700 കാറുകള്‍, 8 ജെറ്റുകള്‍, മൂന്ന് പെന്റഗണുകള്‍ക്ക് തുല്യമായ കൊട്ടാരം!; നഹ്യാന്‍ കുടുംബത്തിന്റെ ആസ്തി കേട്ടോ!?
യുഎഇയിലെ അല്‍ നഹ്യാന്‍ കുടുംബം പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ഇപ്പോഴിതാ കുടുംബത്തിന്റെ ആസ്തി സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ആണ് ഈ കുടുംബത്തിന്റെ തലവന്‍. 18 സഹോദരന്മാരും 11 സഹോദരിമാരും ഒമ്പത് കുട്ടികളും 18 പേരക്കുട്ടികളും അടങ്ങുന്ന 56 അംഗങ്ങളാണ് നഹ്യാന്‍ കുടുംബത്തിലുള്ളത്.
ആഗോളതലത്തിലുള്ള പല സാമ്പത്തിക സൂചികകളും ലോകത്തെ ഏറ്റവും സമ്പന്നമായ കുടുംബമായി തിരഞ്ഞെടുക്കുന്നത് നഹ്യാന്‍ കുടുംബത്തെയാണ്. നഹ്യാന്‍ കുടുംബത്തിന്റെ ആസ്തികള്‍ എന്തൊക്കെയാണ് എന്നും എങ്ങനെയാണ് അവര്‍ തുടര്‍ച്ചയായി ലോകത്തെ ഏറ്റവും സമ്പന്നമായ കുടുംബമായി തിരഞ്ഞെടുക്കപ്പെടുന്നത് എന്നും നമുക്ക് പരിശോധിക്കാം.

ജിക്യു പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഏകദേശം 305 ബില്യണ്‍ ഡോളറിന്റെ ആസ്തിയാണ് അല്‍ നഹ്യാന്‍ രാജകുടുംബത്തിനുള്ളത്. ലോകത്തിലെ മറ്റൊരു കുടുംബത്തിനും ഇത്രയും ആസ്തി അവകാശപ്പെടാനില്ല. നഹ്യാന്‍ കുടുംബത്തിന്റെ സമ്പത്ത് പ്രധാനമായും രാജ്യത്തിന്റെ വലിയ എണ്ണ ശേഖരത്തില്‍ നിന്നാണ് വരുന്നത്. അത് യുഎഇയുടെ സമ്പദ്വ്യവസ്ഥയ്ക്കും കുടുംബത്തിന്റെ സാമ്പത്തിക ശേഷിയിലേക്കും ഗണ്യമായ സംഭാവന നല്‍കിയിട്ടുണ്ട്.
പ്രസിഡന്‍ഷ്യല്‍ കൊട്ടാരം, പ്രൈവറ്റ് ജെറ്റുകള്‍, ഫുട്‌ബോള്‍ ക്ലബ്, ഓയില്‍ റിസര്‍വ് എന്നിങ്ങനെ ലോകത്തെ മറ്റൊരു സമ്പന്നര്‍മാര്‍ക്കും അവകാശപ്പെടാനില്ലാത്ത സ്വത്തുക്കളാണ് നഹ്യാന്‍ കുടുംബത്തിനുള്ളത്. റിഹാനയുടെ ഫെന്റി, എലോണ്‍ മസ്‌കിന്റെ സ്പേസ് എക്സ് എന്നിവയുള്‍പ്പെടെ വിവിധ ഹൈ-എന്‍ഡ് കമ്പനികളിലും കുടുംബം നിക്ഷേപം നടത്തിയിട്ടുണ്ട്. എട്ട് സ്വകാര്യ ജെറ്റുകള്‍ ആണ് കുടുംബത്തിന് സ്വന്തമായുള്ളത്.
മൂന്ന് പെന്റഗണുകള്‍ക്ക് തുല്യമാണ് അല്‍ നഹ്യാന്‍ കുടുംബത്തിന്റെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരം എന്നാണ് അറിയപ്പെടുന്നത്. ഇതിന്റെ മൂല്യം 4,078 കോടി രൂപയാണ്. ബ്രിട്ടന്‍ ആസ്ഥാനമായുള്ള പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ക്ലബ്ബായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ പ്രധാന ഓഹരി ഉടമകളും അല്‍ നഹ്യാന്‍ കുടുംബമാണ്. ലോകത്തിലെ എണ്ണ ശേഖരത്തിന്റെ ആറ് ശതമാനത്തോളം കൈവശം വെച്ചിരിക്കുന്നത് ഈ കുടുംബമാണ്.
