പരിഹാസം ചിലപ്പോൾ കീശ കാലിയാക്കും- യുഎഇയിൽ കമന്റ് പിഴച്ചാൽ വൻ പിഴ
കഴിഞ്ഞ ദിവസം ദുബൈ വിമാനത്താവളത്തിൽ വിദേശയാത്ര കഴിഞ്ഞെത്തിയ ഒരു യുവതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. യുവതിയുടെ ഭർത്താവിനെയും കുട്ടികളെയും കടന്നുപോകാൻ അനുവദിച്ചെങ്കിലും ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്ത് അജ്മാൻ പൊലീസിന് കൈമാറുകയായിരുന്നു. അജ്മാനിൽ രജിസ്റ്റർ ചെയ്ത സോഷ്യൽ മീഡിയ കേസുമായി ബന്ധപ്പെട്ട് ഇവർക്കെതിരെ 'ലുക്ക് ഔട്ട്' നോട്ടീസ് ഉണ്ടായിരുന്നതിനാലാണത്. ഇൻസ്റ്റഗ്രാമിൽ മറ്റൊരു സ്ത്രീ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ അപകീർത്തപ്പെടുത്തുന്ന കമന്റ് ഇട്ടതിന്റെ പേരിലായിരുന്നു ഇത്. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ
സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് താഴെ പരിഹാസ രൂപേണയോ നിഗമനങ്ങളുടെ അടിസ്ഥാനത്തിലോ ഉള്ള മോശം കമന്റുകൾ രേഖപ്പെടുത്തുന്നതിനെതിരെ യുഎഇയിലെ നിയമവിദഗ്ധർ കടുത്ത മുന്നറിയിപ്പ് നൽകുകയാണ്.

ഒരു കോടിയോളം രൂപ വരെ പിഴ ലഭിക്കുന്ന കുറ്റകൃത്യമായാണ് ഇത് കണക്കാക്കപ്പെടുന്നത്. ഇൻസ്റ്റഗ്രാമിൽ മറ്റൊരു സ്ത്രീ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ അവർ ഉപയോഗിച്ച ഹാൻഡ്ബാഗ് 'വ്യാജൻ' ആണെന്ന് കമന്റ് ചെയ്തതാണ് ആദ്യം പരാമർിച്ച യുവതിക്കെതിരായ കേസിനാസ്പദമായത്. ഈ കമന്റിനെ തുടർന്ന് ചിത്രത്തിന്റെ ഉടമസ്ഥയെ ഒരുപാട് പേർ പരിഹസിക്കുകയും അവർ നിയമനടപടിയുമായി മുന്നോട്ട് പോകുകയുമായിരുന്നു.
നേരിട്ടുള്ള അധിക്ഷേപങ്ങൾക്കോ ഭീഷണികൾക്കോ മാത്രമല്ല സൈബർ നിയമങ്ങൾ ബാധകമാകുന്നതെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. തമാശരൂപത്തിലോ പരിഹാസമായോ ട്രോൾ ആയോ സ്വന്തം അഭിപ്രായമെന്ന നിലയിലോ പറയുന്ന കാര്യങ്ങൾ മറ്റൊരാളുടെ അന്തസ്സിനെയോ സാമൂഹിക പദവിയെയോ ബാധിക്കുകയോ അവരെ പൊതുമധ്യത്തിൽ പരിഹാസ്യരാക്കുകയോ ചെയ്താൽ അത് സൈബർ കുറ്റകൃത്യത്തിന്റെ പരിധിയിൽ വരും.
വ്യാജവാർത്തകൾക്കും സൈബർ കുറ്റകൃത്യങ്ങൾക്കുമെതിരെയുള്ള യുഎഇയിലെ ഫെഡറൽ ഡിക്രി നിയമത്തിലെ (No. 34 of 2021) ആർട്ടിക്കിൾ 43 പ്രകാരം ഇത്തരം കുറ്റകൃത്യങ്ങളിൽ കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവർക്ക് തടവുശിക്ഷയും 2,50,000 ദിർഹം മുതൽ 5,00,000 ദിർഹം വരെ (ഏകദേശം ഒരു കോടി രൂപയിലധികം) പിഴയും ലഭിക്കാം.
