സൗദി അറേബ്യ സ്ഥാപിക്കുന്നതിന് മുമ്പ് മക്കയും മദീനയും ഭരിച്ചത് ആര്? തുര്‍ക്കിക്ക് ഇവിടെ എന്തുകാര്യം
റിയാദ്: പ്രവാചകന്‍ മുഹമ്മദ് നബി ജനിച്ച സ്ഥലമാണ് സൗദി അറേബ്യയിയെ മക്ക. പ്രബോധന കാലത്ത് എതിര്‍പ്പ് സഹിക്കാന്‍ വയ്യാതെ വന്നതോടെ അദ്ദേഹവും അനുയായികളും മദീനയിലേക്ക് പലായനം ചെയ്തു. ഇവിടെയാണ് പ്രവാചകന്‍ അന്ത്യവിശ്രമം കൊള്ളുന്നത്. ഈ രണ്ട് നഗരവും മുസ്ലിങ്ങള്‍ക്ക് പുണ്യ കേന്ദ്രങ്ങളാണ്. മുസ്ലിങ്ങളുടെ മൂന്നാമത്തെ പുണ്യ നഗരമാണ് ജറുസലേം.
നിലവില്‍ സൗദി അറേബ്യന്‍ ഭരണകൂടമാണ് മക്കയും മദീനയുമെല്ലാം ഭരിക്കുന്നത്. എന്നാല്‍ ആധുനിക സൗദി രൂപീകൃതമാകുന്നതിന് മുമ്പ് അങ്ങനെ ആയിരുന്നില്ല. ഓട്ടോമന്‍ സാമ്രാജ്യത്തിന് കീഴിലായിരുന്നു മക്കയും മദീനയും ഉള്‍പ്പെടുന്ന ഹിജാസ് എന്ന പ്രദേശം. ഇവിടേക്കുള്ള യാത്രയ്ക്ക് റെയില്‍പാതയും ഓട്ടോമന്‍ ഭരണകൂടം ഒരുക്കാന്‍ തുടങ്ങിയിരുന്നു.

പ്രവാചകന്റെ വിയോഗ ശേഷം മക്കയും മദീനയുമെല്ലാം ഖലീഫമാരുടെ ഭരണത്തിന് കീഴിലായിരുന്നു. വിവിധ കുടുംബ പരമ്പരയില്‍ നിന്നുള്ള ഖലീഫമാര്‍ മേഖല ഭരിച്ചു. ഇവരില്‍ നിന്നാണ് 1517ല്‍ ഓട്ടോമന്‍ സാമ്രാജ്യം മേഖല പിടിച്ചത്. ഹാഷിമി പരമ്പരയില്‍പെട്ട ഷെരീഫുമാരെ ആണ് ഇവര്‍ മക്കയുടെയും മദീനയുടെയും ഭരണം ഏല്‍പ്പിച്ചത്. ഇത് ഒന്നാംലോക മഹായുദ്ധം വരെ തുടര്‍ന്നു.
ഒന്നാം ലോകയുദ്ധ കാലത്ത് അന്നത്തെ ഷെരീഫ് ഹുസൈന്‍ ബിന്‍ അലി ഓട്ടോമന്‍ ഭരണകൂടത്തിനെതിരെ പോരാട്ടം തുടങ്ങി. ബ്രിട്ടീഷ് ഭരണകൂടത്തിന്റെ പിന്തുണയോടെ ആയിരുന്നു സമരം. ഒടുവില്‍ അദ്ദേഹം ഹിജാബ് രാജ്യം സ്ഥാപിച്ചു. ഇക്കാലത്ത് നജ്ദിലെ ഭരണാധികാരി ആയിരുന്നു അബ്ദുല്‍ അസീസ് ബിന്‍ സൗദ്. ഇദ്ദേഹം ഷെരീഫ് ഹുസൈന്റെ സൈന്യത്തെ പരാജയപ്പെടുത്തി മക്കയും മദീനയും ഉള്‍പ്പെടുന്ന പ്രദേശം നിയന്ത്രണത്തിലാക്കുകയായിരുന്നു. 1924ലാണ് മക്ക പിടിച്ചത്. തൊട്ടടുത്ത വര്‍ഷം മദീനയും നിയന്ത്രണത്തിലാക്കി.
തുര്‍ക്കിക്ക് അധികാരമില്ല
ഇതോടെ ഹിജാസിലെ ഹാഷിമി ഭരണം അവസാനിച്ചു. 1932ല്‍ പുതിയ സൗദി അറേബ്യ എന്ന രാജ്യം പ്രഖ്യാപിച്ചു. നജദും ഹിജാസും മറ്റു പ്രദേശങ്ങളും ഉള്‍പ്പെടുത്തിയായിരുന്നു പുതിയ രാജ്യം. ഒന്നാം ലോക യുദ്ധകാലത്താണ് ഓട്ടോമന്‍ സാമ്രാജ്യം തകര്‍ന്നത്. ഇതിന് പ്രധാനമായും ശ്രമിച്ചത് ബ്രിട്ടീഷുകാരായിരുന്നു. അതുവരെ ലോകത്തെ എല്ലാ മുസ്ലിങ്ങളും തുര്‍ക്കിയിലെ ഓട്ടോമന്‍ ഖിലാഫത്തിനെ അനുസരിച്ചിരുന്നു.
ഓട്ടോമന്‍ ഖിലാഫത്തിനെതിരെ ബ്രിട്ടീഷുകാര്‍ നീങ്ങിയപ്പോഴാണ് ഇന്ത്യയില്‍ ഉള്‍പ്പെടെ ബ്രിട്ടീഷുകാര്‍ക്കെതിരെ സമരം ശക്തമായത്. മക്കയിലും മദീനയിലും ഒട്ടേറെ വികസന പദ്ധതികള്‍ ഓട്ടോമന്‍ ഭരണകൂടം നടപ്പാക്കിയിരുന്നു. സിറിയയില്‍ നിന്ന് മദീനയിലേക്കുള്ള റെയില്‍വെ പദ്ധതിയായ ഹിജാസ് റെയില്‍വെ ഇതിന്റെ ഭാഗമാണ്. ഇവ യുദ്ധകാലത്ത് നശിപ്പിക്കപ്പെട്ടു. എങ്കിലും ചില ശേഷിപ്പുകള്‍ ഇപ്പോഴും കാണാം.
നിലവില്‍ തുര്‍ക്കിക്ക് സൗദി അറേബ്യയില്‍ അധികാരമില്ല. തുര്‍ക്കിക്കാര്‍ നിര്‍മിച്ച പല കോട്ടകളും സൗദി അറേബ്യയില്‍ ഉണ്ടായിരുന്നു. മക്കയില്‍ നിര്‍മിച്ച കോട്ട ഹറം വിപുലീകരണത്തിന്റെ ഭാഗമായി പൊളിച്ചുനീക്കി. ഓട്ടോമന്‍ സാമ്രാജ്യം തകര്‍ന്നതോടെ മുസ്ലിങ്ങളുടെ നേതൃത്വ പദവി തുര്‍ക്കിക്ക് നഷ്ടമായി. പകരം മേഖലയിലെ ശക്തി സൗദി അറേബ്യ മുന്നിലേക്ക് എത്തുകയും ചെയ്തു. എങ്കിലും പിന്നീട് ലോകത്ത് ഖിലാഫത്ത് ഭരണകൂടം ഉണ്ടായിട്ടില്ല.












Click it and Unblock the Notifications