സൗദി അറേബ്യ ഓകെ പറഞ്ഞു; ഖത്തര്‍ ഡീല്‍ മാറ്റണം, പുതിയ പദ്ധതി തയ്യാറാക്കി പാകിസ്താന്‍
സൗദി അറേബ്യയില്‍ നിന്ന് അടുത്തിടെ പാകിസ്താന് വലിയ ഇളവാണ് ലഭിച്ചത്. ക്രൂഡ് ഓയില്‍ വാങ്ങാന്‍ പണം ഇപ്പോള്‍ നല്‍കേണ്ടതില്ല എന്നായിരുന്നു സൗദി അറേബ്യ നല്‍കിയ ഇളവ്. ഊര്‍ജ രംഗം സമ്പൂര്‍ണമായി പരിഷ്‌കരിക്കാനാണ് പാകിസ്താന്‍ ആലോചിക്കുന്നത്. കടുത്ത സാമ്പത്തിക അച്ചടക്കം വേണ്ടി വരുമെന്നും പാക് ഭരണകൂടം കരുതുന്നു.
തയ്യാറാക്കിയ കരാറുകളിലെ വ്യവസ്ഥകള്‍ പരിശോധിച്ച് വീഴ്ച സംഭവിച്ച ഭാഗം തിരുത്താനാണ് നീക്കം. ഈ സാഹചര്യത്തിലാണ് പാകിസ്താന്‍ വീണ്ടും ഖത്തറുമായി ചര്‍ച്ചയ്ക്ക് ഒരുങ്ങുന്നത്. ഖത്തറുമായുണ്ടാക്കിയ കരാര്‍ ചെലവേറിയത് ആണ് എന്നാണ് പാകിസ്താന്റെ വിലയിരുത്തല്‍.

പുതിയ ചില തീരുമാനങ്ങളാണ് പാകിസ്താന്‍ എടുത്തിരിക്കുന്നത്. ഇതിനോട് ഖത്തര്‍ അനുകൂലിക്കുമോ എന്നാണ് ഇനി അറിയേണ്ടത്. അസര്‍ബൈജാനുമായുള്ള കരാറാണ് ഖത്തറിന്റെ ഇടപാടിനേക്കാള്‍ മെച്ചം എന്നും പാകിസ്താന്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് ഖത്തറുമായുണ്ടാക്കിയ എല്‍എന്‍ജി കരാര്‍ പുനഃപ്പരിശോധിക്കുന്നത്. ചര്‍ച്ച നടത്തി പുതിയ വ്യവസ്ഥകള്‍ ചേര്‍ക്കാനാണ് ആലോചന.
സൗദി അറേബ്യയുമായുണ്ടാക്കിയ പുതിയ കരാര്‍ വളരെ പ്രയോജനപ്രദമാണ് എന്നാണ് പാകിസ്താന്റെ കണക്കുകൂട്ടല്‍. ക്രൂഡ് ഓയില്‍ നല്‍കാമെന്നും പണം ഇപ്പോള്‍ വേണ്ടതില്ല എന്നുമാണ് കരാറിന്റെ കാതല്‍. 120 കോടി ഡോളറിന്‍െ ഇളവാണ് ഇതുവഴി പാകിസ്താന്‍ കിട്ടിയത്. ഇത്രയും തുക ഒരുവര്‍ഷം കഴിഞ്ഞ ശേഷം നല്‍കിയാല്‍ മതി എന്നും ധാരണയായിരുന്നു.
മൂന്നിലൊന്ന് വൈദ്യുതിയും...
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യമാണ് പാകിസ്താന്‍. അതിന്റെ പ്രതിഫലനമാണ് വൈദ്യുതി പ്രതിസന്ധിയും. വലിയ തുക കൊടുത്ത് വൈദ്യുതി വാങ്ങാനുള്ള ശേഷി പാകിസ്താനില്ല. എങ്കിലും വാതകം ഇറക്കുമതി ചെയ്തും വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. പാകിസ്താന്‍ ഉപയോഗിക്കുന്ന മൂന്നിലൊന്ന് വൈദ്യുതിയും വാതകം ഉപയോഗിച്ച് ഉല്‍പ്പാദിപ്പിച്ചതാണ്.
ഖത്തറുമായുള്ള കരാറില്‍ വീണ്ടും ചര്‍ച്ചകള്‍ വേണമെന്ന് പാകിസ്താന്റെ പെട്രോളിയം മന്ത്രി മുസദിക് മാലിക് പറഞ്ഞുവെന്ന് ദി ന്യൂസ് പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഖത്തറുമായി മാത്രമല്ല പാകിസ്താന് ഊര്‍ജ കരാറുള്ളത്. ആ കരാറുകളേക്കാള്‍ ചെലവ് വരും ഖത്തറുമായുള്ള കരാറിന്. അസര്‍ബൈജാനുമായുള്ള വാതക കരാര്‍ ചെലവ് കുറഞ്ഞതും കൂടുതല്‍ സൗഹൃദമായ വ്യവസ്ഥകള്‍ ഉള്‍പ്പെടുന്നതുമാണ് എന്ന് പാകിസ്താന്‍ വിലയിരുത്തുന്നു.
ഖത്തറുമായുള്ള കരാര്‍ പുതിയ സാഹചര്യത്തില്‍ നീട്ടിവച്ചിരിക്കുകയാണ് പാകിസ്താന്‍. 2026ല്‍ വാതകം ലഭിക്കുന്ന രീതിയിലാകും പുതിയ കരാര്‍. മറ്റു ചില ഇടപാടുകാരുമായുള്ള കരാറും നീട്ടിവയ്ക്കാന്‍ പാകിസ്താന്‍ ആലോചിക്കുന്നുണ്ട്. പാകിസ്താനുമായി അടുത്ത സൗഹൃദമുള്ള ഖത്തര്‍ അനുകൂലമായി പ്രതകരിക്കുമെന്നാണ് പാക് ഭരണകൂടത്തിന്റെ പ്രതീക്ഷ.












Click it and Unblock the Notifications