അബുദാബിയിലെ 94 ഏക്കറോളം വ്യാപിച്ചുകിടക്കുന്ന ഖസര്‍ അല്‍-വതന്‍ പ്രസിഡന്‍ഷ്യല്‍ കൊട്ടാരം, 350,000 ക്രിസ്റ്റലുകള്‍ കൊണ്ട് നിര്‍മ്മിച്ച ഒരു ചാന്‍ഡലിയര്‍ എന്നിവ അല്‍ നഹ്യാന്‍ കുടുംബത്തിന്റെ സ്വത്തുക്കളുടെ ആകര്‍ഷണമാണ്. ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ സഹോദരന്‍ തഹ്നൂന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ കുടുംബത്തിന്റെ മുഖ്യ നിക്ഷേപ കമ്പനിയുടെ തലവനാണ്.
ഈ കമ്പനിയുടെ മൂല്യം 235 ബില്യണ്‍ ഡോളര്‍ ആണ്. 110 ബില്യണ്‍ ഡോളറിന്റെ സ്റ്റേറ്റ് ഹോള്‍ഡിംഗ് കമ്പനിയായ അബുദാബി ഡെവലപ്മെന്റല്‍ ഹോള്‍ഡിംഗ് കമ്പനിയുടെ ചെയര്‍മാനുമാണ് അദ്ദേഹം. ഈ രണ്ട് കമ്പനികളും കൃഷി, ഊര്‍ജം, വിനോദം, സമുദ്ര വ്യാപാരം എന്നിവയില്‍ ആണ് നിക്ഷേപം നടത്തിയിരിക്കുന്നത്. ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ഇളയ സഹോദരന്‍ ഷെയ്ഖ് ഹമദ് ബിന്‍ ഹംദാന്‍ അല്‍ നഹ്യാന് കാറുകളോടാണ് ഭ്രമം.
700-ലധികം കാറുകളുടെ ശേഖരമാണ് അദ്ദേഹത്തിനുള്ളത്. ലോകത്തിലെ ഏറ്റവും വലിയ എസ്യുവി, അഞ്ച് ബുഗാട്ടി വെയ്റോണുകള്‍, ഒരു ലംബോര്‍ഗിനി റെവെന്റണ്‍, ഒരു മെഴ്സിഡസ്-ബെന്‍സ് CLK GTR, ഒരു ഫെരാരി 599XX, ഒരു മക്ലാരന്‍ MC12 എന്നിങ്ങനെയുള്ള ലോകോത്തര ആഡംബര വാഹനങ്ങള്‍ അദ്ദേഹത്തിന്റെ ഗാരേജിലെ ചുരുക്കം ചില വാഹനങ്ങള്‍ മാത്രമാണ്. നഹ്യാന്‍ രാജകുടുംബത്തിന് പാരീസിലും ലണ്ടനിലും ഉള്‍പ്പെടെ ആഡംബര സ്വത്തുക്കള്‍ ഉണ്ട് എന്നാണ് വിവരം.
മാഞ്ചസ്റ്റര്‍ സിറ്റി, മുംബൈ സിറ്റി, മെല്‍ബണ്‍ സിറ്റി, ന്യൂയോര്‍ക്ക് സിറ്റി ഫുട്‌ബോള്‍ ക്ലബ്ബുകള്‍ നടത്തുന്ന സിറ്റി ഫുട്‌ബോള്‍ ഗ്രൂപ്പിന്റെ 81 ശതമാനവും കമ്പനിയുടെ ഉടമസ്ഥതയിലാണ്. ന്യൂയോര്‍ക്കറിന്റെ 2015 ലെ റിപ്പോര്‍ട്ടില്‍ ദുബായ് രാജകുടുംബത്തിന്റെയും ബ്രിട്ടീഷ് രാജകുടുംബത്തിന്റെയും ആസ്തികള്‍ ഏകദേശം തുല്യമാണ് എന്ന് കാണിച്ചിരുന്നു.












Click it and Unblock the Notifications