അടിസ്ഥാന നിരക്ക് രണ്ട് ദിര്‍ഹം, ബസ് മാറിക്കയറിയാലും അധിക നിരക്കില്ല; പരിഷ്‌കാരവുമായി അബുദാബി
ദുബായ്: അബുദാബിയിലെ പുതുക്കിയ ബസ് നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍. അബുദാബി നഗര, സബര്‍ബന്‍ ഗതാഗത സേവനങ്ങളെ 'സ്റ്റാന്‍ഡേര്‍ഡ് സര്‍വീസ്' എന്നതിലേക്ക് സംയോജിപ്പിക്കുന്ന പുതിയ പൊതുഗതാഗത നിരക്ക് സമ്പ്രദായത്തിനാണ് ഇന്ന് തുടക്കമായിരിക്കുന്നത്. ഇന്ന് മുതല്‍ അബുദാബിയിലെ അടിസ്ഥാന ബസ് നിരക്ക് 2 ദിര്‍ഹമായിരിക്കും. ദൂരമനുസരിച്ച് കിലോമീറ്ററിന് 5 ഫില്‍സ് വീതവും ഈടാക്കും.
ഉപഭോക്തൃ സൗഹൃദ യാത്രാക്കൂലി ഏര്‍പ്പെടുത്തി സേവനം വിപുലീകരിച്ച് കൂടുതല്‍ പേരെ പൊതുഗതാഗതത്തിലേക്ക് ആകര്‍ഷിക്കുകയാണ് ഇതുവഴി ഗതാഗത മന്ത്രാലയം ലക്ഷ്യമിടുന്നത്. പൊതുഗതാഗത ബസുകള്‍ ഉപയോഗിക്കുന്ന യാത്രക്കാര്‍ക്ക് 2 ദിര്‍ഹം അധിക ബോര്‍ഡിംഗ് ഫീസ് ഈടാക്കാതെ തന്നെ സേവനങ്ങള്‍ക്കിടയില്‍ തടസമില്ലാതെ ബസ് മാറിക്കയറാവുന്നതാണ്.

അവസാനം ബസ് കയറി 60 മിനിറ്റിനുള്ളില്‍ തന്നെ മറ്റ് സര്‍വീസിലേക്ക് കയറണം, യാത്രയുടെ വിപരീത ദിശയിലേക്ക് മാറ്റരുത്. 3 ബസുകള്‍ ഉപയോഗിച്ച് പരമാവധി രണ്ട് തവണ മാറിക്കയറാം എന്നിവയാണ് ഈ സംവിധാനത്തിലെ വ്യവസ്ഥകള്‍. അബുദാബി ലിങ്ക് സര്‍വീസിനും പൊതുഗതാഗത ബസ് സ്റ്റാന്‍ഡേര്‍ഡ് സര്‍വീസുകള്‍ക്കുമിടയില്‍ ട്രാന്‍സ്ഫര്‍ വ്യവസ്ഥകള്‍ ബാധകമാണ്.
കയറുന്നതിനും ഇറങ്ങുന്നതിനും ഇടയില്‍ സഞ്ചരിക്കുന്ന ദൂരത്തെ അടിസ്ഥാനമാക്കിയാണ് നിരക്ക് കണക്കാക്കുന്നത്. ഓരോ ബസില്‍ നിന്നും കയറുമ്പോഴും ഇറങ്ങുമ്പോഴും ഹാഫിലാത്ത് കാര്‍ഡ് റീഡറില്‍ ടാപ്പ് ചെയ്യേണ്ടത് നിര്‍ബന്ധമാണ്. കാര്‍ഡ് ടാപ്പ് ചെയ്യുന്നതില്‍ പരാജയപ്പെടുന്നത് പിഴ ഈടാക്കുന്നതിന് കാരണമായേക്കാം.
സര്‍വീസുകള്‍ക്കിടയില്‍ ട്രാന്‍സ്ഫര്‍ ചെയ്യുമ്പോഴോ ബസ് വീണ്ടും ഉപയോഗിക്കുമ്പോഴോ ടാപ്പ്-ഔട്ട് നഷ്ടപ്പെടുമ്പോഴും ഇത് ബാധകമാണ്. സ്റ്റാന്‍ഡേര്‍ഡ് സര്‍വീസില്‍ അബുദാബി, അല്‍ ഐന്‍, അല്‍ ദഫ്ര ഇന്റര്‍സിറ്റി സര്‍വീസുകള്‍ ഒഴികെ നഗരങ്ങളും സബര്‍ബുകളും ഉള്‍പ്പെടും. 7 ദിവസത്തെ പാസിന് 35 ദിര്‍ഹവും 30 ദിവസത്തെ പാസിന് 95 ദിര്‍ഹവുമാണ് നിരക്ക്. വാര്‍ഷിക പാസ്, വിദ്യാര്‍ഥി പാസ് എന്നിവയുമുണ്ട്.
മുന്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന പാസുകളുടെ വില്‍പ്പന ഇന്നലെ തന്നെ നിര്‍ത്തിയിരുന്നു. ഇന്റര്‍സിറ്റി സര്‍വീസുകള്‍ ഒഴികെ എമിറേറ്റിലുടനീളം എല്ലാ മേഖലകളിലും സ്റ്റാന്‍ഡേര്‍ഡ് സേവനത്തിന് ഈ പാസുകള്‍ കവറേജ് നല്‍കുന്നത് തുടരും. കൂടാതെ, 10 വയസും അതില്‍ താഴെയും പ്രായമുള്ള വ്യക്തികള്‍ക്ക് ഗതാഗതം സൗജന്യമായിരിക്കും. ഫെബ്രുവരി 28-ന് മുമ്പ് നല്‍കിയ എല്ലാ പാസുകളും കാലഹരണപ്പെടുന്നതുവരെ സാധുവായിരിക്കും.
സോഷ്യല്‍ സപ്പോര്‍ട്ട് പ്രോഗ്രാമുകളില്‍ എന്റോള്‍ ചെയ്തിട്ടുള്ള പരിമിതമായ വരുമാനമുള്ള എമിറാത്തി കുടുംബങ്ങള്‍ക്ക് സബ്സിഡിയുള്ള പൊതുഗതാഗത പാസുകള്‍ക്ക് അര്‍ഹതയുണ്ടായിരിക്കും. അതുപ്രകാരം 7 ദിവസത്തെ പാസ് 30 ദിര്‍ഹം നിരക്കിലും 30 ദിവസത്തെ പാസ് 80 ദിര്‍ഹം എന്ന നിരക്കിലും ലഭ്യമാകും.












Click it and Unblock the Notifications