• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കെട്ടിടങ്ങള്‍ തകരുന്നത് നേരില്‍ക്കണ്ട ശ്യാം

  • By Super

എലിവേറ്ററില്‍ ഞാന്‍ ഞങ്ങളുടെ ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലെത്തി. അപ്പോള്‍ ആ കെട്ടിടത്തില്‍ നിന്നും ആളുകളെ ഒഴിപ്പിക്കുന്ന പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു പോര്‍ട്ട് അതോറിറ്റി പൊലീസ്. ഞാന്‍ ഓഫീസില്‍ പോകാതെ കെട്ടിടത്തില്‍ നിന്നും പുറത്ത് കടന്ന് നേരെ വേസെ സ്ട്രീറ്റില്‍ വന്നു നിന്നു. അവിടെ എന്റെ ചില സഹപ്രവര്‍ത്തകരും ഉണ്ടായിരുന്നു. താഴെ മുഴുവന്‍ കെട്ടിടത്തിന്റെ അവശിഷ്ടങ്ങളും ലോഹക്കഷ്ണങ്ങളും പരന്നു കിടക്കുന്നു. ഞങ്ങളെല്ലാം കെട്ടിടം നിന്നു കത്തുന്ന അവിശ്വസനീയമായ കാഴ്ച കണ്ടുകൊണ്ടു നില്‍ക്കുകയായിരുന്നു.

എന്റെ അടുത്തു നിന്ന ഒരു സ്ത്രീ നിയന്ത്രണമില്ലാതെ കരയുകയായിരുന്നു. ചില മൃതശരീരങ്ങള്‍ കെട്ടിടത്തില്‍ നിന്ന് താഴേക്ക് വീഴുന്നതു കണ്ടെന്ന് പറഞ്ഞ് നിലവിളിക്കുകയായിരുന്നു അവര്‍. എല്ലാവരും കരുതിയത് ഇത് ഒരു അപകടം മാത്രമായിരുന്നുവെന്നാണ്.

നിമിഷങ്ങള്‍ക്കു ശേഷം രണ്ടാമത്തെ കെട്ടിടത്തിന്റെ മധ്യഭാഗത്തുനിന്ന് അല്പം മുകളിലായി ഒരു സ്ഫോടനമുണ്ടായത് ഞങ്ങള്‍ കണ്ടു. വിമാനം വന്നത് ഞങ്ങള്‍ നില്‍ക്കുന്നതിന്റെ എതിര്‍ഭാഗത്തുകൂടിയായിരുന്നതിനാല്‍ ഞങ്ങള്‍ക്ക് അത് കാണാനായില്ല. അതോടെ ഇത് വെറും അപകടമല്ലെന്ന് ഞങ്ങള്‍ക്കു മനസ്സിലായി.

പിന്നെ ഞാന്‍ നിന്നില്ല. നേരെ കനാല്‍ സ്ട്രീറ്റിലേക്ക് ഓടി. വീട്ടിലേക്ക് ഒന്നു വിളിക്കുകയായിരുന്നു എന്റെ ആദ്യലക്ഷ്യം. 20 മിനിറ്റിനു ശേഷം സങ്കല്പാതീതമായ ആ കാഴ്ചയും ഞങ്ങള്‍ കണ്ടു - രണ്ടാമത്തെ കെട്ടിടം കഷ്ണങ്ങളായി താഴെ വീഴുന്നത്. എന്നാല്‍ അപ്പോഴേക്കും ഞാന്‍ ഒട്ടേറെ ബ്ലോക്കുകള്‍ ഇപ്പുറമായിക്കഴിഞ്ഞിരുന്നു. അതോടെ വലിയ കെട്ടിടങ്ങളായ എമ്പയര്‍ സ്റേറ്റ് ബില്‍ഡിംഗ്, സിറ്റി ഹാള്‍ തുടങ്ങിയവയുടെ സമീപത്തു നില്‍ക്കാന്‍ തന്നെ ഞങ്ങള്‍ ഭയപ്പെട്ടു.

ഇതിനിടെ ടണലുകളും ജോര്‍ജ് വാഷിംഗ്ടണ്‍ പാലവും അടച്ചു. പെന്‍ സ്റേഷനിലെയും ഗ്രാന്റ് സെന്‍ട്രലിലെയും ആളുകളെ അതിനകം തന്നെ ഒഴിപ്പിച്ചുകഴിഞ്ഞു. 125ാം സ്ട്രീറ്റിലെത്തി (ഹര്‍ലെം) ഒരു തീവണ്ടി പിടിക്കാന്‍ വേണ്ടി ഞങ്ങള്‍ 12-15 മൈലുകള്‍ നടന്നു. ഓസ്സിനിംഗില്‍ എത്തിയപ്പോള്‍ എന്നെ സ്വീകരിക്കാന്‍ പ്രിയസുഹൃത്തുക്കളായ മോഹനും രംഗയും കാത്തുനില്‍ക്കുന്നതു കണ്ടു. മോഹന്റെ സഹായത്തോടെ വൈകുന്നേരം 6.30 ആയപ്പോഴേക്കും ഞാന്‍ ജഴ്സിയിലെത്തി.

