ലാഭത്തില്‍ റെക്കോഡ് നേട്ടം; ജീവനക്കാര്‍ക്ക് ബോണസായി അഞ്ച് മാസത്തെ ശമ്പളം പ്രഖ്യാപിച്ച് എമിറേറ്റ്‌സ്
ദുബായ്: 2023-24 സാമ്പത്തിക വര്‍ഷത്തില്‍ റെക്കോഡ് ലാഭം കൊയ്ത് എമിറേറ്റ്‌സ് ഗ്രൂപ്പ്. മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ 71 ശതമാനം അധികം ലാഭമാണ് എമിറേറ്റ്‌സ് കൊയ്തത്. മേയ് 13 ന് പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം 5.1 ബില്യണ്‍ ഡോളര്‍ ആണ് കമ്പനിയുടെ വാര്‍ഷിക ലാഭം. ദുബായ് ആസ്ഥാനമായുള്ള എയര്‍ലൈന്‍ കമ്പനിയായ എമിറേറ്റ്‌സ് ഇതോടെ തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് റെക്കോഡ് തിരുത്തി കുറിക്കുന്നത്.
കഴിഞ്ഞ രണ്ട് വര്‍ഷമായി ഗ്രൂപ്പിന്റെ ലാഭം 8.1 ബില്യണ്‍ ഡോളറിലെത്തി. ഇത് 2020-2022 കൊവിഡ് സമയത്തെ നഷ്ടത്തെ മറികടക്കുതയും ചെയ്തു. എമിറേറ്റ്സ് ഗ്രൂപ്പ് പുതിയ റെക്കോര്‍ഡ് പ്രകടനം കാഴ്ചവെക്കാന്‍ വീണ്ടും ബാര്‍ ഉയര്‍ത്തിയതായി ചെയര്‍മാനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ഷെയ്ഖ് അഹമ്മദ് ബിന്‍ സയീദ് അല്‍ മക്തൂം പ്രസ്താവനയില്‍ പറഞ്ഞു.

സാമ്പത്തിക വര്‍ഷത്തിലെ മികച്ച പ്രകടനത്തെ തുടര്‍ന്ന് എമിറേറ്റ്സ് ഗ്രൂപ്പ് തങ്ങളുടെ ജീവനക്കാര്‍ക്ക് 20 ആഴ്ചത്തെ ശമ്പളം ബോണസായി നല്‍കും എന്നും പ്രഖ്യാപിച്ചു. ഏകദേശം അഞ്ച് മാസത്തെ ശമ്പളമാണ് ബോണസായി ലഭിക്കുക. മേയ് മാസത്തെ ശമ്പളത്തിനൊപ്പമാണ് ഈ തുക കൂടി അധികമായി ലഭിക്കുക. മലയാളികള്‍ ഉള്‍പ്പെടെ എമിറേറ്റ്‌സിലെ മുഴുവന്‍ ജീവനക്കാരും ഈ ആനുകൂല്യത്തിന് അര്‍ഹരായിരിക്കും.
10,000 ദിര്‍ഹം ശമ്പളമുള്ള ജീവനക്കാരന് ഈ മാസത്തെ ശമ്പളത്തിനൊപ്പം 50,000 ദിര്‍ഹം (11,32,500 രൂപ) ബോണസായി ലഭിക്കും. അതേസമയം കഴിഞ്ഞ വര്‍ഷം 24 ആഴ്ചയിലെ ശമ്പളമാണ് ബോണസായി നല്‍കിയിരുന്നത്. ജീവനക്കാരുടെ പരിശ്രമങ്ങള്‍ക്ക് ശൈഖ് അഹമ്മദ് നന്ദിയറിയിച്ചു. 84 രാജ്യങ്ങളിലായി 170-ലേറെ ദേശീയതയിലുള്ള 1,12,406 ജീവനക്കാരാണ് എമിറേറ്റ്‌സിലുള്ളത്.
അടുത്തവര്‍ഷം 10 പുതിയ എ 350 വിമാനങ്ങള്‍ വാങ്ങാനും കമ്പനിക്ക് പദ്ധതിയുണ്ട്. ഇത് തൊഴിലവസരം വര്‍ധിക്കാനും കാരണമാകും. 2023-2024 കാലയളവില്‍ 151 ലക്ഷ്യസ്ഥാനങ്ങളിലേക്കായി 5.19 കോടി യാത്രക്കാരാണ് എമിറേറ്റ്സ് എയര്‍ലൈനുകളില്‍ സഞ്ചരിച്ചത്. കൂടാതെ 22 ലക്ഷം ടണ്‍ ചരക്കുനീക്കവും ഇക്കാലയളവില്‍ നടത്തിയിട്ടുണ്ട്. തൊഴില്‍ ശക്തിയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 10 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായത്.
എമിറേറ്റ്സ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എമിറേറ്റ്സും ഡിനാറ്റയും അവരുടെ ആഗോള റിക്രൂട്ട്മെന്റ് ശ്രമങ്ങള്‍ വേഗത്തിലാക്കി. ഈ വിപുലീകരണം വിവിധ മേഖലകളിലുടനീളം പ്രവര്‍ത്തന ശേഷി വര്‍ധിപ്പിക്കുന്നതിന് സഹായകമായി. ഈ വളര്‍ച്ചയ്ക്ക് 137.3 ബില്യണ്‍ ദിര്‍ഹം (37.4 ബില്യണ്‍ ഡോളര്‍) റെക്കോഡ് വരുമാനം ലഭിച്ചു. ബിസിനസ് ഡിവിഷനുകളിലുടനീളമുള്ള ശക്തമായ ഉപഭോക്തൃ ഡിമാന്‍ഡ് 15 ശതമാനം ഉയര്‍ന്നു.
ഇന്‍വെസ്റ്റ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ദുബായിക്ക് (ഐസിഡി) 4.0 ബില്യണ്‍ ദിര്‍ഹം (1.1 ബില്യണ്‍ ഡോളര്‍) ഡിവിഡന്റ് പ്രഖ്യാപിച്ചിട്ടുമുണ്ട്. എമിറേറ്റ്സ് മാത്രം 17.2 ബില്യണ്‍ ദിര്‍ഹത്തിന്റെ (4.7 ബില്യണ്‍ ഡോളര്‍) പുതിയ റെക്കോര്‍ഡ് ലാഭം റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷത്തെ 10.6 ബില്യണ്‍ ദിര്‍ഹത്തില്‍ നിന്ന് (2.9 ബില്യണ്‍ ഡോളര്‍) ഇത് 63 ശതമാനം ഉയര്‍ന്നു. എയര്‍ലൈനിന്റെ വരുമാനം 13 ശതമാനം ഉയര്‍ന്ന് 121.2 ബില്യണ്‍ ദിര്‍ഹമായി. മറുവശത്ത്, ഡിനാറ്റയും ഗണ്യമായ സാമ്പത്തിക ഉയര്‍ച്ചയും റിപ്പോര്‍ട്ട് ചെയ്തു. ലാഭം 1.4 ബില്യണ്‍ ദിര്‍ഹത്തില്‍ എത്തി.












Click it and Unblock the Notifications