അജ്മാനിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ 7 മലയാളികൾ പിടിയിൽ; ഒരാഴ്ചയായി ഇറാനിലെ ജയിലിൽ
അജ്മാൻ: അജ്മാനിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ഏഴ് മലയാളികൾ ഇറാനിൽ വെച്ച് അറസ്റ്റിലായതായി റിപ്പോർട്ട്. അതിർത്തി ലംഘിച്ചെന്ന് ആരോപിച്ചാണ് ഇറാൻ അധികൃതർ ഇവർ പോയ ബോട്ടടക്കം പിടിച്ചെടുത്തത്. ഒരാഴ്ചയായി ഇവർ ജയിലിലാണ്. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശികളായ അഞ്ച് പേരും പരവൂർ സ്വദേശികളായ രണ്ട് പേരുമാണ് ഇറാനിലെ ജയിലിൽ ഉള്ളത്.
ഇവരുടെ ഫോൺ സംഭാഷണം പുറത്തുവന്നിട്ടുണ്ട്. പിടിയിലായ സാജു എന്ന ആളാണ് വീട്ടിലേക്ക് ഫോൺ വിളിച്ചത്. എന്തിനാണ് ജയിലിൽ ഇട്ടത് എന്നതിന്റെ വിശദാംശം അറിയില്ലെന്നാണ് ഇവർ പറയുന്നത്. കൂടെ വന്ന ഉടമയായ അറബിയെ വേറെ ജയിലിലാണ് ഇട്ടിരിക്കുന്നതെന്നും കാണാനോ ഒന്നും മിണ്ടാനോ പറ്റുന്നില്ലെന്നും സാജു പറയുന്നു.

അവർ പറയുന്ന ജോലി ചെയ്യണമെന്നും ചെയ്യാതിരുന്നാൽ ഉപദ്രവിക്കുകയാണെന്നും സാജു പറയുന്നുണ്ട്. എത്രയും വേഗം സർക്കാർ ഇടപെട്ട് ഇവരെ മോചിപ്പിക്കണം എന്നാണ് പിടിയിലായവരുടെ ബന്ധുക്കൾ അപേക്ഷിക്കുന്നത്. 18ാം തിയതി വൈകിട്ട് അജ്മാനിൽ നിന്നായിരുന്നു സാജു ഉൾപ്പടെയുള്ള 11 അംഗ സംഘം ബോട്ടിൽ മത്സ്യബന്ധനത്തിന് പോയത്.
ബോട്ട് ഉടമയായ അറബി ഉൾപ്പടെ ഉള്ളവരെയാണ് സമുദ്രാതിർത്തി ലംഘിച്ചു എന്നുപറഞ്ഞ് ഇറാൻ പോലീസ് കസ്റ്റഡിയിൽ എടുത്തത്. സാജുവിന് പുറമെ അഞ്ചുതെങ്ങ് സ്വദേശികളായ ആരോഗ്യരാജ്, ഡെന്നിസൺ പൗലോസ്, സ്റ്റാലിൻ വാഷിങ്ടൺ, ഡിക്സൺ എന്നിവരും രണ്ട് പരവൂർ സ്വദേശികളും തടവിലാണ്. മൂന്ന് തമിഴ്നാട് സ്വദേശികളും ഇറാനിലെ ജയിലിലാണ്.
ഇവർ ജയിലിൽ ആയെന്ന വിവരം തിങ്കളാഴ്ച തന്നെ വീട്ടുകാർക്ക് ലഭിച്ചിരുന്നു. എന്നാൽ ഇവരുമായി സംസാരിക്കാൻ സാധിച്ചിരുന്നില്ല. ശനിയാഴ്ചയാണ് സാജു വീട്ടിലേക്ക് ഫോൺ വിളിച്ചത്. ഇതോടെയാണ് എന്താണ് സംഭവിച്ചതെന്നതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചത്. യുഎഇ, ഇറാൻ എംബസികളുമായി അടിയന്തരമായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ബന്ധപ്പെടണം എന്നാണ് ബന്ധുക്കളുടെ അപേക്ഷ.












Click it and Unblock the Notifications