യുഎഇ സൗജന്യ വിസ പ്രഖ്യാപിച്ചു; ഇന്ത്യക്കാര്‍ക്ക് മാത്രം, 20000 വിസ റെഡി, മാനദണ്ഡങ്ങള്‍ അറിയാം
ഇന്ത്യന്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ മികച്ച പദ്ധതിയുമായി അബുദാബി സാംസ്‌കാരിക-ടൂറിസം വകുപ്പ് (ഡിസിടി). അംഗീകൃത ട്രാവല്‍ പങ്കാളികള്‍ വഴിയോ ഓണ്‍ലൈന്‍ ട്രാവല്‍ ഏജന്‍സികള്‍ വഴിയോ വിസാ പാക്കേജ് എടുക്കുന്നവര്‍ക്കാണ് ആനുകൂല്യം. മൂന്ന് രാത്രികള്‍ അബുദാബിയില്‍ തങ്ങുന്ന വിധമായിരിക്കണം വിസ ബുക്ക് ചെയ്യേണ്ടത്.
പുതിയ പദ്ധതി നിലവില്‍ തുടങ്ങിക്കഴിഞ്ഞു. ഓഗസ്റ്റ് 1 മുതല്‍ ഒക്ടോബര്‍ 31 വരെയാണ് പദ്ധതി. യുഎഇയിലേക്ക് വരുന്ന വിനോദ സഞ്ചാരികളുടെ പ്രവേശന വിസയുടെ ചെലവ് മൊത്തം അബുദാബി ഡിസിടി എടുക്കും. വിനോദസഞ്ചാരികള്‍ക്ക് ചെലവ് കുറയുമെന്നതാണ് ഇതിന്റെ നേട്ടം. അബുദാബി കാണാന്‍ ആഗ്രഹിക്കുന്ന മലയാളി കുടുംബങ്ങള്‍ക്കും ഇതൊരു അവസരമാണ്.

ഇന്ത്യന്‍ യാത്രികര്‍ക്ക് വേണ്ടിയാണ് ഡിസിടി പുതിയ പദ്ധതി പ്രഖ്യാപിച്ചത്. യാത്രാ പാക്കേജുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യണം എന്നതാണ് വ്യവസ്ഥ. ഒക്ടോബര്‍ 31 വരെ ആണ് ആദ്യഘട്ടത്തില്‍ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് വേണ്ടി 20000 വിസകളാണ് തയ്യാറാക്കിയിരിക്കുന്നത്. ഇന്ത്യന്‍ വിപണിയെ വലിയ പ്രതീക്ഷയോടെയാണ് യുഎഇ കാണുന്നത്. ഇവിടെ നിന്ന് കൂടുതല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനാണ് അബുദാബിയുടെ ശ്രമം.
ഇന്ത്യയില്‍ നിന്ന് നേരിട്ട് വരുന്നവരാകണം ടൂറിസ്റ്റുകള്‍. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് കൈവശമുള്ളവരാകണം. അബുദാബിയുടെ ഔദ്യോഗിക ടൂറിസം പങ്കാളികളായ പ്രമുഖ യാത്രാ ഏജന്‍സികള്‍ വഴിയോ അംഗീകൃത ഓണ്‍ലൈന്‍ ടൂറിസം പോര്‍ട്ടലുകള്‍ വഴിയോ ഉള്ള ബുക്കിങ് മാത്രമാണ് സ്വീകരിക്കുക. വ്യക്തിഗതമായി നേരിട്ട് പോകുന്നവര്‍ക്ക് ആനുകൂല്യം കിട്ടില്ല.
അബുദാബിയിലെ അംഗീകൃത ഹോട്ടലില്‍ കുറഞ്ഞത് മൂന്ന് രാത്രി താമസിക്കണം എന്നതാണ് മറ്റൊരു നിബന്ധന. ഇതിന്റെ ബുക്കിങ് മുന്‍കൂട്ടി ചെയ്തിരിക്കണം. പാക്കേജിന്റെ ഭാഗമായി ഇന്ത്യയിലേക്കുള്ള മടക്ക ടിക്കറ്റും എടുത്തിരിക്കണം. ഡിസിടിയുടെ ഡെസ്റ്റിനേഷന്‍ മാനേജ്‌മെന്റ് കമ്പനി (ഡിഎംസി) കള്‍ വഴി റൂട്ട് ചെയ്യുന്ന ഏജന്‍സികള്‍ക്ക് വിസയുടെ മുഴുവന്‍ ചെലവും ടൂറിസം വകുപ്പ് നേരിട്ട് നല്‍കും. ബിസിനസ് പങ്കാളികള്‍ വഴിയാണ് ട്രാവല്‍ ഏജന്‍സികള്‍ രജിസ്റ്റര്‍ ചെയ്യുന്നതെങ്കില്‍ ഓരോ വിസയ്ക്കും 285 ദിര്‍ഹം വീതം റീഇംബേഴ്‌സ്‌മെന്റ് ആയി നല്‍കും.
മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന നാടാണ് യുഎഇയുടെ തലസ്ഥമാനയ അബുബാദി. നിരവധി പ്രവാസികള്‍ ജോലി ചെയ്യുന്ന എമിറേറ്റ്‌സ് ആണിത്. ഒക്ടോബര്‍ 31ന് മുമ്പ് യാത്ര പ്ലാന്‍ ചെയ്യുന്നവര്‍ക്ക് പുതിയ ആനുകൂല്യം ഉപയോഗപ്പെടുത്താം. കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളില്‍ നിന്നും അബുദാബിയിലേക്ക് വിമാന സര്‍വീസുണ്ട്. അബുദാബിയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനുള്ള അവസരം കൂടിയാണ് ലഭിക്കുന്നത്. പദ്ധതി വിജയകരമായാല്‍ അബുദാബി കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചേക്കും.





Click it and Unblock the Notifications