ആ ദുരന്തത്തില്‍ നിന്ന് അത്ഭുതകരമായ രക്ഷപ്പെട്ട ഒറ്റയാള്‍ പോലും എന്തെങ്കിലും സംസാരിക്കാന്‍ പറ്റുന്ന അവസ്ഥയിലായിരുന്നില്ല. തകര്‍ന്നു വീണുകൊണ്ടിരിക്കുന്ന കോണിപ്പടികള്‍ക്കിടയിലൂടെയും പുകയ്ക്കുള്ളിലൂടെയും ജനക്കൂട്ടത്തെത്തള്ളിമാറ്റിക്കൊണ്ട് 90ാം നിലയില്‍ നിന്നും മറ്റും താഴെയെത്തിയവരാണവര്‍. വിമാനം വന്നിടിച്ച നിലയിലുണ്ടായിരുന്നവരില്‍ ചിലര്‍ക്ക് പോലും താഴെയെത്താന്‍ കഴിഞ്ഞു.

ഇതിനിടയില്‍ ചിലര്‍ കാണിച്ച ധൈര്യവും അര്‍പ്പണമനോഭാവവും മറക്കാന്‍ കഴിയില്ല. വൃദ്ധരെയും വികലാംഗരെയും കൈയിലേന്തി 60ഉം 70ഉം നിലകള്‍ താണ്ടി താഴെയെത്തുന്ന ഒട്ടേറെ പേര്‍ അതിലുണ്ടായിരുന്നു. ചുറ്റുമുള്ള ബഹളവും തങ്ങളുടെ ജീവന് സംഭവിച്ചേക്കാവുന്ന അപകടമൊന്നും വകവെക്കാതെയായിരുന്നു അവരുടെ ചെയ്തികള്‍.

ഇക്കാര്യത്തില്‍ ഞാന്‍ ശരിക്കും ദുഃഖിക്കുകയാണ്. ഒറ്റയാളെപ്പോലും എനിക്ക് രക്ഷിക്കാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ മൂന്നു വര്‍ഷമായി പാത്ത് ട്രെയിനിലെ ഒരു സ്ഥിരം യാത്രക്കാരനെന്ന നിലയക്ക് എനിക്ക് ഒട്ടേറെ പേരെ അറിയാമായിരുന്നു. പേരുകളറിയില്ലെങ്കിലും മുഖപരിചയമുള്ളവരും ഒട്ടേറെയുണ്ട്. അവരില്‍ ചിലരുടെ മുഖം ഇനി കാണാനില്ലെന്ന സത്യവും ഞാന്‍ മനസ്സിലാക്കുന്നു.

പ്രൗഢമായ ആ ഇരട്ട കെട്ടിടങ്ങള്‍ ഇനി ഇല്ലാതാവുകയാണ്. എപ്പോഴും ആളുകള്‍ ഉണ്ടായിരുന്ന വേള്‍ഡ് ട്രേഡ് സെന്റര്‍ കോംപ്ലക്സും ഇല്ലാതാകുന്നു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇവയെല്ലാം എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. പലപ്പോഴും ഞാന്‍ ആ വന്‍ കെട്ടിടത്തിന്റെ ഉച്ചിയില്‍ ചെന്ന് ന്യൂയോര്‍ക്കിന്റെ ഭംഗി ആസ്വദിച്ചിട്ടുണ്ട്. ന്യൂയോര്‍ക്കിന്റെ വഴികാട്ടികളായിരുന്നു അവ. മൈലുകള്‍ക്കപ്പുറത്തു നിന്ന് ആ കെട്ടിടങ്ങളെ നോക്കി നിങ്ങള്‍ക്ക് ന്യൂയോര്‍ക്കിലേക്ക് ഡ്രൈവ് ചെയ്ത് എത്താമായിരുന്നു. ഇപ്പോള്‍ അവിടെ ശൂന്യത മാത്രം.

എനിക്ക് ഒരിക്കലും മറക്കാന്‍ പറ്റാത്ത ദിവസമായി സപ്തംബര്‍ 11 തുടരും. ആ ദുരന്തത്തിത്തിനിരയായവര്‍ക്കുവേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more