കുവൈത്തിലെ ഫർവാനിയയിലെ പാർപ്പിട മേഖലയിൽ തീപിടുത്തം; 2 മരണം
കുവൈത്ത് സിറ്റി: ഫർവാനിയയിലെ പാർപ്പിട മേഖലയിൽ ഉണ്ടായ തീപിടുത്തത്തിൽ രണ്ട് മരണം. സിറിയൻ വംശജരായ ഒരേ കുടുംബത്തിൽ പെട്ടവരാണ് മരിച്ചതെന്നാണ് റിപ്പോർട്ട്. അപകടത്തിൽ പരിക്കേറ്റ നാല് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അറബ് രാജ്യക്കാർ താമസിക്കുന്ന 8 നില കെട്ടിടത്തിന്റെ നാലാം നിലയിലാണ് തീപിടുത്തം ഉണ്ടായത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. നാലാം നിലയിൽ നിന്ന് തീ മുകളിലത്തെ നിലയിലേക്ക് പടരുകയായിരുന്നു. ഉടൻ തന്നെ അഗ്നിശമനസേനയെത്തി തീഅണച്ചു. ജനറൽ ഫയർഫോഴ്സ് ആക്ടിംഗ് മേധാവി മേജർ ജനറൽ ഖാലിദ് അബ്ദുല്ല ഫഹദ് സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
അപകടത്തിൽപ്പെട്ടവരിൽ ഇന്ത്യക്കാർ ഇല്ലെന്നാണ് സൂചന. അപകടത്തിന്റെ കാരണം അന്വേഷിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു.

കഴിഞ്ഞ മാസം മംഗഫിലെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ 49 പേർ മരിച്ചിരുന്നു. ഇതിൽ 46 പേർ ഇന്ത്യക്കാരായിരുന്നു. 24 പേർ മലയാളികളായിരുന്നു. മലയാളിയുടെ ഉടമസ്ഥതയില്‍ പ്രവർത്തിക്കുന്ന എൻബിടിസി കമ്പനിയുടെ തൊഴിലാളികള്‍ താമസിക്കുന്ന മംഗഫ് ബ്ലോക്ക് നാലിലാണ് തീപിടുത്തമുണ്ടായത്. മലയാളികള്‍ അടക്കമുള്ള വിദേശ തൊഴിലാളികള്‍ തിങ്ങിപ്പാർക്കുന്ന ഏരിയയാണ് ഇത്. ആകെ 195 പേരായിരുന്നു കെട്ടിടത്തിലുണ്ടായിരുന്നത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു.
കുവൈറ്റ് തീപ്പിടുത്തം : 12 കുടുംബങ്ങള്‍ക്കുളള ധനസഹായം കൈമാറി
കുവൈറ്റിലെ തൊഴിലാളികളുടെ താമസകേന്ദ്രത്തിലുണ്ടായ തീപ്പിടുത്തത്തിൽ മരിച്ച പത്തനംതിട്ട, കോട്ടയം, മലപ്പുറം, കണ്ണൂർ, കാസർഗോഡ് സ്വദേശികളായ 12 പേരുടെ കുടുംബങ്ങള്‍ക്കുളള ധനസഹായം മന്ത്രിമാര്‍ വീടുകളിലെത്തി കുടുംബാംഗങ്ങള്‍ക്ക് കൈമാറി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള അഞ്ച് ലക്ഷം രൂപയും പ്രമുഖ വ്യവസായിയും നോർക്ക റൂട്ട്സ് വൈസ് ചെയർമാനുമായ എം.എ യൂസഫലിയുടെ അഞ്ച് ലക്ഷം രൂപയും പ്രമുഖ വ്യവസായിയും നോർക്ക ഡയറക്ടറുമായ ഡോ.രവി പിള്ള, ലോകകേരള സഭാംഗവും ഫൊക്കാന പ്രസിഡന്റുമായ ബാബു സ്റ്റീഫൻ എന്നിവരുടെ രണ്ട് ലക്ഷം രൂപ വീതവുമുൾപ്പെടെ ആകെ 14 ലക്ഷം രൂപയാണ് നോർക്ക മുഖേന ഓരോ കുടുംബത്തിനും ധനസഹായമായി നൽകിയത്.
പത്തനംതിട്ടയില്‍ ആകാശ് ശശിധരൻ നായർ , തോമസ് സി ഉമ്മൻ എന്നിവരുടെ കുടുംബാംഗങ്ങള്‍ക്ക് ആരോഗ്യമന്ത്രി വീണാ ജോർജ്ജും, കോട്ടയത്ത് സ്റ്റെഫിൻ എബ്രഹാം സാബു, ശ്രീഹരി പ്രദീപ് നായർ, ഷിബു വർഗീസ് എന്നിവരുടെ ആശ്രിതര്‍ക്ക് സഹകരണ മന്ത്രി ശ്രീ. വി എൻ വാസവനും മലപ്പുറത്ത് നൂഹ് കുപ്പൻ്റെ പുരക്കൽ, ബാഹുലേയൻ മരക്കടത്ത് പറമ്പിൽ എന്നിവരുടെ കുടുബംങ്ങള്‍ക്കുളള ധനസഹായം കായികം, വഖഫ് കാര്യ മന്ത്രി ശ്രീ. വി അബ്ദുറഹിമാനും കണ്ണൂര്‍ കാസര്‍ഗോട് സ്വദേശികളായ വിശ്വാസ് കൃഷ്ണൻ, അനീഷ് കുമാർ , നിതിൻ കൂത്തൂർ, കേളു പൊൻമലേരി, റെങ്കിത്ത് കുണ്ടടുക്കം എന്നിവരുടെ കുടുംബങ്ങള്‍ക്കുളള ധനസഹായം രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി ശ്രീ. കടന്നപ്പള്ളി രാമചന്ദ്രനുമാണ് കുടുംബാംഗങ്ങള്‍ക്ക് അവരുടെ വീടുകളിലെത്തി കൈമാറിയത്.












Click it and Unblock the Notifications