അല്‍ ജസീറ 'പ്രശ്‌നക്കാരന്‍'... ഖത്തര്‍ ഭരണകൂടത്തോട് അമേരിക്ക ആവശ്യപ്പെട്ടത് ഇങ്ങനെ
അന്തര്‍ദേശീയ മാധ്യമ രംഗത്ത് വ്യത്യസ്തമായ ശബ്ദമാണ് അല്‍ ജസീറ ചാനല്‍. ഖത്തര്‍ ഭരണകൂടത്തിന്റെ സാമ്പത്തിക സഹായത്തോടെ നിലനില്‍ക്കുന്ന വാര്‍ത്താ ചാനലാണിത്. മുമ്പും അല്‍ ജസീറയുടെ വാര്‍ത്തകളും ചിത്രങ്ങളും വലിയ ചര്‍ച്ചയായിരുന്നു. ഖത്തറിനെതിരെ സൗദി സഖ്യരാജ്യങ്ങള്‍ പ്രഖ്യാപിച്ച ഉപരോധം പിന്‍വലിക്കാന്‍ മുന്നോട്ടുവച്ച ഉപാധികളിലൊന്ന് അല്‍ ജസീറ പൂട്ടണം എന്നായിരുന്നു.
2011ല്‍ അറബ് ഭരണാധികാരികളെ വിറപ്പിച്ച മുല്ലപ്പൂ വിപ്ലവത്തിന് എരിവ് പകര്‍ന്നത് അല്‍ ജസീറയാണ് എന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ഏകാധിപതികള്‍ക്കെതിരെ ഉയര്‍ന്ന ജനകീയ സമരമായിരുന്നു മുല്ലപ്പൂ വിപ്ലവം. തുണീഷ്യയില്‍ തുടങ്ങി ഈജിപ്തിലേക്കും ലിബിയ, സിറിയ, യമന്‍, അല്‍ജീരിയ, മൊറോക്കോ തുടങ്ങിയ പല മുസ്ലിം രാജ്യങ്ങളിലേക്കും വ്യാപിച്ചിരുന്നു ഈ വിപ്ലവം.

ഗാസയ്‌ക്കെതിരെ ഇസ്രായേല്‍ നടത്തുന്ന ആക്രമണം രണ്ടാഴ്ച പിന്നിട്ടിരിക്കെ അല്‍ ജസീറ വീണ്ടും മാധ്യമങ്ങളില്‍ നിറയുകയാണ്. അല്‍ ജസീറയെ സംബന്ധിച്ച് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ഖത്തര്‍ ഭരണകൂടത്തോട് പരാതിപ്പെട്ടുവെന്നാണ് വാര്‍ത്ത. അക്‌സിയോസ് ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അമേരിക്കയിലെ ജൂത നേതാക്കളുമായി സംസാരിക്കവെ ബ്ലിങ്കണ്‍ ഇക്കാര്യം അറിയിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണം സംബന്ധിച്ച അല്‍ ജസീറ നല്‍കുന്ന വാര്‍ത്തകള്‍ കുറയ്ക്കണം എന്നാണ് ബ്ലിങ്കണ്‍ ആവശ്യപ്പെട്ടതത്രെ. അല്‍ ജസീറയുടെ വാര്‍ത്തകള്‍ ഇസ്രായേലിന് വിരുദ്ധമായ വികാരം വളരാന്‍ ഇടയാക്കുന്നുവെന്നും അത് ഇസ്രായേല്‍ സൈനികരുടെ പ്രതിസന്ധി ഇരട്ടിയാക്കുമെന്നുമാണ് ബ്ലിങ്കണ്‍ ഖത്തറിനോട് പറഞ്ഞതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, ഖത്തര്‍ ഭരണകൂടമോ അല്‍ ജസീറയോ ഇതുവരെ ഇക്കാര്യത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. നേരത്തെ ആരോപണം ഉയര്‍ന്ന വേളയിലൊന്നും അല്‍ ജസീറയെ നിയന്ത്രിക്കാന്‍ ഖത്തര്‍ ഭരണകൂടം തയ്യാറായിരുന്നില്ല. ഖത്തര്‍ ഭരണകൂടത്തിന്റെ പിന്തുണയുണ്ടെങ്കിലും സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന മാധ്യമസ്ഥാപനമാണ് തങ്ങള്‍ എന്നാണ് അല്‍ ജസീറ പറയുന്നത്.
അതേസമയം, അല്‍ ജസീറയ്ക്ക് ഹമാസിന് അനുകൂലമായ നിലപാടാണുള്ളതെന്ന് ഇസ്രായേല്‍ മന്ത്രി ഷ്‌ലോമ കര്‍ഹി ആരോപിക്കുന്നു. ഗാസയിലെ അല്‍ ജസീറയുടെ ഓഫീസിന് നേരെ യുദ്ധം തുടങ്ങിയ വേളയില്‍ തന്നെ ആക്രമണം ഉണ്ടായിരുന്നു. മറ്റു മാധ്യമസ്ഥാപനങ്ങളും ആക്രമിക്കപ്പെട്ടു. അല്‍ജസീറയുടെ ഗാസ ബ്യൂറോ ചീഫ് വഇല്‍ അല്‍ ദഹ്ദുവിന്റെ കുടുംബത്തിലെ മൂന്ന് പേര്‍ കഴിഞ്ഞ ദിവസം ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
അതേസമയം, അല്‍ ജസീറയുടെ പേരില്‍ ഖത്തറുമായി ഉടക്കാന്‍ അമേരിക്ക തയ്യാറാകില്ല എന്നാണ് കരുതുന്നത്. ഹമാസിന്റെ തടവിലെ അമേരിക്കക്കാര്‍ ഉള്‍പ്പെടെയുള്ള ബന്ദികളുടെ മോചനത്തിന് ശ്രമിക്കുന്നത് ഖത്തറാണ്. നേരത്തെ രണ്ട് അമേരിക്കക്കാരെയും രണ്ട് ഇസ്രായേലുകാരെയും ഹമാസ് വിട്ടയച്ചത് ഖത്തര്‍ നടത്തിയ ചര്‍ച്ചയുടെ ഫലമായിരുന്നു. ഹമാസുമായി ബന്ധം നിലനിര്‍ത്തുന്ന രാജ്യം കൂടിയാണ് ഖത്തര്‍.












Click it and Unblock the Notifications