ബഹ്‌റൈന്‍ പ്രവാസികള്‍ക്ക് പണം വേഗത്തില്‍ അയക്കാം; ബെനഫിറ്റ് പേ ഉപയോഗിക്കാം, ഇന്ത്യയുമായി കരാര്‍
മനാമ: തല്‍ക്ഷണം പണം അയക്കാന്‍ ഇനി പ്രവാസികള്‍ക്ക് ബെനഫിറ്റ് പേ ഉപയോഗിക്കാം. സെന്‍ട്രല്‍ ബാങ്ക് ഓഫ് ബഹ്‌റൈനും (സിബിബി) റിസര്‍വ് ബാങ്കും ഇക്കാര്യത്തില്‍ ധാരണയായി. ബഹ്‌റൈനിലെ ബെനഫിറ്റ് കമ്പനിയും ഇന്ത്യയുടെ എന്‍പിസിഐയും സഹകരിച്ചാണ് പദ്ധതി നടപ്പാക്കിയത്. പ്രവാസികള്‍ക്ക് വേഗത്തില്‍ പണം അയക്കാന്‍ ഇനി മുതല്‍ സാധിക്കും.
ബഹ്‌റൈനിലെ ഓണ്‍ലൈന്‍ പണം കൈമാറ്റ സംവിധാനമായ ബെനഫിറ്റിന്റെ ഫൗരി പ്ലസ് സര്‍വീസും ഇന്ത്യയുടെ യുപിഐയും തമ്മില്‍ ബന്ധിപ്പിച്ചാണ് ഫണ്ട് കൈമാറ്റം സാധ്യമാക്കുന്നത്. ഇരുരാജ്യങ്ങളിലെയും പൗരന്മാര്‍ക്ക് ഇത് ഉപാകരപ്പെടും. അതിവേഗം പണം അയക്കാന്‍ സാധിക്കുമെന്നതാണ് നേട്ടം. സിബിബി ആസ്ഥാനത്ത് നടന്ന കരാര്‍ ഒപ്പുവയ്ക്കല്‍ ചടങ്ങില്‍ ആര്‍ബിഐ പ്രതിനിധികളും പങ്കെടുത്തു.

ഇന്ത്യയില്‍ ഡിജിറ്റല്‍ പണമിടപാട് നിയന്ത്രിക്കുന്നത് നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയാണ് (എന്‍പിസിഐ). അന്താരാഷ്ട്ര ഇടപാട് നിരീക്ഷിക്കുന്നത് എന്‍പിസിഐക്ക് കീഴിലുള്ള എന്‍ഐപിഎല്‍ ആണ്. കരാര്‍ ഒപ്പുവയ്ക്കല്‍ ചടങ്ങില്‍ ബെനഫിറ്റ് കമ്പനിയുടെ സിഇഒ അബ്ദുല്‍ വാഹിദ് അല്‍ ജനാഹി, എന്‍ഐപിഎല്‍ സിഇഒ റിതേഷ് ശുക്ല എന്നിവരുള്‍പ്പെടെയുള്ളവര്‍ സന്നിഹിതരായി.
എന്താണ് ബെനഫിറ്റ് പേ
ബഹ്റൈനില്‍ സ്മാര്‍ട്ട് ഉപകരണങ്ങള്‍ ഉപയോഗിച്ച് ഫണ്ടുകള്‍ കൈമാറ്റം ചെയ്യാനും പണം അടയ്ക്കാനും ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു മൊബൈല്‍ ആപ്ലിക്കേഷനാണ് ബെനഫിറ്റ് പേ. ഡിജിറ്റല്‍ പേയ്മെന്റ് പ്ലാറ്റ്ഫോമാണ് എന്ന് പറയാം. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് കടകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും റെസ്റ്റോറന്റുകളിലും മറ്റ് സ്ഥാപനങ്ങളിലും പണമടയ്ക്കാന്‍ സാധിക്കും. ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്തും പണം അയക്കാം.
ബാങ്ക് അക്കൗണ്ടുകള്‍ തമ്മില്‍ പണം അയക്കാനും സ്വീകരിക്കാനും കഴിയും. ഇതില്‍ ഫൗരി, ഫൗരി പ്ലസ് പോലുള്ള ബഹ്റൈനിലെ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ സേവനങ്ങള്‍ ഉള്‍പ്പെടുന്നു. ഇടപാടുകള്‍ ഫിംഗര്‍പ്രിന്റ് അല്ലെങ്കില്‍ പാസ്‌കോഡ് ഉപയോഗിച്ച് മാത്രമേ സാധൂകരിക്കുകയുള്ളൂ. ബഹ്റൈനിലെ സാധാരണക്കാര്‍ക്കും ബിസിനസ്സുകള്‍ക്കും വേഗതയേറിയതും തടസ്സമില്ലാത്തതുമായ ഡിജിറ്റല്‍ സാമ്പത്തിക ഇടപാടുകള്‍ സാധ്യമാക്കാന്‍ ബെനഫിറ്റ് പേ സഹായിക്കും. ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം.


Click it and Unblock the Notifications