ഹോര്‍മുസ് മാത്രമല്ല, ബാബുല്‍ മന്‍ദിബും അടയ്ക്കും; വരുന്നത് എട്ടിന്റെ പണി, എണ്ണ 200 കടക്കും
ഹോര്‍മുസ് കടലിടുക്കിലെ പ്രശ്നങ്ങള്‍ ആഗോള കപ്പല്‍ ഗതാഗതത്തെ സാരമായി ബാധിച്ചിരിക്കുമ്പോള്‍, 'കണ്ണീര്‍ വാതില്‍' എന്നറിയപ്പെടുന്ന ബാബുല്‍-മന്‍ദിബ് കടലിടുക്കും അടച്ചേക്കുമെന്ന് ഭീഷണി. ഇത് പശ്ചിമേഷ്യയിലെ ചരക്ക് നീക്കത്തെ അതിരൂക്ഷമായി ബാധിക്കുമെന്ന ആശങ്ക ശക്തം. ഗള്‍ഫില്‍ നിന്നുള്ള ചരക്കുകള്‍ പേര്‍ഷ്യന്‍ കടല്‍ കടന്ന് സൂയസ് കനാലിലൂടെ മെഡിറ്ററേനിയന്‍ കടലിലേക്കും അതുവഴി യൂറോപ്പിലേക്ക് പോകുന്ന പാതയാണിത്.
ഇസ്രായേല്‍-അമേരിക്ക-ഇറാന്‍ സംഘര്‍ഷം മൂന്നാം ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ കപ്പല്‍ ഗതാഗതം തടസ്സപ്പെടുത്തുന്നതിനാല്‍ ആഗോള എണ്ണ നീക്കം 20% കുറഞ്ഞു. ഇത് ബാരലിന് 100 ഡോളറിനും മുകളിലെത്തിച്ച് ഇന്ത്യയടക്കം ലോകമെങ്ങും പാചകവാതക ക്ഷാമത്തിന് വഴിതെളിയിച്ചു.

ഈ സാഹചര്യത്തില്‍, ഇറാന്‍ പിന്തുണയുള്ള യെമനിലെ ഹൂതി സേന ബാബുല്‍-മന്‍ദിബ് കടലിടുക്ക് അടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ലോകത്തെ സമുദ്ര വ്യാപാര ഊര്‍ജ്ജ ഗതാഗതത്തിന്റെ 30% സ്തംഭിപ്പിച്ച്, ഇത് വിനാശകരമായ ഇരട്ട ആഘാതം സൃഷ്ടിക്കുമെന്ന് മുന്നറിയിപ്പുണ്ട്. ഇതോടെ ക്രൂഡ് വില 200 ഡോളര്‍ കടന്നേക്കും.
ഇറാനും ഒമാനും ഇടയിലായി 33 കിലോമീറ്റര്‍ വീതിയുള്ള ഹോര്‍മുസ് കടലിടുക്ക്, പേര്‍ഷ്യന്‍ ഗള്‍ഫിലെ എണ്ണ, എല്‍പിജി വാതക കയറ്റുമതിയുടെ പ്രധാന പാതയാണ്. ഇത് ആഗോള ഊര്‍ജ്ജ വിപണിക്ക് നിര്‍ണായകമാണ്. ഹോര്‍മുസ് അടച്ചതിനാല്‍ സൗദി അറേബ്യ ചെങ്കടല്‍ വഴിയാണ് കയറ്റുമതി നടത്തുന്നത്. ഈ വഴിയും അടഞ്ഞാല്‍ ഗള്‍ഫ് മേഖല പ്രതിസന്ധിയിലാകും.
'കണ്ണീര്‍ വാതില്‍' എന്ന് പേരുള്ള ബാബുല്‍-മന്‍ദിബ് കടലിടുക്ക്, യെമന്‍, ജിബൂത്തി, എരിത്രിയ എന്നീ രാജ്യങ്ങള്‍ക്കിടയില്‍ ഏകദേശം 29 കിലോമീറ്ററോളം വീതിയുള്ളതാണ്. ചെങ്കടലിനെ ഇന്ത്യന്‍ മഹാസമുദ്രവുമായി ബന്ധിപ്പിച്ച് സൂയസ് കനാല്‍ വഴി യൂറോപ്പിലേക്കും ഏഷ്യയിലേക്കുമുള്ള ചരക്ക് നീക്കത്തിന് ഇത് മുഖ്യ കണ്ണിയാണ്.
