സൗദിക്ക് പിന്നാലെ കുവൈത്തും: പ്രവാസികള്‍ ഇനി അല്‍പ്പം പാടുപെടും, ടെസ്റ്റ് പാസായില്ലെങ്കില്‍ വിസയില്ല
ദുബായ്: വിദേശികള്‍ക്ക് വർക്ക് വിസ നൽകുന്നതിന് പ്രാക്ടിക്കല്‍ ടെസ്റ്റ് അവതരിപ്പിക്കാനൊരുങ്ങി കുവൈത്ത്. ആദ്യഘട്ടത്തില്‍ വിദഗ്ധ സാങ്കേതിക തൊഴിലാളികൾക്കായിരിക്കും പ്രാക്ടിക്കല്‍ ടെസ്റ്റ് അവതരിപ്പിക്കുകക. പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (പിഎഎം), പബ്ലിക് അതോറിറ്റി ഫോർ അപ്ലൈഡ് എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിംഗുമായി (പിഎഎഇടി) സഹകരിച്ച്, സ്മാർട്ട് റിക്രൂട്ട്‌മെന്റിനായുള്ള പ്രൊഫഷണൽ സിസ്റ്റം പ്രോജക്റ്റിന്റെ ഭാഗമായിട്ടാണ് പുതിയ നയം പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദിന്റെ നിർദ്ദേശങ്ങൾക്ക് അനുസൃതമായാണ് പുതിയ നടപടിയെന്നും അന്തർദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. പിഎഎഇടിയുമായി ധാരണാപത്രം തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും, അടുത്തയാഴ്ച ആദ്യം ഇത് ഒപ്പുവെക്കാൻ കഴിയുമെന്നും പിഎഎം അറിയിച്ചു.

ധാരണാപത്രം കുവൈറ്റിലെ വിദഗ്ധ തൊഴിലാളികൾക്കായി പ്രായോഗികവും സാങ്കേതികവുമായ ടെസ്റ്റുകൾ നടത്തുന്നതിനുള്ള ചട്ടക്കൂട് സജ്ജമാക്കും. ഇനിമുതല്‍ പ്രാക്ടിക്കല്‍ ടെസ്റ്റ് ഇല്ലാതെ ആർക്കും വർക്ക് പെർമിറ്റ് അനുവദിക്കില്ല. തൊഴില്‍ രംഗത്തെ ചൂഷണം തടയുകയും നവീകരിക്കലുമാണ് പദ്ധതിയുടെ ലക്ഷ്യം.
ധാരണാപത്രത്തിൽ പറഞ്ഞിരിക്കുന്ന മാനദണ്ഡങ്ങളും വ്യവസ്ഥകളും അനുസരിച്ച്, ടെസ്റ്റുകൾ ഘട്ടം ഘട്ടമായി അവതരിപ്പിക്കുകയും നിർദ്ദിഷ്ട തൊഴിലുകൾക്ക് ബാധകമാക്കുകയും ചെയ്യും. കുവൈറ്റിലെ തൊഴിലാളികളുടെ സാങ്കേതിക വൈദഗ്ധ്യം വർദ്ധിപ്പിക്കുകയും തൊഴിൽ വിപണിയുടെ വികസനത്തിന് സംഭാവന നൽകുകയും ചെയ്യുക എന്നതാണ് ഈ ടെസ്റ്റുകളുടെ പ്രാഥമിക ലക്ഷ്യമെന്നും റിപ്പോർട്ടുകള്‍ പറയുന്നു.
പദ്ധതിയുടെ പ്രാരംഭ ഘട്ടം കരാർ മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കും. നൈപുണ്യ വർഗ്ഗീകരണങ്ങൾ നൽകുന്നതിനുള്ള ഒരു സംവിധാനം വികസിപ്പിക്കുന്നതിനുള്ള ഭാവി പദ്ധതികളും പിഎഎം സൂചിപ്പിച്ചിട്ടുണ്ട്. ഈ സംവിധാനം നൈപുണ്യത്തെയും അനുഭവപരിചയത്തെയും അടിസ്ഥാനമാക്കി തൊഴിൽ തലങ്ങളെ തരംതിരിക്കും.
നേരത്തെ സൗദി അറേബ്യയും സമാനമായ നയം രൂപീകരിച്ചിരുന്നു. അഞ്ച് ജോലികള്‍ക്കാണ് ആദ്യഘട്ടത്തില്‍ സൗദി ടെസ്റ്റ് നടത്തുന്നത്. പ്ലംബര്‍, ഇലക്ട്രീഷ്യന്‍, വെല്‍ഡര്‍, എസി-ഫ്രിഡ്ജ് ടെക്‌നീഷ്യന്‍, ഓട്ടോ മെബൈല്‍ ഇലക്ട്രീഷ്യന്‍ എന്നീ അഞ്ച് ജോലികള്‍ക്കാണ് ടെസ്റ്റ്. കൂടുതല്‍ തൊഴില്‍ മേഖലയിലേക്ക് പരീക്ഷ നടത്തുന്നത് സംബന്ധിച്ച തീരുമാനം പിന്നീടുണ്ടാകും. എഴുത്ത് പരീക്ഷയും പ്രാക്ടിക്കല്‍ പരീക്ഷയുമാണ് നടത്തുക. ഇതിനായി ഇന്ത്യയില്‍ തന്നെ കേന്ദ്രങ്ങള്‍ സ്ഥാപിക്കും.
ടെസ്റ്റില്‍ പാസായവര്‍ക്കാകും സൗദി ജോലി വിസയ്ക്ക് അപേക്ഷിക്കാന്‍ സാധിക്കുക. പരീക്ഷയുടെ രേഖയും അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിക്കേണ്ടി വരുമെന്നാണ് സൂചന. സൗദിയിലെത്തിയ ശേഷം തൊഴില്‍ പഠിക്കുന്നവര്‍ വരെയുണ്ട് എന്നാണ് പരിശോധനയില്‍ തെളിഞ്ഞത്. ഇതേ തുടര്‍ന്നാണ് പരീക്ഷ നടത്തി യോഗ്യരായവര്‍ക്ക് മാത്രം വിസ നല്‍കുന്ന സമ്പ്രദായം വരുന്നത്. ഇതാണ് ഇപ്പോള്‍ കുവൈത്തും ഇപ്പോള്‍ ആവർത്തിച്ചിരിക്കുന്നത്.












Click it and Unblock the Notifications