ടിക്കറ്റ് നിരക്ക് കുറയും; ഖത്തര്‍, ബഹ്‌റൈന്‍ സര്‍വീസ് തുടങ്ങി എയര്‍ ഇന്ത്യ, യുഎഇ സര്‍വീസ് വര്‍ധിപ്പിച്ചു
ഗള്‍ഫ് സര്‍വീസുകള്‍ പുനസ്ഥാപിച്ച് എയര്‍ ഇന്ത്യ. ഖത്തറിലേക്കും ബഹ്‌റൈനിലേക്കും സര്‍വീസ് പുനരാരംഭിച്ചു. മാത്രമല്ല, സൗദി അറേബ്യ, യുഎഇ, ഒമാന്‍ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ എണ്ണം വര്‍ധിപ്പിച്ചു. മൊത്തം 40 പ്രതിദിന സര്‍വീസുകള്‍ ഇനി മുതല്‍ ജിസിസി രാജ്യങ്ങളിലേക്കുണ്ടാകും. പ്രവാസികള്‍ക്ക് വലിയ സന്തോഷം നല്‍കുന്ന വിവരങ്ങളാണ് വന്നിരിക്കുന്നത്.
കൊച്ചി, കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം എന്നീ കേരളത്തിലെ നാല് വിമാനത്താവളങ്ങളില്‍ നിന്നും ജിസിസി രാജ്യങ്ങളിലേക്ക് എയര്‍ ഇന്ത്യ സര്‍വീസ് പുനനാരംഭിച്ചു. കൂടാതെ ബെംഗളൂരു, മംഗളൂരു, ഡല്‍ഹി, ഹൈദരാബാദ്, ജയ്പൂര്‍, ലഖ്‌നൗ, മുംബൈ, തിരുച്ചിറപ്പള്ളി, വാരണാസി, അമൃതസര്‍ എന്നീ വിമാനത്താവളങ്ങളില്‍ നിന്നും ഇനി സര്‍വീസുണ്ടാകും.

യുഎഇയിലെ ദുബായ്, അബുദാബി, ഷാര്‍ജ, ഒമാനിലെ മസ്‌ക്കത്ത്, സൗദി അറേബ്യയിലെ ജിദ്ദ, റിയാദ് എന്നിവിടങ്ങള്‍ക്ക് പുറമെ ഖത്തറിലെ ദോഹ, ബഹ്‌റൈനിലെ മനാമ വിമാനത്താവളങ്ങളിലേക്കും സര്‍വീസ് ആരംഭിച്ചു. കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ നിന്ന് ദോഹയിലേക്കും ബഹ്‌റൈനിലേക്കും സര്‍വീസുണ്ടാകും.
യുഎഇയിലെ അല്‍ ഐന്‍, റാസല്‍ഖൈമ, സൗദിയിലെ ദമ്മാം എന്നിവിടങ്ങളിലേക്കുള്ള എയര്‍ ഇന്ത്യ സര്‍വീസുകള്‍ തുടരും. അമേരിക്കയും ഇസ്രായേലും ഇറാന്‍ യുദ്ധം ആരംഭിച്ച ഫെബ്രുവരി 28 മുതലാണ് എയര്‍ ഇന്ത്യ ഗള്‍ഫ് സര്‍വീസ് നിര്‍ത്തിവച്ചത്. വ്യോമപാതകള്‍ എല്ലാ രാജ്യങ്ങളും അടച്ച സാഹചര്യത്തിലായിരുന്നു ഇത്. നിലവില്‍ എല്ലാ ജിസിസി രാജ്യങ്ങളും വ്യോമപാത തുറക്കുകയും വിമാനത്താവളങ്ങള്‍ പ്രവര്‍ത്തനം തുടങ്ങുകയും ചെയ്തിട്ടുണ്ട്.
കേരളത്തില്‍ നിന്നുള്ള സര്‍വീസ് അറിയാം
ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് വരാന്‍ സാധിക്കാതെ നിരവധി പ്രവാസികള്‍ കുടുങ്ങിയിരുന്നു. നേരത്തെ നാട്ടിലെത്തി തിരിച്ച് ജോലി സ്ഥലത്തേക്ക് മടങ്ങാന്‍ സാധിക്കാതെ പെട്ടുപോയവരും നിരവധിയാണ്. ചില വിമാന കമ്പനികള്‍ സര്‍വീസുകള്‍ ആരംഭിച്ചിരുന്നു എങ്കിലും ടിക്കറ്റ് നിരക്ക് താങ്ങാന്‍ കഴിയുന്നതിലും അപ്പുറമാണ്. ഈ പ്രതിസന്ധികളെല്ലാം എയര്‍ ഇന്ത്യ സര്‍വീസ് പുനസ്ഥാപിക്കുന്നതോടെ പരിഹരിക്കുമെന്നാണ് പ്രതീക്ഷ.
കണ്ണൂര്‍, മംഗളൂരു എന്നിവിടങ്ങളില്‍ നിന്ന് ദുബായിലേക്ക് എയര്‍ ഇന്ത്യ സര്‍വീസ് നടത്തും. കൊച്ചി, കോഴിക്കോട്, മംഗളൂരു എന്നിവിടങ്ങളില്‍ നിന്ന് അബുദാബിയിലേക്ക് സര്‍വീസുണ്ടാകും. കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്ന് റാസല്‍ഖൈമയിലേക്ക് വിമാന സര്‍വീസ് പുനരാരംഭിച്ചു. കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്ന് ഷാര്‍ജയിലേക്കും വിമാനമുണ്ട്. കോഴിക്കോട് നിന്ന് അല്‍ ഐനിലേക്ക് സര്‍വീസ് ആരംഭിച്ചു.
കണ്ണൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്ന് മസ്‌ക്കത്തിലേക്ക് സര്‍വീസുണ്ടാകും. കോഴിക്കോട്, ബെംഗളൂരു, മംഗളൂരു എന്നിവിടങ്ങളില്‍ നിന്ന് ജിദ്ദയിലേക്ക് സര്‍വീസുണ്ട്. കണ്ണൂര്‍, കൊച്ചി എന്നിവിടങ്ങളില്‍ നിന്ന് റിയാദിലേക്ക് സര്‍വീസുണ്ടാകും. കൊച്ചി, കോഴിക്കോട്, മംഗളൂരു എന്നിവിടങ്ങളില്‍ നിന്ന് ദമ്മാമിലേക്ക് സര്‍വീസ് പുനരാരംഭിച്ചു, കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്ന് ബഹ്‌റൈനിലേക്ക് സര്‍വീസുണ്ട്. കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്ന് ദോഹയിലേക്കും സര്‍വീസുണ്ട്. ഇനി കുവൈത്ത് സര്‍വീസ് കൂടിയാണ് പുനരാരംഭിക്കാനുള്ളത്.















Click it and Unblock the Notifications