്ടിയെ ആട്ടും

തിരുവാതിരയ്ക്ക് പൊട്ടിയെ ആട്ടുന്ന ചടങ്ങുണ്ട് കേരളത്തില്‍. ശ്രീഭഗവതിയെ വീട്ടിലേക്കാനയിച്ച് ചേട്ട ഭഗവതിയെ പുറത്താക്കുന്നു എന്നു സങ്കല്‍പം. ചൈനയില്‍ പുതുവര്‍ഷത്തിന്‍റെ ഭാഗമായാണ് ഈ ചടങ്ങ്. പുതുവര്‍ഷത്തലേന്ന് വീടു മുഴുവന്‍ വൃത്തിയാക്കി മാലിന്യങ്ങള്‍ പിന്‍വാതിലിലൂടെ പുറത്തുകളയും.

അയല്‍ക്കാരന്‍റെ നെഞ്ചത്ത് ഹാപ്പി ന്യൂ ഇയര്‍

ഡെന്‍മാര്‍ക്കിലെ പുതുവര്‍ഷാഘോഷം തകര്‍പ്പനാണ്. പൊട്ടിയ പാത്രങ്ങള്‍ അയല്‍ക്കാരുടേയും സൂഹൃത്തുക്കളുടേയും പുരയിടങ്ങളിലേക്കു വലിച്ചെറിഞ്ഞാണ് ഇവര്‍ പുതുവര്‍ഷത്തിലെ സൗഭാഗ്യങ്ങളെ വരവേല്‍ക്കുന്നത്. ഇതിനായി വീടുകളില്‍ പൊട്ടിയ പാത്രങ്ങള്‍ കളയാതെ സൂക്ഷിച്ചു വയ്ക്കുമത്രേ.

റൊമാനിയയിലെ കരടി നൃത്തം

റൊമാനിയയിലെ കിഴക്കന്‍ മൊള്‍ദോവ പ്രദേശത്ത് ക്രിസ്തുമസ് മുതല്‍ പുതുവര്‍ഷത്തലേന്നു വരെയുള്ള ദിവസങ്ങളിലെ വൈകുന്നേരങ്ങളില്‍ കരടികളിറങ്ങും. യഥാര്‍ത്ഥ കരടി രോമം കൊണ്ടു നിര്‍മിച്ച വസ്ത്രങ്ങളണിഞ്ഞ് തെരുവില്‍ നൃത്തംചെയ്താണ് ഇവിടെയുള്ളവര്‍ ന്യൂയര്‍ ആഘോഷിക്കുന്നത്.

ഇലക്കറികളും പന്നിയിറച്ചിയും പയറും

അമേരിക്കയുടെ തെക്കന്‍പ്രദേശങ്ങളില്‍ പുതുവര്‍ഷത്തലേന്നത്തെ അത്താഴം പ്രത്യേകതയുള്ളതാണ്. ഇലക്കറികളും പന്നിയിറച്ചിയും പ്രത്യേക തരം പയറുമാണ് അത്താഴത്തിലെ വിഭവങ്ങള്‍. ക്രീം നിറത്തിലുള്ള പയറിന്‍റെ പുറത്ത് മനുഷ്യന്‍റെ കണ്ണുപോലെയുള്ള ഒരു അടയാളമുണ്ടാകും. ഈ ഭക്ഷണം ഭാഗ്യം കൊണ്ടുവരുമെന്നാണു വിശ്വാസം. ആഭ്യന്തര യുദ്ധക്കാലത്ത് സൈനികര്‍ ഈ പ്രത്യേക ഇനം പയറൊഴികെയുള്ള ഭക്ഷണ പദാര്‍ഥങ്ങള്‍ മോഷ്ടിച്ചുകൊണ്ടുപോകുമായിരുന്നത്രേ. അതിനു ശേഷമാണ് ഈ ആചാരം ആരംഭിച്ചതെന്നു വിശ്വസിക്കപ്പെടുന്നു.

ഫര്‍ണീച്ചറുകള്‍ക്കു കഷ്ടകാലം

ദക്ഷിണാഫ്രിക്കയിലെ ചില മേഖലകളില്‍ പുതുവര്‍ഷാഘോഷം പഴയ ഫര്‍ണീച്ചറുകളുടെ കഷ്ടകാലമാണ്. പഴയ ഫര്‍ണീച്ചറുകള്‍ ജനലുകളിലൂടെയും ബാല്‍ക്കണിയില്‍ നിന്നും പുറത്തേക്കു വലിച്ചെറിഞ്ഞാണ് അവര്‍ പുതുവര്‍ഷത്തെ വരവേല്‍ക്കുന്നത്. പഴയതിനു പകരം പുതിയത് എന്ന വിശ്വാസമാണത്രേ ഇതിനു പിന്നില്‍. ബാല്‍ക്കണിയില്‍ നിന്നു പറന്നുവരുന്ന ഫര്‍ണീച്ചറുകള്‍ തലയില്‍ വീണ് ആളുകള്‍ക്കു പരുക്കേല്‍ക്കുന്നതും പോലീസ് ഇടപെടുന്നതും പതിവാണ്.

