അബുദാബിയിലെ ഹിന്ദുക്ഷേത്രം മുന്‍കൂട്ടി ബുക്ക് ചെയ്ത് സന്ദര്‍ശിക്കാം; തിരക്കൊഴിവാക്കാന്‍ പുതിയ നടപടി
ദുബായ്: അബുദാബിയിലെ ആദ്യത്തെ ഹിന്ദുക്ഷേത്രമായ ബാപ്‌സില്‍ ദര്‍ശനത്തിനായുള്ള ബുക്കിംഗ് രജിസ്‌ട്രേഷനില്‍ മാറ്റം. ഫെബ്രുവരി 14 നാണ് ബാപ്‌സ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. അതിന് ശേഷം തീര്‍ത്ഥാടകരുടെ തിരക്കാണ് ക്ഷേത്രത്തില്‍ അനുഭവപ്പെടുന്നത്. എല്ലാ മതസ്ഥരേയും സ്വാഗതം ചെയ്യുന്ന ക്ഷേത്രത്തില്‍ അവധിക്കാലത്ത് തിരക്ക് ഇരട്ടിയാകും എന്നുറപ്പാണ്.
ഈ സാഹചര്യത്തിലാണ് ഉപയോക്തൃ-സൗഹൃദ പ്രീ-രജിസ്ട്രേഷന്‍ ബുക്കിംഗ് പ്രക്രിയ അവതരിപ്പിച്ചത്. സന്ദര്‍ശകര്‍ക്ക് കൂടുതല്‍ സംഘടിതവും ആസ്വാദ്യകരവുമായ അനുഭവം ഉറപ്പാക്കാനും സന്ദര്‍ശകരുടെ കനത്ത തിരക്ക് നിയന്ത്രിക്കാനുമാണ് പുതിയ ബുക്കിംഗ് പ്രക്രിയ ലക്ഷ്യമിടുന്നത് എന്ന് ക്ഷേത്രം വക്താവ് പറഞ്ഞു. ഈദ് അല്‍ ഫിത്വര്‍ പ്രമാണിച്ച് യുഎഇയില്‍ നീണ്ട അവധിദിനങ്ങളാണ് സംജാതമായിരിക്കുന്നത്.

ദക്ഷിണ, പടിഞ്ഞാറന്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രധാനമായും ആചരിക്കുന്ന ഉഗാദി, ഗുഡി പദ്വ എന്നീ രണ്ട് പുതുവത്സര ഉത്സവങ്ങള്‍ ആഘോഷിക്കാന്‍ ചൊവ്വാഴ്ച ആയിരക്കണക്കിന് ഭക്തരാണ് ക്ഷേത്രം സന്ദര്‍ശിച്ചത്. ഈ ആഴ്ച വിഷു അടക്കമുള്ള ഹൈന്ദവ ആഘോഷങ്ങളും വരാനുണ്ട്. തമിഴ് പുതുവത്സരം, ബിഹു, രാമനവമി, ഹനുമാന്‍ ജയന്തി തുടങ്ങിയ സുപ്രധാന ഉത്സവങ്ങളും അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ വരും.
അതിനാലാണ് പ്രീ-രജിസ്ട്രേഷന്‍ ബുക്കിംഗ് പ്രക്രിയ കാര്യക്ഷമമാക്കാന്‍ സജീവമായ നടപടികള്‍ ക്ഷേത്രം തീരുമാനിച്ചത്. പുതിയ പ്രക്രിയ പ്രകാരം വിഷുവിനും ബൈശാഖിക്കും ക്ഷേത്രം സന്ദര്‍ശിക്കുന്നവര്‍ക്ക് ഓണ്‍ലൈനായി നേരത്തെ തന്നെ അവരുടെ ഇഷ്ടപ്പെട്ട തീയതിയും സമയ സ്ലോട്ടും തിരഞ്ഞെടുക്കാനാകും. ഇത് കാത്തിരിപ്പ് സമയം കുറയ്ക്കാന്‍ സഹായിക്കും. ചൊവ്വാഴ്ച മുതല്‍ ഞായര്‍ വരെ (രാവിലെ 9 മുതല്‍ രാത്രി 8 വരെ) തുറന്നിരിക്കുന്ന ക്ഷേത്രം തിങ്കളാഴ്ചകളില്‍ അടച്ചിരിക്കും.
