ടെന്നീസിലും ഒരു കൈ നോക്കി സൗദി, ഡബ്ല്യുടിഎ ടൂര്‍ണ്ണമെന്റിന് വന്‍ സ്വീകരണം, പിന്തുണച്ച് താരങ്ങള്‍
റിയാദ്: കായികരംഗത്ത് അടുത്തകാലത്തായി വമ്പന്‍ നിക്ഷേപങ്ങള്‍ കൊണ്ടുവന്നിട്ടുള്ള രാജ്യമാണ് സൗദി അറേബ്യ. ഫുട്‌ബോളിലും ക്രിക്കറ്റിലും ഇതിനോടകം തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കാന്‍ സൗദിയ്ക്കായിട്ടുണ്ട്. ഇതിന് പിന്നാലെ ടെന്നീസിലും സൗദി താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇന്നലെ മുതല്‍ വനിതാ ടെന്നീസ് അസോസിയേഷന്‍ (ഡബ്ല്യു ടി എ) ഫൈനല്‍ ചാമ്പ്യന്‍ഷിപ്പിന് റിയാദ് ആതിഥേയത്വം വഹിക്കുകയാണ്.
നവംബര്‍ ഒമ്പത് ശനിയാഴ്ച വരെ റിയാദിലെ കിംഗ് സൗദ് യൂണിവേഴ്‌സിറ്റി ഇന്‍ഡോര്‍ അരീനയിലാണ് ടൂര്‍ണമെന്റ് നടക്കുന്നത്. പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിന്റെ (പി ഐ എഫ്) സ്‌പോണ്‍സര്‍ഷിപ്പോടെ കായിക മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ സൗദി ടെന്നീസ് ഫെഡറേഷനാണ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുന്നത്. ഡബ്ല്യുടിഎ ടൂര്‍ 2024 സീസണ്‍ അവസാനിക്കുന്ന ഫൈനലില്‍ സിംഗിള്‍സിലും ഡബിള്‍സിലും റൗണ്ട് റോബിന്‍ ഫോര്‍മാറ്റില്‍ മികച്ച കളിക്കാരാണ് അണിനിരക്കുക.

അരിന സബലെങ്ക, ഇഗ സ്വിറ്റെക്, കൊക്കോ ഗൗഫ്, ജെസ്സിക്ക പെഗുല തുടങ്ങിയ മുന്‍നിര താരങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കും എന്ന് ഉറപ്പായിട്ടുണ്ട്. 15 മില്യണ്‍ ഡോളറില്‍ അധികം സമ്മാനത്തുകയുള്ള സിംഗിള്‍സ് ചാമ്പ്യന് ബില്ലി ജീന്‍ കിംഗ് ട്രോഫിയും ഡബിള്‍സ് ചാമ്പ്യന്‍മാര്‍ക്ക് മാര്‍ട്ടിന നവരത്തിലോവ ട്രോഫിയും ആണ് ലഭിക്കുക. 2024 മുതല്‍ തുടര്‍ച്ചയായി മൂന്ന് വര്‍ഷത്തേക്കാണ് ഡബ്ല്യുടിഎ ഫൈനല്‍സിന് സൗദി ആതിഥേയത്വം വഹിക്കുക.
സൗദി ടെന്നീസ് ഫെഡറേഷനും വുമണ്‍ ടെന്നീസ് അസോസിയേഷനും തമ്മിലുള്ള മൂന്ന് വര്‍ഷത്തെ കരാറിന്റെ ഭാഗമായാണ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുന്നത്. അതേസമയം വനിതാ അവകാശങ്ങളില്‍ സൗദി അറേബ്യയ്ക്കുള്ള സമീപനം ചൂണ്ടിക്കാട്ടി നിരവധി പേര്‍ കരാറിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ വനിതാ മുന്നേറ്റത്തിന് വാതില്‍ തുറക്കുന്നതായിരിക്കും സൗദി അറേബ്യയിലെ ഡബ്ല്യുടിഎ ഫൈനല്‍ എന്ന് നിലവില്‍ ലോക മൂന്നാം റാങ്കിലുള്ള കൊക്കോ ഗൗഫ് പറഞ്ഞു.
ലോക ഒന്നാം നമ്പര്‍ താരം അരിന സബലെങ്കയും ടൂര്‍ണമെന്റില്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. സൗദി അറേബ്യയില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കുന്നതില്‍ തനിക്ക് വ്യക്തിപരമായ പ്രശ്നങ്ങളൊന്നുമില്ലെന്നും താരം വ്യക്തമാക്കി. വനിതാ സ്പോര്‍ട്സ് ഉള്‍പ്പെടെയുള്ള ലോകോത്തര കായിക ഇനങ്ങളെ ആകര്‍ഷിക്കുന്നതിനുള്ള സൗദി അറേബ്യയുടെ ശ്രമത്തേയും സബലെങ്ക പ്രശംസിച്ചു.
ഡബ്ല്യുടിഎ ടൂര്‍ണ്ണമെന്റിന്റെ ടിക്കറ്റുകള്‍ webook.com എന്ന വെബ്‌സൈറ്റ് വഴി വാങ്ങാവുന്നതാണ്. ഈ ടൂര്‍ണ്ണമെന്റ് വഴി ടെന്നിസില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കാനാണ് ഡബ്ല്യുടിഎ പ്രധാനമായും ലക്ഷ്യമിടുന്നത്. 2030 ഓടെ ഒരു ദശലക്ഷം ആളുകളെ ടെന്നീസിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തിലേക്ക് ആവേശത്തോടെ കാത്തിരിക്കുകയാണെന്ന് സൗദി ടെന്നീസ് ഫെഡറേഷന്‍ പ്രസിഡന്റ് അരിജ് മുതബഗാനി പറഞ്ഞു.












Click it and Unblock the Notifications