സൗദി അറേബ്യയിലേക്കാണോ? ബാഗില്‍ ഈ വസ്തുക്കള്‍ ഇല്ലെന്ന് ഉറപ്പാക്കണം, അല്ലെങ്കില്‍ യാത്ര മുടങ്ങും
റിയാദ്: സൗദി അറേബ്യയിലേക്ക് പോകുന്നവര്‍ ബാഗില്‍ എന്തൊക്കെ കൊണ്ടുപോകാന്‍ പാടില്ല എന്നത് സംബന്ധിച്ച് ഹജ്ജ്-ഉംറ മന്ത്രാലയത്തിന്റെ അറിയിപ്പ് വന്നു. വിശുദ്ധ റമദാന്‍ മാസമായതിനാല്‍ തീര്‍ഥാടനത്തിന്റെ ഭാഗമായി കൂടുതല്‍ പേര്‍ സൗദിയിലേക്ക് വരുന്ന സാഹചര്യത്തിലാണിത്. തീ പിടിക്കുന്ന ഒരു വസ്തുവും ബാഗിലോ ലഗേജിലോ ഉണ്ടാകാന്‍ പാടില്ല.
വ്യാജ നോട്ടുകള്‍, കൃത്യമായ രേഖകള്‍ ഇല്ലാത്ത മരുന്നുകള്‍, നിരീക്ഷണ ഉപകരണങ്ങള്‍, റഡാര്‍ ഡിറ്റക്ടര്‍, തോക്ക്, ലേസര്‍ പേന, ഒളി ക്യാമറകള്‍ എന്നിവയും ബാഗില്‍ ഉണ്ടാകരുത്. ഇതില്‍ ഏതെങ്കിലും വസ്തു ബാഗില്‍ പരിശോധനയില്‍ കണ്ടെത്തിയാല്‍ യാത്ര മുടങ്ങും. മാത്രമല്ല, നിയമ നടപടികളും നേരിട്ടേക്കാം. ഏത് തരത്തിലുള്ള ബാഗുകളാണ് ഉപയോഗിക്കേണ്ടത് എന്ന നിര്‍ദേശവും മന്ത്രാലയം നല്‍കി.

ലക്ഷക്കണക്കിന് പേരാണ് ഉംറ തീര്‍ഥാനടത്തിന് മാത്രമായി സൗദിയിലേക്ക് ഈ മാസം എത്തുന്നത്. റമദാന് മുമ്പേ സൗദിയില്‍ തീര്‍ഥാടനത്തിന് എത്തിയവരുണ്ട്. കൂടാതെ റമദാന്‍ തുടങ്ങിയ ശേഷവും ഓരോ ദിവസവും ആയിരക്കണക്കിന് ആളുകളാണ് വന്നു കൊണ്ടിരിക്കുന്നത്. റമദാനിലെ പുണ്യം കരസ്ഥാമാക്കുക എന്ന നിലയ്ക്കാണ് കൂടുതല്‍ പേര്‍ എത്തുന്നത്.
കേരളത്തില്‍ നിന്നടക്കം ട്രാവല്‍ ഏജന്‍സികള്‍ക്ക് കീഴിലാണ് ഉംറ തീര്‍ഥാടനത്തിന് വേണ്ടി ആളുകള്‍ മക്കയിലേക്കും മദീനയിലേക്കും പോകാറ്. ഏതെങ്കിലും ഒരാളുടെ അശ്രദ്ധ കാരണം എല്ലാവരുടെയും യാത്ര അവതാളത്തിലാകും. അതുകൊണ്ടുതന്നെ സൗദി ഹജ്ജ്-ഉംറ മന്ത്രാലയം നല്‍കുന്ന നിര്‍ദേശങ്ങള്‍ തീര്‍ഥാടകര്‍ പാലിക്കേണ്ടത് നിര്‍ബന്ധമാണ്.
മരുന്നുകള്‍ കഴിക്കുന്നവര്‍ അംഗീകൃത ഡോക്ടര്‍മാരുടെ കുറിപ്പടി ഇല്ലാതെ മരുന്ന് മാത്രം കൊണ്ടുപോകാന്‍ പാടില്ല. ഏപ്രില്‍ പകുതിയോടെ ഉംറ തീര്‍ഥാടനത്തിനുള്ള വിസ സൗദി അറേബ്യ നിര്‍ത്തിവയ്ക്കും. പിന്നീട് ഹജ്ജിനുള്ള ഒരുക്കങ്ങളിലേക്ക് മന്ത്രാലയം കടക്കും. 20 ലക്ഷത്തിലധികം പേരാണ് ഹജ്ജിന് മാത്രം മക്കയില്‍ എത്തുക. അതുകൊണ്ടുതന്നെ ഈ വേളയില്‍ ഉംറ തീര്‍ഥാടകരെ അനുവദിക്കില്ല.
സൗദിയിലേക്ക് വരുന്നവര്‍, പ്രത്യേകിച്ച് ഉംറ തീര്‍ഥാടനത്തിനായി എത്തുന്നവര്‍ എന്തൊക്കെ വസ്തുക്കള്‍ കൊണ്ടുവരരുത് എന്ന് കസ്റ്റംസ് അതോറിറ്റിയുടെ വെബ്‌സൈറ്റില്‍ വിശദീകരിച്ചിട്ടുണ്ട്. ഈ പട്ടിക നോക്കി ഇക്കാര്യത്തില്‍ വ്യക്തത വരുത്തേണ്ടതാണ്. വിമാനത്തില്‍ മക്കയിലേക്ക് എത്തുന്നവര്‍ കൈകാര്യം ചെയ്യാന്‍ എളുപ്പമുള്ള ബാഗ് ഉപയോഗിക്കണം എന്നും നിര്‍ദേശമുണ്ട്.
വൃത്താകൃതിയിലുള്ള ബാഗ് ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. ഫാബ്രിക് ലഗേജുകളും ഒഴിവാക്കണം. വലിയ ബാഗുകള്‍ക്ക് പകരം ചെറിയ ബാഗുകള്‍ ഉപയോഗിച്ചാല്‍ കൈകാര്യം ചെയ്യാന്‍ എളുപ്പമാകും. യാത്രാ വേളയില്‍ പ്രയാസം സൃഷ്ടിക്കുന്ന ബാഗുകളും ഒഴിവാക്കുന്നതാണ് നല്ലത്. യാത്ര പുറപ്പെടുന്നതിന് മുമ്പ് വിമാന കമ്പനികളുടെ ജീവനക്കാരില്‍ നിന്ന് ഇത് സംബന്ധിച്ച് വ്യക്തത വരുത്തുന്നതും നല്ലതാണ്.












Click it and Unblock the Notifications