ദുബായില്‍ ബഹുനില കെട്ടിടം ഒരുവശത്തേക്ക് ചെരിഞ്ഞു; മലയാളികളടക്കം നൂറോളം താമസക്കാരെ ഒഴിപ്പിച്ചു
ദുബായ്: ദുബായിലെ മുഹൈസിന 4 ലെ ബഹുനില ടവര്‍ ഒരു വശത്തേക്ക് ചെരിഞ്ഞതിനെ തുടര്‍ന്ന് 100 ലധികം കുടുംബങ്ങളെ ഒഴിപ്പിച്ചു. മലയാളികള്‍ അടക്കമുള്ളവരെയാണ് ഒഴിപ്പിച്ചത്. വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. പരിക്കോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാത്രി 8:30 ഓടെ ഭൂചലനത്തിന് സമാനമായ ഒരു കുലുക്കം അനുഭവപ്പെടുകയായിരുന്നു എന്ന് കെട്ടിടത്തിലെ താമസക്കാര്‍ പറയുന്നു.
ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം ദുബായ് സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ കെട്ടിടത്തിലെത്തി താമസക്കാരാട് ഒഴിയാന്‍ ആവശ്യപ്പെടുകയായിരുന്നു. കെട്ടിടത്തിന്റെ ഒരു വശത്തിന് കേടുപാടുകള്‍ സംഭവിക്കുകയും ഒരു വശത്തേക്ക് ചെരിയുകയും ചെയ്തിട്ടുണ്ട്. യു എ ഇയില്‍ അടുത്തിടെ പെയ്ത കനത്ത മഴയില്‍ കെട്ടിടത്തിന്റെ ബേസ്‌മെന്റില്‍ വെള്ളം കയറിയതായി വാടകക്കാര്‍ പറയുന്നു.

വെള്ളം പമ്പ് ചെയ്യുന്നുണ്ടെങ്കിലും അഞ്ച് ദിവസം കഴിഞ്ഞിട്ടും വെള്ളം കെട്ടിക്കിടക്കുകയാണ്. പലരും അന്ന് രാത്രി കാറിനുള്ളിലാണ് കഴിച്ചുകൂട്ടിയത്. പൊലീസ് കെട്ടിടം പൂര്‍ണമായും സീല്‍ ചെയ്തിരിക്കുകയാണ്. താമസക്കാരില്‍ പലരും ബന്ധുക്കളുടെ വീട്ടിലേക്ക് മാറിയിരിക്കുകയാണ്. ചിലര്‍ ഖുസൈസിലെ ഒരു ഹോട്ടല്‍ അപ്പാര്‍ട്ട്മെന്റിലേക്ക് മാറിയിരിക്കുകയാണ്. ഇവരുടെ താമസചെലവ് വഹിക്കുമെന്ന് കെട്ടിട ഉടമ വാഗ്ദാനം ചെയ്തിട്ടുണ്ട്.
ഖിസൈസ് മുഹൈസ്ന നാലില്‍ മദീന മാളിന് സമീപമുള്ള പത്തുനില കെട്ടിടമാണ് ഒരുവശം മണ്ണിനടിയിലേക്കു താഴ്ന്നുപോയത്. 108 അപാര്‍ട്‌മെന്റുകളാണ് ഈ കെട്ടിടത്തില്‍ ഉള്ളത്. മലയാളികള്‍ ഏറെയുള്ള കെട്ടിടമാണിത്. അതേസമയം ദുബായ് പൊലീസും ദുബായ് സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് നിലയുറപ്പിച്ചിരിക്കുകയാണ്. താമസക്കാര്‍ക്ക് അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് തങ്ങളുടെ സാധനങ്ങള്‍ എടുക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കെട്ടിടത്തിന്റെ സുരക്ഷ സംബന്ധിച്ച് അധികൃതര്‍ സ്ഥലത്തെത്തി പരിശോധിച്ചു. കനത്ത മഴയുടെ അനന്തര ഫലമായാണ് കെട്ടിടം ചെരിഞ്ഞത് എന്നാണ് പ്രാഥമിക നിഗമനം. ഈ കെട്ടിടം എപ്പോള്‍ വീണ്ടും വാസയോഗ്യമാണെന്ന് കണക്കാക്കുമെന്ന് തങ്ങള്‍ക്ക് അറിയില്ല എന്നും ഇനി ഇവിടെ താമസം തുടരാനാകുമോ എന്ന് അറിയില്ല എന്നുമാണ് അപ്പാര്‍ട്ട്‌മെന്റിലെ താമസക്കാര്‍ പറയുന്നത്.
ഒരാഴ്ചയോളം കനത്ത മഴയാണ് യുഎഇയില്‍ ഉടനീളം പെയ്തത്. റോഡുകളും താഴ്ന്ന പ്രദേശങ്ങളുമെല്ലാം വെള്ളത്തിനിടയിലായിരുന്നു. മങ്ങിയ കാലാവസ്ഥയും റണ്‍വേയില്‍ വെള്ളം കയറിയതും കാരണം നിരവധി വിമാനങ്ങള്‍ വഴിതിരിച്ചുവിടുകയും റദ്ദാക്കുകയും ചെയ്തിരുന്നു. മഴ നിലവില്‍ അല്‍പം തോര്‍ന്നെങ്കിലും വെള്ളം കെട്ടിക്കിടക്കുന്നത് കാരണം പകര്‍ച്ചവ്യാധി മുന്നറിയിപ്പുകള്‍ ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്.












Click it and Unblock the Notifications