സൗദി അറേബ്യയില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി അജിത് ഡോവല്‍; പാകിസ്താന് ആശങ്ക, നിര്‍ണായക നീക്കം
റിയാദ്: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എന്‍എസ്എ) അജിത് ഡോവല്‍ സൗദി അറേബ്യയില്‍. മുന്‍കൂട്ടി അറിയിക്കാതെയാണ് അദ്ദേഹം റിയാദിലെത്തിയത്. സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ പങ്കുവച്ചതോടെയാണ് അജിത് ഡോവല്‍ സൗദിയിലെത്തിയ കാര്യം മാധ്യമങ്ങള്‍ ഉള്‍പ്പെടെ അറിയുന്നത്. എന്തായിരിക്കും ഡോവലിന്റെ ലക്ഷ്യം എന്നത് സംബന്ധിച്ചാണ് ഇപ്പോഴുള്ള അടക്കംപറച്ചില്‍.
പശ്ചിമേഷ്യയില്‍ ഒട്ടേറെ സുപ്രധാന സംഭവങ്ങള്‍ നടക്കുന്ന വേളയിലാണ് അജിത് ഡോവലിന്റെ സൗദി സന്ദര്‍ശനം. മേഖലയിലെ എല്ലാ സംഭവങ്ങളിലും പ്രധാന പങ്കുള്ള സൗദിയില്‍ ഇന്ത്യയുടെ എന്‍എസ്എ എത്തുന്നതില്‍ പാകിസ്താന് ആശങ്കയുണ്ട് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കാരണം, അടുത്തിടെ പാകിസ്താനും സൗദി അറേബ്യയും സുപ്രധാന പ്രതിരോധ കരാര്‍ ഒപ്പുവച്ചിരുന്നു.

ഇറാനും അമേരിക്കയും കൊമ്പുകോര്‍ക്കുകയാണ്, ഗാസയിലെ സമാധാന പദ്ധതി നടപ്പാക്കുന്ന ചര്‍ച്ചകള്‍ മറുഭാഗത്ത് നടക്കുന്നു, യുഎഇയും സൗദി അറേബ്യയും തമ്മിലുള്ള അസ്വാരസ്യവും തീര്‍ന്നിട്ടില്ല... ഇങ്ങനെ തുടങ്ങി പലവിധി വിഷയങ്ങളാണ് പശ്ചിമേഷ്യയില്‍. ഇതിനിടെ അഞ്ച് ദിവസം മുമ്പ് ദേശീയ സുരക്ഷാ സഹ ഉപദേഷ്ടാവ് പവന്‍ കപൂര്‍ ഇറാനിലെത്തി മടങ്ങിയിരുന്നു.
തൊട്ടുപിന്നാലെയാണ് അജിത് ഡോവല്‍ സൗദിയിലെത്തിയിരിക്കുന്നത്. അമേരിക്കക്ക് ഇറാനെ ആക്രമിക്കാന്‍ പദ്ധതിയുണ്ട്. എന്നാല്‍ തങ്ങളുടെ ആകാശപാതകള്‍ ഇതിന് ഉപയോഗിക്കാന്‍ അനുവദിക്കില്ല എന്നാണ് സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ചില ജിസിസി രാജ്യങ്ങള്‍ അറിയിച്ചത്. ഇറാന്റെ ഡ്രോണ്‍ അമേരിക്കന്‍ സൈന്യം വെടിവച്ചിട്ടു എന്ന വാര്‍ത്തകളും വന്നിട്ടുണ്ട്.
അജിത് ഡോവലും തുര്‍ക്കിയും പാകിസ്താനും
അജിത് ഡോവലിനെ റിയാദിലെ വിമാനത്താവളത്തില്‍ സ്വീകരിക്കുന്ന ചിത്രം ഇന്ത്യന്‍ എംബസി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. ഇന്ത്യന്‍ അംബാസഡര്‍ സുഹൈല്‍ ഖാന്‍, സൗദി സഹമന്ത്രി സൗദ് അല്‍ സാത്തിയുമാണ് ഡോവലിനെ സ്വീകരിച്ചത്. സൗദ് അല്‍ സാത്തി നേരത്തെ ഇന്ത്യയിലെ സൗദി അംബാസഡര്‍ ആയിരുന്നു.
പാകിസ്താനുമായി സൗദി അറേബ്യ പ്രതിരോധ കരാര്‍ ഒപ്പുവച്ച ശേഷം സൗദിയില്‍ എത്തുന്ന ഏറ്റവും മുതിര്‍ന്ന ഇന്ത്യന്‍ ഉദ്യോഗസ്ഥനാണ് അജിത് ഡോവല്‍. പാകിസ്താനുമായുള്ള പ്രതിരോധ കരാര്‍ ഇന്ത്യയെ ബാധിക്കുമോ എന്ന ആശങ്ക നേരത്തെയുണ്ടായിരുന്നു. ഇക്കാര്യത്തില്‍ അജിത് ഡോവല്‍ വ്യക്തത വരുത്തിയേക്കാം. കൂടാതെ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് രണ്ടാഴ്ച മുമ്പ് ഇന്ത്യയിലെത്തി പ്രതിരോധ കരാര്‍ ഒപ്പുവച്ചിരുന്നു. ഇക്കാര്യവും സൗദിയില്‍ ചര്‍ച്ചയായേക്കാം.
സൗദി അറേബ്യ പാകിസ്താനുമായും യുഎഇ ഇന്ത്യയുമായും പ്രതിരോധ കരാര്‍ ഒപ്പുവച്ചത് രാജ്യാന്തര മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. കഴിഞ്ഞ ദിവസം സൗദിയിലെത്തിയ തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ പാകിസ്താന്‍ കരാറും ഗാസ സമാധാന പദ്ധതിയും ചര്‍ച്ച ചെയ്തു എന്നാണ് പ്രതീക്ഷിക്കുന്നത്. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല.












Click it and Unblock the Notifications