https://www.mandir.ae/visit എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് തീര്‍ത്ഥാടകര്‍ക്ക് ഓണ്‍ലൈന്‍ ബുക്കിംഗ് നടത്താം. ഉദ്ഘാടനത്തിന് ശേഷം തീര്‍ത്ഥാടകര്‍ക്കായി തുറന്ന് കൊടുത്ത ആദ്യ ഞായറാഴ്ചയായ മാര്‍ച്ച് മൂന്നിന് ഏകദേശം 65,000 ആളുകള്‍ ക്ഷേത്രത്തില്‍ എത്തിയിരുന്നു. ഇപ്പോള്‍, ശരാശരി 30,000 ആളുകള്‍ എല്ലാ ഞായറാഴ്ചയും ക്ഷേത്രസമുച്ചയം സന്ദര്‍ശിക്കുന്നു. വാരാന്ത്യ കാത്തിരിപ്പ് സമയം പലപ്പോഴും 90 മിനിറ്റായി നീളാറുണ്ടെന്ന് ക്ഷേത്രം അധികൃതര്‍ പറഞ്ഞു.
ബാപ്സ് സ്വാമിനാരായണ്‍ സന്‍സ്തയുടെ ആത്മീയ നേതാവായ പ്രമുഖ് സ്വാമി മഹാരാജിന്റെ 1997 ലെ യുഎഇ സന്ദര്‍ശന വേളയിലാണ് അബുദാബിയില്‍ ഒരു ഹിന്ദു ക്ഷേത്രം നിര്‍മ്മിക്കുക എന്ന ആശയം ഉടലെടുത്തത്. 2015 ല്‍ അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഹിന്ദു ക്ഷേത്രത്തിനായി സ്ഥലം അനുവദിച്ചു.
2018 ല്‍ ഇന്ത്യയും യുഎഇയും ധാരണാപത്രം ഒപ്പുവെച്ചതിന് പിന്നാലെ യുഎഇ സര്‍ക്കാര്‍ ക്ഷേത്രത്തിനായി 14 ഏക്കര്‍ സ്ഥലം കൂടി അനുവദിച്ചു. ഇന്ത്യയിലേയും യുഎഇയിലേയും വാസ്തുവിദഗ്ധരും കരകൗശലവിദഗ്ധരും ചേര്‍ന്നാണ് ക്ഷേത്രം നിര്‍മാണം നടത്തിയത്. രാജസ്ഥാനില്‍ നിന്ന് മാര്‍ബിളുകള്‍ ടണ്‍ കണക്കിന് പിങ്ക് മണല്‍ക്കല്ലുകളും എത്തിച്ചു. 2019 ഡിസംബറിലാണ് ക്ഷേത്രത്തിന്റെ നിര്‍മാണം തുടങ്ങിയത്.
27 ഏക്കര്‍ സ്ഥലത്ത് 700 കോടി രൂപ ചെലവിലാണ് ഏകദേശം 108 അടി ഉയരമുള്ള ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. യുഎഇയിലെയും ഇന്ത്യയിലേയും പാരമ്പര്യങ്ങള്‍ സമന്വയിക്കുന്ന ഇടം കൂടിയാണ് ഈ ക്ഷേത്രം. യുഎഇയിലെ ഏഴ് എമിറേറ്റുകളെ പ്രതീകപ്പെടുത്തുന്ന ഏഴ് ഗോപുരങ്ങളും രാമായണം, മഹാഭാരതം, ഭാഗവതം, ശിവപുരാണം എന്നിവയില്‍ നിന്നുള്ള കഥകള്‍ വിവരിക്കുന്ന ഏഴ് ആരാധനാലയങ്ങളും ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്.
ഒരേസമയം 8000-10,000 ആളുകളെ ഉള്‍ക്കൊള്ളാന്‍ ക്ഷേത്രത്തിന് കഴിയും. സന്ദര്‍ശക കേന്ദ്രം, പ്രാര്‍ത്ഥനാ ഹാളുകള്‍, എക്സിബിഷനുകള്‍, പഠനകേന്ദ്രങ്ങള്‍, കുട്ടികള്‍ക്കുള്ള സ്പോര്‍ട്സ് ഏരിയ, തീമാറ്റിക് ഗാര്‍ഡനുകള്‍, വാട്ടര്‍ ഫീച്ചറുകള്‍, ഫുഡ് കോര്‍ട്ട്, പുസ്തകങ്ങള്‍, സമ്മാനങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന സാമൂഹിക സാംസ്‌കാരിക സമ്മേളനങ്ങള്‍ക്കും ക്ഷേത്രത്തിനുള്ളില്‍ സൗകര്യമുണ്ട്.












Click it and Unblock the Notifications