ഇത്തരം കമന്റ് ഇട്ട ആളുടെ ഉദ്ദേശ്യം മാത്രമല്ല, ആ കമന്റ് കാരണം ഇരയായ വ്യക്തിക്ക് ഉണ്ടായ മാനഹാനിയും തുടർന്നുള്ള സൈബർ ആക്രമണങ്ങളും അധികൃതർ വിലയിരുത്തും. വിദേശികളായ ആളുകൾ ഇത്തരം കേസുകളിൽ പെട്ടാൽ യുഎഇയിൽ എത്തുമ്പോൾ തന്നെ അറസ്റ്റ് ചെയ്യപ്പെടാനോ അല്ലെങ്കിൽ നിയമനടപടികൾക്ക് ശേഷം നാടുകടത്തപ്പെടാനോ സാധ്യതയുണ്ട്. കൂടാതെ യാത്രാവിലക്ക്, ഇലക്ട്രോണിക് ഉപകരണങ്ങൾ കണ്ടുകെട്ടൽ തുടങ്ങിയ മുൻകരുതൽ നടപടികളും ഉണ്ടായേക്കാം.
മറ്റൊരാൾ വ്യാജ ഉൽപ്പന്നമാണ് ഉപയോഗിച്ചത് എന്ന ആരോപണം അവർ മറ്റുള്ളവരെ വഞ്ചിക്കുന്നു എന്ന് വ്യാഖ്യാനിക്കുന്നതിന് തുല്യമാണെന്നും അത് വ്യക്തിഹത്യയുടെ പരിധിയിൽ വരുമെന്നും നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സോഷ്യൽ മീഡിയയിൽ ഇട്ട കമന്റുകൾ പിന്നീട് ഡിലീറ്റ് ചെയ്തതുകൊണ്ട് മാത്രം നിയമനടപടികളിൽ നിന്ന് രക്ഷപ്പെടാൻ കഴിയുകയുമില്ല. ഇതിന്റെ സ്ക്രീൻഷോട്ടുകളും ഡിജിറ്റൽ തെളിവുകളും അന്വേഷണത്തിൽ പ്രധാന തെളിവുകളായി പരിഗണിക്കും. അതുകൊണ്ട് തന്നെ സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ വ്യക്തികളെ ലക്ഷ്യം വെച്ചുള്ള സ്ഥിരീകരിക്കാത്ത ആരോപണങ്ങളിൽ നിന്നും പരിഹാസങ്ങളിൽ നിന്നും വിട്ടുനിൽക്കണമെന്നും ജാഗ്രത പാലിക്കണമെന്നുമുള്ള മുന്നറിയിപ്പാണ് നിയമവിദഗ്ധർ നൽകുന്നത്.
ബന്ധുക്കളായ യുവതിയുടെയും പിതാവിന്റെയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ അനുവാദമില്ലാതെ പ്രചരിപ്പിക്കുകയും മോശം പരാമർശങ്ങളോടെ അപകീർത്തിപ്പെടുത്തുകയും ചെയ്ത കേസിൽ 27കാരനായ ഇന്ത്യൻ യുവാവിന് യുഎഇ കോടതി 3,000 ദിർഹം പിഴ ചുമത്തിയതും അടുത്തിടെയാണ്. യുവതിയുടെ ചിത്രത്തിനൊപ്പം അവരുടെ സ്വഭാവത്തെയും പെരുമാറ്റത്തെയും അധിക്ഷേപിക്കുന്ന തരത്തിലുള്ള കുറിപ്പുകളാണ് യുവാവ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ചത്. സമാനമായ രീതിയിൽ യുവതിയുടെ പിതാവിന്റെ ചിത്രവും ഇയാൾ മോശം പരാമർശങ്ങളോടെ പ്രചരിപ്പിച്ചിരുന്നു. വിവാഹിതയായ തനിക്ക് ഈ പോസ്റ്റുകൾ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും മുന്നിൽ കടുത്ത അപമാനവും മാനസിക വിഷമവുമുണ്ടാക്കിയതായി യുവതി പൊലീസിന് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു. യുവതി തന്റെ മൊബൈൽ ഫോൺ കൈക്കലാക്കി പാസ്‌വേഡ് ഉപയോഗിച്ച് സ്വന്തം ചിത്രങ്ങളും കുറിപ്പുകളും പോസ്റ്റ് ചെയ്തതാണെന്ന പ്രതിയുടെ വാദം കോടതി തള്ളുകയും ചെയ്തു.












Click it and Unblock the Notifications