ബോച്ചെ ഗോള്‍ഡ് വരുന്നു; നൂറെണ്ണം, വാടക അടച്ച് വീട് സ്വന്തമാക്കുന്ന ബോച്ചെ ഹോംസ്, വന്‍ പ്രഖ്യാപനം
ബോബി ചെമ്മണ്ണൂര്‍ ജ്വല്ലേഴ്‌സിന് പുറമെ മറ്റൊരു ജ്വല്ലറി ശൃംഖല തുടങ്ങാന്‍ ബോബി ചെമ്മണ്ണൂര്‍. ദുബായില്‍ വച്ച് നടത്തിയ പ്രഖ്യാപനത്തില്‍ ജ്വല്ലറി ശൃംഖല മാത്രമല്ല ഉള്ളത്. ബോച്ചെ ഹോംസ് എന്ന പേരില്‍ എല്ലാവര്‍ക്കും വീട് എന്ന പദ്ധതിയും ഉള്‍പ്പെടും. കുറഞ്ഞ നിരക്കില്‍ ഇന്‍ഷുറന്‍സ് എടുക്കാനുള്ള അവസരം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പിന്നാലെയാണ് ബോബി ചെമ്മണ്ണൂരിന്റെ പുതിയ നീക്കം.
സ്വര്‍ണവില കുതിച്ചുയര്‍ന്ന ഘട്ടത്തില്‍ കൂടിയാണ് ബോബി ചെമ്മണ്ണൂര്‍ പുതിയ ജ്വല്ലറി ശൃംഖലയ്ക്ക് തുടക്കമിടാന്‍ പോകുന്നത് എന്നതാണ് ശ്രദ്ധേയം. ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് എന്ന ബ്രാന്‍ഡില്‍ നിലവില്‍ 56 ഷോറൂം പ്രവര്‍ത്തിക്കുന്നതിന് പുറമെയാണിത്. വിപണിയില്‍ സ്വര്‍ണവിലയില്‍ ക്രമീകരണം വന്ന് വില കുറയുമെന്ന പ്രവചനവും അദ്ദേഹം കഴിഞ്ഞ ദിവസം നടത്തിയിരുന്നു.

ബോച്ചെ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ്, ബോംച്ചെ ഹോംസ് എന്നീ പേരിലുള്ള പദ്ധതികളാണ് ബോബി ചെമ്മണ്ണൂര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. റിയല്‍ എസ്റ്റേറ്റ്, ടൂറിസം മേഖലകളിലും പദ്ധതികളുണ്ട്. ബോച്ചെ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന്റെ 100 ഷോറൂമുകള്‍ തുറക്കാനാണ് തീരുമാനം. ഇന്ത്യയിലും വിവിധ രാജ്യങ്ങളിലായിട്ടായിരിക്കും ഷോറൂമുകള്‍ പ്രവര്‍ത്തനം ആരംഭിക്കുക.
ബോച്ചെ ഹോംസ് എന്ന പദ്ധതി വേറിട്ട ഒന്നാണ്. വീടില്ലാത്തവര്‍ക്ക് വാടക കൊടുത്ത് വീട് സ്വന്തമാക്കാന്‍ സാധിക്കുന്നതാണ് പദ്ധതി എന്ന് ബോബി പറഞ്ഞു. സിബില്‍ സ്‌കോര്‍ പരിശോധിക്കാതെ വീടുകള്‍ നല്‍കും. പലരും ബാങ്ക് വായ്പ ലഭിക്കാതെ പ്രയാസപ്പെടുന്നത് സിബില്‍ സ്‌കോര്‍ കുറയുന്നത് കാരണമാണ്. എന്നാല്‍ അത്തരം തടസങ്ങള്‍ ഒഴിവാക്കിയാണ് ബോച്ചെ ഹോംസ് പ്രവര്‍ത്തിക്കുക.
ബോച്ചെ ഇന്‍ഷുറന്‍സ്
ബോച്ചെ ഹോംസ്, ബോച്ചെ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് എന്നീ പദ്ധതികളില്‍ 60 ശതമാനം നിക്ഷേപം ബോബി ചെമ്മണ്ണൂരിന് തന്നെ ആയിരിക്കും. ബാക്കി നിക്ഷേപം താല്‍പ്പര്യമുള്ളവര്‍ക്ക് കൈമാറും. ബോബി ചെമ്മണ്ണൂര്‍ ട്രാവല്‍സ് വഴി നാട്ടിലേക്ക് ടിക്കറ്റ് എടുക്കുന്നവര്‍ക്ക് തത്തുല്യമായ തുകയുടെ സേവനങ്ങള്‍ നാട്ടില്‍ നല്‍കുമെന്നും അതോടെ ടിക്കറ്റ് സൗജന്യമായി മാറുമെന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം കൊച്ചിയില്‍ ബോച്ചെ ഇന്‍ഷുറന്‍സ് ഉദ്ഘാടനം ചെയ്തിരുന്നു. ഒരു രൂപയ്ക്ക് ഇന്‍ഷുറന്‍സ് നല്‍കുക എന്നതാണ് പദ്ധതി. 33 രോഗങ്ങള്‍ക്ക് വരെ 1 ലക്ഷം രൂപ പരിരക്ഷ ലഭിക്കുന്ന ഇന്‍ഷുറന്‍സ് ആണിത്. 500 രൂപയുടെ പ്രീമിയം വരുന്ന ഇന്‍ഷുറന്‍സ് ആണ് ഒരു രൂപയ്ക്ക് നല്‍കുന്നത് എന്ന് ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു.
തന്റെ 18ാമത്തെ ബിസിനസ് ആണിത് എന്ന് ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. ഇന്‍ഷുറന്‍സ് കമ്പനി എന്നത് കുറേ കാലമായുള്ള ആഗ്രഹമാണ്. ലൈസന്‍സ് കിട്ടാന്‍ കുറേ കാലം കാത്തിരിക്കേണ്ടതിനാല്‍ മറ്റൊരു വഴി സ്വീകരിച്ചു. അഹല്യ ഇന്‍ഷുറന്‍സ് എന്ന കമ്പനിയെ ഏറ്റെടുക്കുകയാണ് ചെയ്തിട്ടുള്ളത്. തന്റെ വലിയൊരു ആഗ്രഹമാണിതെന്നും സാധിച്ചു തന്നവര്‍ക്ക് നന്ദിയുണ്ടെന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു.












Click it and Unblock the Notifications