അബുദാബിയിൽ ഒഴിവാക്കാനായത് 47 കോടിയിലധികം പ്ലാസ്റ്റിക് ബാഗുകൾ; നേടിയെടുത്തത് ഇങ്ങനെ
അബുദാബിയിൽ പ്ലാസ്റ്റിക് ഉപയോഗത്തിൽ വൻ തോതിലുള്ള കുറവ് ഉണ്ടായതായാണ് പരിസ്ഥിതി ഏജൻസിയുടെ കണക്കുകൾ വ്യക്തമാക്കുന്നത്. ഏകദേശം 47 കോടിയിലധികം പ്ലാസ്റ്റിക് ബാഗുകളാണ് വിപണിയില്‍ നിന്ന് ഒഴിവാക്കിയത്. പ്രമുഖ റീട്ടെയില്‍ ഔട്ട്ലെറ്റുകളില്‍ മാത്രം പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗത്തില്‍ 95 ശതമാനം വരെ കുറവുണ്ടായി. പ്ലാസ്റ്റിക് കുപ്പികളുടെ പുനരുപയോഗത്തിനായി ഏര്‍പ്പെടുത്തിയ സ്മാര്‍ട്ട് റീസൈക്ലിങ് മെഷീനുകള്‍ വഴിയും വീടുകളില്‍ നിന്നുള്ള ശേഖരണത്തിലൂടെയും 26.7 കോടി കുപ്പികൾ പുനരുപയോഗത്തിനായി മാറ്റാൻ കഴിഞ്ഞു. ഏകദേശം 7,386 ടണ്‍ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ മാലിന്യ നിക്ഷേപ കേന്ദ്രങ്ങളിലേക്ക് എത്തുന്നതും ഒഴിവാക്കി.
പരിസ്ഥിതി സുസ്ഥിരത നയം നടപ്പിലാക്കിയ ശേഷമുള്ള നേട്ടങ്ങളാണിത്. ഇത് പരിസ്ഥിതിക്ക് നല്‍കുന്ന ആശ്വാസം ചെറുതല്ലെന്നും പരിസ്ഥിതി ഏജൻസിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കാര്‍ബണ്‍ പുറന്തള്ളലില്‍ ഉണ്ടായ ഈ കുറവ് ഏകദേശം 1.85 ലക്ഷം വാഹനങ്ങള്‍ കാർബൺഡയോക്സൈഡ് പുറന്തള്ളിയുണ്ടാക്കുന്നത്ര മലിനീകരണമാണ് ഒഴിവാക്കിയത്. ഈ വർഷം തുടക്കം മുതൽ നടപ്പാക്കിയ ദേശീയ പ്ലാസ്റ്റിക് നിരോധനത്തിന് അനുസൃതമായും ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ ഉപയോഗം കുറക്കാനായി.

പ്ലാസ്റ്റിക് മൂലമുണ്ടാകുന്ന പാരിസ്ഥിതിക ആഘാതത്തെ കുറിച്ച് പൊതുജനങ്ങൾക്ക് കൃത്യമായ അവബോധം ഉണ്ടായിട്ടുണ്ടെന്ന് ഇതുമായി ബന്ധപ്പെട്ട് നടത്തിയ സർവേയിൽ വ്യക്തമായിട്ടുണ്ട്. 126 രാജ്യങ്ങളിൽ നിന്നുള്ള 5,000ത്തിലേറെ ആളുകളാണ് സർവേയിൽ പങ്കെടുത്തത്. ഇതിൽ 96 ശതമാനം ആളുകളും പ്ലാസ്റ്റിക് മൂലമുണ്ടാകുന്ന പാരിസ്ഥിതിക അപകടങ്ങളെ കുറിച്ച് ബോധവാന്മാരാണ്. പരിസ്ഥിതിക്ക് ഇണങ്ങും വിധം പ്ലാസ്റ്റിക് ഉപയോഗം കുറക്കുന്നതിനുള്ള പ്രതിബദ്ധത 90 ശതമാനം പേരും പങ്കുവെച്ചു.
പ്ലാസ്റ്റിക് ഉപയോഗം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെ കുറിച്ചും 95 ശതമാനം ആളുകളും അഭിപ്രായങ്ങൾ പങ്കുവെച്ചു. ബദൽ ബാഗുകളുടെ വില വിപണിയിൽ ന്യായമാണെന്ന് സർവേയിൽ 89 ശതമാനം പേരും പ്രതികരിച്ചു. ഇത്തരത്തിൽ ബാഗുകളിൽ നിന്നുള്ള വരുമാനം പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് നീക്കിവെക്കുന്നതിനിൽ 88 ശതമാനം പേർ അനുകൂലിക്കുകയും ചെയ്തു.
സമൂഹത്തിൽ പരിസ്ഥിതി അവബോധം വളർത്തുന്നതിനും കൂടുതൽ സുസ്ഥിരമായ ഉപഭോഗ ശീലങ്ങൾ സ്വീകരിക്കുന്നതിനുള്ള പ്രതിബദ്ധത വളർത്താൻ കാമ്പയിനിലൂടെ സാധിച്ചിട്ടുണ്ടെന്ന് ഇഎഡി സെക്രട്ടറി ജനറൽ ഡോ. ശൈഖ സലിം അൽ ദാഹിരി പറഞ്ഞു. ഈ സര്‍വേ ഫലങ്ങള്‍ വരാനിരിക്കുന്ന കൂടുതല്‍ സുസ്ഥിര പദ്ധതികള്‍ക്ക് വലിയൊരു അടിത്തറയാണ് നല്‍കുന്നത്. ജനങ്ങളുടെ ഈ പിന്തുണയും സഹകരണവും വരും വര്‍ഷങ്ങളില്‍ പ്ലാസ്റ്റിക് മുക്തമായ ഭാവി കെട്ടിപ്പടുക്കാന്‍ ഭരണകൂടത്തിന് കൂടുതല്‍ കരുത്തേകും. ഫെഡറല്‍ തലത്തിലുള്ള പ്ലാസ്റ്റിക് നിരോധനം കൂടി കര്‍ശനമായതോടെ, വരും തലമുറയ്ക്കായി മലിനീകരണമില്ലാത്ത ഒരു പ്രകൃതിയെ കരുതിവെക്കാന്‍ യുഎഇക്ക് സാധിക്കുമെന്നും ഇഎഡി സെക്രട്ടറി ജനറൽ വ്യക്തമാക്കി.












Click it and Unblock the Notifications