ഇതാ യുഎഇയുടെ മറ്റൊരു അത്ഭുതം: 'പാളമില്ലാ തീവണ്ടി', അബുദാബിയില്‍ സർവ്വീസ് തുടങ്ങി
അബുദാബി: ഗതാഗത മേഖലയില്‍ നൂതനമായ പല ആശയങ്ങളും നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന രാജ്യമാണ് യുഎഇ. വിശാലമായ റോഡ് സംവിധാനമുള്ള രാജ്യം ഇപ്പോള്‍ ഇന്ത്യയിലേക്ക് വരേ നീളുന്ന അണ്ടർ വാട്ടർ റെയില്‍പ്പാതയുടെ ആലോചനയിലുമാണ്. അത്തരത്തില്‍ രാജ്യത്ത് നടപ്പിലാക്കിയ ട്രാം പോലെയുള്ള ഗതാഗത സംവിധാനത്തിന് വലിയ സ്വീകാര്യതയാണ് ജനങ്ങളില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.
അബുദാബിയില്‍ നടപ്പിലാക്കിയ റെയിൽ-ലെസ് ട്രെയിനുകളാണ് കഥയിലെ താരം. ഓട്ടോമേറ്റഡ് റാപ്പിഡ് ട്രാൻസ്‌പോർട്ട് (എആർടി) എന്ന് വിളിക്കപ്പെടുന്ന മൂന്ന് ബോഗികളോട് കൂടിയ വാഹനത്തെ ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്ററാണ് (ഐടിസി) നിയന്ത്രിക്കുന്നത്. സ്മാർട്ടും പരിസ്ഥിതി സൗഹൃദവുമായ പൊതുഗതാഗത സംവിധാനം താമസക്കാർക്കും സന്ദർശകർക്കും ഉറപ്പ് വരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്.

'ഉപഭോക്താക്കൾക്ക് സുരക്ഷ, സൗകര്യം, ഗുണമേന്മ എന്നിവയുടെ ഉയർന്ന നിലവാരം ഉറപ്പാക്കിക്കൊണ്ട് ഐടിസി ടീമുകൾ വളരെ കാര്യക്ഷമവും സമ്പൂർണ്ണവുമായ ഒരു അടിസ്ഥാന സൗകര്യം നിർമ്മിച്ചിട്ടുണ്ട്' റെയിൽ-ലെസ് ട്രെയിന്‍ സംവിധാനത്തെ വിശദീകരിച്ചുകൊണ്ട് അബുദാബി സർക്കാർ മീഡിയ ഓഫീസ് വ്യാഴാഴ്ച അറിയിച്ചു.
മീഡിയ ഓഫീസ് തന്നെയാണ് എആർടിയെ "റെയിൽ-ലെസ് ബസുകൾ" എന്ന് വിശേഷിപ്പിക്കുന്നത്. വൈദ്യുതിയില്‍ പ്രവർത്തിക്കുന്ന ഈ വാഹനത്തിന് ഒരേസമയം 200 യാത്രക്കാരെ വഹിക്കാനുള്ള ശേഷിയുണ്ട്. യഥാർത്ഥത്തില്‍ എആർടികൾ ബസും ട്രാമും തമ്മിലുള്ള ഒരു ക്രോസ് ആണ്. വണ്ടിയുടെ ഇരുവശത്തുമായി ഇരിപ്പിടങ്ങളും നില്‍ക്കുന്നവരുടെ സഹായത്തിനായി സ്ട്രാപ്പുകളും നൽകുന്നു. ഒരു ഡ്രൈവറായിരിക്കും വാഹനത്തിലുണ്ടാകുക.
പരീക്ഷണ ഘട്ടത്തിൽ വാഹനം 25 സ്റ്റേഷനുകളിലൂടെ 27 കിലോമീറ്റർ ദൈർഘ്യമുള്ള റൂട്ടുകളിലൂടെ കടന്നുപോകും. അൽ റീം മാളിൽ നിന്ന് മറീന മാളിലേക്കും സായിദ് ഫസ്റ്റ് സ്ട്രീറ്റിലൂടെയും അബുദാബി ദ്വീപിലെ കോർണിഷ് സ്ട്രീറ്റിലൂടെയും റെയില്‍ ലെസ് ട്രെയിന്‍ കടന്നുപോകുന്നു.
കോർണിഷ്, ഷെയ്ഖ ഫാത്തിമ പാർക്ക്, ഖാലിദിയ പാർക്ക്, കസർ അൽ ഹോസ്‌ൻ, എൻഎംസി സ്പെഷ്യാലിറ്റി, ലൈഫ്‌ലൈൻ ആശുപത്രികൾ, ഷെയ്ഖ് ഹസ്സ ബിൻ സുൽത്താൻ മസ്ജിദ്, ഗലേരിയ അൽ മരിയ ദ്വീപ്, മറീന സ്ക്വയർ എന്നിവയാണ് പ്രധാനപ്പെട്ട സ്റ്റോപ്പുകളില്‍ ഉള്‍പ്പെടുന്നത്. തലസ്ഥാനത്ത് നടപ്പാക്കിയ ട്രാഫിക് നിയമങ്ങൾക്കനുസൃതമായിട്ടായിരിക്കും ബസുകൾ ഓടുക.
നിലവിൽ ഇത് വെള്ളിയാഴ്ച മുതൽ ഞായർ വരെ മാത്രമാണ് പ്രവർത്തിക്കുന്നത്. റീം മാളിൽ നിന്നുള്ള ആദ്യത്തേയും അവസാനത്തേയും ബസ് യഥാക്രമം രാവിലെ 10 മണിക്കും ഉച്ചയ്ക്ക് 2 മണിക്കുമാണ്. മറീന മാളിൽ നിന്നുള്ള ആദ്യത്തേയും അവസാനത്തേയും യാത്ര യഥാക്രമം രാവിലെ 11നും വൈകിട്ട് 3നുമാണ് സജ്ജീകരിച്ചിരിക്കുന്നത്.












Click it and Unblock the Notifications