പുതുവര്‍ഷത്തിലെ ചോറൂണ്

പുതുവര്‍ഷത്തില്‍ ചോറൂണ് നടത്തുന്നതാണ് എസ്‌റ്റോണിയക്കാരുടെ ആഘോഷം. ചോറൂണ്‍ ചെറിയ കുട്ടികള്‍ക്കല്ല, ചോറുണ്ണുന്നത് ഒരു തവണയുമല്ല. പുതുവര്‍ഷത്തലേന്ന് ചുരുങ്ങിയത് 12 തവണ അവര്‍ ഭക്ഷണം കഴിക്കും. അടുത്ത 12 മാസത്തേക്കുള്ള കരുത്തുണ്ടാകാനാണത്രേ ഈ തീറ്റ

ലാടം ഉരുക്കിയൊഴിച്ച് ഭാവി അറിയാം

ഫിന്‍ലാന്‍ഡ് പോലുള്ള സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ പുതുവര്‍ഷത്തില്‍ ഭാവി ഫലം അറിയുന്നതിന് രസകരമായ ഒരു ചടങ്ങുണ്ട്. കുതിരയുടേയും മറ്റും ലാടം ഉരുക്കി വെള്ളത്തിലേക്കൊഴിക്കും. ഉരുകിയ ലാടം വെള്ളത്തില്‍ കിടന്ന് ഉറച്ച് മറ്റൊരു രൂപത്തിലാകും. ഈ രൂപം അനുസരിച്ചായിരിക്കും ഭാവി ഫലം.

കടലിനു സമ്മാനം നല്‍കി ആഘോഷം

കാല്‍പ്പന്തുകളിയുടെയും കാര്‍ണിവലിന്‍റേയും നാടായ ബ്രസീലില്‍ റിയോയിലെ കോപകബാന ബീച്ചിലെത്തി കടലിലേക്കു വെളുത്ത പൂക്കള്‍ വലിച്ചെറിഞ്ഞാണ് പുതുവര്‍ഷം ആഘോഷിക്കുന്നത്. കലിന്‍റെ ദേവതയായ യെമന്‍ജയ്ക്കുള്ള സമ്മാനമാണ് ഈ പൂക്കള്‍. ഇത് ഭാഗ്യം കൊണ്ടുവരുമെന്നാണു വിശ്വാസം.

ഇക്വഡോറും കൊച്ചിയും ഒരുപോലെ

പതുവര്‍ഷത്തലേന്ന് വലിയ ആള്‍രൂപമുണ്ടാക്കി തീ കൊടുത്താണ് കൊച്ചിക്കാര്‍ ആഘോഷിക്കുന്നത്. പാപാഞ്ഞി എന്നാണ് ഈ ആള്‍രൂപത്തിന്‍റെ പേര്. ഇക്വഡോറുകാരും ഇതേ രീതിയിലാണ് പുതുവര്‍ഷം ആഘോഷിക്കുന്നത്. വൈക്കോലുകൊണ്ടുണ്ടാക്കിയ വലിയ ആള്‍രൂപങ്ങളെ കത്തിച്ചാണ് ആഘോഷം.

സമ്മാനങ്ങളുമായെത്തുന്ന ആദ്യ അതിഥി

പുതുവര്‍ഷദിനത്തില്‍ വീടിനു മുന്നിലൂടെ പോകുന്ന ആദ്യ വ്യക്തി നിങ്ങള്‍ക്കൊരു സമ്മാനം തരാന്‍ നിര്‍ബന്ധിതനാണ് സ്‌കോട്‌ലാന്‍ഡില്‍. ഉപ്പോ, ബ്രഡോ, കല്‍ക്കരിയോ, വിസ്‌കിയോ, നാണയമോ ഒക്കെയാണു സമ്മാനങ്ങള്‍.

ഒച്ചയും വിളിയുമായി ഫിലിപ്പിനോകള്‍

ഫിലിപ്പൈന്‍സില്‍ പുതുവര്‍ഷം ബഹളമയമാണ്. പിശാചുക്കളെ ഓടിക്കാനായി പാത്രങ്ങളും മറ്റും കൂട്ടിയിടിച്ച് വലിയ ഒച്ചയുണ്ടാക്കിയാണു ഫിലിപ്പിനോകളുടെ ന്യൂ ഇയര്‍ ആഘോഷം

ലാറ്റിനമേരിക്കയിലെ ഒഴിഞ്ഞ സ്യൂട്ട്കേസ്

ഒഴിഞ്ഞ സ്യൂട്ട് കേസ് വീടിനു മുന്നില്‍ വയ്ക്കുകയോ ഒഴിഞ്ഞ സ്യൂട്ടകേസുമായി റൂമിനുള്ളിലോ വീടിനു ചുറ്റുമോ ഓടുകയോ ഒക്കെയാണ് ലാറ്റിനമേരിക്കയിലെ ചില രാജ്യങ്ങളിലെ പുതുവര്‍ഷത്തെ വരവേല്‍ക്കാനുള്ള ആചാരം. വരാനിരിക്കുന്ന വര്‍ഷം സാഹസികയും യാത്രകള്‍ നിറഞ്ഞതുമാകാനാണത്രേ ഈ ചെയ്ത്ത്.

English summary
Various types of new year celebrations in various countries. some are interesting some other are superstitious. but everyone wants to start the New Year off on the right foot and ensure good fortune.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X