കുവൈത്ത്, ബഹ്‌റൈന്‍ വിസാ സൗജന്യം; റഷ്യ ചര്‍ച്ചയില്‍, ഖത്തര്‍, യുഎഇ നേരത്തെ അനുവദിച്ചു
റഷ്യയുമായി അടുത്ത സൗഹൃദം നിലനിര്‍ത്തുന്ന രാജ്യങ്ങളാണ് ജിസിസിയിലേത്. സൗദി അറേബ്യ, ഖത്തര്‍, യുഎഇ, ഒമാന്‍ എന്നീ രാജ്യങ്ങളിലേക്ക് റഷ്യന്‍ പാസ്‌പോര്‍ട്ട് കൈവശമുള്ളവര്‍ക്ക് വിസ ആവശ്യമില്ല. നാല് രാജ്യങ്ങളും നിലവില്‍ വിസാ സൗജന്യ യാത്ര റഷ്യക്കാര്‍ക്ക് അനുവദിക്കുന്നുണ്ട്. അതേസമയം, മറ്റു രണ്ട് രാജ്യങ്ങളുമായി ചര്‍ച്ച നടക്കുകയാണ് എന്ന് റഷ്യ അറിയിച്ചു.
ബഹ്‌റൈന്‍, കുവൈത്ത് എന്നീ രാജ്യങ്ങളുമയി വിസാ സൗജന്യ യാത്രയ്ക്കുള്ള ചര്‍ച്ചകള്‍ നടക്കുകയാണ് എന്ന് റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ജോര്‍ജി ബോറിസെന്‍കോ പറഞ്ഞു. ജിസിസിയിലെ മറ്റു നാല് രാജ്യങ്ങളുടെ വഴി ബഹ്‌റൈനും കുവൈത്തും തിരഞ്ഞെടുക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. നിലവില്‍ കുവൈത്തുമായും ബഹ്‌റൈനുമായും മികച്ച ബന്ധമാണുള്ളതെന്നും മന്ത്രി എടുത്തു പറഞ്ഞു.

റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് കഴിഞ്ഞാഴ്ച മനാമയില്‍ എത്തി ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുമായി ചര്‍ച്ച നടത്തിയിരുന്നു. മേഖലയിലെ രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത നേതാക്കള്‍ വ്യാപാരവും സഹകരണവും ശക്തമാക്കാനും ധാരണയിലെത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള നിലവിലെ വ്യാപാര മൂല്യം 115 മില്യണ്‍ ഡോളറാണ്.
2025ല്‍ ബഹ്‌റൈനും റഷ്യയും തമ്മിലുള്ള വ്യാപാരം 15 ശതമാനം വര്‍ധിച്ചിട്ടുണ്ട്. മെറ്റല്‍, വ്യവസായ ചരക്കുകള്‍, പേപ്പര്‍ ഉള്‍പ്പന്നങ്ങള്‍ എന്നിവയാണ് റഷ്യ ബഹ്‌റൈനിലേക്ക് പ്രധാനമായും കയറ്റുമതി ചെയ്യുന്നത്. അതേസമയ,ം അലുമിനിയം, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ എന്നിവയാണ് ബഹ്‌റൈന്‍ റഷ്യയിലേക്ക് കയറ്റുമതി ചെയ്യുന്നത്. ബാങ്കിങ് ശൃംഖല ബന്ധിക്കുന്ന ചര്‍ച്ചകള്‍ ഇരുരാജ്യങ്ങളും തമ്മില്‍ നടന്നുവരികയാണ്. ധന ഇടപാടുകള്‍ വേഗത്തിലാക്കുകയാണ് ലക്ഷ്യം.
ടൂറിസം, ഭക്ഷ്യ മേഖല, കാര്‍ഷികം എന്നീ രംഗങ്ങളിലെ സഹകരണം കൂടുതല്‍ വിപുലമാക്കാനാണ് ബഹ്‌റൈന്റെയും റഷ്യയുടെയും ആലോചന. ഓരോ വര്‍ഷവും 35000 റഷ്യന്‍ വിനോദ സഞ്ചാരികള്‍ ബഹ്‌റൈനിലെത്തുന്നു എന്നാണ് കണക്കുകള്‍. നേരിട്ട് വിമാന സര്‍വീസുള്ളതാണ് ഇതിന് സഹായകരമാകുന്നത്. അതേസമയം, കുവൈത്തും റഷ്യയും തമ്മില്‍ പ്രതിവര്‍ഷം 170 കോടി ഡോളറിന്റെ വ്യാപാരമാണ് നടക്കുന്നത്.
ഈ വര്‍ഷവും കഴിഞ്ഞ വര്‍ഷവും കുവൈത്തും റഷ്യയും തമ്മിലുള്ള വ്യാപാരം ശക്തിപ്പെട്ടിട്ടുണ്ട്. റഷ്യയില്‍ നിന്ന് കുവൈത്തിലേക്ക് കൂടുതല്‍ കയറ്റുമതി ചെയ്യുന്നത് ഇരുമ്പ്, ചെമ്പ്, ചോക്ലേറ്റ് എന്നിവയാണ്. കുവൈത്ത് റഷ്യയിലേക്ക് അയക്കുന്നതാകട്ടെ ഇലക്ട്രിക്കല്‍ ഉല്‍പ്പന്നങ്ങളും. ബ്രിക്‌സ് രാജ്യമായ റഷ്യയുമായി സഹകരണം ശക്തമാക്കാന്‍ കുവൈത്ത് ആലോചിക്കുന്നു എന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഊര്‍ജം, പെട്രോകെമിക്കല്‍സ്, കാര്‍ഷികം, ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി എന്നീ മേഖലയില്‍ ഇരുരാജ്യങ്ങളും സഹകരണം ശക്തമാക്കിയിട്ടുണ്ട്.


Click it and Unblock the Notifications
