അരവിന്ദ് ഇനി സെയില്‍സ്മാനല്ല, കോടീശ്വരന്‍: ബിഗ് ടിക്കറ്റില്‍ 57 കോടി മലയാളിക്ക് സ്വന്തം; കാരണം ആ തീരുമാനം
അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വീണ്ടും മലയാളിക്ക് ഒന്നാം സമ്മാനം. 25 മില്യണ്‍ യു എ ഇ ദിർഹമാണ് അരവിന്ദ് അപ്പുക്കന്‍ എന്ന മലയാളി പ്രവാസി സ്വന്തമാക്കിയത്. അതായത് 57 കോടിയിലേറെ ഇന്ത്യന്‍ രൂപ. ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് പരമ്പര 269 ലെ 447363 എന്ന ടിക്കറ്റാണ് സമ്മാനം കൊണ്ടുവന്നത്. നേരത്തെയും പലതവണ മലയാളികള്‍ക്ക് അബുദാബി ബിഗ് ടിക്കറ്റിന്റെ ഒന്നാം സമ്മാനം ലഭിച്ചിട്ടുണ്ട്.
ഷാർജയില്‍ സെയില്‍സ്മാനായി ജോലി ചെയ്ത് വരുന്ന അപ്പുകുട്ടന്‍ 19 സുഹൃത്തുക്കളുമായി ചേർന്നാണ് ടിക്കറ്റ് എടുത്തത്. സമ്മാനത്തുക ഇവർ വീതിച്ചെടുക്കും. ഇത് ആദ്യമായല്ല അരവിന്ദ് ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പങ്കെടുക്കുന്നത്. കഴിഞ്ഞ രണ്ട് വർഷമായി സ്ഥിരമായി അദ്ദേഹം ടിക്കറ്റുകള്‍ എടുക്കാറുണ്ട്. എന്നാല്‍ സമ്മാനം തേടിയെത്തുന്നത് ഇത് ആദ്യമാണെന്ന് മാത്രം. അത് ബംപർ സമ്മാനം തന്നെയായത് സന്തോഷം ഇരട്ടിപ്പിക്കുന്നു.

ചെറിയ തുക എന്തെങ്കിലും സമ്മാനമായി ലഭികുമെന്ന് കരുതിയിരുന്നെങ്കിലും ഒന്നാം സമ്മാനം തേടിയെത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് അരവിന്ദ് വ്യക്തമാക്കുന്നത്. സമ്മാനം അടിച്ചെന്ന് സുഹൃത്താണ് വിളിച്ച് അറിയിക്കുന്നത്. പെട്ടെന്ന് വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. പറ്റിക്കാന്‍ പറയുന്നതായിരിക്കും എന്നാണ് കരുതിയത്. തുക എന്ത് ചെയ്യും എന്നതിനെക്കുറിച്ചൊന്നും ഇപ്പോള്‍ ആലോചിച്ചിട്ടില്ല. എന്തായാലും കുറച്ച് ലോണുകള്‍ അടച്ച് തീർക്കാനുണ്ട്. അത് പെട്ടെന്ന് തന്നെ തീർക്കണമെന്നും ജേതാവ് പറഞ്ഞു.
നിങ്ങളുടെ ഭാഗ്യം പരീക്ഷിക്കുന്നത് തുടരുകയെന്നാണ് ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പങ്കെടുക്കുന്നവരോട് തനിക്ക് പറയാനുള്ളത്. എന്നെങ്കിലും ഒരിക്കല്‍ ഭാഗ്യം നിങ്ങളെ തേടിയെത്തും എന്നുള്ളത് ഉറപ്പാണെന്നും അരവിന്ദ് പറഞ്ഞു. തുടർച്ചയായി ടിക്കറ്റ് എടുക്കാനുള്ള ആ തീരുമാനമാണ് അരവിന്ദിനെ ഇന്ന് കോടപതിയാക്കി മാറ്റിയതും. 25 മില്യൺ ദിർഹം സമ്മാനം ലഭിച്ചത് സൗജന്യ ടിക്കറ്റിനാണ് എന്നതാണ് രസകരമായ മറ്റൊരു കാര്യം. പണം മുടക്കി ഒരു ബിഗ് ടിക്കറ്റ് എടുക്കുമ്പോള്‍ മറ്റൊരെണ്ണം സൗജന്യമായി ലഭിക്കും.
കഴിഞ്ഞ മാസത്തെ ഗ്രാൻഡ് പ്രൈസ് വിജയിയിയും മലയാളിയുമായ പ്രിന്‍സ് സെബാസ്റ്റ്യന്‍ ആണ് സമ്മാനാര്‍ഹമായ ടിക്കറ്റ് തെരഞ്ഞെടുത്തത് എന്നതാണ് ശ്രദ്ധേയം. 10 പേര്‍ക്കൊപ്പമമായിരുന്നു ഇദ്ദേഹം കഴിഞ്ഞ നറുക്കെടുപ്പിലെ ടിക്കറ്റ് വാങ്ങിയത്. 2024 ലെ അവസാന ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് കൂടിയാണ് കഴിഞ്ഞ ദിവസം നടന്നത്.
ഇതോടൊപ്പം നടന്ന മറ്റ് നറുക്കെടുപ്പുകളില്‍ മറ്റ് നിരവധി മലയാളികളും സമ്മാനം നേടിയിട്ടുണ്ട്. സൗദി അറേബ്യയിൽ താമസിക്കുന്ന ബംഗ്ലാദേശ് പൗരനായ ഹരുൺ റാഷിദും ബി എം ഡബ്ല്യു കാർ സ്വന്തമാക്കിയപ്പോള്‍ മലയാളിയായ അബ്ദുൽ നാസർ ഒരു ലക്ഷം ദിർഹം സ്വന്തമാക്കി. നിർമാണത്തൊഴിലാളിയായ എംഡി മെഹെദി എന്നയാള്‍ക്കാണ് 50000 ദിർഹത്തിന്റെ സമ്മാനം ലഭിച്ചത്. 17 പേർക്കൊപ്പം ചേർന്നാണ് അദ്ദേഹം ടിക്കറ്റ് എടുത്തത്.
മറ്റൊരു മലയാളിയ ആകാശ് രാജ് 70000 ദിർഹം സ്വന്തമാക്കി. കഴിഞ്ഞ മൂന്ന് വർഷമായി നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന വ്യക്തിയാണ് ആകാശ്. അതേസമയം ഡിസംബർ 1 മുതൽ 25 വരെ നടക്കുന്ന ബിഗ് വിൻ ലൈവ് ഡ്രോ സീരീസ് 270 മത്സരാർത്ഥികൾക്ക് 2000 ദിർഹം (4,60,46 രൂപ) മുതൽ 15000 ദിർഹം (34,53,492 രൂപ) വരെ സമ്മാനങ്ങൾ നേടാൻ സാധിക്കും












Click it and Unblock the Notifications