കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ന്യൂയോര്‍ക്കില്‍ നിന്ന് ദീപു എഴുതുന്നു

  • By Super
Google Oneindia Malayalam News

സപ്തംബര്‍ 11 ചൊവാഴ്ച രാവിലെ സാധാരണ പോലെ കാബിനിലിരുന്ന് ഞാന്‍ ജോലി ചെയ്യുകയായിരുന്നു. അപ്പോഴാണ് വേള്‍ഡ് ട്രേഡ് സെന്ററിന്റെ വടക്കുഭാഗത്തുള്ള കെട്ടിടത്തില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടത്. ഉടന്‍ തന്നെ സഹപ്രവര്‍ത്തകരെ വിളിച്ചു കാണിച്ചു കൊടുത്തു. കെട്ടിടത്തിന് ചുറ്റും ചില ഹെലികോപ്ടറുകള്‍ പറക്കുന്നത് കണ്ടു. വേള്‍ഡ് ട്രേഡ് സെന്ററിന് തീപിടിച്ചിട്ടും ഫയര്‍ സര്‍വീസുകാര്‍ വരാന്‍ വൈകുന്നതെന്തേ എന്ന് ഞങ്ങള്‍ അത്ഭുതപ്പെട്ടു.

ഓഫീസിലുണ്ടായിരുന്ന അമേരിക്കക്കാരായ സഹപ്രവര്‍ത്തകര്‍ കോണ്‍ഫറന്‍സ് റൂമിനും എന്റെ കാബിനും അടുത്തേക്ക് ഓടിവന്ന് കാഴ്ച കണ്ടു. അവരില്‍ ചിലര്‍ വീട്ടുകാരെയും കൂട്ടുകാരെയും വിളിക്കാന്‍ വേണ്ടി ഉടനെ അവരുടെ സീറ്റുകളിലേക്ക് മടങ്ങിപ്പോയി. അവര്‍ക്ക് പ്രിയപ്പെട്ടവരായ ആരൊക്കെയോ വേള്‍ഡ് ട്രേഡ് സെന്ററിനകത്ത് ജോലിചെയ്യുന്നുണ്ട്.

അല്പം കഴിഞ്ഞപ്പോള്‍ തെക്കേ ടവറിനും തീപിടിക്കുന്നത് കണ്ടു. എന്തോ വലിയ ദുരന്തം സംഭവിക്കാന്‍ പോവുകയാണെന്ന് അവിടെ കൂടിയിരുന്നവര്‍ക്കെല്ലാം അറിയാമായിരുന്നു. എന്റെ രണ്ട് ഇന്ത്യന്‍ സുഹൃത്തുക്കള്‍ ആ കെട്ടിടത്തിന്റെ 14ാം നിലയില്‍ ജോലി ചെയ്യുന്ന കാര്യം ഞാന്‍ ഓര്‍ത്തു . അവരില്‍ ഒരാള്‍ കോണിപ്പടികള്‍ ചാടിയിറങ്ങി രക്ഷപ്പെട്ടുവെന്നും മറ്റേയാള്‍ കെട്ടിടത്തിലെത്തിയിരുന്നില്ല എന്നും പിന്നീട് അറിയാന്‍ സാധിച്ചു.

വിശ്വസിക്കാന്‍ പറ്റുന്നില്ല. ഞാന്‍ ഹോളിവുഡ് സിനിമ കാണുകയാണോ, എന്റെ സഹപ്രവര്‍ത്തകര്‍ ചോദിച്ചു.

അപ്പോഴും കെട്ടിടത്തില്‍ വിമാനങ്ങള്‍ വന്നിടിച്ചതാണെന്ന് ഞങ്ങള്‍ക്ക് മനസ്സിലായിരുന്നില്ല. മറ്റെന്തോ കാരണം കൊണ്ട് തീപിടിച്ചതായിരിക്കുമെന്നാണ് ഞങ്ങള്‍ കരുതിയത്.

അഞ്ചു മിനിറ്റിനു ശേഷം എല്ലാവരോടും ഓഫീസ് വിടാന്‍ പറഞ്ഞു. ഞങ്ങള്‍ ഇറങ്ങി വരുമ്പോള്‍ ഫയര്‍ ട്രക്കുകളുടെയും ആംബുലന്‍സിന്റെയും ചൂളം വിളികള്‍ എങ്ങും കേള്‍ക്കാമായിരുന്നു. ഓഫീസില്‍ നിന്ന് ഞങ്ങള്‍ നേരെ പോയത് ചേസ് ബാങ്ക് ബില്‍ഡിംഗിലേക്കാണ്. അവിടത്തെ ടിവിയില്‍ നിന്നാണ് ട്രേഡ് സെന്റര്‍ ആക്രമിക്കപ്പെട്ടതാണെന്ന് മനസ്സിലായത്.

എനിക്കെത്തേണ്ടത് ടൈം സ്ക്വയര്‍ ബില്‍ഡിംഗിലാണ്. അവിടെ വലിയ സ്ക്രീനില്‍ അപകടരംഗങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത് കണ്ടു. തകര്‍ന്നു തരിപ്പണമായിരിക്കുന്ന ട്രേഡ് സെന്റര്‍ ആ സ്ക്രീനിലൂടെ കണ്ടപ്പോള്‍ വിശ്വസിക്കാനായില്ല. അതും നോക്കിക്കൊണ്ട് ഞാന്‍ അവിടെ കുറേ നേരം നിന്നു. എല്ലാവരും കനത്ത ആഘാതത്തിലായിരുന്നു. കാണുന്നതൊന്നും ആര്‍ക്കും വിശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ല. മിക്കവരും സംസാരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു.

ഒരു വിധത്തില്‍ ന്യൂജഴ്സിയിലുള്ള ഞങ്ങളുടെ ഹെഡ് ഓഫീസിലേക്ക് ഞാന്‍ വിളിച്ചു. ആലുവയിലുള്ള എന്റെ വീട്ടില്‍ വിളിച്ച് ഞാന്‍ സുരക്ഷിതനാണെന്ന കാര്യം വീട്ടുകാരെ അറിയിക്കാന്‍ അവരോട് പറഞ്ഞു. ടിവിയില്‍ വാര്‍ത്ത കേട്ടതിനു ശേഷം വീട്ടുകാരെല്ലാം പരിഭ്രാന്തരായിരുന്നു. ഓഫീസില്‍ നിന്നുള്ള വിവരം വന്ന ശേഷമാണ് അവര്‍ക്ക് സമാധാനമായത്.

കനത്ത സുരക്ഷാ സംവിധാനത്തോടെ ഞങ്ങളുടെ ഓഫീസ് തിങ്കളാഴ്ച മുതല്‍ വീണ്ടും പ്രവര്‍ത്തിക്കും. പക്ഷെ എനിക്കൊന്നേ പറയാനുള്ളൂ: ഇനി എപ്പോഴെങ്കിലും തീപിടിത്തത്തെക്കുറിച്ച് കേട്ടാന്‍ രണ്ടാമതൊന്നാലോചിക്കാതെ കോണിപ്പടികള്‍ ചാടിയിറങ്ങി ഞാന്‍ ഓടി രക്ഷപ്പെടും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X