മറ്റൊരു പാത ദൂരമേറും, ചെലവും
ഈ രണ്ട് കടലിടുക്കുകളും അടച്ചാല്‍, ഏഷ്യ-യൂറോപ്പ് വ്യാപാര കപ്പലുകള്‍ക്ക് ദക്ഷിണാഫ്രിക്കയിലെ ഗുഡ് ഹോപ്പ് മുനമ്പ് വഴി 10 മുതല്‍ 15 ദിവസം അധികമായി യാത്ര ചെയ്യേണ്ടി വരും. ഇത് ഇന്ധനച്ചെലവുകള്‍ വര്‍ദ്ധിപ്പിക്കുകയും ക്രൂഡ് ഓയില്‍ വില ഉയര്‍ത്തുകയും ചെയ്യും.
സൂയസ് കനാലില്‍ ഏതാനും വര്‍ഷം മുന്‍പുണ്ടായ എവര്‍ ഗിവണ്‍ കപ്പല്‍ കുടുങ്ങിയ സംഭവം കോടിക്കണക്കിന് ഡോളറിന്റെ നഷ്ടമുണ്ടാക്കിയിരുന്നു. യെമന്റെ ഭൂരിഭാഗം പ്രദേശങ്ങളും നിയന്ത്രിക്കുന്ന ഹൂതികള്‍ ഇപ്പോള്‍ ഇറാനു പിന്തുണയുമായി രംഗത്തുണ്ട്. കടല്‍ ആക്രമണങ്ങളില്‍ അവര്‍ അതിവിദഗ്ദ്ധരാണ്.
ഇറാന്‍ നല്‍കുന്ന ഡ്രോണുകള്‍, കപ്പല്‍ വിരുദ്ധ മിസൈലുകള്‍, ചെറുബോട്ടുകള്‍ എന്നിവ ഉപയോഗിച്ച് ഹൂതികള്‍ തങ്ങളുടെ സൈനിക ശേഷി തെളിയിച്ചിട്ടുണ്ട്. 2023-ലെ ഗാസ ആക്രമണങ്ങളെത്തുടര്‍ന്ന് മാഴ്‌സ്‌ക് പോലുള്ള ഷിപ്പിംഗ് കമ്പനികള്‍ക്ക് സൂയസ് കനാലിന് പകരം മറ്റ് വഴികളിലൂടെ കപ്പലുകള്‍ അയക്കേണ്ടി വന്നത് ശ്രദ്ധേയമാണ്.
രണ്ട് കടലിടുക്കുകളും അടച്ചാല്‍ പ്രതിദിനം 8.8 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയിലും 12% കണ്ടെയ്നര്‍ ഗതാഗതവും തടസ്സപ്പെടും. കപ്പല്‍ ഇന്‍ഷുറന്‍സ് ചെലവുകള്‍ കുതിച്ചുയരും. ഇലക്ട്രോണിക് ഉത്പന്നങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍ അടക്കമുള്ള ആഗോള വിതരണ ശൃംഖലയെ ഇത് താറുമാറാക്കും.
സൗദി അറേബ്യയുടെ ചെങ്കടലിലൂടെയുള്ള കയറ്റുമതിയെ ഇത് വന്‍തോതില്‍ ബാധിക്കും. ഇന്ത്യയുടെ 90% പാചകവാതക വിതരണ പ്രതിസന്ധി കൂടുതല്‍ വഷളാകും. യൂറോപ്യന്‍, ഏഷ്യന്‍ രാജ്യങ്ങളില്‍ പണപ്പെരുപ്പം കുതിച്ചുയര്‍ന്ന് ഗുരുതരമായ കടക്കെണികള്‍ക്ക് കാരണമാകാം.












Click it and Unblock the Notifications